Vanithavarsham

വനിതാവർഷം


ഭാരതമിന്നു ഭരിച്ചരുളുന്നൊരു 

            നാരീമണിയാം പ്രിയദർശിനി’യുടെ

പേരിനു തൊഴുകൈ! അവളുടെ പുകളൊളി 

           ശാരദനീരദസന്നിഭമല്ലൊ.

താരാർമകളാ’ണിന്ദിര’മംഗള-

           ദേവതയാണതിനാലേ കീർത്തിത-

യീരേഴുലകിലു,മവളെ നമിച്ചാൽ

           വന്നെത്തും ഭാവുകസാകല്യം.

വീണ്ടും തൊഴുകൈ! ഒറ്റയ്ക്കല്ലിവ 

          ളാഗോളവ്യാപകമായ്ത്തന്നേ

വണ്ടാർകുഴലികൾ താലപ്പൊലിയോടു 

         മെതിരേല്ക്കുകയാണീവർഷത്തെ

കൊണ്ടാടേണ്ടും സംവത്സരമിതു

         ‘വനിതാവർഷം’; നേട്ടം പലവിധ- 

മുണ്ടാകണമിതിൽനിന്നുമഹേളാ 

          ലോകത്തിനു നവസംസ്കാരങ്ങൾ. 

ഉണരുക സോദരിമാരേ, വനിതക- 

          ളബലകളെന്നിനിയാരും പറയാ- 

നണുവും നൽകരുതവസരമതിനാ

          യൊരുമിക്കുക നാം വേണ്ടതു ചെയ്യാം. 

തണലും താങ്ങും സ്ത്രീകൾക്കേകി-

          ട്ടവരെസ്സംസ്കാരത്തിലുയർത്താ-

നണിനില്ക്കുന്നൊരഭിജ്ഞന്മാരുടെ

          യാഹ്വാനവുമിതു കേൾക്കുന്നല്ലൊ.

വേദാന്തങ്ങൾ പുരാണങ്ങളിലും

          രാജ്യചരിത്രങ്ങളിലും സ്ത്രീകളെ-

യാദരവോടു പുകഴ്ത്തും രംഗം

          പലതും കാണാം പല സരണികളിൽ

സീത പതിവ്രതയവളെ വാഴ്ത്തി

           പ്പാടുന്നുണ്ടു പുരാണം,സേവന-

നിരയാൽ വിശ്രുതഫ്ളോറൻസ് നൈറ്റിം-

          ഗെയിലിനെയറിയും ലോകം മുഴുവൻ.

ഝാൻസിഭരിച്ചൊരു ലക്ഷ്മീറാണിയൊ-

          ടൊക്കും യോദ്ധികളെവിടെയുമുണ്ടോ?

മേധാവതി വിക്ടോറിയ റാണിയൊ-

          ടൊപ്പം നാടു ഭരിച്ചവരുണ്ടോ?

കഴിവും മേധാശക്തിയുമെല്ലാം

          പുരുഷനൊടൊപ്പം സ്ത്രീക്കും സ്രഷ്ടാ

വൊഴികഴിവെന്നി തരുന്നുണ്ടതിനേ

          ഫലവത്താക്കുക നമ്മുടെ ധർമ്മം.

പറയാനുള്ള പരാധീനതകൾ

          പറയാമെഴുപത്തഞ്ചാമാണ്ടില- 

തറിയാൻ- പ്രതിവിധിചെയ്യാൻ- നമ്മെ 

          ശ്രദ്ധിക്കുന്നു ലോകമശേഷം. 

സ്ത്രീലോകത്തിൽ പരിവർത്തനമു-

          ണ്ടാകാൻ വേണ്ടുന്നവ നാം തന്നേ-

യാലോചിക്കണമപചയബോധം

          തെല്ലും നമ്മെത്തീണ്ടരുതിനിമേൽ.

പല രാജ്യത്തും സ്ത്രീകൾക്കുന്നത  

          വിദ്യാഭ്യാസം പുരുഷന്മാരൊടു 

തുലനം ചെയ്താൽ പാരം കുറവാ-

          ണതിനെ പ്രതിഷേധിക്കില്ലാരും  

വനിതകളുയരാനേറ്റം വലിയ

          വിഘാതമതാണവർ പാചകവൃത്തിയി- 

ലനിശം കഴിയണമെന്നോ? ലോകമ-

          താശിക്കില്ല, പുരോഗതി വേണം. 

തായ്ലണ്ടിൽ പരിതാപകരം നില,

          വോട്ടവകാശംപോലും സ്ത്രീകൾ

ക്കാരാജ്യത്തില്ലെന്നു പറഞ്ഞാൽ

          കേരളവനിതകൾ വിസ്മിതരാകും.  

വേശ്യകളെക്കല്ലെറിയാം കൊല്ലാം

          ചൊല്ലും ചോദ്യവുമില്ലതിനൊന്നും

നിശ്ശേഷം സഹധർമ്മിണിയാളെ

          യുപേക്ഷിക്കാം ധവനിഷ്ടംപോലെ.

വിസ്തൃതരാജ്യം വികസിതരാജ്യം

      കാനഡ,യതിനഭിനന്ദനമേകാം

സത്വരപരിവർത്തനമാണവിടെ

          കാണ്മതു തുടരെ സ്ത്രീലോകത്തിൽ. 

അരനൂറ്റാണ്ടിനിടയ്ക്ക് പുരോഗതി 

          യല്പേതരമായ് സ്ത്രീകളടുക്കള-

ഭരണം വിട്ടിട്ടുദ്യോഗങ്ങളി-

           ലസ്സംബ്ളിയിലും കയറി നിരന്നു. 

അതുപോലെന്നല്ലതിലും കൂടുത-

          ലുയരാമുത്സാഹിച്ചാൽ, നമ്മുടെ 

കഴിവുകൾ വികസിപ്പിക്കണമനുഗ 

          സരണിയിലൂടേ ഗതി തുടരേണം. 

മധുരമനോഹരഗീതാലാപം

          ചിലരുടെ കഴിവാണുന്നതകവിതക 

ളെഴുതിസ്സഹൃദയരാലഭിനന്ദിത

          രാകാം പ്രതിഭ ചിലർക്കുണ്ടാകും. 

കൊല്ലം രണ്ടായിരമായ്ക്കാണും, 

          നല്ലാർ കാക്കപ്പാടിനിയാർ ന- 

ച്ചെള്ളെയാരെ’ന്നൊരു കവയിത്രി

          ലസിച്ചു നമ്മുടെ ഭാരതഭൂവിൽ 

രാജസ്തുതി പരമവളൊരു കവിത 

          രചിച്ചധിരാട്ടിന്നടിയറവച്ചു

രാജ്യം നേടാൻ മാത്രം സ്വർണ്ണ-

          മവൾക്കു ലഭിച്ചു സംഭാവനയായ്.

എല്ലാ മണ്ഡലവും ശോഭിക്കും

          സ്ത്രീയുടെ കൈകാര്യത്തിൽ,പക്ഷേ

നല്ലൊരു നിലവാരത്തിലവൾക്കും

           വിദ്യാഭ്യാസം നൽകപ്പെടണം.

വീടു ഭരിക്കാമറിവുണ്ടെങ്കിൽ

          നാടുഭരിക്കാം സമരം ചെയ്യാം

പ്രൗഢിയൊടേതു സദസ്സിലുമെന്തും

          സംസാരിക്കാം ഗ്രന്ഥവുമെഴുതാം.

ആറാമൻ പോൾ മാർപ്പാപ്പായുടെ

          തിരുവായ് മൊഴികൾ, “സ്ത്രീ പുരഷന്മാർ-

ക്കേറ്റക്കുറവില്ലാതവകാശം

          നൽകണമെല്ലാ രാഷ്ട്രങ്ങളിലും.

പുരുഷനുസഖിയവളേകാന്തതയിൽ,

          മാതാവാണു നമുക്കവളതിനാൽ

പരമാദരവോടവളുടെ മുമ്പിൽ

          കൈകൾ കൂപ്പിത്തലതാഴ്ത്തുക നാം.”

അയി, കോളേജുകുമാരികളേ, ചെറു 

          ബാലികമാരാം വിദ്യാർത്ഥികളേ,

ദയവായ് ശ്രദ്ധിച്ചാലും, പറയാ-

          നുണ്ടൊരു കാര്യം നിങ്ങളൊടായി 

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹി- 

          ളാമണിമാരാണോർക്കുക നിങ്ങൾ

വരുമാ നൂറ്റാണ്ടവിളംബം; വര-

          വേല്പിനു നിങ്ങളൊരുങ്ങുക വേഗം.

ഇക്കാലത്തെ വയോധികമാരുടെ

           സംസ്കാരക്കുറവെല്ലാം നിങ്ങൾ

തീർക്കണമതിനായുന്നതവിദ്യാ-

           ഭ്യാസം നേടണമലസതയെന്ന്യേ

ആഗോളവ്യാപകമായ് വരണം 

           പരിവർത്തനമീയാണ്ടു മുതല്‌ക്കേ

സ്വാഗതമതിനായോതുന്നേൻ ഭവു-

          കാശംസകളും തുടരുന്നനിശം.

                                                       (കുട്ടികളുടെ ദീപിക, ആഗസ്റ്റ്, 1975)