കണ്ണാടിക്കൂട്ടിൽ

“ചേച്ചീ, ചേച്ചീ, യെങ്ങുപോണു?
സാരിയുടുത്തിട്ടില്ലല്ലൊ”
“പിച്ചു പറയാതെ പെണ്ണേ, തല്ലുകൊള്ളും നീ.
“അമ്മേ, നോക്കു, ലില്ലിച്ചേച്ചി
സാരിയൊന്നുമുടുക്കാതെ
ചുമ്മാ പോണു കോളേജിലേയ്ക്കതു കൊള്ളാമോ?”
“മിണ്ടാതെ നീ, യെങ്ങു നിന്നോ
പൊന്നും വില കൊടുത്തവൾ
കൊണ്ടുവന്ന സാരി, നീ ചെന്നടുത്തു നോക്കു.”
“ഓമനയൊന്നോടിച്ചെന്നു,
തൊട്ടുതൊട്ടില്ലെന്നായപ്പോ-
ളാമൃദുവാസസ്സു താഴോട്ടൊഴുകിപ്പോയി.
പൊടിമണ്ണിലറ്റം വീണു,
സാരിയുണ്ടെന്നവൾ കണ്ടു,
കുടുകുടെയവൾ പൊട്ടിച്ചിരിച്ചുപോയി.
അടികൊള്ളുമെന്നോർത്താവാം
മെല്ലെമെല്ലെ മാറി നിന്നു.
മിടുക്കിയാണവൾ, വീണ്ടും ചിരി തുടർന്നു.
സാരിത്തുമ്പുപൊടി കൊട്ടി
ത്തോളിലേയ്ക്കുതന്നെ ചേച്ചി
നേരേയിട്ടു, വീണ്ടും താഴോട്ടൊഴുകി വീണു.
ഒന്നുകൂടിയെടുത്തിട്ടു
നിന്നിടാതെയൊഴുക്കായി
ഒന്നുകൂടി -ഒന്നുകൂടി -ഒഴുക്കുതന്നേ.
ഓടിച്ചാടിയകന്നു നി-
ന്നോമന തുടർന്നു ചിരി
“പോടീ പെണ്ണേ” ലില്ലിച്ചേച്ചിക്കരിശം മൂത്തു.
“ഞാനും പോരാം പൊന്നുചേച്ചീ,
യൊഴുകിപ്പോകാതെ സാരി
യേനംപോലെ തോളിൽച്ചേർത്തു പിടിച്ചുകൊള്ളാം.
“തല്ലുകൊള്ളിപ്പെണ്ണേ, വൃഥാ
കളിക്കാതെ പോകൂ നിന്നെ
നല്ലപാഠമിന്നുതന്നെ പഠിപ്പിക്കും ഞാൻ.”
ഒരു വാക്കും കേൾക്കാത്തമ-
ട്ടവളോതി “ചേച്ചിക്കു ഞാ-
നൊരുകൂട്ടം തരാമെന്നു ചിരികൂടാതെ.
കുതിച്ചോടി, മൂത്താശാരി
പണിയുന്ന സ്ഥലത്തുചെ-
ന്നതിശീഘ്രമവളെന്തോ കരസ്ഥമാക്കി.
ചുരുട്ടിയ കൈയും നീട്ടി
ത്തിരിച്ചെത്തുമോമനയെ
ത്തിരിഞ്ഞൊന്നു നോക്കി ചേച്ചി ജിജ്ഞാസുവായി.
വഴുതിക്കൊണ്ടപ്പോഴുമ
ക്കണ്ണാടിപോലുള്ള സാരി
യൊഴുക്കാണു തോളിൽ നിന്നുമിടവിടാതെ.
“ഒരുകൂട്ടം’ കുഞ്ഞോമന
കൈയിൽ വച്ചുകൊടുത്തിട്ടു
തിരിഞ്ഞോടി,യതെന്തെന്നു കുമാരി നോക്കി.
പിരിയാണി രണ്ടെണ്ണമു-
“ണ്ടിതെന്തിനാണെന്നു ചോദ്യം
ചിരിതന്നേ മറുവാക്കിൻ മുഖവുരയായ്.
അനന്തരമൊരുമട്ടി-
ലുരചെയ്തു കുസൃതിയാ
മനുജത്തിപൊന്നോമന “ചിരിക്കുടുക്ക
“സാരികേറ്റിത്തോളിലിട്ടു
പിരിയാണി രണ്ടും വച്ചാൽ
പോരുകില്ല താഴത്തേയ്ക്കു കണിശമായും”
പുറകിൽ നിന്നൊരു ശബ്ദം
“വയറൊന്നുമൂടിക്കെട്ടാൻ
കുറച്ചു വല്ലതും കൂടികൊടുക്കൂ കുഞ്ഞ
വഴങ്ങിലകാണുമല്ലൊ
പറമ്പിൽ, നീ ചെന്നു നോക്കൂ
നിഴലാട്ടനാടകമീ വസ്ത്രധാരണം.
ധരിച്ചിട്ടുണ്ടൊരു വസ്ത്രം
ശരീരത്തിലെന്നറിയാൻ
വിരൽ തൊട്ടുനോക്കീടേണം, വിചിത്രം തന്നേ.
എല്ലാം കൂടിച്ചിന്തിക്കുമ്പോൾ
കണ്ണാടിക്കൂട്ടിലേ രൂപ-
മല്ലോ കലികാലം പെറ്റ കുമാരി വർഗ്ഗം.
തറവാട്ടുമഹത്വത്തി-
നടുത്തതല്ലിവയൊന്നും
മറിയേണം’ സഗൗരവം വിരാമമിട്ടു.
പറഞ്ഞതു വയോവൃദ്ധൻ
പിതാമഹനാണു, മുഖം
കറുപ്പിച്ചു കുമാരിയാൾ കുനിഞ്ഞുനിന്നു.
പിറുപിറുത്തുകൊണ്ടവൾ
കരിതേച്ചകണ്ണുകളാൽ
തുറിച്ചൊന്നു നോക്കി തന്റെയനുജത്തിയേ
കുഴപ്പത്തിനെല്ലാമവൾ
തുടക്കമിട്ടെന്നതത്രേ
മിഴിച്ചു നോട്ടത്തിനർത്ഥം വിതർക്കമില്ല.
“മനുഷ്യന്റെ നഗ്നതയേ
മറയ്ക്കുവാനാണു വസ്ത്രം.
മനസ്സിലാക്കണമെന്നു തുടർന്നു വൃദ്ധൻ.
പണക്കാരൻ പിതാവിന്റെ
മകളാണു കോളേജിലേ-
യ്ക്കണിഞ്ഞേവമിറങ്ങുന്ന കുമാരിലില്ലി.
പരിഷ്കാരശിഖരത്തിൽ
ക്കണ്ണാടിക്കൂടുകൾക്കുള്ളിൽ
നിരന്നു നൃത്തം ചെയ്യുന്ന സതീർത്ഥ്യമാരേ
അനുകരിക്കുവാനവ
ളതിമാത്രമാശിച്ചിട്ടും
ജനകനും ജനിത്രിയും പ്രതിഷേധിച്ചു.
അവസരം നോക്കി നിന്ന
കുമാരിയെ സ്വാഗതം ചെ-
യ്തവിചാരിതമായ് നല്ലോരുല്ലാസയാത്ര.
കൂട്ടുകൂടിപ്പാട്ടു പാടി
ത്തമാശകൾ പറഞ്ഞോരോ
പൊട്ടിച്ചിരി കുടഞ്ഞിട്ടു തകർത്തുകൊണ്ടും
വാഹനത്തിലിരുന്നവർ
കാടു കണ്ടു മേടു കണ്ടു
വാഹിനികൾ കണ്ടു മഹാവാരിധി കണ്ടു.
അങ്ങുമിങ്ങുമിറങ്ങിക്ക
ണ്ടാഹ്‌ളാദജനകമായി
ത്തിങ്ങിനിന്ന മനോഹര പ്രകൃതിദൃശ്യം.
എന്തെന്നറിയാത്ത കാര്യ
മെന്തു വിശദീകരിപ്പാൻ
സന്തുഷ്ടരായ പലരുണ്ടു ഗുരുഭൂതന്മാർ.
പട്ടണത്തിൽക്കടന്നപ്പോൾ
പല പല കാഴ്ച കണ്ടു
മട്ടോൽ മൊഴിമാരെക്കണ്ടു “കണ്ണാടിക്കൂട്ടിൽ’
നെടുനീളെ വിപണികൾ
കണ്ടു കണ്ടു കുമാരിമാർ
നടകൊണ്ടു; പണമുള്ളോർ പലതും വാങ്ങി.
ഒത്തിണങ്ങും മുത്തുമാല,
പവിഴങ്ങൾ കോർത്ത മാല
പത്തരമാറ്റുള്ള നല്ല കനകമാല
വിലപ്പെട്ട സാരികളും
കൈവളകളെല്ലാം വാങ്ങി
കലിത കൗതുകമവർ മടങ്ങിപ്പോന്നു.
അന്നു കൊണ്ടുവന്ന സാരി
താതനെക്കാണിച്ചില്ലവ-
ളെന്നുമെടുത്തൊന്നു നോക്കും
പെട്ടിയിൽ വയ്ക്കും.
കണ്ടിരുന്നിപ്പണിയെല്ലാം
ജനിത്രിയാ,ളൊരുവാക്കും
മിണ്ടിയില്ല; പറഞ്ഞാലും ഫലമില്ലെന്നോ?
ഒരുപക്ഷേ, പൊന്നുമോളും
നാലുപേരെപ്പോലെ നല്ല
പരിഷ്കാരപ്പകിട്ടോടെ
നടന്നോട്ടെന്നോ?
പിതാവിന്റെയസാന്നിദ്ധ്യ
ശുഭദിനം നോക്കിയന്നാ
പുതുവസ്ത്രമെടുത്തവളണിഞ്ഞു മോദാൽ.
അങ്കണത്തിന്നപ്പുറത്തു
കടന്നില്ല, കുഞ്ഞോമന
പെൺകിടാവു വിളികൂട്ടി; കുഴപ്പമായി.
പിതാമഹനെത്തിച്ചേർന്നു
ശകാരിച്ചു നില്ക്കുന്നേരം
പിതാവു പ്രതീക്ഷിതസമയത്തെത്തി.
ഒട്ടുമാവിൻ മറ പറ്റി
നിന്നുകൊണ്ടു പിതാവിനേ
ക്കുട്ടിമാൻ കണ്ണിയാൾ നോക്കി ദൃഷ്ടികൾ താഴ്ത്തി.
സഗൗരവമൊരു വിളി;
വിറച്ചുപോയ് സുകുമാരി
പ്രഗല്ഭനാം പിതാവിന്റെ മുഖം ചുവന്നു.
“ഇരിക്കെടീയകത്തുപോയ്;
തറവാട്ടിൽ പിറന്നവർ
ക്കൊരിക്കലും നിരക്കാത്ത ഗണികാവേഷം
ധരിച്ചു നീയിറങ്ങുന്നോ?
ജനയിതാവായിട്ടു ഞാ-
നിരിക്കുമ്പോളിവയൊന്നും നടക്കുകില്ല.
അധികപ്രസംഗീ, നിന്റെ
പെട്ടിക്കകത്തില്ലേ നല്ല
ഖദർസാരി? പല്ലിറുമ്മിച്ചോദിച്ചു താതൻ.
“എടുക്കെടീയതുതന്നെ
യുടുത്തു നീ കോളേജിൽ പോയ്
പഠിക്കണം; പറഞ്ഞതു ഞാനാണെന്നോർക്കൂ.
കനത്ത നിൻ തന്നിഷ്ടത്തി-
ന്നൊരു ശിക്ഷ ഖദറെന്യേ
നിനക്കൊരു വസ്ത്രം മേലാൽ തരികില്ല ഞാൻ.
അകത്തു ചെന്നമ്മയേയും കണക്കിനു ശകാരിച്ചു
മകളുടെ സാരി വാങ്ങിയടുപ്പിലിട്ടു!
(ദീപനാളം, ഫെബ്രുവരി 29, 19)
