Aadaranjali

ആദരാഞ്ജലി


ന്തിനു ഞാനീ തൂലികകൈയി- 

          ലെടുത്തെന്നുള്ള ചിന്താവിഷയം, 

സന്താപച്ചുടുകണ്ണീരാലേ

          നല്ലൊരു കവിത രചിച്ചീടാനോ

നമ്മുടെ പുണ്യശ്ലോകൻ വന്ദ്യ

          പിതാവിതുവരെയും വാത്സല്യത്തോടു

നമ്മെഭരിച്ചിട്ടിന്നീ സ്ഥാനം

          വിട്ടൊഴിയുന്നതു സങ്കടമല്ലോ.

മുപ്പതുകൊല്ലമഭിജ്ഞൻ പാലാ

          രൂപതയെ സ്നേഹിച്ചു ഭരിച്ചു

മുപ്പതിലേറെ മഹാകാര്യങ്ങൾ

          നേടിയെടുത്തു കൃതാർത്ഥനുമായി.

പാലാരൂപത ശീർഷമുയർത്തീ-

          ട്ടഭിമാനത്തികവോടെ നില്ക്കും

കാലം, വത്തിക്കാനിലുമായതു

          സമ്മതമെന്നറിയുന്നെല്ലാരും.

എത്രപിതാക്കന്മാരേ ഭാരത-

          നാടിനു നൽകീ നമ്മുടെ രൂപത!

മെത്രാന്മാരുടെ മെത്രാനെന്നു

          വിളിക്കുക വയലിൽ തിരുമേനിയെ നാം

സന്ന്യാസീസന്ന്യാസിനിമാരാൽ

          വൈദികരാലും പാലാരൂപത

ധന്യംതന്നെ; വിളവുസമൃദ്ധം

          നമ്മുടെ “വയലിൽ കാണുന്നതു നാം.

വിദ്യാഭ്യാസപുരോഗതിയോർത്താ-

          ലിതുപോൽ രൂപത മറ്റൊന്നിലുമി-

ല്ലദ്യാവധി,യിതുരേഖയിലായാൽ

          ഗ്രന്ഥം വലുതൊന്നുണ്ടായേക്കാം

ഒരു ചെറുകവിതയിലവയെല്ലാം ഞാ-

          നെങ്ങനെ ഞെക്കിയമർത്തിയൊതുക്കും?

കരിവീരനെയൊരു ഡപ്പിയിലാക്കി-

          യടയ്ക്കുക പാപ്പാന്മാർക്കുമസാദ്ധ്യം.

നാല്പത്തഞ്ചു വയസ്സുതുടങ്ങി-

          യവിശ്രമമദ്ധ്വാനിച്ചു വളർത്തി

ക്ഷിപ്രമുയർത്തിയ രൂപതയിലൊരു

          വിശ്രമമാണിനിയങ്ങേയ്ക്കുചിതം.

ഭാവിയെ വിശ്രമഭാസുരമാക്കി-

          ശ്ശാന്തിയൊടീശ്വരചിന്തകളോടും

ജീവിതയാത്ര തുടർന്നാലും, തിരു-

          മേനീ, തൊഴുകൈ! യഖിലം കുശലം

                                                   (സാന്ത്വനപ്രകാശം, മാർച്ച്, 1981)