എങ്ങുപോയ് വല്യമ്മച്ചി

“എങ്ങുപോയ് വല്യമ്മച്ചി എങ്ങുപോയ് വല്യമ്മച്ചി?
ഞങ്ങളോടൊന്നും മിണ്ടാതെങ്ങുപോയ് വല്യമ്മച്ചി?
ഇങ്ങനെയിന്നാൾ വരെ കുഞ്ഞുമക്കളേക്കൂടാ-
തെങ്ങുമേ പോയിക്കണ്ടിട്ടില്ലല്ലോ വല്യമ്മച്ചീ!
ഇന്നലെ വൈകുന്നേരം പള്ളിയിൽ പോയിട്ടെന്താ-
ണിന്നിതേവരെയിങ്ങു വന്നുചേർന്നിട്ടില്ലെന്നോ!
രാത്രിയിൽ വന്നീടുമെന്നോർത്തു ഞാനുറങ്ങിപ്പോയ്,
മെത്തയിൽ കാണുന്നില്ല, പ്രാർത്ഥനാസ്ഥലത്തില്ല.
മുകളിൽ മട്ടുപ്പാവിലെങ്ങുമില്ലല്ലോ, വീട്ടി-
ന്നകത്തും പുറത്തുമില്ലെങ്ങുപോയ് വല്യമ്മച്ചി?
കാപ്പിയും കുടിക്കാതെ മരുന്നും സേവിക്കാതെ-
യെപ്പോഴും പള്ളിക്കകത്തിരുന്നു പ്രാർത്ഥിക്കയോ!
തിരുനാളാണോ? കൊട്ടും വെടിയും കേൾക്കുന്നില്ല.
തിരിച്ചുവരാത്തതെന്തിപ്പൊഴും വല്യമ്മച്ചി ?
മുടിയും വച്ചാണല്ലോ പോയതിന്നലെ, മോടി-
യ്ക്കുടുത്തു ചമഞ്ഞു കണ്ണടച്ചുമഞ്ചം തന്നിൽ
വിരിച്ച വിരിപ്പിന്മേൽ കിടക്കുന്നേരത്തൊന്നു
ചിരിച്ചു ഞാൻ ചെന്നപ്പോൾ മിണ്ടിയില്ലൊന്നും തന്നേ.
എടുത്താണല്ലോ കൊണ്ടുപോയതു, രോഗംമൂലം
നടക്കാൻ വയ്യാഞ്ഞെങ്കിലെന്തിനുപോയി? കഷ്ടം!
കൊണ്ടുപോയിട്ടില്ലല്ലോ പുസ്തകം കണ്ണാടിയും
രണ്ടുമില്ലാതെങ്ങനെ പ്രാർത്ഥിക്കും വല്യമ്മച്ചി ?
വിളിച്ചുനോക്കട്ടെ ഞാൻ, ഞങ്ങളേ കളിപ്പിക്കാ-
നൊളിച്ചു വല്ലേടത്തുമിരിപ്പുണ്ടെന്നും വരാം
ഉത്തരമില്ലല്ലോ ഞാനെത്രമേൽ വിളിച്ചിട്ടും
ഇസ്ഥലത്തെങ്ങും തന്നേയില്ലെന്റെ വല്യമ്മച്ചി.
അമ്മച്ചി പൊട്ടിക്കരഞ്ഞീടുന്നു, മുഖം പൊത്തി –
ച്ചുമ്മാതെ കുനിഞ്ഞിരുന്നീടുന്നുണ്ടപ്പച്ചനും.
അറിയാതടങ്ങുകയില്ലാഞാ, നാരെങ്കിലും
പറഞ്ഞേ വല്യമ്മച്ചിക്കെന്തു സംഭവിച്ചെന്ന്.
കാപ്പി ഞാൻ കുടിക്കില്ല വല്യമ്മച്ചിയെക്കൂടാ –
തെപ്പോഴുമൊന്നിച്ചല്ലേ തിന്നതും കുടിച്ചതും
“ഓമനത്തങ്കം, നിന്നോടെന്തു ഞാൻ ചൊന്നീടേണ്ടൂ!
ക്ഷേമമായ് വല്യമ്മച്ചി പള്ളിയിൽ വസിക്കുന്നു.
തിരിച്ചുവന്നിട്ടിനിക്കുഞ്ഞുമക്കളോടൊന്നി –
ച്ചിരുന്നു കാപ്പികുടിച്ചീടുകില്ലൊരിക്കലും.”
നിഷ്കളങ്കയാം പിഞ്ചുകുഞ്ഞിനാ പിതാവിന്റെ
വാക്കുകൾ ഗ്രഹിക്കുവാൻ ലേശവും സാധിച്ചില്ല.
തുടർന്നുപറഞ്ഞവൾ; പള്ളിയിലാണെങ്കിൽ ഞാ-
നുടനേതന്നേ ചെന്നു കൊണ്ടുവന്നീടാമല്ലോ
ഇറങ്ങിത്തിരിച്ചവൾ തൽക്ഷണം തന്നേ, യല്പം
പിറകേയനുഗമിച്ചവളേയപ്പച്ചനും.
പല്ലവമൃദുപദം വേദനിച്ചിട്ടും മണി-
ച്ചെല്ലമേതുമേ വകവച്ചില്ല, നടന്നവൾ.
സ്നേഹസർവ്വസ്വമായോരപ്പിതാമഹിതന്റെ
ഐഹികവാസം പാരം ശുഭമായ് സമാപിച്ചു.
ശാന്തിയിൽ ശയിക്കുമാ പരിപാവന ശയ്യ –
യന്തികത്തോളം നയിച്ചവളേ പ്രിയതാതൻ.
ചെറുകണ്ണുകൾ നാലു ദിക്കിലും തിരിച്ചവൾ
നിറയും കണ്ണീരോടെ ചോദിച്ചു വീണ്ടും വീണ്ടും:
എവിടേ വല്യമ്മച്ചി എവിടേ വല്യമ്മച്ചീ?
ഇവിടെക്കാണുന്നില്ല മടങ്ങിപ്പോയോ വീട്ടിൽ
“തങ്കമേ, വല്യമ്മച്ചി മറഞ്ഞുപോയീ മണ്ണിൽ
സങ്കടപ്പെടാതെ നീ കണ്ണുനീർ പൊഴിക്കാതെ.”
മെത്തയിൽ കിടത്തി ഞാൻ വീശിക്കൊണ്ടിടയ്ക്കിടെ
മുത്തുന്ന വല്യമ്മച്ചി മണ്ണിലോ കിടക്കുന്നു?
ഇളകിക്കിടക്കുമീ മണ്ണിന്റെയടിക്കാണോ?
കളിപ്പിച്ചീടാതെന്നെയങ്ങനെ കിടക്കുമോ?
മൂടിയിട്ടതെന്തിനാണിങ്ങനെ? മൂക്കും വായും
മൂടിയാൽ ശ്വാസം മുട്ടിച്ചത്തുപോം വല്യമ്മച്ചി.
“മകളേ, വല്യമ്മച്ചി മരിച്ചുപോയീ കുഞ്ഞേ,
സകല മനുഷ്യരും മരിക്കുമിതേവിധം. “
പിഞ്ചുകുഞ്ഞിന്റെ നീലനിർമ്മലനേത്രങ്ങളി-
ലഞ്ചിതവെണ്മുത്തുകൾ തിളങ്ങിക്കാണപ്പെട്ടു.
നെഞ്ചകത്തേങ്ങൽ തള്ളിത്തുടങ്ങി മേന്മേ,ലവൾ
ചെഞ്ചൊടി വിറച്ചുകൊണ്ടസ്ഫുടവചസ്സുകൾ
ഒരുമട്ടോതി; നേരു തന്നെയോ? വല്യമ്മച്ചി
മരിച്ചുപോയെങ്കിൽ ഞാനെന്തിനിച്ചെയ്തീടേണ്ടൂ?
“ഓമനേ, വല്യമ്മച്ചിയുണ്ണിയീശോയോടൊത്തു
ക്ഷേമമായ് വസിക്കുന്നു തങ്കമേ, സ്വർലോകത്തിൽ.
തെറ്റുകൾ ചെയ്തീടാതെ നല്ല കുഞ്ഞായ് ജീവിച്ചാൽ
മാറ്റമില്ലെന്നോമനയയ്ക്കവിടെച്ചെന്നെത്തീടാം.
ഉണ്ണിയീശോയെ കാണാം മാലാഖമാരെ കാണാം
പുണ്യവാന്മാരെ കാണാം വല്യമ്മച്ചിയെ കാണാം.
അവിടെച്ചെന്നാൽ പിന്നെ മരിക്കില്ലൊരുത്തരു-
മവസാനമില്ലാത്ത സുഖജീവിതം തന്നേ. “
പനിനീർപുഷ്പംപോലെ മൃദുലമനോജ്ഞമായ്
നനഞ്ഞ കവിൾത്തടം പതുക്കെത്തുടച്ചവൾ.
അന്തരംഗത്തിൽ തെല്ലു മന്ദമന്ദമായൊരു
ശാന്തിവന്നുദിച്ചതു മുഖത്തും പ്രത്യക്ഷമായ്.
ചിന്തതന്നാഴത്തിലേയ്ക്കാണ്ടുപോയീടും പോലാ-
ബന്ധുരസുമാംഗിയാൾ നിന്നുപോയ് നിശ്ചേഷ്ടയായ്.
“തങ്കമേ, പോകാം നമുക്കെന്നു ചൊന്നുടൻ താതൻ
തൻ കുമാരിയെക്കോരിയെടുത്തു കരങ്ങളിൽ.
നടന്നുപോകുന്നേരം വീണ്ടുമാ പിതാവിനെ
തടഞ്ഞു പിന്നോക്കമായ് വിളിച്ചുപറഞ്ഞവൾ :
പോകട്ടേ വല്യമ്മച്ചീ? മോക്ഷത്തിൽ കാണാമിനി
പോകട്ടേ? നൂറായിരം പഞ്ചസാരയുമ്മകൾ!
(ദീപിക, 12 ജനുവരി 1958)
