Parishithe Vijayichalum

പരിഷത്തേ, വിജയിച്ചാലും!


രിഷത്തിൽ നിന്നുള്ളൊരുകത്തുക- 

ളരികത്തെത്തീ; മറുപടിയെഴുതാൻ

കാലവിളംബംവന്നതിനോർത്താൽ 

കാലക്കേടാണുത്തരവാദി. 

അല്ലൽച്ചുഴിയിൽ, വളരെപ്പറയാ- 

നില്ല, കണങ്കാൽ വട്ടമൊടിഞ്ഞു 

നിശ്ശേഷം ഞാൻ ശയ്യയിലായി- 

ട്ടാശ്വാസംവിട്ടുഴലുന്നേരം

കൈയിൽ കിട്ടിയ കത്തുകൾ നോക്കി 

ശയ്യയ്ക്കടിയിൽതന്നെവച്ചു 

എഴുനേറ്റല്പമിരിക്കാറായാ-

ലെഴുതാം വല്ലതുമെന്നുനിനച്ചു. 

ഒരുനാളെഴുതിയ കാവ്യത്തിൽ നി- 

ന്നുരുതരവൈദ്യുതശക്തികണക്കേ 

നിറമേറുന്ന പദാവലിയോരോ- 

ന്നറമായെന്നിൽ പായുകയാവാം 

അതുപോൽ പലതുണ്ടനുഭവമതിനാ- 

ലിതുഞാൻ പറവതു മിഥ്യയുമല്ല 

ഇനിയിതു തുടരാൻ കാരുണ്യാലയ- 

നനുമതിയണുവും നൽകീടാതെ 

എന്നെപ്പരിപ്പാലിച്ചീടട്ടേ

എന്നൊരു വരിയിൽ വിരമിക്കുന്നു. 

കേരളമാതാവിൻ ലാളനയാൽ 

പരിഷത്തേ നീ വിജയിച്ചാലും!

(1957)