ജൂബിലി മഹാമഹം

കുറവില്ലാനാടായ കുറവിലങ്ങാടിന്നു
കുറിതൊട്ടുചന്തംപുലർത്തിനില്ക്കും
പരിശുദ്ധസ്ഥാപനം കർമ്മലീത്താമഠം
പരിചോടേജൂബിലിഘോഷിക്കുന്നു.
‘കനക’ വിശേഷണം ചേരുന്ന’ജൂബിലി’,
മനതാരിലാനന്ദവീചിമാലാ!
പറയേണ്ടും കാര്യങ്ങൾ പലതല്ലോവന്നിപ്പോൾ
നിറയുന്നുമികവോടെൻ മാനസത്തിൽ
തിറമോടെയിന്നഞ്ചുദശവത്സരങ്ങളേ
പിറകിലാക്കിക്കൊണ്ടുനിലകൊള്ളും നീ
കുറവെല്ലാം തീർത്തിട്ടുമിരുളെല്ലാം മാറ്റീടും
കുറവിലങ്ങാടിന്റെ ദീപമായി,
കലിതകുതൂഹലം നീ ചെയ്തുപോരുന്ന
നലമേറും സേവനം വിദ്യാദാനം
അനവദ്യസന്താനസൗഭാഗ്യപൂർണ്ണയാം
ജനയിത്രിയാക്കുന്നു ധന്യേ നിന്നെ.
മടിയിൽ നിന്നെഴുനേറ്റു നാലുഭാഗത്തേയ്ക്കും
വിടവാങ്ങിപ്പോയൊരാമക്കളെല്ലാം
പലമട്ടിൽ പരിശുദ്ധസേവനനിരതരായ്
വിലസുന്നുണ്ടഭിവന്ദ്യേ,യോരോദിക്കിൽ
മധുരിക്കും സ്മരണയൊന്നുയരുന്നു മാനസേ-
യധികമായ്ത്തന്നേ കൃതജ്ഞതയും.
അവിടുത്തേയാശ്ലേഷം കർമ്മലാരാമത്തി-
ലിവളെയും സ്വാഗതം ചെയ്തുചേർത്തു.
അവിടെഞാനഭ്യസിച്ചെത്രയോപാഠങ്ങ-
ളവിടെ ഞാൻ ത്യാഗങ്ങളാസ്വദിച്ചു.
അവിടത്തെ തെന്നലിൽ കോൾമയിർക്കൊണ്ടപ്പോ-
ളവിശങ്കം പാടിഞാൻ ‘സ്നേഹഗീത’
ഒഴുകുന്ന വായുവിൽ ചക്രവാളങ്ങളെ-
ത്തഴുകിച്ചരിക്കുമാഗീതയെന്നും.
ഒരു സുപ്രഭാതത്തിൽ വന്നുഞാനിസ്ഥല-
ത്തൊരുനാളുമോർത്തിരിക്കാത്ത കാര്യം.
ഇതുമങ്ങേക്കരവല്ലിനീണ്ടിട്ടുനിഴലേറ്റു
പുതുമയിൽ പുത്തോ’രിലഞ്ഞി’ തന്നേ
വിടവാങ്ങിപ്പോയൊരീജന്മദേശത്തെത്താ-
നിടയാക്കിപിന്നെയും സ്നേഹരൂപൻ.
ഇനിയും നൂറ്റാണ്ടുകൾ പലതുംനീയതിജീവി-
ച്ചനിശം വിഖ്യാതയായ് നിലകൊണ്ടാലും!
അഭിവന്ദ്യമാതാവേ,യാശംസാപൂർവ്വമെ-
ന്നഭിവാദ്യത്തൊഴുകൈകൾ, വിജയിച്ചാലും!
(ദീപിക, ഫെബ്രുവരി 9, 1969)
