Swagatham

സ്വാഗതം!


ഴകേറും പുഞ്ചിരിതൂകിത്തെളിഞ്ഞു നീ-

യുഴറാതെ വാ നവവത്സരമേ.

തൊഴുകൈകളോടെ ഞാൻ സ്വാഗതമോതുന്നു

പിഴയെന്യേ കാലടി വച്ചിടേണം

വരിക, നീ,യൊട്ടേറെ ഭവികപ്രതീക്ഷകൾ

ജനതയ്ക്ക് നിന്നിലുണ്ടെന്നു കാണ്മൂ. 

പുഴയിലെത്തിരകൾപോലൊന്നൊന്നായങ്ങനെ

പഴയവർഷങ്ങൾ കടന്നുപോയി.

അവയൊന്നും പിന്നോക്കം വന്നീടുകില്ലെന്നാ-

ലവയിൽ വിളഞ്ഞ ശുഭാശുഭങ്ങൾ

ജനമാനസങ്ങളിലെഴുതിയ ചിത്രങ്ങ-

ളനിശമിരിപ്പൂ ചരിത്രമായി.

കരുതി നീ മുമ്പോട്ടു കാൽവച്ചുകൊണ്ടാലും

തകരാറു വല്ലതും വന്നിടാതെ.

ഒരു ദേശമല്ലൊരു സമുദായമല്ലിന്നു

ധരയിലെ ഭൂഖണ്ഡമഞ്ചുമൊപ്പം

ഭവതിയെ സ്വീകരിച്ചീടുവാൻ വെമ്പുന്നു

ഭവികപ്രദായിനിയായ് വരേണം.

ഒരിടത്തും നൈരാശ്യവിത്തുവിതയ്ക്കാതെ

ചരിതാർത്ഥയാകുകിൽ ധന്യയാം നീ.

കനകലിപികളാൽ പന്ത്രണ്ടുമാസത്തേ

ചരിതങ്ങൾ മായാത്ത രേഖയാക്കാം.

നവജാതയായുള്ള വത്സരമേ, നിന്നോ-

ടൊരുകാര്യം കാര്യമായ് ചൊന്നിടട്ടെ.

ജനകീയവാഴ്ചയിൽ ശാന്തിപ്രവാഹത്താ-

ലനഘയായ് ഭാരതമാനന്ദിപ്പാൻ,

കലഹങ്ങൾ കൂടാതെ സ്നേഹത്തിൻ വെൺകൊറ്റ- 

ക്കുടചൂടിക്കേരളമാശ്വസിപ്പാൻ,

കരളിൽ പ്രസാദപ്രവാഹമുണ്ടാകേണം,

വരമരുളീടേണം വേണ്ടുവോളം

അസുരനാം മാവേലി വാണോരു കാലത്തി- 

ലസുഖങ്ങളെന്തെന്നറിഞ്ഞിടാത്ത

അഭിവന്ദ്യയായൊരു കേരളമാതാവി-

ന്നഭിമാനം വീണ്ടെടുത്തീടണം നീ.

അതിവൃഷ്ടി ദാരിദ്ര്യമാദിയാം നാശങ്ങ-

ളണയാതെ ലോകത്തെപ്പോറ്റിടേണം 

അഖിലാണ്ഡനാഥനെയാരാധിച്ചീടുവാൻ

സവിനയം താഴാത്ത ശീർഷമൊന്നും

അറുപതാംവത്സരം വന്നെത്തിടുമ്പോഴേ-

യ്ക്കൊരിടത്തും ശേഷിക്കാതായ് വരേണം

പരിശുദ്ധമായൊരു പരിവർത്തനം മൂലം

ധരണിക്കു മേന്മ ചേർത്തീടണം നീ.

ഭാവുകങ്ങളേവർക്കുമാശംസിക്കുന്നു ഞാൻ

നവജാതയായൊരീ വത്സരത്തിൽ!

(ദീപിക, ജനുവരി, 1959)