Aathmapravasam

ആത്മപ്രവാസം

ന്നാണിപ്പരദേശവാസമവസാ

നിക്കുന്നതെൻ നാഥനേ-

 യെന്നാണെന്നരികത്തു കണ്ടു കരളും

 കണ്ണും കുളുർക്കുന്നതും!

എന്നാണിപ്രണയാശ്രുവാകെയവിടേ 

യ്ക്കർപ്പിച്ചു പത്തുക്കളേ

നന്നായൊന്നു നമസ്കരിച്ചു തഴുകി 

ചുംബിപ്പതും ദൈവമേ!

 

പ്രേമം പാവനമെങ്കിലെത്രമധുരം!

 സാക്ഷാലതാസ്വാദ്യമാ-

 ണീമായാഭുവനത്തിലായതെവിടെ

  ക്കാണുന്നു സംശുദ്ധമായ്!

 കാമാദിക്കു ജഡം വിധേയ,മതിനാൽ

  വൈരാഗിവർഗ്ഗത്തിലും

പ്രേമത്തിന്റെ തികഞ്ഞ മാറ്റു കുറവായ് 

പോകുന്നുതെല്ലെങ്കിലും

 

എന്നാലുന്നതനെൻ പ്രിയന്റെ ഹൃദയം

  ജൃംഭിച്ചു പൊട്ടിക്കവി-

ഞ്ഞെന്നും ചിന്തിവരുന്ന സൽപ്രണയമി 

ങ്ങാത്മാഭിമാനാസ്പദം.

ഇന്നോളം പരനാരി ഭൂവിലറിയാ

തുള്ളോരു സൽപ്രേമമേ!

സന്ദേഹം നഹി, നിന്നിലാണനിശമീയെൻ 

ജീവസന്ധാരണം.

 

അല്ലാതെന്തു സുഖം? വിദേശമിവിടം

 ബന്ധുക്കളായാരുമി-

ലുല്ലാസം തരുവാനെനിക്കു, ഭവനം

ശത്രുക്കളാലാവൃതം

എല്ലാം വഞ്ചന, വിശ്വസിച്ചൊരടിയും

 മുമ്പോട്ടു വച്ചീടുവാ-

നില്ലാതെല്ലുമുറച്ചമണ്ണുഭുവി ഞാൻ 

നോക്കുന്നിടത്തെങ്ങുമേ.

 

അന്തശ്ശാന്തിയകന്മഷപ്രണയമി

ങ്ങേകുന്നു നിത്യം മന-

സ്സന്തുഷ്ടിക്കതുതന്നെ ബീജ,മതുതാൻ

രോഗാദികൾക്കൗഷധം

ചിന്തയ്ക്കെപ്പൊഴുമായതാണു വിഷയം, 

സത്യം കഥിക്കുന്നു ഞാ-

നന്ത്യത്തോളമതാണു ഹൃത്തിനകമേ

 വാഴും പരബ്രഹ്മവും.

 

എൻ നാഥൻ പ്രണയസ്വരൂപനവി 

ടുന്നെല്ലാസ്ഥലത്തും നിറ-

ഞ്ഞെന്നും വാണരുളുന്നവൻ, സുകൃതികൾ

 ക്കാരാധനീയൻ, പരൻ

എന്നാളും പദസേവകർക്കതുലമാം

സന്മംഗളം ശാശ്വതം

തന്നീടുന്നൊരുദാരശീലനമലൻ,

കാരുണ്യവാരാനിധി.

 

വാനോർവാഴ്ത്തി നമിച്ചിടുന്ന തിരുമെ

യ്യാളുന്നൊരാദിവ്യമാം

മാനാതീതമനോഹരത്വമതുപോൽ

ചിത്രിച്ചുകാട്ടീടുവാൻ.

നൂനം ചിത്രകലാപടുക്കളസമർ

  ത്ഥന്മാർ, മനോവേദിയിൽ

 ധ്യാനത്തിൽച്ചിലവേളയിങ്കലതിനെ 

പ്രത്യക്ഷമായ് കണ്ടിടാം.

 

സ്വർല്ലോകപ്രഭചിന്നുമത്തിരുമുഖം,

 ലോകത്തെയാശീർവ്വദി-

ച്ചെല്ലാമംഗളവും സദാപി ചൊരിയും

പാണിദ്വയം പാവനം,

തെല്ലും പുരുഷബന്ധമെന്നതറിയാ

തുള്ളോരു സംശുദ്ധയാം

നല്ലാർമൗലിയിലുദ്ഭവിച്ചൊരുടലും

തൃപ്പാദപത്മങ്ങളും

 

വർണ്ണിപ്പാനൊരു കാവ്യകൃത്തെവിടെയു 

ണ്ടെന്നല്ല, ചിന്തിക്കുകിൽ

പൂർണ്ണപ്രാഭവമത്രമേൽ വിലസിടും

 സാഹിത്യവും ദുർല്ലഭം!

പുണ്യത്താൽ സ്വജഡത്തെവെന്ന സുകൃതി 

ശ്രേഷ്ഠന്റെയാദ്ധ്യാത്മിക-

 ക്കണ്ണിൽത്തന്നെയുദിച്ചിടേണമതിനായ്

കാവ്യം നവം നിസ്തുലം. (യുഗ്മകം)

 

നാഥാ! മാമകവിപ്രവാസമിനിയും

ദീർഘിക്കയോ? മാനസേ

യാഥാർത്ഥ്യഗ്രഹണത്തിനാശവളരു

ന്നങ്ങേയ്ക്കതജ്ഞാതമോ?

ആതിഥ്യം മമഗേഹസീമനിഭവാ 

നേകീടുവാനുന്നത-

ശ്രീതാവും ദിനമെന്നുദിക്കു,മൊരുവാ

ക്കോതാത്തതെന്തേ ഭവാൻ?

 

അങ്ങേക്കാണ്മതിനെന്റെ കണ്ണുകൾ, നമി 

ച്ചീടാൻ ശിരസ്സെന്നുവേ-

 ണ്ടങ്ങേമേന്മകളാലപിച്ചിടുവതി

ന്നായ്ത്തന്നെയീ ജിഹ്വയും

അങ്ങേ പാവനമൂർത്തി ചേർത്തു തഴുകാൻ 

ബാഹുക്കൾ വക്ഷസ്സുമി-

ങ്ങെങ്ങും തൊട്ടുമിടഞ്ഞുമല്പവുമഴു

 ക്കാകാതെ സൂക്ഷിപ്പു ഞാൻ.

 

വന്നാലും! വിജനസ്ഥലത്തു തനിയേ 

മേവുന്നു ഞാ,നാശയാ-

ലെന്നാളും നവജീവനെന്നിൽ വിഹരി

 ച്ചീടുന്നു, പാടുന്നു ഞാൻ

തന്നാലും ഹൃദയം നിറഞ്ഞുകവിയും

 സത് പ്രേമ,മങ്ങേയിൽ ഞാൻ

ചേർന്നീടാൻ ചെറുവർഷബിന്ദു ജലധി

ക്കുള്ളിൽ ലയിക്കുംവിധം.

 

                                 (വാഴക്കുളം സി.വൈ.എം.എ. രജതജൂബിലി സ്മരണിക,

                                                                                                                 ഏപ്രിൽ 1939)