Hanumante Anantharavan

 ഹനുമാന്റെ അനന്തരവൻ


ന്നൊരു കാറ്റും മഴയും വന്നു 

നന്നായിട്ടൊരു പെയ്തുതുടങ്ങി 

മാരിചൊരിഞ്ഞതു ഭൂമിയിലെങ്ങും

നേരേവന്നു പതിച്ചീടാതെ

ഊറ്റം കൂടിയ കാറ്റടിയതിനെ

മാറ്റിത്തട്ടീട്ടങ്ങനെ വീശി.

പൊക്കം കൂടിയ തരുനിരയെല്ലാ

മാക്കത്തോടേ ചാഞ്ഞുതുടങ്ങി. 

ചൂടാൻ കുടയില്ലാത്തവരെല്ലാ-

മോടിക്കയറി വീടുകൾ തോറും.

കാറ്റിൽപ്പാറും കരിയിലയങ്ങനെ

മുറ്റത്തെല്ലാം വീണുതുടങ്ങി.

എന്തു വിനോദമിതെന്തൊരു വിസ്മയ- 

മന്തരമില്ല കറൻസികൾതന്നേ 

മാരുതലീലയൊടൊത്തു പറന്നീ

പാരിനെ ലാക്കായ് താണുവരുന്നു.

മഴനനയാനും മടിയില്ലാർക്കും

പൊഴിയും കടലാസ് രൂപകളെല്ലാം 

ഓടിനടന്നു പെറുക്കീ, തുള്ളി-

ച്ചാടി ബാലകർ വൃദ്ധന്മാരും. 

ആലിപ്പഴമല്ലാതൊരു വകയി-

ക്കാലംവരെയും മഴയോടുകൂടി

പെയ്തിട്ടുണ്ടോ? കേട്ടറിവില്ലെ-

ന്നോതുന്നു പല പഴമക്കാരും

സുരതരുവിൽ നിന്നില പൊഴിയുകയാ-

ണൊരു സംശയമില്ലെന്നൊരു കൂട്ടർ.

വീണ്ടും വീണ്ടും രൂപാവർഷം: 

കണ്ടീടാനായ് കൌതുകപൂർവ്വം

മേലോട്ടങ്ങനെയാളുകൾ നോക്കി 

കോലാഹലമൊരു ചിരിയുണ്ടായി. 

നല്ലൊരു വീട്ടിൻമേല്ക്കൂരയിലായ്

പല്ലുമിളിച്ചൊരു വാനരവീരൻ 

അങ്ങനെ കുത്തിയിരിക്കുന്നുണ്ടൊരു 

സഞ്ചിപിടിച്ചിട്ടുണ്ടൊരു കൈയിൽ.

അതിനുള്ളിൽ നിന്നോരോ പിടിയായ് 

വിതറുകയാണീ നോട്ടുകളെല്ലാം. 

വാരിയെടുത്തു മണക്കും നക്കും

ദൂരെയ്ക്കെറിയും പൃഷ്ഠം ചൊറിയും 

വീണ്ടും വാരും മുഷ്ഠിമുറുക്കി-

ക്കൊണ്ടൊരു ചാട്ടം വേറൊരിടത്തിൽ 

മർക്കടവീരൻ ചാടിച്ചാടി-

ച്ചാക്കിലെ രൂപാകൊണ്ടുകളിച്ചും

കൂക്കുവിളിക്കുന്നവരുടെ നേരേ 

നോക്കിപ്പല്ലിളിയാവർത്തിച്ചും

അങ്ങനെ തെല്ലുകഴിഞ്ഞൊരു നേര-

അങ്ങേർക്കല്പം കോപം വന്നോ 

എന്തോ കാരണമറിയുന്നില്ല

പന്തുകണക്കാ സഞ്ചിപിടിച്ചി-

ട്ടാഞ്ഞിത്തൂക്കിയൊരേറുകൊടുത്തു

കൊഞ്ഞനമപ്പൊഴുമാവർത്തിച്ചു.

സഞ്ചിയെടുക്കാനാളുകളോടി

സഞ്ചിതകുതുകം നാരികൾ നോക്കി

“രൂപാ-രൂപാ- എന്റേതാണേതൊട്ടേക്കരുതേ” എന്നൊരു ശബ്ദം! 

ആ വിളിയാരും വകവച്ചില്ല

ദൈവം തന്നതു കൈവെടിയാനോ?

കൂട്ടത്തിൽ വിരുതുള്ളവനപ്പോ-

ളോട്ടത്തിൽ വിജയിക്കുകയായി. 

തട്ടിയെടുത്തു സമ്മാനക്കിഴി

കൂട്ടം മുഴുവനുമാർപ്പുവിളിച്ചു. 

മഴനനയുന്നുണ്ടെന്നാലെന്താ 

കുഴയും കാലുകൾ തളരുകിലെന്താ

കിട്ടിപ്പോയി സമ്മാനം ഞാൻ

വിട്ടുകൊടുക്കില്ലെന്നൊരു മട്ടിൽ

നെഞ്ചിലമർത്തിത്തീരുംമുമ്പേ

കാഞ്ചനവിപണിക്കാരൻ ധനികൻ

മാടും മതിലും ചാടിക്കുടയും

കൂടാതാ പെരുമഴയത്തങ്ങനെ

ഓടിവരുന്നു; നാട്ടാർക്കെല്ലാം

കോടീശ്വരനെപ്പരിചയമല്ലേ?

“എന്തേ രൂപാ ഇങ്ങുതരൂ, ഞാ

നെന്തും സംഭാവന ചെയ്തീടാം” 

രണ്ടും നാലുമെടുത്തവരുടനേ

മുണ്ടുമടക്കിന്നിടയിലൊളിച്ചു.

“എന്നെക്കണ്ടതു മിണ്ടല്ലേ’ എ-

ന്നങ്ങനെ മാറിപ്പോയി പലരും. 

ന്യായം നീതിയുമെല്ലാമറിയാം

കൈയിൽ കിട്ടിയ കാശുകൊടുക്കാൻ

അല്പം വിഷമം; പ്രത്യേകിച്ചും 

കല്പകതരുവിന്നിലയായ് കാറ്റിൽ 

വന്നുകിടച്ചതു വിട്ടുകൊടുക്കാൻ 

തോന്നുവതെങ്ങനെ? ചിന്തിക്കുക നാം. 

എന്തിനു വാക്കുകളധികം? സഞ്ചിയി-

ലെന്തോ ബാക്കിയിരുന്നതു മാത്രം

ധനികനു കിട്ടി, യതിലുമൊരോഹരി

പണമല്ലേ? മറ്റവനു കൊടുത്തു.

എത്ര കളഞ്ഞെന്നാരറിയുന്നു?

സത്യം വല്ലതുമുരിയാടിടുമോ?

ഏതായാലും കപിവര, നിന്നുടെ

ജാതിമഹത്വം നീ കാണിച്ചു.

ലങ്കാപുരി തരിശാക്കിയ ഹനുമാൻ

നിൻകുലപൂർവ്വികനെന്നറിയുന്നേൻ.

“സമ്പാദ്യങ്ങളിതൊന്നും കഥയി

ല്ലെമ്പാടും കാറ്റത്തു പറക്കും.

ദാനം ചെയ്യണമെന്നൊരു പാഠം

നൂനം ധനികനു നല്കാൻ വേണ്ടി 

ചാപല്യങ്ങൾ കാട്ടിയ കപിവര,

നീ പല സമകൾ ജീവിക്കട്ടെ!

               (കുട്ടികളുടെ ദീപിക, ജൂലായ് 1962)