അവാർഡുകൾ

ഭാഗ്യവാന്മാരേ, മഹാഭാഗ്യവാന്മാരേ, നിങ്ങൾ –
ക്കാർക്കുമുണ്ടവാർഡുകളറിഞ്ഞതില്ലേ?
കേൾക്കണം പണ്ടു ഗിരി സാനുവിൽ മുഴങ്ങിയ
വാക്കുകളവയിന്നും മുഴങ്ങിടുന്നു.
ആത്മനാ ദരിദ്രരേ, ഭാഗ്യവാന്മാരേ, നിങ്ങൾ-
ക്കായിട്ടു സ്വർഗ്ഗമെന്നും തുറന്നിരിപ്പൂ
ക്ഷാന്തിയുള്ളോരേ, മഹാഭാഗ്യവാന്മാരേ, ഭൂമി
സ്വന്തമാണെന്നും നിങ്ങൾക്കറിഞ്ഞു കൊൾക.
കണ്ണീരു ചിന്തുന്നോരേ, ഭാഗ്യവാന്മാരേ, നിങ്ങൾ
പൂർണ്ണമാം സാന്ത്വനത്താൽ സമാശ്വസിക്കും.
നീതിക്കായ് ദാഹിക്കുന്ന ഭാഗ്യവാന്മാരേ, നിങ്ങൾ
പൂതമാംസംതൃപ്തിയിൽ മുഴുകി വാഴും
കാരുണ്യശീലരായ ഭാഗ്യവാന്മാരേ, നിങ്ങൾ
കാരുണ്യം കണ്ടെത്തിടും സമൃദ്ധിയായി.
നിർമ്മലഹൃദയരേ, ഭാഗ്യവാന്മാരേ, നിങ്ങൾ
ചിന്മയൻ തന്നെക്കാണുമനന്തകാലം.
ലോകത്തിൽ സമാധാനം പാലിക്കും ധന്യന്മാർക്കു
ദൈവപുത്രരെന്നുള്ള ബിരുദുകിട്ടും.
പീഡനം സത്യത്തിന്നായ് സാമോദം സഹിപ്പവർ
നേടിടും സ്വർഗ്ഗരാജ്യം വിശങ്കയെന്യേ.
ഭാഗ്യവാന്മാരേ, മഹാഭാഗ്യവാന്മാരേ, നിങ്ങൾ-
ക്കാർക്കുമീയവാർഡുകൾ വഴുതിപ്പോകാ
നേടുവാൻ ശ്രമിച്ചാലും, യാതൊരു ശുപാർശയും
കൂടാതീയവാർഡുകൾസുലഭമല്ല
(ചെറുപുഷ്പം, ജനുവരി 1963)
