Paisudhapithavine

പരിശുദ്ധപിതാവിന്


പോൾ ആറാമൻ പോപ്പുമഹാശയനെന്റെ നമസ്ക്കാരം! 

നീണാളങ്ങേ ഭരണം വരണം സത്യതിരുസ്സഭയിൽ 

കാലാനുസൃത സംസ്കാരങ്ങൾ സഭയാം മാതാവിൻ 

ചേലൊടു ചേർത്തിട്ടങ്ങേ ഭരണം നിതരാം വിജയിപ്പൂ.

1

അമ്മത്രേസ്യാ, ക്രതീനാ, സീയെന്നാ എന്നിവരെ 

പെണ്മണിമാരെന്നുള്ള തടസ്സം വകവച്ചീടാതെ 

ഡാക്ടർ ബിരുദമവർക്കും നൽകാനങ്ങുമടിച്ചില്ല 

സ്വർഗ്ഗവുമങ്ങേയഭിനന്ദിച്ചാ മംഗളദിവസത്തിൽ

2

‘മാർത്തോമ്മാ വിജയിച്ചു’ വെളിച്ചം വീശിയൊരിന്ത്യയിലേ 

യ്ക്കെത്തിച്ചേർന്നു ദൃഷ്ടികളിപ്പോളെന്റെ മഹാഭാഗ്യം! 

സന്ന്യാസാശ്രമഭിത്തികളാലേ ചൂഴപ്പെട്ടവളാ-

മെന്നിലുമങ്ങേ പൈതൃകദൃഷ്ടികൾ വന്നു പതിച്ചല്ലോ.

3

വത്തിക്കാനിലിരിക്കിലുമങ്ങേ പാവനനേത്രങ്ങൾ- 

ക്കിത്രവിദൂരക്കാഴ്ച ലഭിക്കാൻ റൂഹാവരമേകി

പാർത്തലമിതിലൊരുകരടിവൾ കേവലമെങ്കിലുമത്ഭുതമേ ! 

ചേർത്തുബഹുമതിയെന്നിലുമങ്ങേ പൈതൃകവാത്സല്യം.

4

ദൈവമഹത്ത്വം വർദ്ധിക്കട്ടെ! അങ്ങു പറന്നെത്തി- 

ച്ചേവടികൂപ്പാനാശിക്കുന്നീ പുത്രിവിദൂരസ്ഥ

എന്നാലായതസാദ്ധ്യം ബഹുമതി വാങ്ങിയൊരിക്കൈകൾ 

നന്നായ്ക്കൂപ്പി സർവ്വേശ്വരനോടേവം പ്രാർത്ഥിക്കാം.

5

‘പത്രോസിൻ സിംഹാസനമേറിയസ്സഭയെ ഭരിച്ചീടും 

വത്തിക്കാൻ സമാട്ടിനു വിജയം മേന്മേൽ നൽകണമേ! 

പ്രത്യേകം, സഭയിക്കാലത്തെ വിഷമപ്രശ്നങ്ങൾ 

കർത്താവേ, തരണം ചെയ്യാനുമനുഗ്രഹമേകണമേ.’

6