Jayajaya Mery Maharani

ജയജയ മേരി മഹാറാണി!
 


മ്മേ, നന്മനിറഞ്ഞവളേ, സ്തുതി!

ഗ്രബിയെൽ മാലാഖാ

‘നന്മനിറഞ്ഞവ’ളെന്നഭിവാദ്യം

ചെയ്തു മറിയത്തെ

ഇന്നും ലോകമതിന്റെ പ്രതിധ്വനി- 

യാലേ മുഖരിതമാ-

ണെന്നും പാവനമാസ്തുതിലോകേ

കീർത്തിതമാകേണം.

അമ്മ മഹോന്നത, നിത്യപിതാവി-

ന്നാരോമൽ സുതയും

ജന്മം പുത്രനു നല്കിപ്പോറ്റിയ

കന്യകമാതാവും

ശുദ്ധാത്മാവിൻ പ്രിയമണവാട്ടിയു

മീമേന്മകളോർത്താൽ

ബുദ്ധിക്കല്പമതീതം നമ്മുടെ

ശാസ്ത്രജ്ഞന്മാർക്കും

ഒന്നാമത്തേയമ്മയ്ക്കവളും

സന്തതിയാണെന്നാ-

ലൊന്നാമത്തെപ്പാപത്തിൻ നിഴ-

ലേശിയതില്ലവളിൽ

10

സത്യതിരുസ്സഭ’യമലോദ്ഭവ’യെ-

ന്നവളെ വിളിക്കുന്നു

മർത്യപരിത്രാണക്കാര്യത്തിൽ

സഹകാരിണിയെന്നും

മംഗളവാർത്തയിലാരംഭിച്ചു

തുടർന്നൊരു സഹകരണം

ഭംഗമകന്നാകാൽവരിമലയിൽ

ചെന്നു സമാപിച്ചു.

കാനായിൽ കല്യാണവിരുന്നിൽ 

മണവാളനുവേണ്ടി

ദീനദയാലു മകന്റെയടുത്തു

തുടങ്ങിയ മാദ്ധ്യസ്ഥ്യം

എന്നെന്നേയ്ക്കും തുടരും; രക്ഷക- 

നന്ത്യവിനാഴികയിൽ

തന്നിട്ടുണ്ടാ നല്ല ജനിത്രിയെ

നമ്മുടെ മാതാവായ്

എല്ലാ സുകൃതവുമൊന്നായ് രൂപ- 

മെടുത്തു ജനിച്ചവളാ-

ണല്ലോ മറിയം-നമ്മുടെയമ്മ-

നമുക്കു മഹാഭാഗ്യം.

20

ആഹ്വാനം ചെയ്തവളെയുമൊടുവിൽ

സ്വാഭാവികമരണം

ദേഹം ദേഹിയുമൊന്നാസുകൃതിനി 

യമ്മദിവംഗതയായ്

ഗാത്രമതെങ്ങനെ മണ്ണിനു നല്കും? 

പരിശുദ്ധാത്മാവി-

ന്നാസ്ഥാനാലയമതിനെയുമുടയോൻ 

ബഹുമാനിതമാക്കി.

വാനവരുടെ ജയഗീതകൾകൊണ്ടു

മുഴങ്ങീ സ്വർല്ലോകം

മാനിനിമാർ മണിയാളുടെവരവേ- 

ല്പാരതു വർണ്ണിക്കും?

ഭവ്യമഹത്തരമൊരു സിംഹാസന- 

മതിനു വിഭൂഷണമായ്

ദൈവമിരുത്തിമറിയത്തെ, മണി

മൗലിയുമണിയിച്ചു.

വാനവർ പാടി, “ജയജയറാണി! 

മേരി മഹാറാണി!!”

30

ഗാനമിതെന്നും തുടരും; 

ജയജയ മേരി മഹാറാണി!!

ചേരാമവരൊടുകൂടി നമുക്കാ 

ഗാനാലാപത്തിൽ

മേരീവിജയംപാടാം; ജയജയ

മേരിമഹാറാണി!!!”

മേരീ നാഥപ്രതിഷ്ഠിതയായ്വിജ 

യിപ്പൊരു കത്തീഡ്രൽ

ചേരും മട്ടിൽ പുനരുദ്ധതമായ്

ബസ്ലിക്കയുമായി

കേരളനാട്ടിലിതൊന്നാമത്തെ

ബസ്ലിക്കായല്ലൊ

മേരീഭക്തരെ നമ്മുടെ നാഥയെ

വാഴ്ത്തിപ്പാടുക നാം.

(എറണാകുളം സെന്റ് മേരീസ് ബസ്ലിക്കാ ദേവാലയ സുവനീർ, 1971)