Fourteenth Verse

പതിന്നാലാം സർഗ്ഗം

 

പുരുസുകൃതിയാപൂജ്യപാദൻ വയോവൃദ്ധ-

നൊരു നിമിഷവിശ്രമം കൂടാതെയെപ്പൊഴും

ഇരവുപകൽ നിഷ്കാമകർമ്മം തുടർന്നിരു-

ന്നൊരു വിരതിയില്ലതിന്നായുരന്തം വരെ. 

 

അതുലപുരുഷായുസ്സുമൂല്യമർപ്പിച്ചു ഹൃത്-

കുതുകമൊടുനേടി സ്വതന്ത്രമാം ഭാരതം

ഇതിലധികമെന്തുള്ളൂ ചാരിതാർത്ഥ്യം വരാൻ? 

സ്ഥിതിഗതികൾ മെച്ചപ്പെടുത്തണമന്തരം.

 

അതിനുവരുമന്തികേ മന്ത്രിമുഖ്യന്മാരു-

മതിലിടപെടേണ്ടുന്ന നേതാക്കളൊക്കെയും 

മലയൊടെതിരാം പ്രശ്നമൊക്കെ നിസ്സാരമാ-

ലിയോടുസമാനമായ തീരുമങ്ങെത്തുകിൽ.

 

പകലിരവുമാരൊക്കെ വന്നുചേർന്നീടിലും 

സകലരേയുമൊന്നുപോൽ സ്വാഗതം ചെയ്തിടും 

അകതളിരിലക്ഷാന്തിലേശം വിനാസ്നേഹ –

മികവൊടു പുലർത്തിടും സമ്പർക്കമാരോടും. 

 

ജനിതനവവത്സരം പ്രാരംഭമാസമാം

ജനുവരിയിൽ നില്ക്കുന്നു; മുപ്പതാം തീയതി 

ദിനമണിയടുക്കുന്നു ചക്രവാളത്തിലെ –

യിനിയവിടെയല്ല വിശ്രാന്തിക്കുവേണ്ടിയോ?

 

വദനമരുണം, ഭാവമാറ്റമാ,ണാരോടോ 

ഹൃദിപെരിയ കോപമാണെന്തുവാൻ കാരണം?

സുധികളിതുകാണുന്നതില്ലേയൊരുത്തനും

ബുധജനമിതേപ്പറ്റിയോർക്കുന്നതില്ലയോ? 

 

ഒരുവികടനാടകത്തിന്റെയാരംഭമാ-

ണൊരു വനതിൽ സൂത്രധാരത്വം വഹിപ്പവൻ 

സുരനവനെനോക്കുന്നു കോപിഷ്ഠനായതിൽ

പരമിവിടെയെന്തുഞാനോതേണ്ടതീശ്വരാ!

 

വിമലഹൃദയൻ മഹാരാഷ്ട്രതന്ത്രജ്ഞനാ 

സമയവുമവിശ്രമം ചെയ്യുന്ന ജോലികൾ 

പതിവിലധികം പേരോടന്നു സംഭാഷണം 

ചതുരതയോടേ ചെയ്തുവിട്ടയച്ചാദരാൽ. 

 

ഒടുവിലൊരു വമ്പനായുള്ള നേതാവിൻ്റെ

യടികളവിടെപ്പതി,ഞ്ഞാളു പട്ടേൽ മഹാൻ. 

അധികകൃതകൃത്യനായ് ഗാന്ധിയും, കാര്യമു 

ണ്ടധികമവർ തമ്മിൽ പറഞ്ഞു തീരേണ്ടതായ്.

 

സരസതരഭാഷണം സാരഗർഭം, പര-

രമതിലകധാ കൈമാറിയാശയം

സമയമധികം നീണ്ടുതെറ്റുന്നു, പ്രാർത്ഥനാ

സമിതിയതിൽ ഗാന്ധിക്കുഭാഗഭാക്കാകുവാൻ, 

 

ഝടിതിയവിടേയ്ക്കെത്തി പൗത്രികൾ രണ്ടുപെൺ-

കൊടികൾ, “മനു’ “ആഭ’യും പേരിനാൽ ചൊല്ലുകിൽ.

അടിവഴുതിവീഴാതെയെങ്ങും നടക്കുവാൻ

വടികളവർ വൃദ്ധനാം ബാപ്പുജിക്കെപ്പൊഴും.

 

അവിടെയൊരു ശബ്ദമുണ്ടാക്കാതെ കാൽ വച്ചു 

സവിധഭുവി സാവധാനം ചേർന്നൊരാഭയാൾ

സവിനയമെടുത്തുവാച്ചൊന്നു കാട്ടിക്കൊടു

-അവസരമറിഞ്ഞിട്ടുമിണ്ടാതെനിന്നവൾ.

 

“ശരി; സമയമേറെയായഞ്ചായി താമണി, 

പിരിയുക നമുക്കിനി സ്നേഹിതാ വന്ദനം 

ഒരുചെറുതാമസം വന്നുപോയ്ഞാനിന്നു 

പരിചിനൊടു പ്രാർത്ഥനായോഗത്തിലെത്തുവാൻ.’

 

‘ ചൊരിയുമൊരു മന്ദസ്മിതത്തോടുയാത്രാ –

ക്കരുളിയതി വന്ദ്യനാം വൃദ്ധൻ മഹാത്മജി 

പരിചൊടു പിരിഞ്ഞുടൻ കൂപ്പുകൈയാൽ പര –

സ്പരമധികമാദരം കാണിച്ചു ഹൃദ്യമായ്. 

 

ഇരുവരുമറിഞ്ഞില്ലതന്ത്യമാം കാഴ്ചയെ-

ന്നൊരുനിലയിലും കാര്യമില്ലതോർത്തീടുവാൻ

അരനിമിഷവും വർത്തമാനത്തിലല്ലാതെ

നരനറിവുഭാവിയെപ്പറ്റിയില്ലേതുമേ.

 

ഇടതുവശമാഭനിന്നങ്ങേവശം മനു, 

നടുവിൽ നിലകൊള്ളുന്ന ബാപ്പുവിൻ്റെ  കൈകളെ 

തടവിയവർ ചുംബിച്ചു സസ്നേഹമാ“യൂന്നു 

വടി”കളുടെ മേലാകരങ്ങളർപ്പിച്ചവൻ.

 

കലിത കുതുകം മൂന്നുപേരും നടന്നുപോയ്; 

നലമൊടുകുമാരിമാർ വൃദ്ധനാംബാപ്പുവും

ഫലിതമതുമിതുമിടയിലോതിച്ചിരിച്ചിരു-

ന്നുലകിലതുകൈവന്ന നിത്യമാം കീർത്തനം.

 

അനധികവിദൂരമാം പ്രാർത്ഥനാമണ്ഡപം,

മനമധികപൂതമാക്കീടുമാസ്ഥാപനം.

വിനകളെയകറ്റുന്ന മാർഗ്ഗദീപം കണ-

ക്കനുദിനവുമെന്നപോലന്തികേകണ്ടവർ. 

 

കുറവകലുമാകൃത്യനിഷ്ഠയ്ക്കു വന്നു പോയ് 

ചെറുതുകുറവെന്നുള്ള കുറ്റബോധത്തോടേ 

പടികൾ കയറുന്നതിൻ്റെ മദ്ധ്യേ വിനീതനായ്

സ്ഫുടതരവചസ്സുകൾ ചൊന്നിദം ഗാന്ധിജി

 

“ഭജനപരിപാടിഞാനിന്നു തെറ്റിച്ചുപോയ് 

രജനിയോടടുത്തു മിനിറ്റുകൾ പത്തിതാ 

അതിനിടയിലെത്രയോ കൂപ്പുകൈകൾ പൊങ്ങു-

വതിനുമറുകൂപ്പുകൈനല്കിയാചാര്യനും.

 

വിനയമഥ ശാന്തിയും സ്നേഹവും മൂർത്തിയാ-

യിനിയുമിതുപോലൊരാളില്ലെന്നു കേവലം

ഋജുമതികളോതും വിധത്തിലാ നില്‌പുനി –

നജനപദഭക്തൻ സ്വയം വിസ്മരിച്ചവൻ. 

 

ഗുരുവരനൊരുങ്ങുന്നു പ്രാർത്ഥന,യാത്മാവു 

പരിചൊടു പരാശക്തിയിൽ ലയിക്കുന്നുവോ? 

ഖുരപതനഘോഷണം ചാരത്തുകൾക്കായി-

തൊരു പുരുഷനെത്തുന്നു ഗാന്ധിജിക്കന്തികേ, 

 

തരുണനൊരു കാക്കിവേഷക്കാര,നാരെന്നു 

പരിസരനിവാസികൾ വ്യഗ്രരായ് നില്ക്കവേ 

ത്വരിതമവനൊന്നു നേരെ നിന്നു, ഗാന്ധിജി 

ക്കൊരുനമനമർപ്പിച്ചുകൊള്ളുവാനെന്നപോൽ

അരനിമിഷം-ഈശ്വരാ കൈയൊന്നുതട്ടുവാ- 

നൊരു വനിടകിട്ടിയില്ലെന്തിന്ദ്രജാലമോ?

“ചടു ചടു ചടേ’ മൂന്നുശബ്ദം! കഴിഞ്ഞുപോയ്; 

ഒടുവിലൊരുമന്ദ്രസ്വരം, രാമ, രാമ, രാം. 

 

മടിയിലുടനെ താങ്ങിഭൂദേവി,യേറുമുൾ –

ക്കിടിലമൊടുതൻ്റെയാ വാത്സല്യപുത്രനെ

ഉടനെയിളകിക്കൂടി സംഘ,മാത്തോക്കുമായ് 

കുടിലമതിയേയവർ ബന്ധിച്ചുതൽക്ഷണം.

 

അരികിലിരുപൗത്രികൾ നിർജ്ജീവരെന്നമ 

ട്ടിരുവശമിരുന്നു പോയോമൽക്കുമാരികൾ. 

മിഴി നനയുവാനിറ്റുകണ്ണുനീർ പോലുമി-

ല്ലഴലിനതുപാരമ്യമെന്നു നാമോർക്കണം. 

 

പലരുടനേ ചെന്നു താങ്ങിപ്പിടിച്ചൊട്ടു 

ചലനമവസാനിച്ചിരിക്കും കളേബരം 

ചെറുതൊരു സജീവനാർത്തുബിർളാ ശ്രമ-

ത്തറയിലൊരു ശയ്യയിൽ; ചെയ്തു ശുശ്രൂഷകൾ. 

 

പരിചൊടു ഭിഷഗ്വരൻ, ശിഷ്യരിൽ മുഖ്യരും

പരിചരണസന്നദ്ധരായ്ത്തന്നെ നിൽക്കവേ 

തുരുതുരെ ജനപ്രവാഹം വന്നുകൂടുന്നു 

ഗുരുതരമമംഗളം കേൾക്കയാൽവ്യഗ്രരായ്. 

 

സമയപരിധിക്കുള്ളിലാവതൊക്കെച്ചെയ്തു 

സമുചിതസപര്യകൾ; പൊയ്പോയി ബാപ്പുജി 

മരണസമയം മാറ്റിവയ്ക്കുവാൻ പാടവം

നരനു വിധി നല്കിയില്ലെന്തുനാം ചെയ്തിടാം! 

 

ശുഭദവിവരം പ്രതീക്ഷിക്കും സമൂഹത്തൊ-

ടഭഗവിവരം കഷ്ടമോതുന്നതെങ്ങനെ? 

കടമനിറവേറ്റുവാൻ വല്ലാതെ ശബ്ദമൊ –

ന്നിടറിയിതിചൊന്നു ദിവാൻ സമൂഹത്തോടായ്.

 

“ഒരുവചനമോതുന്നു, വന്ദ്യനാം ബാപ്പുജി

ചരമഗതി പ്രാപിച്ചു; നിഷ്പന്ദ ദൃഷ്ടിയാൽ 

ജനതയൊരു തെല്ലു നേരത്തേയ്ക്കു നോക്കിയാ

മനുജനെയസഹ്യമാം വാർത്തയാൽ സ്തബ്ധരായ്.

 

ചടുലനെടുവീർപ്പുകൾ വായുവിലീനമായ്

ചുടു നയനധാരയാൽ ഭൂതലം തപ്തമായ്, 

നെടിയവിളികേൾക്കായി “ബാപ്പുജി, ബാപ്പുജി, 

വെടിയരുതുഞങ്ങളെ ബാപ്പുജി’യെന്നിദം.

 

തിമിരപടലത്താൽ പരീതമായ് ഭാരതം, 

ഭ്രമണപഥമൂഴിക്കുമാകവേ തപ്പലായ്. 

ഒരു ചലനമില്ലാതെ നിന്നിട്ടു ഭൂദേവി 

പരമദയനീയമായ് രോദനംചെയോ? 

 

അലഘുതര ശീഘ്രമായ് പാഞ്ഞെത്തിയീവാർത്ത –

യലകടലിനൊക്കെയങ്ങേപ്പുറത്തക്ഷണം

അവിടവിടെയന്തരീക്ഷം ശോകമൂകമായ് 

ഭുവനതലമാകെക്കരഞ്ഞുപോയ് സത്യമായ്.

 

ഹിമഗിരിമുതൽ സേതുവോളമന്നിന്ത്യയോ-

ശമരഹിതദുഃഖത്തിലാഴത്തിലാണ്ടുപോയ്

ഒരുതരുണിയില്ല കണ്ണീർ പൊഴിക്കാത്തതായ് 

 തരുണനുമതേവിധം ബാലനും വൃദ്ധനും.

 

സകലഭവനങ്ങളും ജാതിഭേദംവെടി-

ഞ്ഞകമുരുകി ദുഃഖിച്ച സംഭവം തേടുകിൽ 

ഭുവനചരിതത്തിലില്ലീവിധം വേറെയൊ-

ന്നിവിടെയുപമാനമായ് രേഖപ്പെടുത്തുവാൻ. 

 

നിശയിലൊരു നാടകം, പാട്ടുമില്ലാട്ടമി-

ല്ലശനവുമൊരാൾക്കുമില്ലാകെ നിശ്ശബ്ദത! 

വണ ജരിതുകേട്ടു കമ്പോളമെല്ലാം പൂട്ടി,

പണികളുമുടൻനിറുത്തിക്കഴിഞ്ഞാളുകൾ.

 

അനലനുമടുപ്പിലെങ്ങും ജ്വലിക്കുന്നില്ല. 

വനിതകളടുക്കളക്കാര്യം മറന്നുപോയ് 

മനമഴലിലാണ്ടാൽ സ്വയം വിസ്മരിച്ചുപോം 

മനുജ നതുനാരിക്കു പൂരുഷന്നും സമം. 

 

കഴലിണകളാകെ ബിർളാമന്ദിരത്തിലേ-

ഴലാടുചലിക്കുന്നു, കാണുന്ന കാഴ്ചയോ 

ഒരു ഖദർ വിരിപ്പിലാസമ്പൂജ്യമാം ജഡം 

പരിചൊടു ശയിക്കുന്നു മന്ദസ്മിതത്തോടെ. 

 

വിവിധസുമമാല്യങ്ങൾ ദേഹത്തിലെന്നല്ല

സവിധഭുവിപോലുമുണ്ടാട്ടേറെ,യോർക്കുകിൽ 

അവയധികചാരിതാർത്ഥ്യത്തോടേ പൂതമാം 

ശവമതിനു സംശ്ലേഷമേകുന്നു ഭാഗ്യമേ! 

 

വലിയ നിലയുദ്യോഗഹേതുവാലുള്ളവർ, 

പല വലിയ പണ്ഡിതന്മാരും പ്രഗല്ഭരും

അലഘുനിധിയെക്കാത്തുനില്ക്കുന്നു, ചാരത്തു

തലകുനിയുമജ്ഞനും കാട്ടാളനാകിലും. 

 

വഴിയുമൊരു പുഞ്ചിരിക്കലീബദ്ധരായ് 

മിഴി സലിലബിന്ദുക്കൾ തതയർപ്പിക്കുവാൻ

കഴിയുവതുഭാഗ്യമെന്നോർത്തപ്പോ മാനവ –

പുഴയവിടെയെത്തുന്ന നർഗ്ഗളം വിസ്മയം.

 

അധരപുടമോതുന്നു പൂർവ്വസന്ദേശങ്ങൾ

സുധയുടെയൊഴുക്കെന്നപോലാക്കിടപ്പിലും.

മധുരതരമന്ദസ്മിതത്തിലൂടേ തന്നെ 

യധികതരമാത്മാർത്ഥമായ്, ശ്രവിച്ചീടണം. 

 

സ്വരമവിടെയില്ല, നിശ്ശബ്ദമാണാദൗത്യ-

“മരുതരുതുഹിംസ, സത്യത്തിൽ ജീവിക്കണം 

കരുതുക സജീവമായുള്ളാരഹിംസയാ-

ണിരുലിപികളിൽ “സ്നേഹമെന്നുചൊല്ലുന്നു നാം.

 

ജിതഭയ, നഹിംസാലു,ദൈവത്തെ മാത്രമാ-

ണവനുഭയ,മല്ലാത്തതൊക്കെ നിസ്സാരമാം

മതമൊരുമനുഷ്യന്നൊഴിച്ചുകൂടാത്തതാ

ണതിനകമിരിക്കുന്നൊരാത്മാവു പ്രാർത്ഥന. 

 

അടിതകരുമെങ്കിൽ സദാചാരജീവിതം 

പൊടിയുമുടനേമതം തർക്കമില്ലേതുമേ. 

പരമനിയമം നയിക്കുന്നു സർവ്വത്തെയും

സ്ഥിരതയൊടു നാമതിൽ വിശ്വസിച്ചീടണം. 

 

പരമപുരുഷൻ നിത്യസത്യമാണെന്നെൻ്റെ

കരളിലറിയുന്നു ഞാൻ സ്നേഹമാണെന്നതും 

പരമവനിൽനിന്നാണു ജീവൻ വെളിച്ചവും 

വരുവതു സദാചാരസന്മാർഗ്ഗബോധവും. 

 

സരണിയുടെ സംശുദ്ധിപോലെ ലക്ഷ്യത്തെ നാം 

ത്വരയൊടു സമീപിക്കുമെന്നറിഞ്ഞീടണം

കടമ നിറവേറ്റുകിൽ കൈവശം വന്നിടും 

സകലയവകാശവും, തേടേണ്ടദൂരെ നാം. 

കരുതലോടുനാം നിയന്ത്രിക്കേണമാവശ്യ

പരിധി,യതിലാണു സംസ്കാരം യഥാർത്ഥമായ് 

സുഖവുമഥസംതൃപ്തിയും വേറെയൊന്നില-

ല്ലഖിലവിധസേവനം ചെയ്യാനൊരുക്കവും. 

 

ഋതമതു ശരിക്കു ജീവൻ തന്നെ, സേവനം 

സകലസഹജീവികൾക്കും ചെയ്തിടുന്നവൻ 

അതുവഴിയെ സേവിപ്പു നിത്യസത്യത്തെയെ 

ന്നറിയണം, മനാദിയാം ബ്രഹ്മാണ്ഡശില്പിയെ.

 

തുടരുമിതുകല്പാന്തകാലംവരേ, വരാ-

വിടവുകളിടയ്ക്കെന്നു ചൊല്ലാമസംശയം, 

കൃതികളരുളുന്നൂ ചിരംജീവികൾ മഹാ

മതികളിതിതെറ്റാവതല്ലാ വചസ്സുകൾ.

 

ഒരു വലിയ ഗ്രന്ഥം ചമച്ചാലൊതുക്കുവാ-

നരുതുതിരുവായുതിർത്തുള്ള ദൗത്യങ്ങളെ

എഴുതണ മഹിംസ സത്യം സ്നേഹ’മീ മൂന്നു 

മൊഴികൾ ഹൃദിമായാതെ,യെന്നാൽ ജയിച്ചു നാം. 

 

ഇരവിൽമണിക്കെട്ടായി, റേഡിയോവാർത്തയിൽ 

സ്വരമിടറിടുന്നു “മരിച്ചുപോയ് ഗാന്ധിജി 

പറയുവതു പണ്ഡിറ്റ്ജി നെഹ്യ, പട്ടേലതിൻ 

പുറകെ,യതിലും ഗദ്ഗദം വന്നതത്ഭുതം. 

 

അനവധി സഹസ്രക്കണക്കിലെത്തിച്ചേർന്നൊ- 

രനുകദന സന്ദേശമാരെണ്ണിയീശ്വരാ! 

ഇരുളുനയനങ്ങളിൽ, കാതിലോ റേഡിയോ 

കരയുമൊരു ദീനസ്വരം തന്നെയെങ്ങുമേ. 

 

കരളുരുകുമിക്കാര്യമെത്ര വർണ്ണിക്കിലും 

വിരതിവരികില്ല, നീങ്ങുന്നു മുമ്പോട്ടു ഞാൻ. 

ഇനിയൊരു വിലാപയാത്രയ്ക്കാണൊരുക്കമാ-

നുവതിനെ മാനിച്ചു സംസ്കരിച്ചീടുവാൻ. 

 

മലയജചിത്രപ്രകാണ്ഡം ഭാരതത്തിൻ്റെ 

വിലപെറുമതുല്യനിക്ഷേപം യഥാവിധി 

അരികിൽ വരുവാനങ്കമേറ്റുവാൻ കാത്തിടു –

ന്നരിയയമുനാ ഘട്ടമാസ്ഥലം പാവനം. 

 

ഒരു വിജയഘോഷയാത്രയ്ക്കു തുല്യം ജന-

പ്പെരുമ,യലയില്ലാത്തൊരബ്ധിപോൽ മൂകമായ്

ചലനമറിയാതെ മുമ്പോട്ടുനീങ്ങുന്നതീ 

 യുലകിലൊരഭൂതപൂർവ്വം ദൃശ്യമല്ലയോ? 

 

വലിയൊരു രഥം, പുഷ്പശയ്യ ചേതോഹരം, 

ചലനരഹിതൻ ഗാന്ധി നിദ്രാലുവാണതിൽ 

ഇനിയുണരുകില്ലാ മഹാരഥൻ, നേത്രങ്ങ –

ളിനിയൊരു വിഭാതത്തിനായ് തുറക്കാദൃഢം. 

 

അരിയ നവഭാരതത്തിൻ്റെ നേതാക്കളും

ഭരണഘടകങ്ങളും സേവിച്ചകമ്പടി. 

പ്രതിനിധികൾ മറ്റുരാഷ്ട്രങ്ങളിൽനിന്നുവ

 ന്നവരുമതുപോലെ നിന്നത്യാദരത്തോടേ.

 

രഥമതുകടന്നഞ്ചുനാഴികയ്ക്കപ്പുറം 

ചിതയുടെ സമീപമായെത്തി നിന്നേവരും 

ബഹുമതിയോടെ ജഡം ചേർത്തതിന്മേലഹോ 

ബഹുജനവുമൊപ്പം സമർപ്പിച്ചുഹൃത്തുകൾ. 

 

ഗണനയിലടങ്ങാതെ പുഷ്പമാല്യങ്ങൾ വ –

ന്നണിയണികണക്കിനാദേഹത്തുവീഴ്കയായ്

പ്രണതികളുമൊപ്പമെത്തീടുന്നു, കണ്ണുനീർ

കണവുമവിടം നനയ്ക്കുന്നു ധാരാളമായ്. 

 

ഒരു കുസുമമാല്യം സമർപ്പിച്ചു പണ്ഡിറ്റ്ജി 

ഗുരുവിനെ നമിക്കുന്ന കാഴ്ചകണ്ടീടവേ

സകലഹൃദയങ്ങളും സ്പന്ദിച്ചു ശക്തിയായ് 

സകലനയനങ്ങളും ചിന്തിക്കവിഞ്ഞുപോയ്. 

 

ഒടുവിലൊരു തീജ്ജ്വാല! തേജസ്വരൂപനാ —

യുടയവനിലേയ്ക്കാമഹാത്മാവു പോകയോ? 

വിട വചനമോതുന്ന ശബ്ദമോ കേൾക്കുന്ന-

തിടെയിടെ? മഹാത്മാ മഹാത്മാവുതന്നെയാം. 

 

ഒരുപിടി വിഭൂതി ശേഷിച്ചിരിക്കുന്നതിൽ 

തിരയുകിൽ ലഭിച്ചിടാം തോക്കിലേയുണ്ടകൾ 

പരമപരിശുദ്ധൻ്റെയുള്ളിൻ്റെയുള്ളുക-

ണ്ടൊരു വലിയ നിക്ഷേപമാണതെന്നോർപ്പുഞാൻ. 

 

ഗുരുവര, മഹാത്മ ജീ, ബാപ്പുജി, കൂപ്പുകൈ! 

മരണമവിടേയ്ക്കു വന്നിട്ടില്ല നിശ്ചയം.

വരുവതുമസാദ്ധ്യം, ചിരംജീവിയായങ്ങു

പെരിയപുകളാർജ്ജിക്ക, വീണ്ടും തൊഴുന്നു ഞാൻ