Ammarany

അമ്മറാണി


വാനിലിന്നു മഹോത്സവം! മാലാഖമാർ പാടീടുന്നു

ഗാനാലാപമതു സാക്ഷാൽ കർണ്ണപീയൂഷം!

“സുന്ദരപ്രഭാതംപോലെയാനന്ദപ്രദായിനിയായ്

ചന്ദ്രനേ വിജയിക്കുന്ന സുന്ദരാംഗിയായ്

ഭാസ്കരസഹസ്രംപോലെ ഭാസുരയായ് സന്നദ്ധമാ-

മുൽക്കടസൈന്യത്തെപ്പോലെ ഭീകരയായി

ആരാധ്യയാമീ സ്വാമിനിയാരിവളെ”ന്നത്ഭുതത്തോ-

ടാരംഭിക്കും ഗാനം നമുക്കേറ്റുപാടീടാം.

നിത്യനായ പിതാവിന്റെയോമനക്കുമാരിയിവൾ

പുത്രനായ ദൈവത്തിന്റെ ജനയിത്രിയും

ത്രിത്വത്തിലേ മൂന്നാമാളാം പരിശുദ്ധാത്മാവിൻ പ്രിയ

പാർത്ഥിവനാം ദാവീദിന്റെ ധന്യസന്താനം,

ആദിമാതാവിൽ നിന്നുള്ള സന്താനപരമ്പരയിൽ

ജാതയായി ജന്മപാപദേശമേശാതെ

അത്ഭുതസൃഷ്ടിയാമിവൾ നിത്യകന്യകയാണെന്നാൽ

ചിൽപുമാന്റെ മാതാവുമായ് വിജയിക്കുന്നു.

കണ്ണുനീരിൻ താഴ്‌വരയാം ഭൂതലത്തിൽ വളർന്നിവൾ

വിണ്ണിലാരോപിതയായ ശുഭദിനമേ!

ഭൗതികാവശിഷ്ടം പോലും വച്ചുകൊൾവാൻ പവിത്രത

ഭൂതലത്തിനില്ലായ്കയാൽ ശരീരത്തോടെ

വാനിലേക്കീ സ്വാമിനിയേ കൊണ്ടുപോയി ചിൽപുരുഷൻ

വാനവർക്കു മാത്രമല്ല മൂന്നുലോകർക്കും

റാണിയാക്കിസ്സിംഹാസനാരൂഢയാക്കിയാദരിച്ചു

പ്രീണിതയാക്കിത്തീർത്തൊരു ശുഭദിനമേ!

വിജയിക്ക് വിജയിക്ക വിലയേറും വാർഷികമേ,

വിജയിക്ക നാഥേ പാദം നമിച്ചിടുന്നു!

താരകൾ ചുഴന്നുയർന്നു മൗലിയായി നില്ക്കും റാണി-

യാരെങ്കിലുമുണ്ടായതായ് കേട്ടറിവുണ്ടോ?

ചൊന്നാലും ചരിത്രജ്ഞരേ, തിങ്കൾക്കലാപാദുകയായ് 

തീർന്ന റാണി ചരിത്രത്തിലെങ്ങാനുമുണ്ടോ? 

അംബരേശനേ ദേഹത്തിലംബരമായണിഞ്ഞുള്ളോ-

രംബികയേ കണ്ടിട്ടുണ്ടോ സ്വപ്നത്തിൽ പോലും?

പൂരിതസൗഭാഗ്യയായ മേരി മഹാറാണി’ മാത്രം; 

ഭൂരിശ്രീയാൽ പ്രശോഭിതേ നമസ്കാരം തേ!

റാണിയെന്ന സ്ഥാനത്തേക്കാളമ്മയെന്ന സംബോധന-

യാണീ നാഥക്കിഷ്ടം സ്വന്തഭക്തരിൽ നിന്നും.

“അമ്മേ’യെന്നു വിളിച്ചു നാം ചോദിക്കുന്നതെല്ലാം നൽകും

നമ്മെയവളിച്ഛാഭംഗപ്പെടുത്തുകില്ല.

സ്വർഗ്ഗീയഭണ്ഡാഗാരത്തിൽ സ്വതന്ത്രകൈകാര്യക്കാരി-

യോർക്കുമ്പോളീയമ്മതന്നേ സന്ദേഹം വേണ്ടാ.

മേരീനാമത്തോടു ചേർന്ന സഖ്യതകളെത്രയെത്ര!

പാരിൽ നന്മസാതസ്സുകളാണവയെല്ലാം.

അമ്മതന്ന സ്ഥാനവസ്ത്രം തിരുവുത്തരീയം നമു-

ക്കമ്മതന്ന വജ്രമാല ജപമാലയും

മാതൃവാത്സല്യ ചിഹ്നങ്ങൾ സാഭിമാനം ധരിക്കേണം

വീതശങ്കം ജീവിതമാം രണാങ്കണത്തിൽ.

ആപത്ഭയം വേണ്ടാ പിന്നെ പജയമുണ്ടാവില്ല.

ദീപംപൊലിഞ്ഞീടാ കൊടുങ്കാറ്റടിച്ചാലും.

“അമ്മറാണി’യെനിക്കമ്മ ഞാനഹോ രാജകുമാരി!

മേന്മയേറും സ്ഥാനം, സാക്ഷാൽ ഭാഗ്യപൂർണ്ണ ഞാൻ!

നന്മപൂർണ്ണ, സ്നേഹപൂർണ്ണ, നാവിൽ മധു ചിന്തുന്നു ഞാ-

നമ്മേ,യെന്നു നൂറുവട്ടം വിളിച്ചീടട്ടേ? 

സ്വർല്ലോകസിംഹാസനത്തിലിരുന്നാലുമെന്റെ നേരേ-

യല്ലോ ദൃഷ്ടിയെന്നേരവും തിരിഞ്ഞുകാണ്മൂ.

അന്ത്യനേരമടുക്കുമ്പോളെന്നെയങ്ങു കൊണ്ടുപോകാ

നന്തികേ വന്നെത്തീടണേണ്മൂ നമസ്തേ നാഥേ!

ഭാരതാംബേ, നിനയ്ക്കുമ്പോൾ നിനക്കുമീ ശുഭദിനം 

ചാരിതാർത്ഥ്യത്തികവിന്റെ സുദിനമല്ലോ!

ഭാരമാർന്ന വൈദേശികശൃംഖല പൊട്ടിത്തകർന്നു

ദൂരെ വീണു പരിപൂർണ്ണസ്വതന്ത്രയായ് നീ

കോൾമയിർകൊണ്ടൊരു ദിനം! ചിരകാലപ്രതീക്ഷിത-

നാമം ചൊല്ലിയന്നു നിന്നെ വിളിച്ചു ലോകം

ഭൂരിശ്രീയാർന്നൊരു നല്ല കൊടിക്കീഴിലാശ്വസിപ്പാൻ 

മേരിമഹാറാണി നിന്നെയനുഗ്രഹിക്കും!

                                               (ദീപിക, 15 ആഗസ്റ്റ് 1958)