ഗുരുനാഥന്റെ ദുരദൃഷ്ടം

‘പീ. നാണുപിള്ള’ സുജനാഗണി, നീതിമാന്മാർ
മാനിച്ചു പാദയുഗളം പണിയുന്ന വന്ദ്യൻ,
‘കാരാമഠം’ പതിവുപോലവധിക്കു വീട്ടിൽ
പാരാതെ ചെന്നു, തിരുവോണവുമൊട്ടടുത്തു.
അച്ഛൻ വരും വരവു കണ്ടതിമോദമോടെ
കൊച്ചുങ്ങളോടിയുടനേയരികത്തണഞ്ഞു,
മെച്ചം കലർന്ന ചെറുമുണ്ടുകളോണനാളേ-
ക്കിച്ഛിച്ചിരുന്നവർ നിരാശകലർന്നു പാരം.
പോക്കറ്റിലുണ്ടു പണമെന്നവരോർത്തു, ശീഘ്രം
തിക്കിക്കടത്തി ചെറുകൈകളതിന്റെയുള്ളിൽ,
ഞെക്കിത്തുടങ്ങി മടിയിൽ; ഫലമേതുമെന്യേ
നോക്കിത്തുടങ്ങി ജനകന്റെ മുഖത്തു മന്ദം.
പ്രാണപ്രിയന്റെ വരവെങ്ങനെയോ ധരിച്ചി-
ട്ടേണാക്ഷിമാരണി സതീമണി ഗൗരിയമ്മ,
ചേണാർന്നപുഞ്ചിരിനിലാവു ചൊരിഞ്ഞു മോദാൽ
ക്ഷീണിച്ചണഞ്ഞ നിജകാന്തനെയാദരിച്ചു.
“അല്ലേ! ഇതെന്തുകളിയാണൊരു ചൂടലെന്യേ
വല്ലാതെയുള്ള വെയിലത്തു നടന്നു വന്നോ?
ഇല്ലായ്കയല്ല കുട, തെല്ലു പഴക്കമാണെ-
ന്നല്ലേ, കുറച്ചിൽ! അതിനോ വെയിൽ കൊണ്ടിടുന്നു?”
ഇത്ഥം പറഞ്ഞു സതിമാർമണി വെള്ളവും കൊ-
ണ്ടത്യന്തഭക്തിയോടു തൻ ദയിതന്നടുക്കൽ
എത്തീട്ടു കാലുകഴുകിച്ചു തുടച്ചു, പിന്നീ-
ടത്തന്വിമാർമകുടി കാന്തനെ വീശി മന്ദം.
ഷർട്ടും തലയ്ക്കു തണലേകിയ തോർത്തുമുണ്ടും
പെട്ടെന്നുരിഞ്ഞവൾകരത്തിലുടൻ കൊടുത്തു,
ശിഷ്ടൻ കിടന്നു തലവേദനയാലുരുണ്ടു,
കുട്ടിക്കുരംഗമിഴിയാളവളമ്പരന്നു.
പാടുള്ള വിദ്യ പലതായവൾ ചെയ്തുനോക്കി
കൂടുന്ന വേദന ശമിച്ചതുമില്ലതെല്ലും,
ചൂടുള്ളൊരശ്രുകണമങ്ങാടുവിൽ പൊഴിച്ചാൾ
വാടിത്തളർന്ന കണവന്റെ മുഖത്തു തന്വി.
അഞ്ചാറു താവലരി കൈവശമങ്ങിരുന്ന-
തഞ്ചാതെടുത്തുടനെ വച്ചതു കഞ്ഞിയാക്കി
നെഞ്ചാകെ വെന്തുരുകിടും വ്യഥയൊട്ടൊതുക്കി-
ത്തേഞ്ചോർന്നവാണിയവൾ കാന്തനു നല്കി വേഗം.
അഷ്ടിക്കുവേണ്ട വകയെന്നിയെ മാസമൊന്നായ്
കഷ്ടപ്പെടുന്ന ഗൃഹനായിക ഗൗരിയമ്മ
കഷ്ടം! പ്രിയന്റെ വരവോർത്തവളെണ്ണിയെണ്ണി-
കഷ്ടിച്ചിതേവരെ ദിനങ്ങൾ കടത്തിവിട്ടു.
വന്നപ്പൊഴോ നിലയതിൽപര, മസ്ഥിയിന്മേൽ
നന്നായ് ചുളിഞ്ഞ തൊലി ചേർന്നൊരു മർത്യകോലം;
എന്നല്ല, കൈയിൽ മുതലായൊരു കാശുമില്ല,
കുന്നിച്ചിടുന്ന രുജയാലുഴലുന്നുതാനും.
എന്താണു വേണ്ടതിനിയെന്ന വിഷാദമോടെ
പൂന്തേനിടഞ്ഞമൊഴിതന്നയലത്തു ചെന്ന്,
സന്ധ്യയ്ക്കു നാഴിയരി വാങ്ങിയനത്തി വേഗം
മോന്തിച്ചു തന്റെ ചെറുകുട്ടികളെ കൃശാംഗി,
ആ രാത്രി തന്റെ ദയിതന്റെയടുത്തുതന്നെ-
യാരോമലാളവളുറക്കമൊഴിഞ്ഞിരുന്നു,
പാരിച്ചിടുന്ന തലവേദനയോടു നന്നായ്
ചേരുന്നിട്ടു പനിയും പുറകേയണഞ്ഞു.
ഉത്രാടനാളിനുടെയാഗമവർത്തമാനം
പാർത്തട്ടിലാകെയറിയിപ്പതിനെന്നപോലെ,
മിത്രന്റെ സാരഥിയണഞ്ഞിതു മന്ദമന്ദം,
ചിത്രം ജഗത്തിനളവേ ബഹുമോദമാർന്നു.
എന്നാലിടയ്ക്കു ചില വീടുകളീവിധത്തിൽ
മുന്നേതിലും മുഴു ദരിദ്രതയോടുകൂടി,
വന്നെത്തിടുന്ന ‘ബലി’ രാജനതീവഖേദം
തോന്നിക്കുമാറുപവസിച്ചുകഴിച്ചിരുന്നു.
കഷ്ടം! വിശിഷ്ടതരമായൊരു ജോലി ചെയ്തി-
ട്ടഷ്ടിക്കുവേണ്ടി വലയുന്നൊരു കൂട്ടരേവം!
മൃഷ്ടാന്നഭോജനമതേസമയത്തുതന്നെ
ദുഷ്ടക്കുലത്തിനുതകുന്നതും കഷ്ടമോർത്താൽ!
വിദ്യാധനത്തിനുടെ വിത്തു വിതപ്പതിന്നാ-
യുദ്യുക്തരായ് ധരയിലുള്ളൊരു കൂട്ടരത്രെ
അദ്ധ്യാപകപ്പരിഷ; ഈ ഉപവാസമോർത്താ-
ലൗദ്യോഗികത്തികവിലേ വ്രതമായിരിക്കാം!
ഈ മാന്യനായ ഗുരുനാഥനുമുണ്ടു ലോക
ക്ഷേമാസ്പദം, ചെറിയതായൊരു ജോലി ദൂരെ.
സാമർത്ഥ്യമോടതു വഹിക്കുകിലും കുടുംബം
ക്ഷാമത്തിലാണ്ടു വലയുന്നതു സങ്കടം താൻ.
ഈരേഴുരൂപ കിടയും പ്രതിമാസ,മെന്നാൽ
ദാരങ്ങളുണ്ടു ചെറുകുട്ടികൾ നാൽവരുണ്ട്,
ദൂരസ്ഥലത്തു ചെലവിന്നു തനിക്കുവേണം
പാരം പ്രയാസമിതുകൊണ്ടു കഴിച്ചുകൂട്ടാൻ.
സത്യംവെടിഞ്ഞു വിനയത്തെയകറ്റിവച്ച്
കർത്തവ്യബോധമതിനേ ബലിചെയ്തു നിത്യം,
വിത്തത്തിനായ് പണിപെടും വഴി നീതിമാന്മാർ-
ക്കുത്തംസമീ ഗുരുവരൻ വശമാക്കിയില്ല.
വിദ്യാലയങ്ങളൊഴിവായ് തിരുവോണകാലേ
വിദ്യാർത്ഥിലോകമിളകിക്കളിയാടിമോദാൽ,
അദ്ധ്യാപകർക്കുമൊരു വിശ്രമമീവിധത്തിൽ
സിദ്ധിച്ചു മുൻപതിവിനൊത്തൊരു വാരകാലം.
ദൂരസ്ഥരായവരുടൻ ഗൃഹസീമ്നിയെത്താൻ
പാരാതെ ഭാണ്ഡവുമെടുത്തു തിരിച്ചു ശീഘ്രം,
ഓരോ വഴിക്കു നടകൊണ്ടൊരു വാഹനത്തേ
ഭാരപ്പെടുത്തുവനതിനാരുമൊരുങ്ങിയില്ല.
ഹോട്ടൽകടം, പലതു വേറെയുമുള്ളതെല്ലാം
വീട്ടാതെ നാട്ടിനു പുറപ്പെടുവാൻ മടിച്ച്,
ശിഷ്ടൻ കിടച്ച പണമങ്ങു കൊടുത്തശേഷം
വീട്ടുക്കു പോന്നു, കുടയും പണയത്തിലാക്കി,
അത്യുഗ്രമായ വെയിലും പശിയും വളർന്നി-
ട്ടത്യാർത്തിയാലവശനായൊരു നാണുപിള്ള,
പത്തോടൊരെട്ടുമയിലത്തൊരുമട്ടു പിന്നി-
ട്ടുതാടനാളിനു തലേദിനമെത്തി വീട്ടിൽ.
ക്ഷീണിച്ച ദേഹമതിനെപ്പനിയിട്ടലട്ടി-
ക്കാണിച്ചു തന്റെ വലുതായൊരു വൈഭവത്തെ,
ഓണത്തിനുള്ള വിഭവം പനിതാൻ വിളമ്പി,
പ്രാണപ്രിയയ്ക്കുമതുപോൽ ചെറുകുട്ടികൾക്കും.
ഹാ കഷ്ടമേ പനിപിടിച്ചൊരു വീട്ടിലുള്ളോ-
രാകെക്കിടന്നു തുണയറ്റു പരം വലഞ്ഞ്
ചാകാതെ ചാകുമൊരു കാഴ്ചയിതാരു കാണ്മൂ!
ലോകൈകനാഥ! തുണ നീ, ദയനീയബന്ധോ!
അങ്ങേതിലുള്ളൊരു വയസ്സിയുദാരബുദ്ധി-
യങ്ങെത്തിയീസ്ഥിതിയറിഞ്ഞവരേ തുണപ്പാൻ,
ഭംഗം വെടിഞ്ഞു കഴിവുള്ള സഹായമെല്ലാം
ഭംഗിക്കുചെയ്തവൾ മനസ്വിനി, തള്ളയെപ്പോൽ,
നാലഞ്ചു നാളവിടെ വാണവൾ, ഗൗരിയമ്മ-
യ്ക്കാലസ്യമൊട്ടു കുറവായ് ചില കുട്ടികൾക്കും;
കാലന്റെ പാശകണിയാ ഗൃഹനായകന്റെ
മേലുള്ളതങ്ങനുദിനം മുറുകിത്തുടങ്ങി,
തൻ ജീവനാഥനുടെ രോഗശമനത്തിനായി-
ക്കാഞ്‌ജയതാക്ഷി പണി ചില്ലറയല്ല പെട്ടു,
സംജാതയായ രുജ നിഷ്കരുണത്വമോടെ
തൻ ജന്മവാസന മുറയ്ക്ക് വെളിപ്പെടുത്തി.
സമ്പൽ സ്ഥിതിക്കനുസരിച്ച ചികിത്സയെല്ലാം
തൻ പത്നി ചെയ്തതഖിലം ഫലശൂന്യമായി,
തൻ പേരു സജ്ജനതയിൽ സ്ഥിരമായ് പ്രതിഷ്ഠി-
ച്ചമ്പോ! മഹാൻ ദുരിതവാരിധിയെക്കടന്നു.
ദാരിദ്ര്യബാധ, രുജ, യീവകയൊന്നുമോർത്താൽ
പീ. നാണുപിള്ളയൊടു ചേരുകയില്ലമേലിൽ;
ദാരങ്ങളാത്മസുതരീവക ഭാരമൊന്നും
‘കാരാമഠ’ത്തിനിനിമേലറിയേണ്ടതില്ലാ
നല്ലാർജനങ്ങളണിയും മണി ഗൗരിയമ്മേ!
അല്ലേ കളങ്കമറിയാത്ത ശിശുക്കളേ! കേൾ,
അല്ലൽപ്പെടേണ്ട ചെറുതും; ജഗദീശ്വരൻ താൻ
കില്ലെന്നിയേ തുണ നിരാശ്രയരായവർക്ക്.
(ദീപിക, സെപ്റ്റംബർ, 1926)
