Mamanmarude Vilpathram

മാമനാരുടെ വില്‌പത്രം


ണ്ടൊരു നാളൊരു കാശുകാരൻ മഹാ- 

നുണ്ടായിരുന്നൊരു കുപ്രസിദ്ധൻ. 

നാട്ടിലന്നെങ്ങുമേ ‘മാമനാരെ’ന്നപേർ 

കേട്ടറിയാത്തവരാരുമില്ല.

ഭാര്യയും കേമിയാണഞ്ചുപേർ മക്കളു- 

ണ്ടാരും കുറഞ്ഞവരല്ല തെല്ലും.

ജംഗമസ്ഥാവര വസ്തുക്കളെതയെ- 

ന്നെങ്ങനെ വർണ്ണന ചെയ്തിടേണ്ടൂ? 

രാജകൊട്ടാരംപോൽ മാളികയൊന്നല്ല 

നാലഞ്ചാറുണ്ടെന്നു കേട്ടിരിപ്പൂ. 

എങ്കിലും രാത്രിയിൽ മാമനാരേയതി- 

ലൊന്നിലും കാണുകില്ലന്വേഷിച്ചാൽ 

വീട്ടിലുറങ്ങാതെ രാത്രിയിൽ നേടിയ 

നേട്ടമാണിന്നയാൾക്കുള്ളതെല്ലാം. 

 

നാട്ടിൽ ധനാഢ്യന്മാരായവരോടെല്ലാ- 

മിഷ്ടനായി വർത്തിക്കും തന്ത്രശാലി. 

പൂട്ടുകൾ കെട്ടുകളുള്ളറപ്പൂട്ടുകൾ, 

തിട്ടമാണേതൊരു വീട്ടിലേതും. 

കണ്ണുതുറന്നങ്ങു നോക്കിയിരിക്കിലും 

കണ്മണി മാമാനാർ കൈക്കലാക്കും 

തസ്ക്കരനെന്നു പരക്കെ പ്രസിദ്ധനാ- 

ണാർക്കും പിടികൊടുക്കില്ല വിദ്വാൻ. 

അങ്ങനെ നാളുകൾ നീങ്ങിനീങ്ങിക്കഴി- 

ഞ്ഞിങ്ങനെ മാമൻ കുബേരനായി.

 

വൃദ്ധനായ് രോഗിയായ് ശയ്യാവലംബിയായ് 

മൃത്യുവിൻ കാർനിഴൽതട്ടി കണ്ണിൽ 

നിത്യമായുള്ളൊരു ജീവിതത്തെക്കുറി- 

ച്ചോർത്തുടൻ രോഗി സംഭ്രാന്തനായി. 

സംഭ്രമം വർദ്ധിച്ചുകഷ്ടമേയാമഹാ-= 

സമ്പന്നനേറ്റം നിരാശനായി.

ഉഗ്രമാം ദൃഷ്ടിയാൽ നോക്കിതൻ ഭാര്യയെ 

വ്യഗ്രനായ് നോക്കിനാൽ മക്കളേയും

എന്തുവേണം? പിതാവെന്തുനോക്കുന്നുവെ- 

ന്നന്തികേ നിന്നവൻ മൂത്തപുത്രൻ 

ചോദിച്ചു; വില്പത്രം രേഖയാക്കീടണം 

വേഗമാകട്ടെയെന്നോതി താതൻ.

കൈകണക്കില്ലാത്ത വസ്തുക്കളൊക്കെയും

ഭാഗിച്ചു തങ്ങൾക്കു കിട്ടീടുവാൻ 

നേരമായ്, സംഗതിഗൌരവമാണെന്ന 

കാര്യമെല്ലാവർക്കും ബോദ്ധ്യമായി.

നോക്കി പരസ്പരം, മാമനാർക്കിഷ്ടനാം 

വക്കീലിനെത്തന്നേ കൊണ്ടുവന്നു. 

നല്ലൊരുസംഖ്യതനിക്കും ലഭിക്കുമെ- 

ന്നുള്ളിലദ്ദേഹമാശിച്ചിരിക്കാം. 

തൂലികയേന്തിയടുത്തിരുന്നദ്ദേഹ-

മാലോചനയ്ക്കു വിധേയനായി. 

ഭാവം പകർന്നു പരിഭ്രാന്തനാം രോഗി 

യാവേഗമാർന്നോതിയീവിധത്തിൽ:- 

“നിത്യകാലത്തേയ്ക്കുമെന്റെയാത്മാവിനെ-

സ്സാത്താനു ഞാനിതാ നല്കിടുന്നു” 

അയ്യോ പിതാവേ,യിതെന്താണു ചൊല്ലുന്ന-

തങ്ങേയ്ക്കുബോധം മറിഞ്ഞുപോയോ? 

എന്നു ചോദിക്കുന്ന മക്കളോടോതുന്നു, 

“വന്നില്ലബോധം മറിച്ചിലേതും.

വ്യത്യാസമെന്നിയേ രേഖയാക്കീടുക 

സത്യമായ് നല്ലസുബോധവാൻ ഞാൻ. 

അത്രയുമല്ലന്റെ ഭാര്യ മഹാദുഷ്ട 

നിത്യമിപ്പാപകർമ്മങ്ങൾ ചെയ്‌വാൻ 

പ്രേരണനല്കിയെനിക്കതുമൂലമാ 

നാരിതന്നാത്മാവിനേയുമേവം

സാത്താനുതന്നെ ഞാൻ തീറെഴുതീടുന്നു 

നിത്യമാം നാശമവൾക്കു ശാപം! 

ആരേധനാഢ്യരാക്കീടുവാൻ പാപത്തിൻ 

പാരാവാരത്തിൽ ഞാൻ മഗ്നനായി

അഞ്ചാതെയാമക്കളഞ്ചുപേരേയുമാ 

വഞ്ചകൻ സാത്താനുദാസരായി 

എന്നേയ്ക്കുമായികൊടുക്കുന്നു” വില്പത്രം 

തീർന്നുടൻ രോഗി നിശ്ശബ്ദനായി. 

 

ചുറ്റിലും നില്ക്കുന്ന ഭാര്യയും മക്കളും 

മറ്റു മിത്രങ്ങളും ഭീതിമൂലം

വല്ലാതെ പൊട്ടിക്കരഞ്ഞു, സ്വയം ശപി- 

ച്ചെല്ലാരും സ്തബ്ധരായി നിന്നിടുമ്പോൾ 

മുക്കുറാപോലൊരു ശബ്ദവും കേൾപ്പിച്ചു 

തസ്ക്കരാഗ്രേസരൻ കൂടുവിട്ടു.

 

ഓർത്താലുമന്യന്റെ നെറ്റിവിയർത്തുള്ള 

സ്വത്തുക്കൾകൊണ്ടു നീ വമ്പനായാൽ 

പഞ്ഞിയിൽവീഴുന്ന തീപ്പൊരിപോലെയാ 

കുഞ്ഞുകാശോരോന്നുമെന്നെന്നേയ്ക്കും 

ഓരോ തീച്ചൂളയായ് നിന്നെദ്ദഹിപ്പിക്കും 

ചാരമാകാതെ നീ വെന്തുനീറും. 

ആഴമായ് ചിന്തിക്ക, മാമനാരെപ്പോലെ 

ഭോഷനായീടൊല സോദരാ നീ.

 

(വൈ.എം.സി.എ. സുവനീർ, ഇരിങ്ങാലക്കുട, 1963)