കുഞ്ഞുമാമ്മി

കുഞ്ഞുമാമ്മി മഹാശുണ്ഠി കണ്ണടച്ചു കട്ടിലിന്മേൽ
ചെന്നുകിടപ്പായി, കാര്യമാരറിയുന്നു?
ഒന്നു നോക്കിപ്പുഞ്ചിരിച്ചു മാതാമഹി പൂങ്കവിളി –
ലൊന്നു നുള്ളി കുനിഞ്ഞൊരു ചുംബനം നല്കി.
ഉണ്ണിയപ്പംപോലെ കവിളൊന്നുകൂടി വീർപ്പിച്ചവൾ
കണ്ണു രണ്ടും ചേർത്തടച്ചു മുഖവും മൂടി
“കുഞ്ഞുമോളേ, യെന്തുപറ്റി?” മറുപടിയൊന്നുമില്ല,
കുഞ്ഞുശുണ്ഠി തലേണയിൽ കമിഴ്ന്നു വീണു.
പുത്തരിയല്ലിതു, വല്ലോരനിഷ്ടമുണ്ടായാൽ വാശി
യിത്തിരിയല്ലവൾക്കെന്നതറിയാമാർക്കും.
എല്ലാരേയും ശകാരിച്ചു, “കൊച്ചി’നെപ്പിണക്കിയവർ
ക്കെല്ലാവർക്കും വല്യമ്മച്ചി താക്കീതു നല്കി.
അഞ്ചേയുള്ളു വയസ്സെന്നാലമ്മയെക്കൂടാതെയാ
പിഞ്ചുകുഞ്ഞുവസിക്കുന്നു മാതൃഗൃഹത്തിൽ.
‘റാണി’യാണാവീട്ടിലവൾ വേറേയൊരു കുഞ്ഞുങ്ങളെ
ക്കാണാനില്ലക്കാലത്തെന്ന കാരണത്താലേ
മാതാമഹികൊണ്ടു വന്നു വാത്സല്ലിച്ചു വളർത്തുന്നു,
പ്രീതിയൊട്ടും ചില്ലറയല്ലമ്മാവന്മാർക്കും.
കുഞ്ഞുമാമ്മിയെക്കൂടാതെ കൊച്ചമ്മാവനുണ്ണുകില്ല
വല്ല്യമ്മച്ചിക്കുറക്കമില്ലവളില്ലെങ്കിൽ.
അപ്പാപ്പ*ന്റെ മടിത്തട്ടിലവളെക്കാണാതിരുന്നാ-
ലദ്ദേഹത്തിനിരിപ്പേതുമുറയ്ക്കുകില്ല.
വേലക്കാരുമയല്ക്കാരും ബന്ധുക്കളും മത്സരിച്ചു
താലോലിക്കുന്നാർക്കുമവൾ കണ്മണിതന്നെ.
പിരുപിരുന്നോടിച്ചാടി നടക്കുമക്കുസൃതിയേ
ഒരു നോക്കു കണ്ടാലാരും മറക്കുകില്ല.
അഭിമാനം കുറച്ചല്ല ചെറുപ്രായമാണെങ്കിലു-
മതിൽനിന്നു നാമ്പെടുക്കും ചിലപ്പോൾ ശുണ്ഠി.
ഒരു പക്ഷിക്കൂട്ടിൽനിന്നു കുഞ്ഞുങ്ങളേയെടുപ്പിക്കാ-
നൊരു പരിചാരകനേ സമീപിച്ചപ്പോൾ
പടുവൃദ്ധനയാളല്പം കളിമട്ടിലേവമോതി
കടന്നുള്ള വാത്സല്യത്താൽ, പിണങ്ങീട്ടല്ല.
“പോടി പെണ്ണ, മരംകേറാനപ്പന്റെ വേലക്കാർ വേണം,
രൂപായുണ്ടോ നിന്റെ കൈയിൽ തന്നാൽ ഞാൻ കേറാം.
അതു തന്നെ കാര്യമന്നു കുഞ്ഞുമാമ്മി പിണങ്ങുവാൻ,
ക്ഷതം പറ്റിപ്പോയി കുഞ്ഞിന്നഭിമാനത്തിൽ.
ഇതുവരേയാരും തന്നെയിതുമട്ടിലവളോടു
പറഞ്ഞിട്ടില്ലൊരുവാക്കു, സഹിച്ചീടുമോ?
കഥയെല്ലാമറിഞ്ഞപ്പോൾ വയസ്സനുമയാളുടെ
കഥയില്ലായ്മയോർത്തേറ്റം വിഷണ്ണനായി
അടുത്തുചെന്നയാളോരോ നല്ലവാക്കു പറയുന്നു
കിടക്കുന്ന പെൺകുഞ്ഞതു ചെവിക്കൊള്ളുന്നോ?
വല്യമ്മച്ചി വിളിക്കുന്നുണ്ടപ്പാപ്പനു, മതുപോലെ
യെല്ലാവരും മാറി മാറി വിളിച്ചുനോക്കി.
എഴുനേല്ക്കാൻ ഭാവമില്ല, ശുണ്ഠി മൂലമത്താഴവും
കഴിച്ചില്ല, കിടപ്പാണു സായാഹ്നംതൊട്ടേ.
കൊച്ചമ്മാവവൻ ജീവനല്ലേ? അദ്ദേഹം വിളിച്ചാലവൾ
നിശ്ചയമായെഴുനേല്ക്കുമെന്നവരോർത്തു.
വിദ്യാർത്ഥിയാം കൊച്ചച്ചനീ വർത്തമാനമറിഞ്ഞപ്പോൾ
പുസ്തകങ്ങൾ മാറ്റിവച്ചു, പുഞ്ചിരിതൂകി
“കുഞ്ഞുമാമ്മീ, കുഞ്ഞുമാമ്മീ,യെഴുനേല്ക്കു പൊന്നുമോളേ
എന്ന വിളിയോടുകൂടിയടുത്തണഞ്ഞു.
“കൊച്ചച്ചനിന്നുണ്ണുന്നില്ല കുഞ്ഞുമാമ്മി വന്നില്ലെങ്കിൽ
കൊച്ചുകൈയിൽ പിടിച്ചൊന്നു വലിച്ചുനോക്കി.
മധുരവാക്കുകൾ പലതോതി നോക്കി, ഫലമില്ല
പിടിച്ചെഴുനേല്പിച്ചിട്ടു പൊക്കിയെടുത്തു.
കൊച്ചച്ചനും മോളുമേവം നാലുകെട്ടിന്റെ നടുക്കെത്തി,
വച്ചിട്ടുണ്ടു വിഭവങ്ങൾ പതിവുപോലെ.
കൈകൾ നന്നായ്ക്കഴുകിച്ചു വലതുകൈ പിടിച്ചിട്ടാ
കൗതുകമേറുന്ന കൊച്ചുതട്ടത്തിൽ വച്ചു.
“തങ്കപ്പൂവും വരകളുമുള്ള കൊച്ചു തട്ടം കണ്ടോ?
തങ്കമേ നീയൊന്നു നോക്കൂ, ചോറുണ്ണൂ മോളേ”
ചോറിൻ മീതേ കൈയും വച്ചാണിരിക്കുന്നതെന്നാകിലും
വാരിയുണ്ണാൻ വാശിയനുവദിക്കുന്നില്ല.
ഉരുളയാക്കിയ ചോറു ചുണ്ടിൽ തൊട്ടുപിടിച്ചിട്ടും
തുറന്നില്ലവായശേഷം കൊച്ചുകാന്താരി.
അതിപ്രശാന്തനായുള്ള കൊച്ചച്ചനുദേഷ്യം വന്നു
ചൊടിച്ചുകൊണ്ടെഴുന്നേറ്റു ചുറ്റിലും നോക്കി
പഴുപ്പനീർക്കിലിതന്നേ ചീവിക്കെട്ടിയാരോ വച്ച
തിരിപ്പുണ്ടങ്ങൊരു കോണിൽ ധാരാളമായി.
വലിച്ചൂരി രണ്ടെണ്ണമിങ്ങെടുത്തു കൊണ്ടെത്തിയിട്ടും
കുലുക്കമില്ലവൾക്കേതുമത്ഭുതമല്ലേ?
കൊടുത്തുരണ്ടടി കൊച്ചുതുടയ്ക്കിട്ടു “ചീളുചീളെ
ന്നടുത്തു കൈപിടിച്ചുടൻ വലിയമ്മച്ചി.
ഉറച്ചൊന്നു കരഞ്ഞപ്പോൾ വായ് തുറന്നു നിഷ്പ്രയാസം
കൊടുത്ത കൊച്ചുരുളകളിറക്കി വേഗം.
തുറക്കുന്നില്ലെന്നാലുമാ ചെറിയ കണ്ണുകൾ, വീണ്ടു-
മിറുക്കിച്ചേർത്തടച്ചിട്ടാണിരിപ്പുമൂണും.
സ്വരം കേൾപ്പിക്കാതെല്ലാരും ചിരിക്കുന്നുണ്ടപ്പോൾ കണ്ണു
തുറക്കുന്നതഭിമാനക്ഷയമാവില്ലേ?
അടികൊണ്ട തുടയൊന്നു തടവിനോക്കീട്ടു മുഖം
കഴുകിച്ചു കൈയ്ക്കു പിടിച്ചെഴുനേല്പിച്ചു.
അടഞ്ഞു കണ്ണിരുന്നാലും നടക്കാറായ് വാശിക്കാരി
ക്കടിയുടെ സുഖമെന്തുപറഞ്ഞിടേണ്ടൂ!
എടുത്തു കട്ടിലിൽ വീണ്ടും കിടത്തീട്ടു കൊച്ചച്ചനാ
തുടുത്തുള്ള കവിൾത്തടമൊന്നു ചുംബിച്ചു.
തടവിനോക്കുന്നു കൊച്ചുതുടകളിലപ്പോൾ കണ്ണീർ
തടയുവാൻ കൊച്ചച്ചനു കഴിയാതായി.
കുഞ്ഞുമാമ്മിക്കേങ്ങലടി, കൊച്ചച്ചനു കണ്ണീർ വൃഷ്ടി
രണ്ടും ചേർന്നുതുലാവർഷ പ്രതീകമായി.
ഒന്നു രണ്ടല്ലൊരു നൂറു ചുംബനങ്ങൾ നല്കി മുഖ
ത്തെന്നാലെന്തു? കൊച്ചച്ചനു സഹിക്കുന്നില്ല.
ഇടയ്ക്കുവന്നപ്പാപ്പനങ്ങെടുത്തു തൻ കുഞ്ഞുമോളേ
കുടവയറ്റിന്മേൽ കേറ്റി, കിടത്തി തോളിൽ.
പിടിച്ചങ്ങു മാറ്റിവിട്ടു കൊച്ചച്ചനേ, “പോയി പാഠം
പഠിക്കുക’യെന്നങ്ങൊരുതാക്കീതും നല്കി.
ഒന്നാമത്തേയീർക്കിൽപ്പഴമന്നേരത്തേയേങ്ങലടി
യെന്നുമോർത്താൽ കവിതകളൊഴുകിപ്പോകും.
മരിച്ചുള്ള കിടപ്പിലുമക്കരങ്ങൾ ചുംബിച്ചു ഞാൻ,
പരത്തിലുമാശ്ലേഷിക്കുമെന്നെയാക്കൈകൾ.*
(പരിഷത് മാസിക, ഏപ്രിൽ-മേയ്, 1965)
(സദ്ഗുരു മാസിക 1938)
