Cherupushpathinte Balyakalasmaranakal 1


I

നന്ദസമ്പൂർണ്ണമായിക്കഴിഞ്ഞുള്ളോ-

രാനല്ലശൈശവകാലമെല്ലാം

ഹാ! യെത്രവേഗം കടന്നു കടന്നങ്ങു

പോയിതിരിച്ചുവരാതവണ്ണം 

സന്തോഷസാഗരക്കാലത്തിലെന്നെ

നീന്തിക്കുളിപ്പിച്ചോരാദിനങ്ങൾ

10

എത്രയോവേഗത്തിലോരോന്നുമെന്നോടു 

യാത്രപറഞ്ഞുപിരിഞ്ഞുപോയി! 

ഭാഗ്യസ്മരണയ്ക്ക് പാത്രമായീടുവാൻ 

യോഗ്യതയേറുന്നോരാദിനങ്ങൾ

അല്ലലെന്തെന്നറിയാത്തവിധമെന്നെ-

യുല്ലസിപ്പിച്ചൊരാ നൽദിനങ്ങൾ

‘റാണി’യായ് ഞാനെന്റെ ഗേഹസാമ്രാജ്യത്തിൽ

വാണു സുഖിച്ച ശുഭദിനങ്ങൾ 

ഏതൊരുകാലത്തുമേതുനിലയിലും 

മേതുവിധത്തിൽ ഞാൻ വിസ്മരിക്കും! 

അപ്പനുമമ്മയ്ക്കും ജ്യേഷ്ഠത്തിമാർക്കും ഞാ-

നെപ്പോഴുമോമനയായിരുന്നു.

അമ്മയോടൊന്നിച്ചു സായാഹ്നവേളയിൽ

നിർമ്മലമായുള്ളോരുദ്യാനത്തിൽ

20

ആനന്ദതുന്ദിലയായി നടന്നതു

ഞാനിന്നും നന്നായിട്ടോർമ്മിക്കുന്നു.

വാട്ടമില്ലാതുള്ള മാതൃസ്നേഹത്തോടെ 

കെട്ടിപ്പിടിച്ചെത്ര ചുംബനങ്ങൾ

കൊഞ്ചിക്കുഴഞ്ഞെന്റെയമ്മയ്ക്കു നൽകി ഞാൻ 

പുഞ്ചിരിത്തേനോലും ചുണ്ടുകളാൽ

വീട്ടിനകത്തും വെളിയിലുമമ്മയെ

വിട്ടുപിരിയാതെ ഞാൻ നടന്നു.

“അമ്മ’ എന്നുള്ള രണ്ടക്ഷരം നാവിന്മേൽ

നന്മധുതന്നേ ചൊരിഞ്ഞെനിക്ക്.

30

 

രണ്ടാംനിലയിലേക്കുള്ളതാം കോവണി

രണ്ടാളുമൊന്നിച്ചു കേറുമ്പോഴും

ഓരോപടിയിലും നിന്നുകൊണ്ടമ്മേ!’ യെ-

ന്നോരോതവണ വിളിച്ചീടും ഞാൻ. 

കൈതവമറ്റുള്ള ബാലമനസ്സിലേ 

മാതൃസ്നേഹത്തിന്റെയാധിക്യത്താൽ

“സ്വർഗ്ഗത്തിലെത്തി സുഖിപ്പതിനമ്മച്ചി

ശീഘ്രo മരിക്കട്ടെ’ന്നാശിച്ചുഞാൻ.

അന്നതിൽ ശ്രേഷ്ഠമായ് മംഗളാശംസക-

ളൊന്നുമില്ലെന്നുഞാനോർത്തിരുന്നു.

40

സീമയകന്നുള്ള സ്നേഹത്താൽ താതനു-

മീമംഗളംതന്നെയാശിച്ചു ഞാൻ.

 

II

വന്ദ്യനെൻതാതന്റെ നാമമീയെൻ നാവിൽ 

വന്നുദിക്കുന്നൊരുവേളയിങ്കൽ

ഏതെല്ലാം പൂർവസൗഭാഗ്യസ്മരണകൾ 

ചേതസ്സിൽ തിങ്ങിനിറഞ്ഞിടുന്നു!

വത്സേ! എന്നോമനേ! കൊച്ചുറാണി എന്ന 

വാത്സല്യമേറും സംബോധനകൾ 

അന്നത്തേപ്പോലെതികഞ്ഞമധുരത്തോ-

ടിന്നും മുഴങ്ങുന്നെൻ കാതുകളിൽ

50

വീട്ടിൽ വരുന്നേരമോടിഞാൻ ചെല്ലുമ്പോൾ

കെട്ടിപ്പിടിച്ചെന്നെ ചുംബിച്ചീടും. 

ഓമനിച്ചെന്നെത്തൻകൈയിലെടുത്തിടും

സാമോദം പൊക്കും തലയ്ക്കുമീതെ. 

തോളിൽ കയറ്റിയിരുത്തും ചിലനേരം

ലാളിക്കും മറ്റുപലതരത്തിൽ 

കാലിന്മേലെന്നെക്കയറ്റിയിരുത്തീട്ടു 

ചേലോടെ വീട്ടിലും തോട്ടത്തിലും 

കൊണ്ടുനടക്കും; ഞാൻ ‘റാണി’യായാനന്ദം

പൂണ്ടു വസിക്കുമാവാഹനത്തിൽ

60

താതന്റെ ലാളന കൂടിപ്പോകുന്നെന്നു 

മാതാവു വല്ലപ്പോഴും പറഞ്ഞാൽ

“റാണിയല്ലേയവളെന്നു ചൊന്നദ്ദേഹം 

താണുപിടിച്ചെന്നെ ചുംബിച്ചീടും. 

സായാഹ്നവേളയിൽ പാവനമായുള്ള 

വായുശ്വസിക്കുവാനായി ഞങ്ങൾ 

വിസ്താരമേറും വയലുകളിൽ പോയി-

ച്ചിത്താഹ്ളാദത്തോടെ സഞ്ചരിക്കും. 

തിങ്ങിവളർന്നുള്ളധാന്യങ്ങളും, പല

ഭംഗിയേറും ചെറുവല്ലികളും

70

പച്ചനിറമെഴും നല്ലചെടികളും 

മെച്ചം കലർന്നുള്ള പുഷ്പങ്ങളും

ആകവേ ചേർന്നുള്ള കാഴ്ചയെനിക്കപ്പോ-

ളേകിയോരാനന്ദമെന്തുചൊല്ലാം! 

സൂര്യകിരണത്താൽ ശോഭിക്കും ദേശങ്ങൾ, 

പാരംവിശാലമാം മൈതാനങ്ങൾ,

ഉന്നതവൃക്ഷങ്ങൾ, മഞ്ഞിൽ മറഞ്ഞേറ്റ-

മൌന്നത്യമേറും കൊടുമുടികൾ

ഏവം നിയതിതൻ സുന്ദരമായുള്ളോ- 

രാവസ്തുജാലങ്ങളൊക്കെയെന്നെ

80

ആശയമേതുമകമേയില്ലാത്തൊരാ

ശൈശവകാലത്തുമാകർഷിച്ചു. 

ആകാശം മേഘപടലത്താൽ മൂടിയീ-

ലോകമിടിരവത്താൽ വിറച്ച് 

മിന്നല്പിണറുകളുഗതരമായി 

മിന്നിപ്പൊലിഞ്ഞൊരു സായാഹ്നത്തിൽ

വർണ്യമല്ലാതുള്ളോരാനന്ദത്തോടെ ഞാൻ 

കണ്ണിമയ്ക്കാതവ നോക്കി നിന്നു. 

ഒട്ടുസമീപത്തായ് നിന്നോരെൻ താതനീ-

മട്ടുകണ്ടോടിയടുത്തുവന്ന്

90

എന്നെയെടുത്തുതൻ തോളിലേറ്റിക്കൊണ്ടു 

ഖിന്നതയെന്യേ നടന്നു ശീഘ്രം. 

മന്ദംമഴത്തുള്ളി വീണുതുടങ്ങവേ

സുന്ദരമാം ചെറുവെൺമുത്തുകൾ 

പച്ചയിലകളിൽ മിന്നിത്തിളങ്ങുന്ന

കാഴ്ചകണ്ടാനന്ദപൂർണ്ണയായ് ഞാൻ

അല്പവും ശങ്കയും ഭീതിയുമേശാതെ-

യപ്പന്റെ തോളിലിരുന്നിരുന്നു. 

ഈവിധമുള്ളോരുകാഴ്ചകളൊക്കെയും

ദൈവത്തിലേയ്ക്കെന്നെയാകർഷിച്ചു.

100

സൃഷ്ടിജാലത്തിന്റെ സൌന്ദര്യം കാണുമ്പോൾ

സ്രഷ്ടാവിന്റെ മാഹാത്മ്യം ധ്യാനിച്ചു ഞാൻ.

ബാലികമാർക്കൊത്തലീലകളെല്ലാം ഞാൻ

മാലകന്നന്നുരസിച്ചിരുന്നു.

ബാല്യസഹജമാം കുസൃതി’യുമെനി-

ക്കില്ലാതിരുന്നില്ല ശൈശവത്തിൽ.

എങ്കിലും തെറ്റു ചെയ്താലുടനേതുമേ

ശങ്കയില്ലാതെ പശ്ചാത്തപിച്ചു

ഏറ്റുപറഞ്ഞങ്ങുമാപ്പപേക്ഷിക്കാതെ

ചെറ്റുമെൻ ചിത്തമടങ്ങുകില്ല

110

III

മഞ്ജുളമായൊരു സായാഹ്നവേളയി-

ലൂഞ്ഞാലിലേറി ഞാനാടിടുമ്പോൾ 

അല്പമകലെയായാവഴിയേ പോയോ-

രപ്പനെൻലീലകണ്ടാനന്ദിച്ച്

‘കൊച്ചുറാണി! എന്റെ തങ്കമേ! ഓടിവാ!

മെച്ചമോടപ്പനൊരുമ്മ നൽകു’ 

എന്നുപറഞ്ഞതിനുത്തരം തൽക്ഷണം 

ചൊന്നുഞാൻ തെല്ലൊരു ഗർവ്വമോടേ:- 

‘അപ്പനുചുംബനം വേണമെന്നുണ്ടെങ്കി-

ലിപ്പോഴെന്നന്തികേ വന്നിടേണം’ 120

നല്ലോരു പാഠമന്നെന്നെ പഠിപ്പിപ്പാൻ 

തെല്ലുരസക്ഷയഭാവമോടെ

എന്നോടൊരക്ഷരം മിണ്ടാതെ തൽക്ഷണം

തന്നേ സ്ഥലംവിട്ടുപോയി താതൻ

പെട്ടെന്നു ഞാൻ ചെയ്തകുറ്റത്തിന്റെ ഗൗരവം

സ്പഷ്ടമായ്ക്കണ്ടു വിഷണ്ണയായ് ഞാൻ. 

ചാടിയിറങ്ങിഞാനൂഞ്ഞാലിൽ നിന്നുട-

നോടി പിതാവിന്റെ സമീപത്തേക്ക്. 

പൊട്ടിക്കരഞ്ഞുഞാൻ വീടുമുഴക്കിക്കൊ-

ണ്ടൊട്ടുമേവൈകാതെ മാളികയിൽ 130

താതന്റെയന്തികേയെത്തിക്ഷമാപണം 

ചെയ്തുകൃതാർത്ഥയായെന്നേവേണ്ടു. 

ഈവിധസംഭവമൊന്നല്ലെൻ ശൈശവ-

ജീവിതത്തിൽ പലതുണ്ടു ചൊൽവാൻ.

 

IV

അന്നെൻ്റെ ജ്യേഷ്ഠത്തിമാരെന്നെലാളിച്ച-

തിന്നും ഞാൻ നന്നായിട്ടോർമ്മിക്കുന്നു. 

മൂത്തസഹോദരിയായ “മരിയ’യോ-

ട്രെത്രയോഭക്തിബഹുമാനങ്ങൾ

ഇന്നുമെന്നുള്ളിൽ കവിഞ്ഞൊഴുകുന്നവ

ചൊന്നീടാൻ വാക്കിനു ശക്തിപോരാ.

140

അന്നെത്ര കൊച്ചുസമ്മാനങ്ങൾ ജ്യേഷ്ഠത്തി

തന്നതുമൊന്നും മറന്നില്ല ഞാൻ.

ജ്യേഷ്ഠത്തി സ്ഥാനത്തെക്കാളുപരി തല-

തൊട്ടമ്മ’ സ്ഥാനമവൾക്കുണ്ടല്ലൊ.

‘പൌളീനേ’പ്പറ്റിഞാനെന്തു പറയേണ്ടൂ! 

പൌളീനെൻ സർവ്വസ്വമായിരുന്നു.

ഇന്നു മഠാധിപയായി വാഴും നിങ്ങ-

ളന്നെന്റെ പൌളീനല്ലായിരുന്നോ? 

അന്തികേ നിങ്ങളില്ലാത്ത സമയങ്ങൾ

ചിന്താനിമഗ്നയായി ഞാൻ കഴിച്ചു.

150

അല്ലും പകലുമെൻ പൌളീനെ സംബന്ധി-

ച്ചല്ലാതെ മറ്റൊന്നുമോർത്തില്ല ഞാൻ. 

പാരാതെ ‘കന്യാസ്ത്രീയായീടും പൌളീനെ’-

ന്നാരോപറഞ്ഞു ഞാൻ കേട്ടനേരം 

ഞാനുമതേവിധം ചെയ്യുമെന്നപ്പോഴേ

മാനസതാരിൽ ഞാനോർത്തിരുന്നു.

ഒന്നുമറിയാത്ത ശൈശവപ്രായത്തി-

ലന്നുഞാൻ ചെയ്തൊരി നിശ്ചയത്തെ

എന്നേക്കും പാലിക്കാൻ സാധിച്ചതോർത്തുഞാൻ 

നന്ദി സർവ്വേശനു ചൊല്ലീടുന്നു

160

രണ്ടുവയസ്സുതുടങ്ങിയിതുവിധം

വേണ്ടസന്മാതൃകയൊക്കെത്തന്ന്

കന്യകമാരുടെ ദിവ്യമണാളങ്ക-

ലെന്നെയണച്ചതും നിങ്ങളല്ലേ. 

ഹാ! യെന്റെ കുഞ്ഞമ്മേ!  ശൈശവ കാലം തൊ-

ട്ടീയെനിക്കിപ്പോഴുമമ്മയായ 

നിങ്ങളെപ്പറ്റിഞാനോർക്കുമ്പോഴെൻ ചിത്തെ 

തിങ്ങി നിറഞ്ഞു കവിഞ്ഞീടുന്ന

കൌതുകമേറും സൌഭാഗ്യസ്മരണക-

ളേതൊരു ഭാഷയിൽ വർണ്ണിപ്പൂഞാൻ.

ഓർത്താലവയൊന്നും വാക്കിനു കീഴ്പ്പെട്ടു

170

വർത്തിച്ചിടുന്നവയല്ലതെല്ലും.

v

ഹായെന്റെ “മേരിലയോണി’യേയും നന്നായ്

മായമേതുംവിനാ സ്നേഹിച്ചു ഞാൻ. 

ഉള്ളഴിഞ്ഞുള്ളൊരുസ്നേഹമവൾക്കു ത-

ന്നുള്ളിലുണ്ടായിരുന്നെന്റെ നേരേ. 

ഉല്ലാസപൂർവ്വം വെളിയിൽ കഴിക്കേണ്ട

നല്ലൊരു സായാഹ്നവേളകളിൽ 

മറ്റുള്ളവരെല്ലാം പോയാലും ലയോണി-

യുറ്റസ്നേഹത്തോടെ വീട്ടിൽത്തന്നെ

180

എന്നെ പരിചരിച്ചെന്നെസ്സന്തോഷിപ്പി-

ച്ചെന്നോടുകൂടി വസിച്ചിരുന്നു. 

അന്നവളെന്നെയുറക്കുവാൻ പാടിയ 

മന്ദസ്വരം ചേർന്നതാരാട്ടുകൾ

അറ്റമില്ലാതുള്ള മാധുര്യത്തോടിന്നും 

മാറ്റൊലിക്കൊള്ളുന്നെൻ കാതുകളിൽ.

സ്നേഹമേറീടുമെൻ ലയോണിയാദ്യമായ്

‘സ്നേഹത്തിൻ കൂദാശ’കൈക്കൊണ്ടതും

ജീവിതസൌഭാഗ്യസർവ്വസ്വം തന്നുടെ

കൈവശം വന്നൊരാ നൽദ്ദിനത്തിൽ

190

സോദരിക്കുണ്ടായോരാനന്ദപൂരവു-

മാദിവസത്തിലേയാമോദവും

കെങ്കേമമായ വിരുന്നും നിനയ്ക്കുമ്പോ-

ളെൻ കരളിന്നും കുളുർത്തിടുന്നു.

 

VI

ശൈശവപ്രായത്തിലെന്റെ സഖിയായ

സൌശീല്യസമ്പൂർണ്ണയായിരുന്ന

കൊച്ചു ‘സലിനെ’ നിനയ്ക്കുമ്പോളെൻ ചിത്തേ

വാച്ചിടും സ്നേഹബഹുലതയാൽ

എന്തുപറയേണമെന്നറിയാതെ ഞാ-

നന്തർമോദാബ്ധിയിലാണ്ടിടുന്നു.

200

ദേഹം രണ്ടെങ്കിലും സ്നേഹത്താൽ ഞങ്ങൾക്കു

ദേഹിയൊന്നായിച്ചമഞ്ഞിരുന്നു.

ഞാൻ മഹാ കുസൃതി’യായിരുന്നെങ്കിലും 

സൌമ്യശീലത്തിന്റെ മൂർത്തിയായ

കൊച്ചുജ്യേഷ്ഠത്തിയും ഞാനും പരസ്പരം

ചേർച്ചയിൽ തന്നേ കഴിഞ്ഞിരുന്നു.

അല്ലും പകലു, മുറക്കത്തിലൂണിലു-

മെല്ലാമിവരൊന്നിച്ചായിരുന്നു.

കാൽക്ഷണം സെലിനെ വിട്ടുപിരിഞ്ഞൊരു 

നിക്ഷേപം കണ്ടാലും നില്ക്കില്ല ഞാൻ.

210

ഇച്ഛപോലെന്റെ സെലിനുമൊരുമിച്ചു 

കൊച്ചുകളികൾ പലതരത്തിൽ

അന്നുകളിച്ചു രസിച്ചതോർത്തീടുമ്പോ-

ളിന്നുമാനന്ദം വളർന്നിടുന്നു

സായാഹ്നനേരത്തു ലാത്തുവാനായ് ചിലർ

പോയാലെൻ സങ്കടം തീർന്നിടാനായ് 

മഞ്ജുളമായുള്ള ഡേയ്സി പൂവേണ്ടതി-

കുഞ്ഞനുജത്തിക്കായ് കൊണ്ടുപോരും.

അന്നത്തെ സൌഭാഗ്യചിന്തകളീ വിധം

ചൊന്നാലവസാനിച്ചീടുകില്ല.

220

നാലുവയസ്സു തികഞ്ഞിട്ടില്ലാത്തൊരാ 

കാലത്താ ശൈശവപ്രായത്തിൽ ഞാൻ

സാക്ഷാൽ സൌഭാഗ്യവതിയായിരുന്നെന്നു 

സംക്ഷേപമായി പറഞ്ഞീടട്ടെ!

 

ആനന്ദദായകമല്ലാത്ത വസ്തുക്കൾ

ഞാനൊന്നും കണ്ടില്ല ഭൂവിലന്ന്. 

കാലു ചവിട്ടുന്ന ദിക്കിലെല്ലാടവും

ചേലേറും പൂക്കൾ വിതറിയിട്ട് 

ആദരവോടെന്നെയേതൊരു ദിക്കിലും

മേദിനി മങ്കയാൾ സൽക്കരിച്ചു.

230

അഞ്ചിത കൌതുകം സൃഷ്ടികളൊക്കെയും 

പുഞ്ചിരി തൂകിയന്നെന്നെ നോക്കി.

ദൈവചൈതന്യത്തിന്റെ സൂക്ഷ്മ പ്രതിബിംബം

പാവനമായി പ്രശോഭിക്കുന്ന

“പാരഡൈസ്സാ’യിട്ടെൻ കണ്ണുകളിലന്നു

പാരിടമാകവേ കാണപ്പെട്ടു.

 

VII

തെളിഞ്ഞുകത്തിയ മണിവിളക്കിതാ 

പൊലിഞ്ഞു, സർവ്വവും മറഞ്ഞു കഷ്ടമേ!

മനോഹരനായ പ്രഭാതസൂര്യനേ

ഘനപടലങ്ങൾ മറച്ചിതു കഷ്ടം;

240

മുളച്ചുയർന്നൊരാ ചെറുമുല്ലയ്ക്കയ്യോ

തിളച്ചവെള്ളമത്തൊഴിച്ചു കർഷകൻ 

പരമാനന്ദത്തിന്റെ പരമകാഷ്ഠയി-

ലരുമയോടു ഞാൻ കഴിച്ച നാളുകൾ 

ഒരു കിനാവുപോൽ ക്ഷണം കടന്നുപോയ്

പെരിയ സന്താപമണഞ്ഞു പിന്നാലെ.

ധരിത്രിയിലെന്റെ സമസ്തമെന്നു ഞാൻ 

ധരിച്ചിരുന്നൊരെൻ ജനത്രിയേ ദൈവം  

മരണമില്ലാത്തൊരനന്തര ജന്മ-

വരണത്തിനായി ക്ഷണിച്ചുകൊണ്ടുപോയ്, 

250

പരമ സൗഭാഗ്യമവൾക്കു ലബ്ധമായ് 

നിരാശ്രയരായിച്ചമഞ്ഞു ഞങ്ങളും, 

ചെറിയ കുട്ടി ഞാൻ, വയസ്സെനിക്കഞ്ചിൽ

കുറഞ്ഞപ്രായമായിരുന്നിതെന്നാലും, 

നടന്ന സംഭവം സമസ്തവുമേതും 

വിടാതെഞാനോർമ്മിച്ചിരിക്കുന്നിപ്പോഴും,

അലംകൃതമായ ശവമഞ്ചത്തിന്മേൽ

ചലനമറ്റൊരെൻ ജനനിതൻ ദേഹം

നിസർഗ്ഗസുന്ദരമുഖത്തുനിർജ്ജീവ

പ്രസന്നതയോടെ ശയിച്ചിരുന്നതും,

260

സഹോദരികളാ കദനവഹ്നിയിൽ

ദഹിച്ചുവാവിട്ടു നിലവിളിച്ചതും, 

കരൾതളർന്നെന്റെ ജനകൻ കേണതും, 

കരക്കാരൊക്കെയും സഹതപിച്ചതും,

പലതുമിന്നലെക്കഴിഞ്ഞതുപോലെ 

നലമോടോർമ്മയുണ്ടെനിക്കീ നേരത്തും. 

ചെറിയ കുട്ടിഞാനിതിന്റെ ഗൗരവ-

മറിയുന്നില്ലെന്നു കരുതി മറ്റവർ. 

സകലതും നന്നായറിഞ്ഞുകൊണ്ടെന്റെ

യകത്തുതിങ്ങിയ വികാരങ്ങളെല്ലാ-

മടക്കിയൊന്നുമേയുരിയാടാതങ്ങു

നടന്നിതന്നുഞാൻ വിഷാദമഗ്നയായ്. 

കരഞ്ഞതില്ലഞാൻ വളരെയെങ്കിലും 

നിറഞ്ഞിരുന്നെന്റെയകത്തു സന്താപം. 

ജനകന്റെ കൈയിലിരുന്നു കൊണ്ടു ഞാൻ

ജനനി തന്മുഖത്തവസാനമായി

അധരയുഗ്മത്തെയണച്ചുമഞ്ഞുപോ-

ങ്ങുലധികശീതമാർന്നൊരു ലലാടത്തിൽ

പതിച്ച ചുംബനം ശിലാലിഖിതം പോൽ 

പതിഞ്ഞുടനെന്റെ ചെറിയഹൃത്തിലും 

ധരയിൽ വച്ചെന്റെ ശരീരചക്ഷുസ്സി-

ന്നൊരിക്കലും കാണാൻ കഴിയാത്ത വിധം

അഹോ! ജനനിതന്നുടലെന്നേക്കുമായ് 

ഗൃഹാന്തർഭാഗത്തെ വെടിഞ്ഞദൃശ്യമായ്.

പലതുമെന്തിനു പറഞ്ഞിടുന്നു ഞാ-

നുലകെനിക്കന്നു വിജനമായ് തോന്നി,

സഹജമായുള്ള പ്രസന്നത പോയി 

സഹനശക്തിയുമെനിക്കു ശൂന്യമായ്. 

ഒരു “തൊട്ടാവാടി സ്വഭാവത്തിന്നു ഞാ

നൊരുവിധത്തിലന്നടിമയായ്ത്തീർന്നു. 

പലപ്പോഴും കണ്ണീരകാരണമായി 

നിലത്തുവീഴിച്ചു കരഞ്ഞിരുന്നു ഞാൻ. 

ധരണിയാകെയന്നെനിക്കു ചേരാത്ത 

പരദേശമായിട്ടനുഭവപ്പെട്ടു

ഇതിനിടയ്ക്കോർത്താലെനിക്കൊരാശ്വാസ-

മതും പരാപരൻ തരാതിരുന്നില്ല. 

പ്രിയവിയോഗത്താൽ പരിതപ്തപമായ

പ്രിയപിതാവിന്റെ ദയാർദ്രമാം ചിത്തം 

ഒരു മാതാവിന്റെ ഹൃദയത്തേക്കാളും 

പരമാർത്ഥ സ്നേഹ പരിപൂർണ്ണമായി 

തിറമോടേനിത്യം പരിലാളിച്ചിട്ടി –

“ചെറിയറാണി”യേ പ്രസാദിപ്പിച്ചേറ്റം. 

അതുമല്ല ജ്യേഷ്ഠസഹോദരിമാരു-

മതുലവാത്സല്യം പ്രകാശിപ്പിച്ചെന്നിൽ.

പരേതയായൊരെൻ ജനനിതൻ സ്ഥാന- 

ത്തരുമയോടെന്റെ പ്രിയ ‘കുഞ്ഞമ്മ’യായ്, 

വരിച്ചപൗളീന്റെയകതവസ്നേഹ

മുറക്കത്തിൽ പോലും മറക്കുകില്ല ഞാൻ.

വിദഗ്ദ്ധനായൊരാ കൃഷിക്കാരൻ തന്റെ 

മൃദുതരമായ ‘ചെറുപുഷ്പത്തി’ന്മേൽ

ഇതുവിധം കൃപാജലം ചൊരിഞ്ഞിട്ട് 

പുതിയ ജീവനേയതിന്നു നൾകിനാൻ. 

അധികനാളുകൾ കഴിഞ്ഞിടും മുൻപേ-

യധിവാസസ്ഥാനമലെൺസോണിൽ നിന്നു

മിളക്കിലിസ്യൂവിലുറപ്പിച്ചു താതൻ. 

കുളുർത്തു ചിത്തവുമെനിക്കല്പമായ്.

 

VIII

അസ്തമയസൂര്യൻ തന്റെ നിസ്തുലമാം കാന്തി

പാർത്തലത്തിലെങ്ങും ചിന്തിക്കുത്തടിച്ചിരുന്ന 

നല്ലൊരു സായാഹ്നത്തിങ്കൽ ഞങ്ങളെല്ലാം കൂടി-

യല്ലലെന്ന്യേ ചെന്നു ചേർന്നു മാതുലന്റെ വീട്ടിൽ. 

പുത്തനായി താതനങ്ങു തീർത്തിരുന്ന വേറെ 

പത്തനത്തിൽ പോയി ഞങ്ങൾ പാർത്തു പിറ്റേന്നാളിൽ. 

ആ സ്ഥലം നിയതി തന്റെ മോഹനമായുള്ള 

കൂത്തരങ്ങായ് കാണപ്പെട്ടു, മോദമാണ്ടു ഞാനും.

ചന്തമേറും പൂക്കളാലലംകൃതമായുള്ള

ബന്ധുരമാം പുഷ്പവാടിയതൊരു ഭാഗത്ത്;

തിങ്ങിവളർന്നുള്ള ചെറുപുല്ലുകളാൽ പാരം 

ഭംഗിയേറും പുൽത്തകിടി മറ്റൊരുഭാഗത്ത്.

ചേലെഴും രണ്ടാം നിലയിൽ വിസ്തൃതമായുള്ള

ജാലകത്തിൽ കൂടിയങ്ങു നോക്കിടുന്നനേരം 

ദൂരെ ദൂരെ ചക്രവാള സീമയോളമെത്തും

ചാരുവായ കാഴ്ചയെല്ലാം വേറൊരുഭാഗത്ത്. 

വീടുവിട്ടകന്നു പാർത്താൽ തോന്നിടുമാറുള്ള

ആടലൊന്നുമിസ്ഥലത്തിലെന്നെ ബാധിച്ചില്ല. 

ചിന്മയകാരുണ്യമെന്നെ കൈവെടിഞ്ഞതില്ല; 

അമ്മയെക്കാണാഞ്ഞിവിടെ ഞാൻ കരഞ്ഞുമില്ല. 

രാവിലെ ഞാനുണരുമ്പോളെന്നുമെൻ കുഞ്ഞമ്മ 

കാവൽ ദൂതനെപ്പോലെന്നന്തികത്തിലുണ്ട്. 

ഭക്തിപൂർവ്വം കുഞ്ഞമ്മയോടൊത്തു മുട്ടുകുത്തി 

പ്രാർത്ഥനകഴിക്കും ഞാനും മന്ദതകൂടാതെ. 

പിന്നെയെന്റെ കൊച്ചുപാഠപുസ്തകവുമേന്തി

ഖിന്നത വിട്ടന്നന്നുള്ള പാഠങ്ങൾ പഠിക്കും. 

അക്ഷരം ചേർത്താദ്യമായി ഞാൻ പറഞ്ഞ വാക്കു

“മോക്ഷ”മെന്നാണിന്നുമതു ഞാൻ മറന്നിട്ടില്ല.

പാഠശാലാ ജീവിതത്തിലൊന്നു കൊണ്ടുമേതും

മാടലെനിക്കുണ്ടായില്ല ദൈവകാരുണ്യത്താൽ. 

കൂട്ടുകാരെക്കാളുപരി മാർക്കുകളെനിക്കു

കിട്ടുകസാധാരണമായ്തീർന്നിരുന്നു ക്ലാസ്സിൽ

വന്ദ്യഗുരുനാഥകളാമമ്മമാർക്കുമെല്ലാ-

മന്നു ഞാനൊരോമനയായ്ത്തീർന്നിരുന്നു ചൊല്ലാം.

സ്കൂളടച്ചു സായാഹ്നത്തിൽ വീട്ടിലങ്ങു ചെന്നാൽ 

കാളിടുന്ന മോദമോടെ തുള്ളിയോടിച്ചാടി

വന്ദ്യനായ ജനകന്റെയന്തികേയണഞ്ഞ്

ചൊന്നിടും വിശേഷമെല്ലാം കള്ളമേതുമെന്യേ.

നല്ലനല്ല മാർക്കുകൾ ഞാൻ വാങ്ങിയപ്പോഴെല്ലാം

തുല്യമറ്റമോദമോടെ താതനുമെനിക്ക്

കൊച്ചുകൊച്ചു സമ്മാനങ്ങൾ തന്നിരുന്നു;ഞാനും 

വച്ചു സൂക്ഷിച്ചവയെന്റെ കൊച്ചുപെട്ടിക്കുള്ളിൽ.

നാണയങ്ങൾ സമ്മാനമായ് കിട്ടിയവയെല്ലാം

ക്ഷീണിതരാം ഭിക്ഷുക്കൾക്കു ഞാൻ കൊടുത്തു മോദാൽ.

നല്ലകുട്ടികൾക്കു ചേർന്ന ലീലകളിലും ഞാ-

നല്ലലെന്ന്യേനേരം പോക്കിയുല്ലസിച്ചിരുന്നു.

ഭിത്തിയിലേ ദ്വാരങ്ങളിൽ കൊച്ചുകൊച്ചായുള്ള 

ചിത്ര ബലിപീഠങ്ങളെ തീർത്തതിന്റെ മീതേ

പൂക്കളിട്ടലങ്കരിച്ചു പൂർണ്ണശോഭ ചേർത്ത്

വായ്ക്കുമാനന്ദത്തിൽ ഞാൻ ലയിച്ചിടും ചിലപ്പോൾ.

 കൊച്ചുജ്യേഷ്ഠത്തിയും ഞാനുമൊത്തുചേർന്നു നല്ല

കൊച്ചുകുടിലൊന്നു ചമച്ചായതിന്റെയുള്ളിൽ 

മെച്ചമോടേയേകാന്തവും ധ്യാനവുമായ് രണ്ടു

കൊച്ചു സന്യാസിനികളായ്ത്തീർന്നിടും ചിലപ്പോൾ. 

കണ്ണടക്കം കാത്തു ജപമാലയും ജപിച്ച് 

പുണ്യവതികളായ്ത്തന്നെ റോട്ടിലും നടക്കും

പാഠശാലവിട്ടുഞങ്ങളന്നൊരു ദിവസ-

മാടലെകണ്ണുമടച്ചങ്ങിനെ നടന്ന് 

റോട്ടരികിലൊരുഷാപ്പിന്റെ മുൻവശത്തിരുന്ന 

പെട്ടിയും സാമാനങ്ങളും തട്ടിമറിച്ചിട്ട് 

പെട്ടിയുടെ മീതേ തന്നെ ഞങ്ങളും മറിഞ്ഞ്

കിട്ടിയ ശകാരങ്ങളും മൗനമായിക്കേട്ട് 

സത്വരം പിടച്ചെണീറ്റു ലജ്ജിതരായോടി-

യാസ്ഥലം വെടിഞ്ഞകഥയോർമ്മയുണ്ടെനിക്ക്.

ഏതുമാലോചനയില്ലാതുള്ള കൃത്യം മേലിൽ 

ചെയ്തിടുകില്ലെന്നു ഞങ്ങളന്നു നിശ്ചയിച്ചു.

മേന്മയേറും നിറമുള്ള പൂക്കൾ ശേഖരിച്ച് 

നിർമ്മലജലത്തിലിട്ടു ഭംഗിയായ് പിഴിഞ്ഞ് 

വെണ്മയേറും സ്ഫടികപാത്രങ്ങളിലൊഴിച്ച് 

കാണ്മതാണെന്നിഷ്ടമുള്ള മറ്റൊരു വിനോദം. 

കൂട്ടുചേർന്നുകളിക്കുന്ന മത്സരക്കളിക-

ളിഷ്ടമില്ലായിരുന്നെനിക്കായതു നിമിത്തം

ഞാനൊരു ചുണയില്ലാത്ത കൂട്ടുകാരിയെന്ന് 

നൂനമെന്റെ ചങ്ങാതിമാർ നിശ്ചയിച്ചിരുന്നു.

 

IX

അപ്പനുമൊരുമിച്ചു സായാഹ്നവേളകളി-

ലുൾപ്രമോദത്തോടു ഞാനുലാത്താൻ പോയീടുമ്പോൾ

പതിവായേതെങ്കിലുമൊരു ദേവാലയത്തി-

ലതിമോദത്തോടിവർ കയറും വഴിമദ്ധ്യേ.

കുറച്ചുനേരത്തേക്കു വിശുദ്ധകുർബാനയ്ക്ക് 

നിറഞ്ഞ ഭക്തിയോടെ കഴിക്കും “വിസീത്ത”യും

ഒരുനാൾ കർമ്മലീത്താക്കന്യകാമഠത്തിന്റെ-

യരികിൽ കൂടി ഞങ്ങൾ പോകുവാനിടയായി; 

വിശുദ്ധകുർബാനയ്ക്ക് വിസീത്ത കഴിപ്പാനാ-

യാശ്രമാക്കപ്പേളയിൽ കയറി ഞങ്ങളന്ന്.

ദൈവമേ! ഹാ ദൈവമേ!യാദ്യമായ് ഞാനന്നെന്റെ 

ഭാവിജീവിതസ്ഥലം കണ്ടു സന്തുഷ്ടയായി. 

“ഓമനേ! കൊച്ചുറാണീ! യഴിവാതിലിൽക്കൂടി

യാമുറിക്കുള്ളിലേക്കു നോക്കുക തങ്കമേ നീ!

ദൈവസന്നിധാനത്തിലെപ്പോഴും പ്രാർത്ഥിക്കുന്ന

പാവനാത്മാക്കളായ നല്ലൊരു കന്യാസ്ത്രീകൾ

അവിടെയുണ്ടെ’ന്നപ്പനോതിയെന്നോടു;ഞാനു-

മവരേക്കണ്ടു പാരം കൃതകൃത്യതപൂണ്ടു. 

ഒരുകാലത്തു ഞാനുമവരോടൊരുമിച്ചു

പരമഭാഗ്യശാലിയാകുവാനിരിക്കുന്ന

പരമാനന്ദപ്രദമായ ഭാവിയെപ്പറ്റി-

അവസാനമില്ലാത്ത ദിവ്യസൽകൃപയ്ക്കെല്ലാ-

മിവളീ വിധം പാത്രമാകുവാനിരിക്കുന്ന

പരമരഹസ്യത്തെ കുറിച്ചു -കിനാവിലും 

കരുതിയിരുന്നില്ല കുട്ടിയായിരുന്ന ഞാൻ.

വഴിയിൽ ഭിഷുക്കളെ കാണുകിലെന്നെക്കൊണ്ടു 

പിഴയെന്നിയേ ധർമ്മം കൊടുപ്പിച്ചീടും താതൻ.

ഒരുനാളൊരു പടുകിഴവൻ ഭിക്ഷപാരം

 

പരിതാപമാരിലുമുദിപ്പിച്ചീടും വിധം

ബലമേറുന്ന രണ്ടു വടികളൂന്നിക്കൊണ്ടു 

വലിഞ്ഞും മുടന്തിയുമിഴഞ്ഞും ഗമിക്കവേ 

അനുകമ്പയാലകം പൊടിഞ്ഞുതകർന്നൊരു 

പെനിയുമായിട്ടു ഞാനടുത്തു ചെന്നു ശീഘ്രം.

വ്യസനഭാവത്തോടേയെന്നെയൊന്നുറ്റുനോക്കി-

ട്ടസുഖസമ്മിശ്രമാമൊരു പുഞ്ചിരി തൂകി 

ധർമ്മവും വാങ്ങിക്കാതെ നടന്നു മുമ്പോട്ടയാൾ

മർമ്മഭേദകമായിത്തീർന്നെനിക്കാസംഭവം.

തിരിഞ്ഞുനോക്കി ഞാനാസാധുവേ വീണ്ടും വീണ്ടും

ചൊരിഞ്ഞു മന്ദസ്മിതമവനുമെന്നെ നോക്കി.

ഉടനേ തന്നെയൊരു ചെറിയ കേക്കു താതൻ

കടയിൽ നിന്നു വാങ്ങി “കൊച്ചുറാണി’ക്കു തന്നു. 

നാണയമുപേക്ഷിച്ച ഭിക്ഷുവിന്നാഹാരത്തിൽ 

കാണുമാഗ്രഹമെന്നു തൽക്ഷണമോർമ്മിച്ചു ഞാൻ. 

പുറകേയോടിച്ചെന്നാ സാധുവിന്നതു നൾകാൻ

ചെറുതല്ലാതെയുള്ളോരാശയും ജനിച്ചെന്നിൽ. 

എന്തു ഞാൻ ചെയ്യാമവനകലെപ്പോയിക്കഴി-

തന്തരംഗത്തിൽ ഖേദ മെനിക്കുമസഹ്യമായ്. 

നിറഞ്ഞുകണ്ണു രണ്ടു, മശ്രുബിന്ദുക്കൾ ശീഘ്രം

തറയിൽ പതിക്കുമെന്നുള്ള മട്ടായിത്തീർന്നു.

ഒടുവിലൊരു നല്ല ചിന്തയെന്നകതാരിൽ 

കടന്നു സമാധാനമെനിക്കുനൽകിമോദാൽ:- 

വിശുദ്ധകുർബാനഞാനാദ്യമായുൾക്കൊള്ളുമ്പോൾ,

ശിശുവാമീശോയുടെ പ്രഥമാശ്ലേഷത്തിങ്കൽ,

പ്രാർത്ഥന കൊണ്ടു ഞാനാസാധുവാം സോദരന്റെ

യാർത്തികൾ തീർത്തിടുന്നുണ്ടെന്നു നിശ്ചയിച്ചുടൻ.

മറവിയലക്ഷ്യതയൊന്നുമേ ബാധിക്കാതെ

നിറവേറ്റി ഞാനെന്റെ നല്ലൊരാപതിജ്ഞയേ.

 

X

ദേഹവുമതോടൊത്തെന്നാത്മാവിലുള്ള ദൈവ-

സ്നേഹവുമൊരുപോലെ വളർന്നുവന്നു മന്ദം. 

സ്നേഹമൂർത്തിയായുള്ള ദൈവത്തേയൊരിക്കലും

ദാഹിച്ചിടാതെ ജന്മം കഴിക്കാനാശിച്ചു ഞാൻ. 

നല്ലൊരാപിതാവിനേ സന്തോഷിപ്പിച്ചീടാനു-

മെല്ലാനേരത്തും തന്നോടൈക്യമായിരിപ്പാനും

ചെറുതായുള്ള നല്ല ജപങ്ങൾ കൂടെക്കൂടെ

നിറഞ്ഞ ഭക്തിയോടേയുച്ചരിച്ചിരുന്നു ഞാൻ. 

എങ്കിലുമൊരു മഹാവലുതാമപരാധം 

സങ്കടമെന്നിലിന്നും ജനിപ്പിച്ചീടും വിധം

അന്നു ഞാൻ ചെയ്തുപോയതിവിടെ വിവരിച്ചു

ചൊന്നിടാം മുൻകോപി ഞാനെന്നു കാണിക്കാനായി.

മേ മാസവണക്കത്തിൽ പങ്കുകൊണ്ടീടാനായി-

ട്ടാമാസം മുഴുവനും പതിവായ്വൈകുന്നേരം

പള്ളിയിലെല്ലാവരും പോയിരുന്നെന്നെ വീട്ടിൽ

തള്ളി, ഞാൻ കൊച്ചുകുട്ടിയായിരുന്നതുമൂലം. 

വിക്ടറിയെന്ന വേലക്കാരിയുമൊരുമിച്ചു

ഭക്തിപൂർവ്വമാക്കർമ്മമവിടെക്കഴിച്ചു ഞാൻ. 

ഞാൻ തനിച്ചുണ്ടാക്കിയ ചെറുതാം ബലിപീഠം

ചന്തമായലങ്കരിച്ചതിന്റെ മുൻഭാഗത്ത്

കരങ്ങൾ കൂപ്പിച്ചെറു ജപങ്ങൾ ചൊല്ലിക്കൊണ്ട

ങ്ങിരിക്കും മറ്റുള്ളവർ വരുന്ന നേരംവരേ, 

ഒരു നാളെല്ലാവരും പോയി, ഞാൻ പീഠത്തിങ്കൽ

തിരികത്തിക്കാനായിട്ടടുത്തുമോദത്തോടെ,

ബലിപീഠം പോലെയാ തിരിയുമതിലുള്ള



പലസാധനങ്ങളും ചെറുതായിരുന്നേറ്റം.

എരിഞ്ഞുപോകും തിരിവേഗമെന്നോർത്തു ജപം, 

ത്വരിതം തുടങ്ങാൻ ഞാനോതി വിക്ടറിയോട് 

തുടങ്ങി ജപമൊന്നുരണ്ടുവാക്കുകൾ ചൊല്ലീ-

ട്ടുടനേ തന്നെ പൊട്ടിച്ചിരിച്ചു നിന്നാളവൾ.

ചൊല്ലുകവേഗമെന്നു പിന്നെയും പറഞ്ഞുഞാൻ 

തെല്ലുമേ കൂട്ടാക്കാതെ പിന്നെയും ചിരിച്ചവൾ. 

കത്തിയ ചെറുതിരിയണവാൻ തുടങ്ങുന്നു 

പ്രാർത്ഥനയ്ക്കുള്ള നേരം ചിരിച്ചുകഴിയുന്നു. 

ക്ഷമയെന്നുള്ളതെന്ന വെടിഞ്ഞു പെട്ടെന്നു ഞാ-

നമിതമായിട്ടുള്ള കോപത്തോടെഴുന്നേറ്റ്

“വിക്ടറി’ വിടക്കേ’ യെന്നലറിപ്പറഞ്ഞുകൊ-

ണ്ടൂക്കോടെ നിലത്തൊരു ചവിട്ടും ചവിട്ടി ഞാൻ. 

മുൻപുകാണാത്തമട്ടിലെന്റെയീ കോപം കണ്ടി-

ട്ടമ്പരന്നു പോയേറ്റം സാധുവാമാബാലിക.

വലുതാം രണ്ടുതിരിക്കഷണം കീശക്കുള്ളി-

ലൊളിച്ചുവച്ചിരുന്നതെടുത്തുവെളിക്കവൾ.

“കഷ്ടമേയിവളിതുമുമ്പിലേകാണിച്ചെങ്കിൽ!” 

പെട്ടെന്നു പശ്ചാത്താപം നിമിത്തം കരഞ്ഞുഞാൻ. 

ദുസ്വഭാവത്തിന്നേവമടിമപ്പെട്ടതോർത്ത്

ദുസ്സഹമായിട്ടുള്ള ലജ്ജയുമുദിച്ചെന്നിൽ.

വന്നതു വന്നു മേലിൽ വരാതെ സൂക്ഷിച്ചീടാ-

മെന്നൊരു പ്രതിജ്ഞയും ചെയ്തു ഞാനുടൻ തന്നെ. 

കാലതാമസമെന്യേയാദ്യകുമ്പസാരത്താ-

ലാലസ്യമെല്ലാം നീങ്ങീട്ടാശ്വസിച്ചെന്നാത്മാവും

ആ മഹാ സൌഭാഗ്യസമ്പൂർണ്ണമാംദിവസത്തെ-

 യാമോദത്തോടല്ലാതെയെങ്ങിനെയോർമ്മിക്കും ഞാൻ.

വന്ദ്യനാം പുരോഹിതൻ മിശിഹാതന്നെയെന്ന്

മന്ദതയേതും വിനാ വിശ്വസിച്ചുകൊണ്ടു ഞാൻ 

കുമ്പസാരക്കൂടിനോടടുത്തു മുട്ടുകുത്തി

“ഞാൻ പിഴയാളിയെന്ന നമസ്ക്കാരവും ചൊല്ലി. 

പൊക്കമില്ലായ്മ മൂലമെഴുന്നേറ്റങ്ങുനിന്ന് 

നിഷ്കളങ്കമായുള്ള ഹൃദയത്തോടുകൂടി 

ഒന്നുമേയൊളിക്കാതെ സകലപാപങ്ങളു-

മൊന്നൊന്നായറിഞ്ഞുഞാൻ ഗുരുവിൻ കർണ്ണങ്ങളിൽ.

നല്ലൊരു പിതാവിനെപ്പോലെ വാത്സല്യത്തോടെ

ചൊല്ലിയദ്ദേഹം പല സദുപദേശങ്ങളും.

ഒക്കെയും ശ്രദ്ധാപൂർവ്വം കേട്ടുഞാൻ മുട്ടുകുത്തി

ഭക്തിയാസ്വീകരിച്ചു പാപമോചനമതും.

ഉണ്ണിയാമീശോയുടെ പരിപാവനമായ

കണ്ണുനീരുകൊണ്ടെന്റെ ചെറുതാമാത്മാവിനെ

കഴുകിപ്പരിശുദ്ധിവരുത്തികൃതാർത്ഥയാ-

യെഴുന്നേറ്റുഞാൻ മഹാഭാഗ്യശാലിനിയായി. 

തിരുനാളുകൾ തോറും കുമ്പസാരിക്കയെന്ന

മുറഞാനന്നുതൊട്ടു പരിപാലിച്ചുപോന്നു.

 

XI

“തിരുനാളുകളെന്ന പദമെൻ ഹൃദയത്തി-

 ന്നരുളുമാനന്ദത്തെയെങ്ങിനെചൊല്ലേണ്ടൂ ഞാൻ.

വരുവാനിരിക്കുന്ന സ്വർഗ്ഗസൗഭാഗ്യത്തിന്റെ-

യൊരു സൂചന തന്നെയെന്നു ചൊല്ലീടാമവ 

വിശുദ്ധകുർബാനതൻഘോഷയാത്രകൾ കാണാൻ 

മിശിഹായെഴുന്നള്ളും പാതയിൽ പൂക്കൾ തൂകാൻ

പറഞ്ഞാലൊടുങ്ങാത്തവിധമാണെന്റെ ഹൃത്തിൽ

നിറഞ്ഞ സന്തോഷമെന്നോതിടാം ചുരുക്കത്തിൽ

 

ഹൃദയാനന്ദം പരമേകിടാൻ പര്യാപ്തമാ-

മീദശദിവസങ്ങൾ ചുരുക്കമാണെങ്കിലും 

ആഴ്ചയിലൊരു നല്ലതിരുനാളൊരിക്കലും 

വീഴ്ചകൂടാതെ വരും ഞായറാഴ്ചയാണത്. 

എത്രയോമഹത്വമേറീടുന്നദിനം സർവ-

ശക്തന്റെ സമാശ്വാസദിവസം ഞായറാഴ്ച. 

ദിവ്യപൂജകാണുവാനപ്പനുമൊരുമിച്ചു

രാവിലെതന്നെപോകും പള്ളിയിൽ ഞങ്ങളെല്ലാം.

പ്രസംഗസമയത്താപീഠത്തോടേറ്റ മടു-

ത്താസനസ്ഥരായിടുമപ്പനും ഞാനും കൂടി.

വൈദികൻ പറയുന്ന വാക്കുകളെല്ലാം പര-

മാദരവോടേ തന്നെ കേട്ടുകൊണ്ടിരിക്കും ഞാൻ.

ദിവ്യരക്ഷിതാവിന്റെ കഷ്ടതകളെപ്പറ്റി

ദിവ്യനാം പുരോഹിതനൊരിക്കൽ പ്രസംഗിച്ച 

ഹൃദ്യമാം പ്രസംഗമാണെന്റെയന്തരംഗത്തി-

ലാദ്യമായ് പതിഞ്ഞതെന്നോർമ്മയുണ്ടെനിക്കിന്നും. 

ഗുരുവിന്റെ മുഖത്തുനിന്നിടയ്ക്കെൻ നേത്രങ്ങളേ 

തിരിച്ചു പിതാവിന്റെ മുഖത്തു നോക്കുന്നേരം

എത്രയേകാഗ്രമായ ശ്രദ്ധ! എൻ താതനപ്പോൾ 

പാർത്തലത്തിലല്ലെന്നു തീർച്ചയാാന്നിപ്പോകും. 

വലുതാം സ്തോഭമെല്ലാം മുഖത്തു കാണാം, കണ്ണീർ 

ചിലപ്പോൾ നേത്രങ്ങളിൽ നിറയുന്നതും കാണാം. 

വല്ലതും പ്രാസംഗികനമ്മത്രേസ്യയേപ്പറ്റി

ചൊല്ലുകിൽ താതനപ്പോൾ തലയേ കുനിച്ചിട്ട് 

“ചെല്ലമേ നിന്റെ പേരിൻ ഹേതുഭൂതയായുള്ള 

കല്യയേപ്പറ്റിയത് പറയുന്നതു ഗുരു”

എന്നു മന്ത്രിക്കുമെന്റെ ചെവിയിലെനിക്കപ്പോൾ

വന്നിടും പൂർവാധികം ശ്രദ്ധയും സന്തോഷവും. 

ദിവ്യകർമ്മങ്ങളെല്ലാം കഴിഞ്ഞു വീട്ടിലേക്കു

ദൈവികചിന്തയോടെ തിരിക്കും ഞങ്ങളെല്ലാം. 

പരമാനന്ദത്തോടെ പകലൊക്കെയും കഴി-

ഞ്ഞിരുളും രാവുമതിന്റെ പുറകേ വന്നുചേരും. 

എന്തൊരു മായമിതു ലോകസന്തോഷമെല്ലാ- 

മന്തമുള്ളതാണെന്നു നിനച്ചു ഖേദിക്കും ഞാൻ. 

അവസാനമില്ലാത്ത തിരുനാൾ സ്വർഗ്ഗത്തിലു-

ണ്ടവിടെ ചെന്നെത്തുവാനാശയും വർദ്ധിച്ചിടും. 

മാതുല ഗേഹത്തിലും ചില ഞായറാഴ്ചകൾ 

മാതുലിയോടൊത്തു ഞാൻ കഴിക്കും സന്തുഷ്ടിയായ്. 

തിരിച്ചു വരുന്നേരം സമയം രാത്രിയാകും 

പെരുത്തുമനോജ്ഞമായ് കാണുമാകാശത്തട്ടും. 

നീലമാർബിൾ കൊണ്ടുള്ള തറയിൽ രത്‌നജാലം 

ചോലൊടേ വിതച്ചിട്ടു ഭംഗി ചേർത്തതുപോലെ

അത്രമോഹനമായോരന്തരീക്ഷം കാണുമ്പോൾ 

പാർത്തലം വീണ്ടും കാണാതിരിക്കാനാശിക്കും ഞാൻ. 

നേത്രങ്ങൾ താഴ്ത്തീടാതെ നടക്കും താതനെന്നെ-

ച്ചേർത്തണച്ചാശ്ലേഷിച്ചു നടത്തിക്കൊണ്ടുപോകും.

പ്രാർത്ഥനാസമയത്തും ഭക്തനാം പിതാവിനോ-

ടെത്രയും സമീപിച്ചു നിൽക്കുമീ” കൊച്ചുറാണി”

പുണ്യവാന്മാരെങ്ങിനെ പ്രാർത്ഥിക്കുന്നെന്നു കാണ്മാൻ

കണ്ണുകളുയർത്തി ഞാൻ നോക്കുമെൻ പിതാവിനെ.

കൂട്ടമായ് രാത്രി ജപം കഴിഞ്ഞു തനിച്ചെന്നെ 

കട്ടിലിൽ കൊണ്ടുപോയി കിടത്തും കുഞ്ഞമ്മയും,

ഉറങ്ങുന്നതിനു മുൻപാത്മശോധനയേറ്റം 

ചെറുതാമൊരു തോതിൽ ചെയ്തുപോന്നിരുന്നു ഞാൻ.

“ഇന്നു ഞാൻ നല്ല കുട്ടിയായിരുന്നുവോ? എന്നോ

ടിന്നു സർവ്വേശ്വരന്നു തൃപ്തിയായിരിക്കുമോ?

ദൈവദൂതന്മാരെന്നെയിന്നു സൂക്ഷിച്ചീടുമോ?

ഈ വിധം കുഞ്ഞമ്മയോടോരോരോ കൊച്ചുചോദ്യം 

മെത്തയിൽ കിടന്നു ഞാൻ ചോദിക്കുവതിനെല്ലാ-

മുത്തരമനുകൂലമായിരുന്നെന്നും തന്നേ. 

വഴിപോലെല്ലാമെന്നെക്കിടത്തിപ്പുതപ്പിച്ചു 

തഴുകിചുംബിച്ചിട്ടു പോയിടും കുഞ്ഞമ്മയും

പെരിയ നിശ്ശബ്ദത മുറിയിൽ വ്യാപിച്ചീടു-

മിരുട്ടും ഞാനും മാത്രമവിടെശ്ശേഷിച്ചീടും. 

തുടർന്നീവിധത്തിൽ ഞാൻ പറഞ്ഞുതുടങ്ങിയാ-

ലൊടുങ്ങീടുകില്ലെന്റെ ബാല്യസംസ്മരണകൾ. 

ഞാനൊരു ഗുണവതിയായിരുന്നില്ലെങ്കിലും 

നൂനമെന്നാത്മപ്രിയൻ സ്നേഹിച്ചുപാലിച്ചെന്നെ

പരിപാവനമായ പരിതസ്ഥിതികളെ-

പരിചോടെനിക്കേകി ചെറുപ്പകാലത്തെല്ലാം. 

നിർമ്മലമനസ്കരാമമ്മയുമച്ഛനുമാ-

കന്മഷരഹിതമായുള്ളൊരു കുടുംബവും, 

നന്മയിലഭിവൃദ്ധിയെനിക്കു നൽകി ഞാനും

ചിന്മയകാരുണ്യത്തെ ഫലവത്താക്കിത്തീർത്തു.