ചാവറകൊച്ചച്ചൻ

കേരളത്തിലണഞ്ഞ കർമ്മലനാഥതൻ പ്രിയപുത്രനായ്
വീരജന്മമെടുത്തു നാട്ടിനു നന്മചെയ്തൊരു പുണ്യവാൻ
ധീരനായൊരുയോഗി, വീണ്ടുമൊരേലിയാസ്, പലമട്ടിലും
പാരമാദരണീയനായൊരു ദൈവദാസനു കൈതൊഴാം
കർമ്മലയ്ക്കെതിരായ നല്ലൊരു കുന്നു കണ്ടുപിടിച്ചതിൽ
സന്ന്യസിച്ചുതപസ്സിനാൽ ബതപുണ്യപൂർണ്ണത നേടുവാൻ
ഉന്നതാശയോടാദ്യമായി തുനിവാർന്ന നിസ്തുലദിവ്യനാം
ധന്യവൈദികനായ ‘ചാവറ’യച്ചനായിരു കൂപ്പുകൈ!
കുട്ടനാടൊരു കേരളീയ ‘വെനീസു’ തന്നെ,യിതേവിധം
ശിഷ്ടനായ മഹാപുമാനെ നമുക്കുതന്നതുമാസ്ഥലം
വീട്ടുകാരുടെ “മൂല’മോ പകലോന്റെ മറ്റമതെത്രയോ
കേട്ടുകേൾവിയുമാഭിജാത്യവുമുള്ളതെന്നറിയുന്നു നാം.
ദൈവദൂതനുതുല്യമായൊരു ദിവ്യസുന്ദരരൂപവും
പാവനത്വമതേവിധം പരമാർന്ന മാനസതാരുമായ്
ധീവിലാസമൊടാഗൃഹത്തിനുദീപമായി വളർന്നവൻ
ദൈവഭക്തിയിൽ മുമ്പരായ പിതാക്കളാൽ പരിലാളിതൻ
“കുട്ടി നല്ലമിടുക്ക്” നെന്നു പറഞ്ഞുപോയിടുമേവനും
ദൃഷ്ടിയൊന്നവനിൽപ്പതിക്കുകിലാർക്കുമത്ര പ്രിയംകരം
ലക്ഷ്യമുന്നതമൊന്നുവച്ചുനയിക്കയാണഖിലേശ്വരൻ
പക്ഷമോടവനേ,യതാരറിയുന്നുകാണികളായവർ.
അന്നൊരിക്കലവന്റെ വീട്ടിലണഞ്ഞവൈദികദേശികൻ
വന്ദ്യനായൊരു തോമായെന്നഭിധാനമാർന്ന പുരോഹിതൻ
സെമ്മിനാരിയിലേയ്ക്കുബാലകനേക്ഷണിച്ചവനെത്രയോ
സമ്മതത്തോടുമാഗ്രഹത്തോടുമാവിളിക്കു വിധേയനായ്
കണ്ണിലുണ്ണികുമാരനെപ്പിരിയുന്നതെങ്ങിനെ?യെത്രയും
കണ്ണുനീരു പൊഴിച്ചുപോയി പിതാക്കളെന്നതു വാസ്തവം
വിണ്ണിലുള്ളവർ പുഞ്ചിരിക്കുകയായിരിക്കണമപ്പൊഴെ-
ന്നെണ്ണിടാമവർ ഭാവി സൽഫലസാരവേദികളല്ലയോ!
അച്ഛനമ്മസഹോദരങ്ങളുമെത്രമേൽ വ്യസനിക്കിലും
കൊച്ചുകുര്യനിളക്കമില്ല മനസ്സുറച്ചവനാണവൻ
അച്ചനാകണമെന്നുതന്നെ വിനീതമാനസനായവൻ
നിശ്ചയിച്ചു; മുളക്കരുത്തറിയാം മുളച്ചുവരുമ്പോഴേ.
ബാലനെട്ടുവയസ്സിലേബലിപീഠസേവനതത്പരൻ,
കാലുയർത്തി വലിഞ്ഞുപൊങ്ങണമന്നുതക്സയെടുക്കുവാൻ,
ചേലൊടേ സുറിയാനി വാക്കുകൾ ചൊല്ലിടേണ്ടവയൊക്കെയും
പാലുപോലവനെന്നൊഴുക്കിടുമായിരുന്നധരങ്ങളിൽ.
ധീപ്രഗല്ഭത, സൽസ്വഭാവമിവയ്ക്കു ചാവറ തന്നെയാ-
ണെപ്പൊഴും നിലകൊണ്ടിരുന്നതു സെമ്മിനാരിയിൽ മുമ്പനായ്
ആദ്യപട്ടമവന്നു കേവലമാറു രണ്ടുവയസ്സിലാ-
ണാദ്യപൂജയണയ്ക്കവേയിരുപത്തിനാലുവയസ്സുമായ്.
ഭക്തനാം യുവവൈദികൻ, തുലയറ്റ വാഗ്മി, സമർത്ഥനായ്
മിക്കഭാഷകളും ശരിക്കു പഠിച്ചറിഞ്ഞൊരു വിജ്ഞനും
ഉത്കടപ്രഭയന്നു തെല്ലും കുറഞ്ഞിരുന്ന മലങ്കര-
യ്ക്കൊക്കുമിച്ചെറുദീപമെന്നു വിധിച്ചിരിക്കുമനേകരും.
സ്വന്തനാടുസമുദ്ധരിപ്പതിനായ് ജനങ്ങളിൽ വേണ്ടപോ-
ലന്തരംഗവിശുദ്ധി ചേർക്കുക വിദ്യയുള്ളവരാക്കുക,
ശ്രാന്തിയെന്നിയെ ജോലി ചെയ്തവ സാധ്യമാക്കിടുവാൻ മന-
ശ്ശാന്തിയോടുതുടങ്ങി ജീവിതയാത്രയീ വിപുലാശയൻ.
ഭക്തി വർദ്ധകസൽപ്രസംഗമുയർന്നു പള്ളികൾ തോറുമീ
ഭക്തനായൊരു വാഗ്മിതന്നെ നടത്തിവന്നവ മിക്കതും
ആർക്കുമായവഹൃദ്യമായി, കൃതാർത്ഥനായി പ്രസംഗകൻ
സൂക്തിയിൽ പറയുന്ന സൽഫലമേകി വിത്തുകൾ മിക്കതും
ധന്യമായവചോവിലാസമിലക്ട്രിസിറ്റി കണക്കുപാ
-ഞ്ഞന്യജാതിമതസ്ഥരേയുമിളക്കിവന്നു പലപ്പൊഴും
അന്യവസ്തുവനീതിയായ് സ്വയമാക്കിവച്ചു സുഖിച്ചവർ-
ക്കുന്നതാശയദീപ്തി തട്ടിയുടൻ തിരിച്ചുകൊടുക്കയായ്.
പുണ്യമാകിലുമന്യനിൽ പകരേണമെങ്കിൽ സമൃദ്ധിയായ്
തന്നിലായതുവേണമെപ്പൊഴുമെന്നറിഞ്ഞൊരു സാത്വികൻ
സന്ന്യസിപ്പതിനായുറച്ചു വൃഥാവിലായതുമില്ലതിൻ
മുന്നിൽ യോഗികളായവൈദികർ രണ്ടുപേരണി നില്ക്കയാൽ
ശാന്തിഗേഹമതിന്നു ലക്ഷണമൊത്ത നല്ലൊരിടംതിര-
ഞ്ഞെന്തുകഷ്ടതയും സഹിപ്പതിനായ്തുനിഞ്ഞവർ മൂവരും
പന്തിയല്ലൊരിടത്തിലും സ്ഥിതിയെന്നമാതിരി കാൺകിലും
പിന്തിരിഞ്ഞതുമില്ല, നീണ്ടുതുടർന്നിരുന്നു പരിശ്രമം.
കാറ്റുകിട്ടുകിലാസ്ഥലത്തു കിണറ്റിലില്ലജലം, സദാ
വറ്റിടാത്ത ജലം ലഭിക്കുകിലില്ല കാറ്റവിടങ്ങളിൽ
രണ്ടുമൊത്തുവരുംസ്ഥലങ്ങളിൽ യാത്രദുർഘടമീവിധം
കണ്ടുകണ്ടു കടന്നുപോയ പല കുന്നുമേടുകളൊക്കെയും..
വെട്ടിക്കാടിന്റെ മുക്കും, വടകര, പിറവം
പുല്ലരിക്കുന്നു, പിന്നെ
പള്ളിക്കുന്നൊക്കെ നോക്കി പ്രഥിതവനതലം
വേദശൈലത്തിൽ നോക്കി
ചെമ്മഞ്ചിക്കുന്നുനോക്കി “മുള”യൊട്ടു “കുള”വും
ചേർന്ന പേരുള്ളടത്തും.
ചെമ്മേ നോക്കീട്ടു കാർമ്മൽ മലയുടെ നിലപാ-
ടുള്ള മാന്നാനമെത്തി.
മാന്നാനം കുന്നുകണ്ടുനിറയെ വിപിനമായ്,
പുഞ്ചമുന്നിൽ വിരിച്ചും
നേരേയാർപ്പുക്കരക്കുന്നതിനെയവഗണി-
ച്ചിടുമൗന്നത്യമാർന്നും
ഗംഭീരൻ, പശ്ചിമാബ്ധിക്കഭിമുഖനതുമാ-
ല്ലെന്തുകുറ്റം തനിക്കെ-
ന്നുന്മേഷത്തോടു ചോദിച്ചിടുമൊരുനിലയും
ചാരിതാർത്ഥ്യം വളർത്തി
കാടെല്ലാം വെട്ടിനീക്കിക്കനകമെവിടെയോ
കണ്ടെടുത്തിട്ടുകാര്യം
നേടാനെന്നുള്ള മട്ടിൽ പണിതുടരുകയായ്
താപസാഗ്രേസരന്മാർ.
മേടെല്ലാം ഭംഗിയാക്കി ശുഭദിനമിരുപ
ത്തെട്ടുമേടത്തിലേറ്റം
സാടോപം കാണുമാറായൊരു കുരിശവിടെ-
കർമ്മലയ്ക്കങ്കുരം പോൽ.
മാന്നാനം കുന്നിൽ നിന്നും കടുകുമണിമുള –
ച്ചങ്കുരം വൃക്ഷമായീ,
നാനാദേശത്തിലേയ്ക്കിന്ന ഹമഹമികയാ
ശാഖകൾ വീശിനില്പു.
വന്നേക്കാം മധ്യവേനൽ, ചെറുതൊരു തളിരും
വാട്ടമേശാതെ നില്പാ-
നെന്നാളും ദൈവദാസൻ തുണ,യിതുതുടരാ-
നെന്റെയീ തൂലികയ്ക്കും.
(കർമ്മലകുസുമം, ജനുവരി, 1964)
