Onakeralame Nee Vijayichalum

ഓണക്കേരളമേ നീ വിജയിച്ചാലും!


ണമഹോത്സവത്തിൽ- ഓലുന്നഭൂതിയാലേ 

ഓണക്കേരളമേ, നീ വിജയിച്ചാലും!

1

ദീപാലങ്കാരങ്ങളാൽ ദീപ്തയായിതേവിധം

ദീർഘനാൾ കേരളാംബേ വിജയിച്ചാലും!

2

സാമൂഹ്യ സദ്യകളാൽ- സാമൂഹ്യസൌഹാർദ്ദത്താൽ 

സാമോദം കേരളമേ വിജയിച്ചാലും!

3

കേളിയാർജിച്ച പലേ-കേളീമത്സരങ്ങളാൽ

കേരളാംബികേ നാഥേ വിജയിച്ചാലും!

4

ഘോഷയാത്രകളാലും ഘോഷിതോത്സവത്താലും 

ഭൂഷിതകേരളമേ, വിജയിച്ചാലും!

5

നാടൻകലോത്സവങ്ങൾ- നാരീജനോത്സവങ്ങൾ 

നാനാവിധോത്സവങ്ങൾ വിജയിക്കട്ടെ!

6

സൂരികൾകവീന്ദ്രരാൽ-സൂത്രണം ചെയ്യപ്പെട്ട 

സുന്ദരകവിഗോഷ്ഠി വിജയിക്കട്ടെ!

7

ഓണക്കോടികൾ ധരി-ച്ചോമനക്കുട്ടന്മാരായ് 

ഓരോകുമാരന്മാരും വിജയിക്കട്ടെ!

8

മന്ദിരാങ്കണങ്ങളും- സുന്ദരകലകളായ്

ചേർന്നുള്ള സൂനങ്ങളാൽ വിജയിക്കട്ടെ!

9

മുന്നൂറ്റിയറുപതു-മഞ്ചും ദിനങ്ങളാണ്ടിൽ

ഇന്നത്തേ സമൃദ്ധിയിൽ വിജയിക്കട്ടെ!

10

വാർദ്ധിയിൽ നിന്നുയർന്ന -വാരുറ്റകേരളമേ, 

വാനവർക്കാനന്ദമേ, വിജയിച്ചാലും!

11

മാനിനികേരളാംബേ-മാനിതേ തൊഴുകൈകൾ! 

ഞാനങ്ങേ നമിക്കുന്നു; വിജയിച്ചാലും!

12

(ഓണാഘോഷ കാവ്യോത്സവം, തൃശൂർ, 1961)