നവവത്സരമംഗളം

കാലമാം മാതാവിന്നോമനപ്പൈതലേ!
ശ്രീലയാം നൂതനവത്സരമേ!
സ്വാഗതം! സൗഹാർദ്ദസൗരഭ്യം വീശിക്കൊ-
ണ്ടാഗതയായാലും വത്സലേ, നീ
പാലോലും നിന്റെയീ പുഞ്ചിരിച്ചന്ദ്രിക
മാലോകർക്കുള്ളം കുളുർപ്പിക്കട്ടെ!
താവകസുന്ദരനിർമ്മലശർമ്മദ
ചേവടിത്താരിണ തന്നിലേന്തി
കാശ്യപീദേവിയാളാനന്ദക്കോൾമയിർ
ദൃശ്യമാക്കീടട്ടെ നിർവ്വിശങ്കം!
അസ്തുതേ മംഗളം! ലോകത്തിൽ ശാന്തിയും
നിസ്തുലഭൂതിയും ചിന്തുക നീ
ആശ്വസിച്ചീടട്ടെ നിന്റെ സാന്നിദ്ധ്യത്തിൽ
വിശ്വനിവാസികളാകമാനം!
രാഷ്ട്രങ്ങളന്യോന്യം യോജിച്ചു കൈകോർത്തു
വിഷ്പം സ്വർഗ്ഗമായ്ത്തീർന്നിടട്ടെ!
നിത്യനായുള്ളൊരു സത്യസമ്രാട്ടിനേ
പാർത്തലമൊന്നാകെ വാഴ്ത്തിടട്ടെ!
ആഹവകാഹളം വായടച്ചീടട്ടെ!
സ്നേഹസംഗീതം മുഴങ്ങിടട്ടെ!
നീതിയും ന്യായവും നിത്യം ജയിക്കട്ടെ!
പൂതമായ്ത്തീരട്ടെ ലോകമെല്ലാം!
കാലാകാലങ്ങളിൽ വർഷവും വേനലും
ചേലൊടേവന്നു ഭവിച്ചിടട്ടെ!
ക്ഷാമപ്പിശാചിക്കു നൃത്തരംഗം മേലിൽ
ഭൂമിയിൽ കിട്ടാതെയായ് വരട്ടെ!
ഭീകരവ്യാധികൾ നിശ്ശേഷമില്ലാതെ-
യാകട്ടെ ലോകത്തിലേതിടത്തും
സന്തതഭൂമി ഭവിക്കട്ടെ മേല്ക്കുമേൽ
ശാന്തിയും ലോകത്തിൽ ചേർന്നിടട്ടെ!
മംഗളം! മംഗളം! നൂതനവർഷമേ!
മങ്ങാതെ ശോഭിച്ചു പൊങ്ങുക നീ
(മധ്യസ്ഥൻ, ജനുവരി, 1942)
