പനസവൃദ്ധന്റെ ശതാബ്ദഘോഷം

വന്ദനം! പനസശ്രേഷ്ഠ, വയോവൃദ്ധ, ജനപ്രിയ,
അന്തികേ വന്നതോർത്താലെൻ ഭാഗധേയമനല്പമാം.
ഒന്നുകൂടി നമിക്കുന്നേനെന്തിനെന്നില്ല ചൊല്ലുവാൻ
വന്ദ്യരായവരെക്കണ്ടാൽ വന്നുപോം വന്ദനം സ്വയം.
എന്തുഗംഭീരനാണങ്ങുന്നെന്തുശാഖോപശാഖകൾ
ഇന്നൊരേടത്തുമങ്ങേയോടൊപ്പമില്ലൊരു ഭൂരുഹം.
ഒന്നുചോദിച്ചിടട്ടേ ഞാൻ? ക്ഷമിച്ചാലും മഹാശയ,
ജന്മനക്ഷത്രഘോഷങ്ങൾ പിന്നിലാക്കിയതെത്രയോ?
അവിതർക്കം ഷഷ്ടിപൂർത്തി ശതവത്സരപൂർത്തിയും
കഴിഞ്ഞെന്നനുമാനിക്കാ മതിലേറെയുമായിടാം.
ഒരു പക്ഷേ രണ്ടു നൂറ്റാണ്ടങ്ങു പിന്നിട്ടിരിക്കണം
തടി ഗംഭീരമെന്നാലും വീപ്പ പോലുള്ളുപൊള്ളയാം.
എങ്കിലെന്തു? വയോവൃദ്ധൻ വന്ദ്യനാണെന്നു നിശ്ചയം.
ശതവത്സരമാരാനു മാഘോഷിച്ചോ മഹീരുഹ ?
ഇല്ലയില്ല മഹാകഷ്ടം! പൂജ്യപൂജാവ്യതിക്രമം
പാരിനേ ദിവസംതോറും വഷളാക്കുന്നു സങ്കടം.
ലോകരെല്ലാം നിനയ്ക്കുമ്പോളജ്ഞരാണെന്നു ചൊല്ലിടാം.
അതിനാലവിടുത്തേയ്ക്കു തെറ്റും ക്ഷന്തവ്യമല്ലയോ?
പുത്ര പൌത്രാദികൾ ലക്ഷക്കണക്കിൽ നാട്ടിലെങ്ങുമേ
കാണുമെന്നാലുമാരങ്ങേയറിയുന്നു? ശിരോവിധി!
“ഫലവൃക്ഷക’മെന്നങ്ങേ പറയുന്നതു സാർത്ഥകം.
ഫലമിത്ര വലിപ്പത്തിൽ തരുമോ മറ്റു ഭൂരുഹം?
പറിച്ചാൽ തലയിൽ വച്ചേ ചുമക്കുകള്ളനാകിലും,
മടിയിൽ വച്ചൊതുക്കീടാനൊക്കുമോ സ്ഥൂലമാം ഫലം?
എത്രയെത്ര ജനത്തിന്റെ ക്ഷുത്തിനീ ഫലതല്ലജം
ശാന്തി ചേർത്തു പരിത്രാണം ചെയ്തുപോരുന്നു നിത്യവും.
അഭയം തേടിയെത്തുന്ന നത്തു മൂങ്ങായിവറ്റയേ
സുഖവാസസ്ഥലം നല്കിയങ്ങു പോറ്റുന്നുദാരനായ്.
പൊത്തു ചില്ലറയല്ലല്ലൊ വല്ല താപസവീരരും
അകത്തുണ്ടായിരുന്നേക്കാം മെല്ലെയൊന്നെത്തിനോക്കിടാം.
ഹേ ചതിച്ചോ? കടിക്കല്ലേ… പത്തിയുള്ളൊരു മൂർക്കനും ഭാര്യയും
മക്കളും കൂടി -ത്തപസ്സാണണതിലത്ഭുതം!
അതിലും തെറ്റു കാണേണ്ട, ജീവരക്ഷണമല്ലയോ
പനസാഖ്യവയോവൃദ്ധൻ ചെയ്തിടുന്നു മഹാശയൻ?
എന്റെ ദൃഷ്ടിയിലങ്ങുന്നൊരന്നദാതാവു തന്നെയാം.
ശതവത്സരമൊന്നല്ല രണ്ടു പിന്നിട്ട വൻപനും
ആയിരത്തൊന്നു സമ്പൂർണ്ണചന്ദ്രനെക്കണ്ട മാനവൻ
അങ്ങുകണ്ടതുപോലുണ്ടോ കണ്ടിരിക്കുന്നു പൂർണ്ണമായ്
ശതവത്സരഘോഷങ്ങളുടൻ തന്നേ തുടങ്ങണം
ഞാനതിനുള്ള കൺവീനർ സ്ഥാനമേറ്റു നടത്തിടാം.
അടിച്ചു തീർന്ന നോട്ടീസു നാട്ടിലെങ്ങുമയയ്ക്കുവാൻ
ഇളങ്കാറ്റേ, മിടുക്കൻനീ, സശ്രദ്ധം ജോലി ചെയ്യണം.
ഹാരം ചാർത്തിക്കുവാൻ മിന്നാമിനുങ്ങിൽ കൂട്ടമെത്തണം
പുഷ്പവൃഷ്ടി നടത്തേണം ലതകൾ ലോഭമെന്നിയേ.
പ്രസംഗം തവളക്കൂട്ടം, പാട്ടുകൾ വായസങ്ങളും,
സമൂഹഗാനം ജംബൂകവൃന്ദം, നാഗങ്ങൾ നൃത്തവും.
എല്ലാം നന്നായിരിക്കേണം കിഴിയും നല്കിടേണ്ടയോ?
മണ്ണിൽ ജീവിക്കയാൽ മണ്ണിൻ കിഴിയാണേറ്റമുത്തമം.
ചിതലിൻ കൂട്ടമാകട്ടെ കിഴി ഭംഗിപ്പെടുത്തുവാൻ
പുതുമാതൃകയിൽ പുറ്റുമണ്ണു തീർക്കട്ടെ സത്വരം.
ഭംഗിയുള്ള വിതാനങ്ങൾ വിരിപ്പെന്നിവയൊക്കെയും
പ്രകൃതീശ്വരിയേറ്റിട്ടുണ്ടവ കെങ്കേമമായിടും.
നാളെയല്ലെങ്കിൽ മറ്റന്നാൾ നടക്കും യോഗമാകയാൽ
വന്നുചേരുക പ്ലാവിന്റെ ചുവട്ടിൽ മാന്യരൊക്കെയും
ഒരു പക്ഷേ ഞാൻ വരായ്കിൽ ശുഭാശംസകൾ നേരുവാൻ
പ്രാതിനിധ്യം വഹിക്കേണമെന്റെ പേർക്കൊരു കോകിലം.
പദ്യരൂപത്തിലാശംസ രേഖയാക്കുന്നു ഞാനിതാ
“വാഴട്ടെ പനസശ്രേഷ്ഠൻ കേടുപാടുകളെന്നിയേ.
പോരാ, തേനിറ്റുവീഴുന്ന വരിക്കച്ചക്കയെപ്പൊഴും
എണ്ണമില്ലാതെ കായ്ക്കട്ടെ പഴുക്കട്ടെ! ശുഭം! ശുഭം!”
(വീക്ഷണം, മൂവാറ്റുപുഴ, ജനുവരി 1963)
