ഇഹത്തിലെ പരദേശി

എന്താണിക്കാണുന്ന കാഴ്ചകൾ, ജീവിത
മെന്താണു, ബ്രഹ്മാണ്ഡശില്പമെന്തോ?
ആരു ഞാൻ; ചുറ്റിലും കാണുന്ന ജീവിക-
ളോരോന്നുമെന്നിഹ ചെയ്തിടുന്നു?
എങ്ങോട്ടുപോകുന്നീ ഭാസ്കര ചന്ദ്രന്മാ-
രെങ്ങുനിന്നെത്തുന്നീശീതവാതം?
അംബുദജാലങ്ങളങ്ങുമിങ്ങും ചരി-
ച്ചംബരേ ചെയ്യുന്ന ജോലിയെന്തോ?
ദ്യോവിലങ്ങൊട്ടേറെ ദൂരത്തു കാണുമാ-
ദിവ്യനീലാഭയെന്തായിരിക്കാം?
മിന്നുന്ന മാത്രയിൽ പാഞ്ഞുമറയുന്ന
മിന്നൽപ്പിണറിന്റെ വാസമെങ്ങോ?
ഋക്ഷസുമങ്ങളേയുത്പാദിപ്പിക്കുന്ന
വൃക്ഷവിശേഷത്തിന്റെ സ്ഥാനമേതോ?
മാരിയായ് ഭൂമിയിലെത്തും ജലധാര-
യാരുചൊരിയുന്നു വാനിൽ നിന്നും?
ശ്യാമളശ്വേതമണികളിടവിട്ടു
തൂമയിൽ കോർത്തുള്ള മാലപോലെ
രാവും പകലവും ഘടിപ്പിച്ചടുക്കിയ
കോവിദനാരുവാൻ പൂജനീയൻ?
ഏതുമഹാശില്പിയെന്തിനായ് സൃഷ്ടിച്ചു
ചേതോഹരമായോരിന്ദ്രചാപം?
എന്തിനീ വാഹിനിയിത്ര തിടുക്കത്തിൽ
സന്തതമക്ഷീണം പാഞ്ഞിടുന്നു?
നിത്യസമ്പൂർണ്ണതയെങ്ങിനെ പാലിപ്പൂ,
മെത്താതെ വറ്റാതെ പാരാവാരം?
ശാഖാഭുജങ്ങളെ മേലോട്ടുയർത്തിയീ
ശാഖികളാരെത്തൊഴുതിടുന്നു?
എന്തിനായ് പുഷ്പങ്ങൾ പുഞ്ചിരിതൂകുന്നു
പൂന്തേനുണ്ടുള്ളിലെന്നോർക്കയാലോ!
വാനിൽ പറക്കുന്ന പക്ഷികൾ പാടുമീ
ഗാനങ്ങളെങ്ങുനിന്നഭ്യസിച്ചു?
എങ്ങു നിന്നെന്തിനായി സ്ഥലത്തെത്തി ഞാ-
നെങ്ങോട്ടു പോകുന്നു, മാർഗ്ഗമേതോ?
സ്വന്തനാടും വിട്ടുദേശസഞ്ചാരിയാ
യെന്തിനു ഞാനിങ്ങു വന്നുചേർന്നു?
എന്തോ ഞാനൊന്നിനെത്തേടിയുഴലുന്നു
സന്തതമശ്രാന്തം; കാണുന്നില്ല!
ചേതോമുകുരത്തിലേതാണ്ടൊരാശയം
ദ്യോതിക്കുന്നായതും വ്യക്തമല്ല.
ചിത്തസമ്മോദം വളർത്തിടും കാഴ്ചക-
ളത്ര ഞാൻ ചുറ്റിലും കാണ്മതൊന്നും
അന്തരാത്മാവിന്നു ശാശ്വതമായൊരു
ശാന്തിയും തൃപ്തിയും നൽകുന്നില്ല!
ഏതാണ്ടോ തെല്ലൊരു ന്യൂനതകാണുന്നു-
ണ്ടേതിലുംസൂക്ഷിച്ചുനോക്കിടുമ്പോൾ.
സുസ്ഥിരം സമ്പൂർണ്ണമെന്നു പറയുവാ
നിസ്ഥലത്തൊന്നും ഞാൻ കാണുന്നില്ല. കാട്ടുപുഴയിലേശീഘ്രപ്രവാഹത്തിൽ
പെട്ടൊരു ശുഷ്കപത്രങ്ങൾ പോലെ
മായാപ്രവാഹത്തിലോരോന്നും മുമ്പോട്ടു-
പായുന്നു താനറിയാതെ തന്നേ!
ഇന്നലെക്കണ്ടവയിന്നു കാണുന്നില്ല
ഇന്നത്തെക്കാഴ്ചകൾ നാളെയില്ല.
രാവിലെ പുഞ്ചിരിതൂകി വികസിച്ച
പൂവിനു സായാഹ്നം നാശകാലം.
പൂർണ്ണനാം ചന്ദ്രനെ ശൂന്യനായ് കാണുവാൻ
നിർണ്ണയം പോരുമേ രണ്ടുവാരം.
കണ്ഠനാളം വിട്ടു വായുവിൽ മാറ്റൊലി-
ക്കൊണ്ടൊരു സംഗീതമക്ഷണത്തിൽ
അന്തരാനന്ദത്തെ വീണ്ടുമേകാത്ത പോ-
ലന്തരിക്കുന്നതും കാണ്മതല്ലോ.
ഉത്പത്തിനാശത്തിൽ പ്രാരംഭരംഗമെ-
ന്നല്പമാലോചിച്ചാൽ വ്യക്തമാകും.
ചഞ്ചലചിത്രസൗഭ്രാത്രമുൾക്കൊണ്ടുള്ളോ-
രഞ്ചിതരംഗങ്ങളിത്തരത്തിൽ
ചുറ്റിലും കാണുന്നുണ്ടായവ പിന്നിട്ടു
തെറ്റിടാതുള്ളൊരു പാത നോക്കി.
താന്തയായ്ഞാൻസദാമുമ്പോട്ടുപോകുന്നു
സ്വന്തമായിങ്ങെനിക്കില്ലൊരേടം.
കാണുന്ന പാദപച്ഛായകൾതോറും ഞാൻ
ക്ഷീണശാന്തിക്കായി വിശ്രമിപ്പൂ.
കണ്ടുമുട്ടീടുന്ന കൂട്ടരോടപ്പപ്പോൾ
രണ്ടു വാക്കോതിപ്പിരിഞ്ഞിടുന്നു.
“മൈത്രി”യെന്നുള്ളാരപ്പാവനനിസ്തുല-
ശക്തിക്കു വിശ്രമസ്ഥാനമില്ല.
എന്തുമാകട്ടെ, ഞാനിസ്ഥലത്തേപ്പറ്റി
ചിന്തിച്ചിട്ടെന്നൊരു കാര്യമിപ്പോൾ!
യാത്രയിൽ തെല്ലൊരു വിശ്രമസങ്കേതം
മാത്രമാണിസ്ഥലം, ഗേഹമല്ല.
നിത്യവാസത്തിനായ് വേറൊരു രാജ്യമു-
ണ്ടാസ്ഥലമാണെന്റെ സ്വന്തദേശം.
അച്ചനുണ്ടമ്മയുണ്ടാപ്തമിത്രങ്ങളു-
ണ്ടിച്ഛിക്കും വസ്തുക്കളൊക്കെയുണ്ട്.
ശാശ്വതമാണവ, യാസ്ഥലത്തിങ്ങനെ
നശ്വരരംഗങ്ങളൊന്നുമില്ല.
അന്തസ്സന്തുഷ്ടിയും നിത്യമായുള്ളൊരു
ശാന്തിയും മറ്റെങ്ങും തേടിടേണ്ട.
മാർത്താണ്ഡ ശോഭിതമായൊരീവാസരം
രാത്രീയിലാക്രാന്തമാകും മുമ്പേ
ഉദ്ദിഷ്ടകാര്യങ്ങൾ ഭംഗിയായ് സാധിച്ചു
നിർദ്ദിഷ്ട ദിക്കിൽച്ചെന്നെത്തിടേണം.
ആർക്കും പുരോഗതി സാദ്ധ്യമല്ലാത്തൊരു
ദുർഘടതാമസി വന്നുചേരും.
ആകയാൽ ഞാനിപ്പോളാകുന്ന വേഗത്തിൽ
പോകട്ടെ! നാം തമ്മിൽ വീണ്ടും കാണും.
(തിരുഹൃദയമാസിക, കോട്ടയം, ഫെബ്രുവരി, 1938)
