Padunna Panineerchedi

പാടുന്ന പനിനീർച്ചെടി


മ്മറപ്പൂങ്കാവിലെപ്പൂക്കളാലാകൃഷ്ടയാ-

യെന്മനം കുളിർത്തു ഞാൻ നിന്നുപോയ് കൃതാർത്ഥയായ്. 

ബാലഭാസ്കരൻ തന്റെ പാടലകരങ്ങളാൽ

ചേലൊടേതലോടുന്നുപ്പൂക്കളെ സുസ്മേരനായ്. 

കുഞ്ഞിളന്തെന്നൽ പിടിച്ചിളക്കിക്കളിക്കുന്നു 

മഞ്ഞുതുള്ളിരത്നങ്ങൾ ചാർത്തുമാസുമങ്ങളെ. 

മധുമക്ഷിക,ചിത്രശലഭങ്ങളുമെല്ലാം

സുധയെക്കാംക്ഷിച്ചാവാമവയെ ചുംബിക്കുന്നു.

ഒളിച്ചും പതുങ്ങിയും ക്ഷുദ്രകീടങ്ങളു-

മൊളിയേന്തുമപ്പൂക്കൾ കരണ്ടു തുളയ്ക്കുന്നു.

കൈവിരൽ തൊട്ടാൽ പോലും ഭംഗിയും ചൈതന്യവും 

പൂവിനു കുറഞ്ഞുപോമെന്നു ഞാൻ ശങ്കിക്കുമ്പോൾ 

നിർദ്ദയമീദുഷ്ടത ചെയ്യുമക്കീടങ്ങളെ

മർദ്ദനം ചെയ്‌വാനെന്റെ കരങ്ങൾ പിടയ്ക്കുന്നു. 

ജീവിയെക്കൊല്ലാൻ മടിയെങ്കിലുമെന്നോമന

പൂവിനെ ദ്രോഹിപ്പതു നോക്കിനില്പാനും പണി.

കണ്ടുസന്തോഷിക്കാനെൻ കണ്ണു കാംക്ഷിക്കും പൂക്ക –

ളുണ്ടു സംതൃപ്തിപ്പെടാനവയുമാശിക്കുന്നു. 

ബുദ്ധിയില്ലാത്ത ജീവി,കുക്ഷി പൂരണം വംശ-

വൃദ്ധിയെന്നിവയല്ലാതില്ലൊരു ജന്മോദ്ദേശ്യം. 

 

തെന്നലും ഞാനും കൂടി മൃദുരാഗങ്ങൾ പാടി 

മന്ദമായ് ചരിച്ചോരോ കുസുമങ്ങളെ നോക്കി. 

കടന്നുമുമ്പോട്ടു ഞാൻ പോയിടുന്നേരത്താരോ 

പിടിച്ചു പിന്നോക്കമെൻ വസനാഞ്ചലം തന്നിൽ. 

തിരിഞ്ഞു മന്ദസ്മിതം തൂകി നോക്കീടുമ്പോളെ

ന്നരികത്താരോമനപ്പനിനീർച്ചെടി കാണായ്. 

“മുള്ളിനാലുടക്കി നീയെന്തിനുതടഞ്ഞെന്നെ –

യുള്ളിലേ രഹസ്യങ്ങൾ വല്ലതും ചൊന്നീടാനോ? 

എങ്കിലോ സസന്തോഷം കേൾക്കുവാൻ നില്ക്കുന്നുഞാ-

നെൻ കരൾ കുളുർക്കുമാറോതണം നിസ്സങ്കോചം.”

 

നീരവം മന്ദസ്മിതം വഴിയായ് ഞാൻ ചൊന്നതിൽ 

സാരമൊക്കെയും ഗ്രഹിച്ചെന്നു കാണിക്കുംവിധം

ആച്ചെടിമനോഹര സ്തബകങ്ങളേയാടീ –

ട്ടാശ്ചര്യമൊരുഗാനം തുടങ്ങി നിശ്ശബ്ദമായ്.

ഗാനമായതു കേൾക്കാൻ കർണ്ണരന്ധങ്ങൾ പോരാ

നൂനമന്തരാത്മാവിൽ കേട്ടു ഞാൻ സുവ്യക്തമായ്. 

പാടിയിട്ടില്ലീ വിധമീദിനം വരേയൊരു

ഗായകപ്രവീണനുമേതൊരു സദസ്സിലും

ക്ഷീരസാഗരത്തിന്റെ പരപ്പിൽ തലോടിക്കൊ-

ണ്ടാരവംകൂടാതെന്നും കുഞ്ഞിളന്തെന്നൽപോലെ

 

 ഇളക്കിക്കളിയാടിച്ചുംബനം സമ്മാനിക്കാൻ 

പുളിനം തന്നിൽച്ചേരും തരംഗാവലിപോലെ 

പരമാനന്ദപ്രദഗീതികാമൃതം വന്നെൻ

കരളിൽത്തട്ടീട്ടെന്നെപ്പുളകം കൊള്ളിക്കുന്നു.

“ഞാനൊരു നിസ്സാരയാം പൂച്ചെടി, മാലോകരാൽ 

മാനിതയായിത്തന്നെ കഴിയുന്നീ ലോകത്തിൽ. 

മാനവരെന്നിൽനിന്നും പലതും പഠിക്കണം 

ഹീനമെന്നെണ്ണീടൊലാ വാടിയതൃണത്തെയും. 

പൂഴിയിൽ ജനിച്ചു ഞാൻ മലിനവസ്തുക്കളി –

ലാഴുകയാണെപ്പൊഴുമെന്റെ വേരുകളെല്ലാം. 

 

അടിതൊട്ടങ്ങേയറ്റംവരെയും മുള്ളാണെന്റെ-

യുടലിൽ, കാണുന്നല്ലോ നട്ടനാൾ തുടങ്ങി നീ. 

വിത്തുകളെനിക്കില്ല വെട്ടിയതണ്ടൂന്നിയാൽ 

പുത്തനായുണ്ടായിടും ചെടികൾ തോട്ടങ്ങളിൽ

അത്രയല്ലനേകധാ കാണുവാൻ കഴിഞ്ഞേക്കാ – 

മറ്റകുറ്റങ്ങളോരോന്നിനിയും നോക്കീടുകിൽ. 

എങ്കിലും കുടിൽ മുതൽ രാജകൊട്ടാരംവരേ-

യെങ്ങുമുണ്ടുദ്യാനത്തിൽ റാണിയായ റോസാച്ചെടി. 

കാരണം പ്രസ്പഷ്ടമാണൊന്നുചോദിച്ചാൽ ശരി- 

ക്കാരുമുത്തരം നല്കും തൽക്ഷണം നിസ്സംശയം.

 

 “ഇടയിൽ കേറുന്നോരെ ക്ഷതമേല്പിക്കും മുള്ളി –

ന്നിടയിൽ തലപൊക്കും വല്ലരീമതല്ലിക.” 

എത്രയോവിശേഷമാക്കല്യാണസൗഗന്ധികം! 

ധാത്രീയെപ്പനിനീരിൽക്കുളിപ്പിച്ചീടും സുമം!

മണത്തുതാലോലിച്ചു കളവാണികൾ ചുംബി-

 

ച്ചണിയുന്നില്ലേയതു കാര്യമായ് വാർകൂന്തലിൽ!

വിലയ്ക്കുവാങ്ങിപ്പോലും സ്നേഹസത്കാരങ്ങളെ 

വിലയേറ്റീടാൻ റോസാപ്പൂവിനെത്തേടുന്നില്ലേ? 

അഴുക്കാണടിയിലേ വളമെന്നാരെങ്കിലും

മുഴക്കിപ്പറഞ്ഞിട്ടു പൂവിനേ വെറുക്കുമോ? 

മുൾച്ചെടിയെന്നുള്ളൊരു ഹേതുവാൽ തോട്ടത്തിൽ നി –

ന്നിച്ചെടി പറിച്ചെറിഞ്ഞീടുമോ തോട്ടക്കാരൻ? 

മിനുത്തമാർബിൾക്കല്ലിൽ നിന്നൊരു റോസാപുഷ്പം 

ജനിച്ചുകണ്ടിട്ടുണ്ടോ ഭൂമിയിലിന്നേവരേ? 

സ്ഫടികപ്പണിചെയ്ത പനിനീർത്തടാകത്തിൽ 

വിടരുന്നതുമില്ല ജലജ പ്രസൂനങ്ങൾ.

അനിഷ്ടങ്ങളിൽനിന്നു നാമ്പെടുത്തുയർന്നിടും

മനുഷ്യാ, വിശ്വോത്തര നന്മകൾ, ഗ്രഹിക്കണം. 

ആരതു ചിന്തിക്കുന്നു? ചെണ്ടുകൾ കെട്ടീടാനും

ഹാരമുണ്ടാക്കാനുമായെത്രവാത്സല്യത്തോടേ

പനിനീർ പ്രസൂനങ്ങളിറുക്കുന്നവർക്കെന്റെ

തനുവിൽത്തിങ്ങും മുള്ളും ചോട്ടിലേയശുദ്ധിയും 

ഇഷ്ടമില്ലൊരിക്കലുമെങ്കിലുമവയെന്യേ

മൊട്ടുകളുണ്ടാകുമോ? വിരിഞ്ഞീടുമോപൂക്കൾ?

അഹിതം സ്പർശിക്കാത്തോരന്തരീക്ഷത്തിൽ പൊങ്ങി

വിഹിതവസ്തുക്കളെ ശ്വേതവാരിദങ്ങളിൽ

അടുക്കിസ്സൗധം തീർത്തിട്ടതിലേയറയ്ക്കുള്ളിൽ 

ക്കുടിപാർത്തിരുന്നാലുമപ്പൊഴും ചിന്തിക്കണം

“തപിച്ച പാരാവാരം തന്നിൽ നിന്നല്ലേയിത്ര

വെളുത്ത ധാരാധരം വന്നതീവിഹായസ്സിൽ?

പാട്ടുകേട്ടുറങ്ങിയോ? നിശ്ചലയായി ചിന്താ- 

വിഷ്ടയായ്ക്കഴിഞ്ഞുവോ? വിരമിച്ചീടുനന്നു ഞാൻ.”

അന്നുമാത്രമല്ലതിൽ പിന്നെയും സമീപത്തു

ചെന്നു ഞാൻ നിന്നാൽ ചെടിയാലപിക്കുമീഗാനം.

ഇന്നു ഞാനെഴുതുന്നു തനിയേ പാടീടുവാ- 

നെന്നുമെൻ സുഹൃത്തുക്കൾ പാടിയാസ്വദിക്കാനും.

 

                                                        (സാഹിത്യപരിഷത്ത്, നവംബർ, 1964)