പൊട്ടിച്ചിരിച്ചാലും കേരളാംബേ

കേരളാംബ പൊട്ടിച്ചിരി തുടരുന്നു സുദതിയാൾ
ചാരു മൃദുമേനിയാകെക്കുലുങ്ങും മട്ടിൽ
അങ്കമേറിക്കേളിയാടിത്തകർക്കുന്ന വത്സരേക്കാൾ
മങ്കമാരെ ചിരിപ്പിക്കാൻ കഴിവില്ലാർക്കും.
നാടുനീളെ നടക്കുന്നു കായികാഭ്യാസമത്സരം
പാഠശാലതോറും, കലാമത്സരങ്ങളും
നടനങ്ങൾ സംഗീതങ്ങൾ സരസമാം കഥകളി
നാടകങ്ങൾ പ്രസംഗങ്ങൾ ഓട്ടംതുള്ളലും.
ഓട്ടം ചാട്ടം പൊങ്ങിച്ചാട്ടം സായിപ്പന്മാർ പഠിപ്പിച്ച
മട്ടിലുള്ള പന്തുകളി പലതരത്തിൽ.
ഒട്ടും കുറവല്ല യുവപ്രഗത്ഭരെത്തോല്പിക്കുന്ന
മട്ടോൽമൊഴിമണിമാരുമിവയിലെല്ലാം.
പണ്ടെങ്ങാനും തരുണിമാർ പൊങ്ങിച്ചാടിക്കേട്ടിട്ടുണ്ടോ?
വണ്ടാറണിക്കുഴലിമാർ നിലത്തു നില്ക്കും.
ചിരിക്കാതെ സഗൗരവമിരിക്കുവാൻ കേരളാംബ-
യ്ക്കൊരിക്കലും സാധിക്കില്ലീ രംഗങ്ങൾ കണ്ടാൽ.
നൂറ്റാണ്ടിനു മുമ്പെങ്ങാണ്ടോ ഝാൻസിറാണി കോട്ടചാടി
കറ്റവാർകുഴലി യോദ്ധ്രിയശ്വാരൂഢയായ്
ഭാരതത്തിന്നഭിമാനസ്തംഭമാണീ റാണിയെന്നു
കേരളത്തിൽ കുമാരിമാർ കേട്ടിരിക്കുന്നു.
മഹാനസറാണിമാർക്കും കുറവില്ല കഴിവെന്നു
മഹാജനമിക്കാലത്തു സമ്മതിക്കുന്നു.
ചിരിച്ചാലും കേരളാംബേ, നിൻകുമാരീകുമാരന്മാർ
വിരിച്ചൊരുക്കുന്നു വഴി പുരോഗതിക്കായ്.
അവരെ നീ കൈപിടിച്ചു നയിച്ചാലും, ദേവീ നിന-
ക്കവരെക്കൊണ്ടുണ്ടാകണം ഭാസുരഭാവി.
ഭവികങ്ങൾ വന്നു നിന്നെപ്പുണരട്ടെ മേല്ക്കുമേലായ്
യുവജനമഹോത്സവം വിജയിക്കട്ടെ.
(സംസ്ഥാന യുവജനോത്സവ സ്മരണിക, 1971)
