കേരളം

വാരാശി തന്നടിയിൽ നിന്നുമുയർന്നു തെല്ലും
പോരായ്മയെന്നതറിയാതൊരു ഭൂവിഭാഗം
പാരായ മങ്കയുടെ മാറണിഭൂഷയായി-
ച്ചേരുന്നു, പേരതിനു “കേരളമെന്നിരിപ്പൂ!
കേരങ്ങളാണിവിടെയുള്ളതിലൊക്കെ മെച്ചം
ചേരുന്ന വൃക്ഷമതു ഭൂതല കല്പവൃക്ഷം
തീരങ്ങൾ തോറുമവയങ്ങു നിരന്നു നില്ക്കു-
മാരംഗമോ നയനമോഹനമാണു നൂനം.
മാറേറ്റിടുന്ന കനകക്കുടമൊട്ടനേകം
കറ്റോർക്കുവേണ്ടിയകമേ യമൃതം നിറച്ച്
ഏറ്റം കൃതാർത്ഥതയൊടുച്ചിയിലേന്തി മോദാൽ
കാറ്റത്തു തൂങ്ങിയിളകുന്നതു കേരജാലം.
വാരാശി വാഹിനി വധൂകുലവേഴ്ചയാശി-
ച്ചാരാലണഞ്ഞ സമയത്തെതിരേല്പിനായി
ധാരാളമായ്ക്കുട വിടർത്തുപിടിച്ചതാണെ –
ന്നാരും നിനയ്ക്കുമവനില്ലൊരു രീതികണ്ടാൽ.
കേടറ്റ നല്ല രമണീയത ചേർന്ന പുഞ്ച –
പ്പാടങ്ങളങ്ങിനെ പരന്നുകിടന്നിടുന്നു.
നീടാർവിലോചന സമുദ്രസുതയ്ക്കു നൃത്ത –
മാടാനൊരുക്കിയൊരു പച്ചവിരിപ്പുപോലെ
നാട്ടിൻപുറത്തു പലമാതിരി നല്ല മാവിൻ
കൂട്ടം, പിലാവു, കമുകാഞ്ഞിലിയത്തിവൃക്ഷം,
ഒട്ടല്ല കാറ്റിലിളകുന്നൊരു നേന്ത്രവാഴ-
ത്തോട്ടങ്ങളും, മധുരനാരകമെന്നിതെല്ലാം
കാലത്തിനൊത്ത കൃഷി വെള്ളരി, തണ്ണിമത്തൻ,
ചേലൊത്ത പാവലതുപോൽ മധുരക്കിഴങ്ങും
ചാലേ പടർന്നുവയലിന്റെയുരസ്സുചേർന്നു
മാലാമതല്ലികണക്കു വിളങ്ങിടുന്നു.
മേയുന്ന ഗോക്കളൊടു ചേർന്നൊരു പുൽപ്രദേശം
പായുന്ന ശുദ്ധജലമുള്ളൊരു നിർഝരങ്ങൾ
മായം വിനാ നിയതി തന്റെ വിലാസരംഗ-
മായുള്ള താഴ്‌വരകൾ കുന്നുകളും വിചിത്രം!
നേരേകിഴക്കതിരിലങ്ങനെ നീണ്ടുയർന്നി-
ട്ടാരാണു നില്പ്തൊരു മാമലവീരനല്ലോ.
പേരോതിടുന്നവനു കേരളർ “സഹ്യ”നെന്ന്
നേരാണവന്റെ സഹനം ചെറുതല്ല തെല്ലും.
മെത്തും ദുരാശയൊടു കേരളമാക്രമിക്കാ-
നെത്തും വിദേശികളെയിങ്ങകമേ വിടാതെ
നിത്യം തടുക്കുമൊരു ജോലിയിലെത്രനാളാ –
യത്തൽപ്പെടുന്നിവനുദാരമനസ്കനായി!
ക്ഷോണീസുരേന്ദ്രരുടെ നേർക്കൊരു ഭക്തിതോന്നീ-
ട്ടാണല്ലല്‌പമങ്ങു തലയൊന്നു കുനിച്ചതോർത്താൽ
കാണിക്കുമാദരവിലുള്ള കുളുർത്തണഞ്ഞി-
ട്ടേണാക്ഷിയാൾക്കവരനുഗ്രഹമേകിടുന്നു.
ധാരാധരങ്ങളുടെ മർദ്ദനമുച്ചി തന്നിൽ –
ച്ചേരുന്നതിങ്കലിവനക്ഷമനായിടാതെ
ധാരാളമായി മഴ കേരളഭൂതലത്തിൽ-
ച്ചേരേണ്ടതിന്നവ സഹിച്ചുവരുന്നു മോദാൽ.
ഗംഭീരനാണചലവീര, നവന്നടുക്കൽ
കുംഭീന്ദ്രസേനകളകമ്പടി നിന്നിടുന്നു
ജ്യംഭിച്ചുയർന്ന വിടപീശഭടപ്രവീരർ
ഡംഭേതുമറ്റു പദസേവ നടത്തിടുന്നു.
ആരാണു പാരിലിതുപോലെയകക്കരുത്തു
ചേരുന്നവൻപ, നെതിരറ്റവനാണു സഹ്യൻ.
പാരാകെ ഘോരസമരം നടമാടിയാലും
ധീരാശയപ്രവരനേതുമിളക്കമില്ല.
ഒട്ടേറെയുണ്ടുമഹിഷീഗണമന്തികത്തിൽ
കൂട്ടത്തിലുണ്ടു പലകഞ്ചുകി വീരരെന്നും
ഒട്ടല്ല സദ്വിജരുമാശ്രിതരായ് വസിപ്പൂ.
രാട്ടിന്നുമൊത്തു വരികില്ലിതുപോൽ പ്രതാപം.
നല്ലാർ കുലം ചിരമിവന്റെ പദം പണിഞ്ഞി –
ട്ടല്ലോ സദാ രസമകത്തു നിറഞ്ഞിരിപ്പൂ.
കല്യാശയത്വമിയലുന്നവർ പാദഭക്തർ-
ക്കെല്ലാം കൊടുത്തു സതതം പരിരക്ഷ ചെയ്യും.
ഈമട്ടജയ്യനൊരു മാമലപൂർവ്വദിക്കിൽ
സാമർത്ഥ്യമോടു പടികാവൽ നടത്തിടുന്നു.
ഭൂമാനിനിക്കപരദിക്കിനു കാവലായി-
സ്സീമാവിഹീനമലയാഴി കിടന്നിടുന്നു.
പണ്ടേ തുടങ്ങി, മലയാഴികളീവിധത്തിൽ
കൊണ്ടാടിവേണ്ട പരിലാളന ചെയ്കമൂലം
ഉണ്ടായി പേരു “മലയാള”മതും നിനച്ചാൽ
രണ്ടില്ലപക്ഷ,മിതിനൊത്തതുതന്നെയല്ലൊ.
ഭൂദേവിയാൾക്കു വിലേയറിയ മൗലിമാല്യ-
മീദേശമെന്നതിശയോക്തി കലർന്നിടാതെ
വൈദേശികപ്രവരരും പറയുന്നു നിത്യം
ഭേദം വെടിഞ്ഞ പരമാർത്ഥമിതോർത്തു കണ്ടാൽ
തങ്കക്കിരീടമതിൽ നല്ലമണിപ്രകാണ്ഡം
തങ്കുന്നപോലതിനകത്തൊരു ഭൂവിഭാഗം
പങ്കംവെടിഞ്ഞൊരു വിശിഷ്ടവിഭൂതികൾക്കു
സങ്കേതമായ് ലയമകന്നു വിളങ്ങിടുന്നു.
“ശ്രീ”വർദ്ധമാനനിലയിൽ സ്ഥിതി ചെയ്ക മൂലം
“ശ്രീവാണിടും നിലയ*മെന്നൊരു നാമധേയം
ധീവായ്പിയന്നവരിതിന്നുകൊടുത്തതിപ്പോൾ
ഭൂവാകെ വിശ്രുതമതിന്നെതിരാരുമോതാ.
ശർമ്മസ്ഥിതിക്കനുസരിച്ചൊരുയർച്ചതന്നേ
ധർമ്മത്തിനും സതതമുണ്ടിഹ തന്നിമിത്തം
നിർമ്മത്സരപ്രകൃതമുള്ളവരിട്ടനാമം
നിർമ്മായമിങ്ങു പറയാമതു “ധർമ്മരാജ്യം.”
സത്കർമ്മജാലമളവറ്റി ഹകാൺകയാലേ-
യുൾക്കാമ്പിലുറ്റ ചരിതാർത്ഥതയോടുകൂടി
നീക്കം വിനാസുജനസംഹതി “കർമ്മഭൂവെ-
ന്നാക്കിച്ചമച്ചിതിനു നാമമതും പ്രസിദ്ധം.
വഞ്ചിയ്ക്കുനാട്ടിനകമേ പ്രചുരപ്രചാരം
തഞ്ചുന്നു നിത്യ,മതിനാലിതു “വഞ്ചിനാടാ”യ്
മിഞ്ചും ഗുണങ്ങളുടെ സംഖ്യയിലാശ്രയിച്ചി-
ട്ടഞ്ചാറുപേരുകളിതിന്നിതുപോൽ ലഭിച്ചു.
ചേതോഹരാംഗി കമനീമണി കേരളത്തി –
ന്നതാണ്ടൊരുന്നതവിഭൂഷണമാണിതോർത്താൽ.
ഓതാവതല്ലിതുനിമിത്തമതിന്നു ചേരും
സ്‌ഫീതാഭയെന്നതെതിരറ്റൊരു സത്യമല്ലോ.
അമ്മേ! ജയിച്ചിടുക ദേവി, വസുന്ധരേ! നീ
നിന്മാറിലിട്ടമലയാളമണിപ്പതക്കം
ഇമ്മട്ടുകാന്തി ചിതറുന്നതു “വഞ്ചി’’യാകും
നന്മുത്തതിന്നകമിരിപ്പതു മൂലമത്രേ.
ഈ വഞ്ചിതന്നമരമേറി നയിച്ചിടുന്ന
ശ്രീവഞ്ചിപാലകകുലാഭിധപാരിജാതം**
ദൈവാനുകൂല്യസുഖദൃഷ്ടിയതേറ്റു ഭവ്യം
കൈവന്നുയർന്നു സതതം വിജയിച്ചിടട്ടെ.!
(പ്രബുദ്ധഭാരതം, ജനുവരി, 1939)
