Pathradhiparkkoru Katth

പത്രാധിപർക്കൊരു തുറന്നകത്ത്


ശാനാരാണെന്നെയെഴുത്തു

         പഠിപ്പിക്കാനവിടെ?

മോശമിതേറ്റം; കൊല്ലക്കടകളിൽ

        സൂചിവിലപ്പോകാ

“ഒരു നക്ഷത്ര”മതെന്റേതാണു 

        തിരുത്തിക്കരിതേയ്ക്കാ-

നൊരുവനുമില്ലവകാശ, മഹംകൃതി 

        മൂത്തവനതു ചെയ്തു.

ആരാണവനാ കവികുലകീട, 

        മതെന്തിനു ചെയ്തെന്നും 

നേരേപറയണ,മതിനായ് ‘നാളം’ 

        സ്ഥലവും നൽകിടണം. 

പ്രതാധിപരേ, തെറ്റും ശരിയും 

        ചേർക്കുക പത്രത്തിൽ 

സത്തുക്കൾക്കൊരു ചർച്ചയ്ക്കവസര-

        മുണ്ടാകേണ്ടതിനായ്.

‘ഞാനതു ചെയ്തു, തെറ്റിപ്പോയെ’- 

        ന്നവനീപത്രികയിൽ 

താനേസവിനയമേറ്റുപറഞ്ഞേ 

        സംഗതി ശരിയാകൂ. 

അല്ലെങ്കിൽ കളി തീക്കളിയാണതു

        നന്നായറിയേണം

ചൊല്ലും ചോദ്യവുമില്ലാതിങ്ങനെ 

        പോകാനൊക്കില്ല.

                                                                                 (അപ്രകാശിതം)