പാറേമ്മാക്കൽ ഗോവർണ്ണദോർ

അഭിമാനപൂർവ്വം നാമിന്നൊരുമഹാപുരുഷന്നാ-
യഭിവാദ്യത്തൊഴുകൈകൾ സമർപ്പിക്കേണം.
സമുദായമാതാവിന്റെതിരുനെറ്റിത്തിലകമായ്
സമാരാദ്ധ്യനായിവാണ പുരുഷസിംഹം,
സ്മരണതൻ ശ്രീകോവിലിൽ സ്ഥലം, നല്കിക്കേരളീയർ
നിരന്തരം പൂജിക്കേണ്ട മഹാനുഭാവൻ,
പുണ്യശ്ലോകൻ പാറേമ്മാക്കൽ ഗോവർണ്ണദോർ ലോകം വിട്ടു
വിണ്ണിലേയ്ക്കീത്തീയതിയിൽ പറന്നുപോയി.
10
ഉദിക്കുന്ന ദിനമണി കരംനീട്ടി ക്ഷണിക്കുന്നീ
സുദിനത്തേക്കൊണ്ടാടുവാൻ ജനതതിയേ
കടന്നുപോയെന്നാലുമപ്പരമപൂജ്യനോടുള്ള
കടപ്പാടു നമുക്കെന്നുമവശേഷിക്കും.
പതിനെട്ടാം ശതവർഷം പകുതിയിലെത്തിച്ചേരാൻ
പതിന്നാലുകൊല്ലം കുറവുള്ളൊരു കാലം
ചരിത്രപുരുഷൻ ധന്യനൊരു ചെറുകുഗ്രാമത്തേ
പരിശുദ്ധമാക്കി തന്റെ ജനനത്താലേ.*
കടഞ്ഞെടുത്തൊരു നാടു ‘കടനാടെ’ന്നർത്ഥവത്തായ്
കൊടുത്തുപോലതിന്നു പേരഭിജ്ഞനാരോ.
ആഭിജാത്യത്തികവുള്ള പാറേമ്മാക്കൽ കുടുംബത്തി-
ന്നാഭരണതല്ലജമായ് കൊച്ചുതോമ്മാച്ചൻ.
20
കുടിപ്പള്ളിക്കൂടമെന്യേയൊരു കലാശാലയോടു-
മടുക്കുവാൻ കഴിയാഞ്ഞകുശാഗ്രബുദ്ധി
വൈദികവിദ്യാഭ്യാസത്താലനുഗൃഹീതനായ് മഹാ
വേദാന്തിയായ് പലഭാഷാപണ്ഡിതനായി
പുരോഹിതപുംഗവനായ് കേരളീയൻസാണികൾ-
ക്കൊരു മണിവിളക്കായിത്തെളിഞ്ഞുയർന്നു.
വൈദേശികമതപര മേധാവിത്വം നടമാടി
സ്വദേശി നസാണികളെ ശ്വാസംമുട്ടിച്ച
ദയനീയരംഗം നാട്ടിലെവിടേയും കണ്ടകാഴ്ച
ദയാലുവാമഭിമാനി സഹിച്ചതില്ല.
30
തലയെടുപ്പുള്ളവരാം വൈദികർക്കുമല്മായർക്കും
പലർക്കുമിക്കാര്യം ചിന്താവിഷയമായി
പരിഹാരമാർഗ്ഗമാരാഞ്ഞൊരു തീരുമാനം ചെയ്തു
പരിശുദ്ധപിതാവിനെ മുഖം കാണിക്കാൻ.
‘കരിയാറ്റി’ ‘പാറേമ്മാക്കൽ’ ബഹുജനസമ്മതരാം
പുരോഹിതരതിലേക്കായി നിയുക്തരായി.
ആയുരാരോഗ്യാദിയെല്ലാമപകടത്തിന്റെ വക്കി-
ലായിരുന്ന യാത്രയ്ക്കവർ തുനിഞ്ഞിറങ്ങി.
കപ്പൽകേറിക്കാളപാനിപ്പരപ്പിലേയ്ക്കവർ നീങ്ങി
സുപ്രതീക്ഷ സർവ്വേശനിലർപ്പിച്ച ഭക്തർ.
40
ഓളം പൊങ്ങി മലപോലെ താളംതെറ്റിക്കാറ്റു വീശി,
കോളുകൊണ്ടു യാദസ്പതി ചിലപ്പോളെല്ലാം.
പ്രാർത്ഥനാനിരതരായി യാത്രചെയ്തു രണ്ടുപേരു-
മെത്രനാളെന്നതുകൂടിക്കേട്ടുകൊണ്ടാലും.
രണ്ടുനാലുമണിക്കൂറിലിന്നു റോമിലെത്താമെന്നാൽ
രണ്ടുകൊല്ലത്തോളമന്നുവേണ്ടതായി വന്നു.
ദക്ഷിണതീരത്തുകൂടിച്ചുറ്റിക്കടന്നാഫ്രീക്കയേ,
ദക്ഷിണാമേരിക്കായേയും പിന്നിട്ടുനീങ്ങി.
ഒരുമട്ടു യൂറോപ്പിന്റെ പടിഞ്ഞാറേത്തീരം കണ്ടു
പരിതേഷത്തിന്റെ രശ്മി കരളിൽ വീശി.
കത്തോലിക്കാച്ചൈതന്യത്തിൻ പരിമളം പരത്തുന്ന
പോർത്തുഗലിലെത്തിയാശാഭരിതനായി.
പത്രോസിന്റെ സിംഹാസനമേറിവാഴും പുണ്യശ്ലോകൻ
വത്തിക്കാൻ സമ്രാട്ടിൻ തിരുമുഖം ദർശിക്കാൻ
തിടുക്കമായ്, തീർത്ഥയാത്ര തുടർന്നു സത്വരം വീണ്ടും
മടുക്കാതെ, മടിക്കാതെ,യെത്തിറോമ്മായിൽ.
വിദേശീയമേധാവിത്വവികടത വിവരിച്ചും
സ്വദേശിമെത്രാനെക്കിട്ടേണ്ടതിനർത്ഥിച്ചും
സമർത്ഥമാം നിവേദന മാറാംപീയൂസ് മാർപ്പാപ്പായ്ക്കു
സമർപ്പിച്ചു മലങ്കര പ്രതിനിധികൾ.
60
സാഹസികദീർഘയാത്ര ചെയ്തുവന്നു പരിശുദ്ധ-
സിംഹാസനത്തിങ്കൽ നില്ക്കും പടുക്കളായ
മാർത്തോമ്മാ ക്രിസ്ത്യാനികളെക്കണ്ടനേരം പൈതൃകമാം
ഹൃത്തിലേ വാത്സല്യവീചീപരമ്പരകൾ.
ആരു കണ്ടു? ഹർഷബാഷ്പം നിറഞ്ഞകണ്ണുകളോടേ
കാര്യമായിസ്സംസാരിച്ചിട്ടാശിസ്സും നല്കി.
നിത്യനഗരത്തിലവർ പാർത്തു പലദിവസങ്ങ-
ളെത്തിയില്ല സുപ്രതീക്ഷലക്ഷ്യത്തിലെങ്ങും.
പലവിധ യത്നം ചെയ്തു പ്രോപ്പഗാന്താസംഘത്തിന്റെ
നിലയനുകൂലമല്ലെന്നറിഞ്ഞു നന്നായ്
70
തിരിച്ചു ലിസ്ബണിൽപ്പോയി റാണിയേ മുഖം കാണിച്ചു
ധരിപ്പിച്ചു യാഥാർത്ഥ്യങ്ങൾ വിവേകപൂർവ്വം.
പരിശുദ്ധാരൂപിയുള്ളിൽക്കടന്നു മന്ത്രിക്കയാലോ
കരണീയം കണ്ടറിഞ്ഞാ മഹിളാരത്നം.
അവിളംബം സന്ദേശങ്ങളയയ്ക്കയായ് റോമിലേക്കു
നിവേദനത്തിനു പരിഗണനയുണ്ടായ്.
വിജയിച്ചു നീതിമാർഗ്ഗം, പരൻപുമാനെക്കാലത്തും
നിജഭക്തന്മാർക്കു ദാസൻ, നീതിസ്വരൂപൻ.
കരിയാറ്റിൽ യൗസേപ്പച്ചൻ കൊടുങ്ങല്ലൂർ മെത്രാനായി-
പ്പരിശുദ്ധപിതാവിനാൽ നിയുക്തനായി.
80
കരുതിയില്ലിത്രത്തോളം ജഗദീശകൃപാപൂര-
മിരുവരും കൃതാർത്ഥതാഭരിതരായി.
അകം തിങ്ങും കൃതജ്ഞതയളവറ്റു സമർപ്പിച്ചു
ജഗദ്പിതാവിനും മേരിമഹാറാണിക്കും.
കുഴപ്പങ്ങൾ മലങ്കരസ്സഭയ്ക്കകത്തുള്ളതെല്ലാ-
മൊഴിവാക്കിയന്തരീക്ഷം പ്രശാന്തമാക്കാൻ
അഭിഷിക്തൻ പുണ്യശ്ലോകൻ മെത്രാപ്പോലീത്തായും തന്റെ
യഭിമാന്യസ്നേഹിതനും ശ്രമം തുടങ്ങി.
രണ്ടുനാലുമാസങ്ങളല്ലതിന്നായിത്തന്നേ വീണ്ടും
രണ്ടുകൊല്ലത്തോളമവർ പാർത്തു യൂറോപ്പിൽ.
90
നിമിഷങ്ങളൊന്നുപോലും വിഫലമാക്കാതെ ബഹു-
സമർത്ഥന്മാരക്കാലത്തു പലതും നേടി.
ദൈവശാസ്ത്ര തത്ത്വശാസ്ത്രഡിഗ്രികളും പാറേമ്മാക്കൽ
കൈവശത്തിലാക്കി പാരം പാടവത്തോടേ.
നാട്ടിൽ നിന്നു ധീരന്മാരായി പുറപ്പെട്ട തീർത്ഥകന്മാ-
രെട്ടുകൊല്ലത്തിനുശേഷമെത്തി ഗോവായിൽ.
ചിരപ്രതീക്ഷിതനായ സ്വദേശി മെത്രാനു വേണ്ടും
വരവേല്പ്പു നല്കാൻ പലരൊരുങ്ങിടുമ്പോൾ.
അസൂയാലുക്കളായ് ചിലരദ്ദേഹത്തിൻ മെത്രാൻപട്ട-
മസാധുവാക്കിടാനുള്ള വഴിനോക്കുന്നു.
100
നടക്കുന്നീ വടംവലി,യതിനിടയ്ക്കെങ്ങനെയോ
പൊടുന്നനേയാതുരനായ് മെത്രാപ്പോലീത്താ.
പാറേമ്മാക്കൽ തോമ്മാച്ചന്റെ ധീരതയ്ക്ക് വെല്ലുവിളി!
നീറീടുന്നുണ്ടന്തരംഗമാരോടും ചൊല്ലാം?
എന്തിനേറെ? ഗോവായുടെയന്തരീക്ഷവിശുദ്ധിത-
ന്നന്ത്യശ്വാസത്താൽ സാധിച്ചു മേല്പട്ടക്കാരൻ.
ദീർഘനിദ്രാവശഗതനായ്ത്തീരും മുമ്പേവേണ്ടും കാര്യം
ദീർഘദൃഷ്ടിയോടെ ചെയ്താധിഷണാശാലി.
ഗോവർണ്ണദോർ സ്ഥാനം നല്കി പ്രഗല്ഭനാം തോമ്മാച്ചനു
ദൈവപ്രചോദത്തിന്റെയതുല്യശക്തി!
110
മുടിചൂടാമന്നനായിപ്പതിമൂന്നുകൊല്ലത്തോളം
കൊടുങ്ങല്ലൂർ രൂപതയേ ഭരിച്ചദ്ദേഹം.
ഒരു വാക്കിൽ പറയുമ്പോളൊരുമാത്രകൊണ്ടുതീരും
വിരചിതമായാലിതു മഹാചരിത്രം
നയമജ്ഞനാമധികാരി, പ്രശാന്തഗംഭീരൻ,തെല്ലും
പ്രയത്നത്തിൽ മനക്ഷീണമറിഞ്ഞിടാത്തോൻ,
സ്ഥിരചിത്തൻ ദൈവഭക്തർക്കവതംസം, കാര്യങ്ങളിൽ
നിരീക്ഷണവിചക്ഷണൻ, തികഞ്ഞ ധീമാൻ
അനന്തപട്ടണം മുതൽ വടക്കോട്ടു കണ്ണൂരോളം
ജനതയ്ക്കു പിതാവായി ഭരിച്ചനാളിൽ
120
സമാധാനസമൃദ്ധികളൊരുപോലെ കളിയാടി;
സമുദായചരിത്രത്തിൻസുവർണ്ണകാലം!
അത്രയല്ല, മാതൃഭാഷയ്ക്കുപഹാരസദ്ഗ്രന്ഥങ്ങ-
ളെത്ര തീർത്തു സമർപ്പിച്ച പ്രതിഭാശാലി.
സഞ്ചാരസാഹിത്യഗ്രന്ഥമാദ്യമായി വിരചിച്ച
സഞ്ചാരിയാം മലയാളസാഹിത്യകാരൻ
വരും തലമുറകളുമറിയണമിദ്ദേഹത്തേ
ചരിത്രപൂരുഷനല്ലോ മഹാനുഭാവൻ
പിരിഞ്ഞുപോകുന്നവരേ മറക്കുകയെന്നുവന്നാൽ
ചരിത്രമില്ലാത്തലോകമുരുവായീടും.
130
മരുഭൂമിക്കൊപ്പമായി ഭൂതകാലം കാണപ്പെടാ-
തിരിക്കുവാൻ ചരിത്രങ്ങൾ സ്മാരകങ്ങളും
എഴുതേണം സ്ഥാപിക്കേണം സ്വദേശാഭിമാനികളേ,
കഴിവുള്ള സമുദായപ്രമുഖന്മാരേ
വരിക മുമ്പോട്ടു നിങ്ങൾ വിലയേറും നിമിഷങ്ങൾ
തിരിച്ചെത്തുകില്ല ശീഘ്രം കടന്നുപോയാൽ.
പരിചോടു ചിന്തിക്കേണമെല്ലാവരും ഭാവികാലം
സ്മരിക്കുവാൻ പൂർവ്വികനാം ഗോവർണ്ണദോരേ
വിജയിക്ക വിജയിക്ക പാറേമ്മാക്കൽ ഗോവർണ്ണദോർ
വിജിഗീഷുക്കളിൽ മുമ്പൻ! ഗുരോ, നമസ്തേ!
140
(ദീപിക, മാർച്ച് 12, 1968)
