ജനകവിയോഗം

തീരാദുഃഖം കൊടിയവിരഹം
ദുസ്സഹം, മൂർച്ചയേറും
നാരായംപോൽ കഠിനതരമാം
വാർത്തയൊന്നെന്റെ കാതിൽ
ചേരുന്നല്ലോ കരളിനകമേ
പാഞ്ഞു കേറുന്നുവല്ലോ
മേരീപുത്രൻ തുണ! ജനകനോ
പാർത്തലം വിട്ടുപോയി!
പോയീ താതൻ, തിരികെ വരികി-
ല്ലേതുകാലത്തുമോർത്താ-
ലീയുള്ളോരെക്കദനജലധി-
ക്കുള്ളിലാഴത്തിലാഴ്ത്തി.
പ്രായം പാർത്താലധികമവനി-
ല്ലെങ്കിലും പോയിടായ് വാൻ
ന്യായം സർവ്വേശ്വരനുടെ വിളി –
ക്കപ്പുറത്തില്ല വേറെ.
ഏതായാലും സുകൃതനിധിയാ
വന്ദ്യനോ ഭാഗ്യവാനായ്
മാതാവിന്നോ ലിഖിതവിധിയായ്
നിത്യവൈധവ്യദുഃഖം
പ്രീതിക്കെല്ലാം മണിയറകളായ്
പാർത്തൊരീ മക്കൾ ഞങ്ങൾ-
ക്കോതാനെന്താണിതിലുമധികം?
താതനില്ലാതെയായി!
ആ വീട്ടിന്മേലമലകിരണം
ചേർത്ത ദീപം പോലിഞ്ഞു,
പാവപ്പെട്ടോർക്കഭയമരുളും
വഞ്ചിമുങ്ങിക്കഴിഞ്ഞു
ആവിർമ്മോദത്തിരയടിയതിൻ
നിസ്വനത്താൽ നിതാന്തം
കേൾവിക്കാരിൽ കുതുകമരുളും
വീടുറങ്ങിക്കഴിഞ്ഞു.
ലോകത്യാഗം തുനിവൊടു നിവർ –
ത്തിച്ചൊരീയെന്റെ ഹൃത്തും
വേകുന്നെങ്കിൽ കദനദഹന-
ജ്ജ്വാലയേറ്റീവിധത്തിൽ
ആകപ്പാടേ കഥകളധികം
ശോച്യമായ്ത്തീർന്നിരിക്കാം;
ലോകാധീശാ കഴലിണ തൊഴും
ഭക്തരെക്കൈവിടല്ലേ.
സ്ത്രീലോകത്തിന്നൊരു തിലകമാം
ധന്യയെന്നമ്മയിപ്പോ-
ളീലോകത്തിന്റെ ക്ഷണികതകളേ-
യന്തരാത്മാവിലോർത്തും
ഓലും കണ്ണീർ കരലതകളാ-
ലൊട്ടു തൂത്തും തുടച്ചും
ഫാലം താങ്ങിക്കരതലമതിൽ
പിന്നെയും ചേർത്തു കേണും,
നിത്യാശ്വാസം ദയിതനു ലഭി-
ച്ചീടുവാൻ ഭക്തിപൂർവ്വം
പ്രാർത്ഥിച്ചും ഹൃത്തുരുകിയധികം
ദീർഘമായി നിശ്വസിച്ചും,
വർത്തിച്ചീടുംവിധമിഹ മനോ –
ദർപ്പണം തന്നിലേറ്റം
പ്രത്യക്ഷത്തിൽ -കപടമുരചെ-
യ്കല്ല -കാണുന്നിതാ ഞാൻ. (യുഗ്മകം)
അന്തസ്താപത്തോടു ജനകനെ
ത്തന്നെയോർത്തന്തരംഗം
വെന്തും കൃത്യാദികളിലളവേ
പാരമശ്രദ്ധരായും
എന്തായാലും ഭവനമിനിമേൽ
ശൂന്യമെന്നോർത്തു കണ്ണീർ
ചിന്തിക്കൊണ്ടും സഹജരുഴലും
കാഴ്ചയും കണ്ടിടുന്നേൻ.
ഓടിച്ചാടിത്തിറമൊടു കളി-
ക്കുന്ന കുഞ്ഞുങ്ങളിപ്പോൾ
വീടത്യന്തം പരവശതയിൽ
കാൺകയാൽ ക്ലാന്തരായി
ചൂടേറ്റുള്ളോരലർ നിരകണ
ക്കോമനത്തൂമുഖങ്ങൾ
വാടി,ക്കൂട്ടും കളികളുമുപേ-
ക്ഷിച്ചു വർത്തിക്കയല്ലീ?
ഉള്ളിൽക്കൂറോടവരെയനുശോ-
ചിക്കുവാനീയുദന്തം
കൊള്ളിത്തീപോൽക്കരളിനകമേ
ചേർത്തു ബന്ധുക്കളെല്ലാം
കള്ളത്തംവിട്ടിടയിൽ നെടുവീർ-
പ്പിട്ടുകൊണ്ടും ഗൃഹത്തി-
ന്നുള്ളിൽക്കൂടീട്ടകതളിർ തപി-
ച്ചശ്രുവർഷിക്കയാവാം.
ശുദ്ധാത്മാവാം മമ ജനകനെ –
പാരിജാതംകണക്കേ-
യൗദ്ധത്യംവിട്ടനിശമകമേ
ചേർത്തുപാസിച്ചിരുന്ന
ഭക്തന്മാരാം പരിജനവുമി
ശോകഭാരം വഹിക്കാൻ
ശക്തന്മാരായ് വരിക വിഷമം-
തന്നെ സത്യം നിനച്ചാൽ.
എന്നല്ലേതാണ്ടൊരു പരിചയം
വല്ലകാലത്തുമല്പം
വന്നിട്ടുള്ളോരുടെ ചെവിയിലും
വാർത്ത ചെന്നെത്തിടുമ്പോൾ
കുന്നിച്ചീടും വ്യഥയോടവരും
സ്തബ്ധരായ് നിന്നുപോകും
സ്പന്ദിച്ചീടും ഹൃദയമധികം
ശക്തിയായ് ശീഘ്രമായി.
ആ ദേശത്താ സുകൃതി സസുഖം
സഞ്ചരിച്ചോരുനാളിൽ
പാദസ്പർശം പരിചൊടുലഭി-
ച്ചുള്ള ഗുല്മങ്ങൾപോലും
ആ ദേഹത്തിന്റെ വിരഹമണുവും
സഹ്യമാകാതെയിപ്പോൾ
ഖേദിക്കുന്നുണ്ടതിനു ചെറുതും
സാക്ഷി തേടേണ്ടതില്ല.
സത്യം വിട്ടും കുടിലമതിയായ്
നീതിമാർഗ്ഗം വെടിഞ്ഞും
വർത്തിച്ചിട്ടില്ലരനിമിഷവും
വന്ദ്യനാമെന്റെ താതൻ.
ഓർത്താലന്യന്നഹിതമകമോ –
യല്‌പകാര്യത്തിലും തൻ
കൃത്യം മൂലം പ്രഥിതഗുണവാൻ
ചേർത്തതായാരുമോതാ.
തന്നെത്തന്നേ മറവിയിലുപേ-
ക്ഷിച്ചു വിശ്രാന്തികൂടാ-
തന്യർക്കായിപ്പകലുമിരവും
നിർഭരം വേലചെയ്തും
കന്യാമേരിസുതനെയനിശം
ഭക്തിയോടേ ഭജിച്ചും
ധന്യത്മാ സ്വർഗ്ഗതിയണയുവാൻ
തീർത്തു സോപാനമാർഗ്ഗം.
സാക്ഷാത്തായുള്ളൊരു വിനയസ –
മ്പത്തിനാലീ ജഗത്തിൽ
പക്ഷം രണ്ടില്ലവനൊരു മഹാ –
മാതൃകാപുരുഷൻ താൻ
പക്ഷേയാരാണറിവതവനെ-
ക്കണ്ണിനെത്താത്തതാകും
നക്ഷത്രത്തേയുലകമിതിലി-
നാരു കീർത്തിച്ചിടുന്നു?
ആരോ പണ്ടാക്കവികുലവരൻ
ചൊന്നപോൽത്തന്നെയോർത്താ-
ലാരും കാണാതടവിയിൽ വിരി-
ഞ്ഞാഭയും തത്ര വീശി
സൗരഭ്യത്തെപ്പഴുതിലവിടെ-
ച്ചിന്തിടും പൂക്കളെപ്പോ-
ലോരോ സത്തുക്കളുമവനിയിൽ –
ക്കാണുമജ്ഞാതരായി.
ധീരന്മാരായ് പടപൊരുതിയും
രാജസിംഹാസനത്തിൽ
ഭൂരിശ്രീയോടനിശമുപവേ-
ശിച്ചു രാജ്യം ഭരിച്ചും
പാരിൽ പാടേ നവനവപരി-
ഷ്ക്കാരമോരോന്നു ചേർത്തും
പേരും കീർത്തിപ്പെരുമയുമവർ-
ക്കാർക്കുമുണ്ടായതില്ല.
രാജ്യം തോറും വിബുധരെഴുതും
സച്ചരിത്രങ്ങളൊന്നും
പൂജ്യന്മാരാമവരെയഭിന-
ന്ദിച്ചുകാണുന്നുമില്ല.
വിജ്ഞന്മാരാം കവികളവരിൽ
തിങ്ങിവിങ്ങിത്തിളങ്ങും
പ്രാജ്യശ്രേയസ്സണുവുമറിയു-
ന്നില്ല കീർത്തിപ്പതിന്നായ്.
ആ മാന്യന്മാർ വിജനഗുഹകൾ –
ക്കുള്ളിലായുജ്ജ്വലിച്ചി-
ട്ടാമന്ദം താനൊടുവിലണയും
ദിവ്യദീപങ്ങളത്രേ.
ആമോദത്തോടവയിലമരും
സ്നേഹശിഷ്ടം വിശേഷാൽ
ക്ഷേമംചേർക്കും പരിമളഗുണം-
കൊണ്ടു ലോകത്തിനെല്ലാം.
ഊഹാതീതപ്രകൃതിയിവയിൽ
കാണ്മതി ദീപജാലം
സ്നേഹാഭാവാലെരിതിരി പൊലി –
ഞ്ഞസ്തമിച്ചീടുകല്ല.
സൗഹിത്യംപൂണ്ടാരിയുമളവിൽ
മേല്ക്കുമേൽ വൃദ്ധിചേരും
സ്നേഹം ചിന്തിത്തിരിയടിയിലായ്
കെട്ടുപോകുന്നതത്രേ.
ധന്യാത്മാവേ, ജനക,വലുതാ-
യുള്ള വേദാന്തമിപ്പോ-
ളെന്നാത്മാവിൽ ചെറുതൊരു സമാ-
ശ്വാസമേകുന്നതില്ല.
ഒന്നോർത്താലും കദനശമനം
കാണ്മതി,ല്ലന്തികേ ഞാൻ
വന്നീടട്ടോ? ചിറകുകളെനി-
ക്കാരതിന്നേകിടുന്നു?
പാരിൽപ്പാർത്താൽ പരനു വിഭജി-
ക്കപ്പെടാതുള്ള രാഗം
നാരീഹൃത്തിന്നണിയറകളിൽ
കണ്ടുകിട്ടാൻ പ്രയാസം.
ഓരുമ്പോളെന്നനുഭവമത-
ല്ലാകയാലീ വിയോഗം
പാരവാരപ്പൊരുമയിലഴൽ
ചേർത്തിടുന്നെന്റെ ഹൃത്തിൽ.
താതൻ പാരം കൊടിയ രുജയാ-
ലാർത്തനായ്ത്തീർന്ന നാളും
മാതാവിൻ കൈത്തണലിൻ സവിധേ
നിന്നു ശുശ്രൂഷചെയ്‌വാൻ
ഏതും ഭാഗ്യം വിധിയരുളിയി-
ല്ലീയെനിക്കെന്തുചെയ്യാ-
മാതങ്കത്തിന്നുപശമനമി-
ല്ലാവഴിക്കും നിനച്ചാൽ.
കല്യാണത്തിന്റെ പുതിയ ഫലമാ –
യാദ്യസന്താനമായി-
ച്ചെല്ലക്കുഞ്ഞായ് പ്രിയദയിതയിൽ-
ജ്ജാതയായുള്ളൊരെന്നെ
എല്ലായ്പോഴും പരിചൊടരികിൽ
കാണുവാനാശയേറും
കല്യാത്മാവാ സ്ഥിതിയിലിവളേ-
യെത്രയോർമ്മിച്ചിരിക്കാം.
വന്നെത്തുന്നോരഹിതമഖിലം
ക്ഷാന്തിയോടേ സഹിക്കാ-
നെന്നും സന്നദ്ധത വളരെയു-
ണ്ടായിരുന്നോരു ധീരൻ
വന്ദ്യന്മാരിൽ പ്രമുഖനവിടു-
ന്നന്ത്യമാം നേട്ടമായി-
ട്ടന്നീത്യാഗം പരിചൊടു വരി-
ച്ചെന്നുറച്ചാശ്വസിക്കാം.
രാഗദ്വേഷാദികളെയനിശം
കീഴിലാക്കിജ്ജയിച്ചോൻ
യോഗക്ഷേമാദികളെയധികം
കാര്യമാക്കാതിരുന്നോൻ
രോഗത്തേയും ജഡികവിഷമ-
ത്തേയുമെല്ലാം മഹത്താം
പ്രാഗല്ഭ്യത്താൽ സഹനപരിധി-
ക്കുള്ളിൽ ബന്ധിച്ചിരിക്കാം.
ഈ ലോകത്തോടിനിയൊരിടപാ
ടില്ലവനെന്നു വേണ്ട
കാലക്കേടും കഠിനരുജയും
ധന്യനെത്തീണ്ടുകില്ല.
മേലാലോർത്തോലപജയമവ –
ന്നൊന്നിലും സംഭവിക്കാ
ശ്രീലയസ്സിനിയുമവനേ
വിട്ടുമാറിച്ചരിക്കാ.
സീമാതീതപ്രിയതയകമേ
ചേർത്ത വസ്തുക്കളെല്ലാം
ധീമാൻ തെല്ലും വിമുഖത വിനാ
നിത്യമായ് വിട്ടകന്നു.
വ്യാമോഹങ്ങൾക്കിവിടെയതിരെ
അന്യരോടാകെയോതീ-
ട്ടാ മാന്യൻ തന്നുടലിനളവാം.
മണ്ണിനാൽ തൃപ്തനായി.
തീരാനിദ്രയ്ക്കവിടെയവനായ്
ശയ്യ സന്നദ്ധമായി,
സ്വൈരം നിശ്ചഞ്ചലജഡമതിൽ
ശാന്തമായ് ചേർന്നമർന്നു;
ചാരത്തെത്തീട്ടിനിയുമവനേ-
യൊന്നുണർത്തീടുവാനി
പാരിൽപ്പാർത്താലൊരു മനുജനും
സാദ്ധ്യമല്ലേതു നാളും.
ആ നേത്രങ്ങൾക്കരുണകിരണം
ദൃശ്യമാകില്ല മേലിൽ
ഗാനാലാപം സരസമിനിയാ –
കാതുകൾക്കുള്ളിലെത്താ.
നൂനം ചിന്താകുലതയവനെ-
തീണ്ടുകില്ലീ വിധത്തിൽ
താനേ ധാത്രീജനനി സുതനെ
ച്ചേർത്തുറക്കുന്നു മാറിൽ.
ശേഷിക്കില്ലാ ജഡമവിടെയീ-
മട്ടിലെന്നേക്കുമായി
ശ്ശേഷം ചിന്തിക്കുകിൽ മടിയനും
ധ്യാനനിർല്ലീനനാകും.
പാഴിൽത്താനേയഴുകിയഖിലം
പഞ്ചഭൂതങ്ങളായി-
പൂഴിക്കൂട്ടം മലിനമൊടുവിൽ-
കേവലം ബാക്കിയാകും.
എന്നെപ്പാരം പ്രിയതയൊടു ചേർ –
ത്തെത്രയോ ചുംബനങ്ങൾ
തന്നിട്ടുള്ളോരധരവുമതേ-
മട്ടിലക്കൈകൾ രണ്ടും.
അന്നത്തേപ്പോലിനിയുമൊരുകാ-
ലത്തിലും ദൃശ്യമാകി-
ല്ലെന്നോർക്കുമ്പോൾ ഹൃദയകിടിലം
തള്ളിയേറുന്നു വീണ്ടും.
വേദാഭ്യാസം വളരെ വളരെ-
സ്സാന്ത്വനം നല്കിടുന്നു.-
ണ്ടീദുഃഖത്തിൽ; പൊതുവിധിദിനം
വന്നുദിച്ചീടുമല്ലൊ.
ആദംതൊട്ടുള്ളവരെയെഴുനേ-
ല്പിക്കുവാൻ കാഹളത്തിൻ
നാദം കേൾക്കപ്പെടുമുടനെയെൻ
താതനും വീണ്ടെണീല്ക്കും.
അപ്പോൾക്കാണാം പ്രിയജനകനെ-
പൂർണ്ണസൗഭാഗ്യവാനായ്
കെല്പും തേജസ്സിനു മികവുമൊ-
ത്തുള്ള മെയ്യോടുകൂടി.
പില്‌പാടെല്ലാം ശുഭമവിടെയൊ-
ന്നിക്കുമെന്നേക്കുമായി-
ട്ടെപ്പോഴും സുസ്ഥിതിയിൽ സുരലോ-
കത്തു വാഴേണ്ടതിന്നായ്.
ബന്ധപ്പെട്ടോരുടെ ലിഖിതമോ
വന്നുചേരുന്നു വീണ്ടും?
സന്താപത്തിന്നുപശമനമേ-
കീടുവാനുള്ളതാവാം
എന്തായാലും കരതലമണ-
ഞ്ഞുള്ളൊരിക്കായിതത്തെ-
ച്ചിന്തും കണ്ണീർ ചിതമൊടു തുട-
ച്ചൊന്നു വായിച്ചുനോക്കാം.
ആരാണീ കത്തെഴുതിയതഹോ
വന്ദ്യനാം വൈദികാഗ്ര്യൻ
പേരോർമ്മിച്ചാലുടനടി ശിര-
സ്സാനമിപ്പിച്ചിടേണ്ടോൻ.
പാരാവാരപ്പടി പെരുകിടു-
ന്നോരു സംസാരദുഃഖം
തീരും മാർഗ്ഗം ഭൂവിജനതയെ –
ക്കാട്ടിടും ദൈവഭക്തൻ.
“വത്സേ, ദുഃഖിക്കരുതു കഥയി-
ല്ലാത്ത പെണ്ണുങ്ങളെപ്പോ-
ലുത്സാഹം കൈവെടിയരുതു നീ
വാർത്തയൊന്നോതിടാം ഞാൻ
വാത്സല്യത്തിന്നുലകിലതുലാ-
ദർശമാം നിന്റെ താതൻ
സത്സേവ്യൻ സൽഗതിയതിലണ-
ഞ്ഞിന്നു സൗഭാഗ്യവാനായ്.
കാണിച്ചില്ലാ വിമലഹൃദയൻ
മൃത്യുനേരത്തുപോലും
കാണിക്കും ഹാ! മരണഭയസം-
ഭ്രാന്തിലക്ഷ്യങ്ങളൊന്നും
ക്ഷീണിച്ചില്ലാപ്പുരുഷനു മന –
ശ്ശക്തി രോഗം നിമിത്തം
കേണില്ലേതു സ്വജനവിരഹം-
മൂലമാ ധീരചിത്തൻ.
ബന്ധപ്പെട്ടോരഖിലരുമടു-
ത്തെത്തിനില്ക്കുന്നനേര-
ത്തന്തസ്സാരം കലരുമുപദേ –
ശങ്ങളേവർക്കുമേകി
സന്താപത്താൽ ഹൃദയമുരുകും
മക്കളേയാശ്വസിപ്പി-
ച്ചന്ത്യാശിസ്സും വിരവൊടവരിൽ
ചിന്തി ധാരാളമായി.
ഏതും മാന്ദ്യം മതിയിലണയാ-
തന്ത്യകൂദാശയെല്ലാം
ചേതോരംഗം കവിയുമളവാം
ഭക്തിവിശ്വാസപൂർവ്വം
താതൻ കൈക്കൊണ്ടജനുടെ ഹിതം-
പോലെയീ ഭൂതലത്തേ
ജാതാനന്ദം സ്മിതവദനനായ്
ത്തന്നെ വേർപെട്ടുപോയി. (യുഗ്മകം)
ധാരാളം സദ്വരമരുളിടും
ജൂബിലി ഷ്ഠാവർഷം,
മേരീഭക്തർക്കകതളിർ കുളിർ-
പ്പിക്കുമൊക്ടോബർ മാസം,
പാരം പാപപ്പൊറുതിയവരിൽ
ചേർത്തിടും മന്ദവാരം
മേരീപുത്രൻ ചരമഗതി ചേർ-
ന്നുള്ള നേരം വിശേഷം.
സന്താപത്തിന്നിവിടെയണുവും
സ്ഥാനമെന്താണുവത്സേ?
സന്തോഷിക്കാം ചിരസുഖദനെ –
കൂപ്പിടാ,മാശ്വസിക്കാം.
അന്തംവിട്ടുള്ളൊരു മഹിതമാം
ജീവിതം കൈവരിക്കാൻ
നിൻ താതൻ പോയ് സുകൃതി, മിശിഹാ
തന്റെ രാജത്വനാളിൽ.
എല്ലാ ലോകത്തിനുമധിപനാ-
മാമഹാരാട്ടിനോടൊ-
ത്തുല്ലാസത്തോടവിടെയവനും
നിത്യമായ് വാണിടട്ടെ!
നല്ലോരെല്ലാമനവസിതഭാ –
ഗ്യത്തിലാഴുന്ന ദേശ-
ത്തല്ലോ നിത്യം ജനക,ന്നതിനാ-
ലാവിയോഗം പ്രമോദം.
രോഗം, വേർപാ,ടമളി,കദനം
ദ്രവ്യനഷ്ടങ്ങളിച്‌ഛാ-
ത്യാഗംതൊട്ടുള്ളവയുടെ നിഴൽ –
പാടുമില്ലങ്ങുചെന്നാൽ.
രാഗദ്വേഷാദികളുമവിടെ-
ക്കാണുകില്ലത്രയല്ലാ
യോഗക്ഷേമാദിയുടെ നിലയും
ഭാവനാതീതമത്രേ.
മേലാൽ ദുഃഖിക്കരുതു മകളേ,
താതനോടൊത്തുചേരാൻ
കാലം കൈവന്നിടുവതിനു നീ
പുണ്യമാർജ്ജിക്ക മേന്മേൽ.
കാലിക്കൂട്ടിൽ കലിതകുതുകം
ജാതനായോരു ബാലൻ
ചാലേയാശിസ്സതിനു മഴപോൽ
നിന്നിൽ വർഷിച്ചിടട്ടെ!”
സത്യംതന്നേ,യിനി ജനകനേ-
യോർത്തു ദുഃഖിച്ചിടാ ഞാൻ
നിത്യാനന്ദസ്ഥലമതിലവൻ
ചേർന്നു സൗഭാഗ്യവാനായ്,
എത്തീടും ഞാനവിടെയൊരുനാൾ,
നിത്യനാം താതനെന്നെ
ച്ചേർത്തീടും തന്നരമനയതിൽ
പ്രീതനായ് നിർവ്വിവാദം.
കണ്ണും കാതും കരളുമറിയാ-
തുള്ളതായ പ്രേഷിതാഢ്യൻ
വർണ്ണിച്ചീടും ഭവുക പരിപാ-
കത്തിൽ നിർല്ലീനരായി
വിണ്ണോർനാഥന്നടിമലർ നമി-
ച്ചെപ്പൊഴും പാടിനില്ക്കും
പുണ്യത്മാക്കൾക്കിടയിലവിടെ-
ക്കാണുമെൻ താതനേ ഞാൻ.
ഹാ! സൗഭാഗ്യപദസുദിനമേ !
യസ്തമിക്കാതെയെന്നും
ഭാസ്വത്തായ് നില്പൊരു സുദിനമേ,
സ്വാഗതം സ്വാഗതം !
നീ സാമോദം സ്വാഗതം സദയമുദയം
ചെയ്ക നിന്നെ പ്രതീക്ഷി-
ച്ചീ സാധുപ്പെൺകൊടിയബല ഞാ-
നാധിവിട്ടാശ്വസിപ്പൂ!
