Raathajubilee Mahamaham

രജതജൂബിലി മഹാമഹം


പാലായാം പാലാഴിയിൽ പള്ളികൊണ്ടരുളുന്ന

ശ്രീലപുണ്യശ്ലോകനാം “വയലിൽ” മെത്രാൻ

പാലൊളിപ്പുകൾകൊണ്ടു പാർവ്വണകലാനിധി-

ക്കാലസ്യമിയറ്റുന്ന പ്രതാപശാലി,

താഴാത്തഭരണത്താലൂഴിക്കുതിലകമായ്

വാഴുന്ന മാർ സെബാസ്റ്റ്യൻ വിജയിക്കുന്നു!

മാർത്തോമ്മാജ്ഞാനസ്നാനം നൽകിയ കുടുംബങ്ങൾ 

കീർത്തിതങ്ങളാണതിലൊരു കുടുംബം

വന്നിഹ കുടിയേറി കോട്ടക്കാവതിർത്തിയിൽ

പിന്നതിന്നഭിധാനം ‘വയലക്കൊമ്പായ്’

ശാഖകൾ വീശിപ്പടർന്നാ നല്ല പാരിജാത

ശാഖിയിൽ നിന്നിങ്ങൊരു ‘വയലു’മുണ്ടായ്

ആ വയൽ വിളഞ്ഞതിൻ കാഞ്ചനക്കതിർ പാലാ-

യീവിധം മകുടമായണിഞ്ഞിരിപ്പൂ.

 

പാലായാം പാലാഴിയിൽ പള്ളികൊണ്ടരുളുന്ന

ശ്രീലപുണ്യശ്ലോകനാം വയലിൽ മെത്രാൻ

ശേഷിയും ശേമുഷിയും ചേർന്നുമെത്രാസനത്തെ

ഭൂഷിതമാക്കീട്ടു കാൽശതാബ്ദമായി.

ആഹ്ളാദവീചിമാല രജതജൂബിലിയെ

ആഹ്വാനം ചെയ്തെങ്ങുമേ നടമാടുന്നു.

രൂപതാചരിത്രത്തിൽ കാഞ്ചനലിപികളായ്

ജൂബിലിയിതു ദീപ്തിപരത്തിനില്ക്കും.

 

നാഥനോടൊത്തു പാലാരൂപത ഭൂജാതയായ്

ജാതകക്കുറിപ്പാരുമെഴുതിയില്ല.

ഭൂതവർത്തമാനങ്ങൾ ഭാവിയും കാണുന്നവൻ

ജാതകപ്പൊരുത്തവുമറിഞ്ഞിരുന്നു.

നാലുനൂറ്റാണ്ടുകൊണ്ടു ചേരേണ്ട പുരോഗതി

നാലോന്നുനൂറ്റാണ്ടിന്റെയിടയിലുണ്ടായ്.

നാട്ടുകാരറിയുന്നു രൂപതയ്ക്കെത്രയെത്ര

നേട്ടങ്ങളുണ്ടെന്നിപ്പോൾ പരസ്യമായി. 

കർമ്മയോഗിയായ് കാലംപോക്കുന്ന തിരുമേനി

കർമ്മസിദ്ധിയിൽ പാരം കൃതാർത്ഥനുമായ്.

 

വൈദികമേലദ്ധ്യക്ഷന്മാരുടെ തറവാടെ-

ന്നാദൃതയാണു പാലാ, വിതർക്കമെന്യേ*

ആ നല്ലതറവാട്ടിലാദ്യത്തെക്കാരണവ-

രാണല്ലോ പ്രഗല്ഭനാം കഥാപുരുഷൻ

പാരിലത്തൃച്ചേവടിചേരുന്ന രംഗത്തെല്ലാ- 

മാരാധ്യവ്യക്തിമുദ്രപതിഞ്ഞുകാണാം.

സന്ന്യാസ പൗരോഹിത്യ പ്രേഷിതവിളികൾക്കീ

ധന്യരൂപതപാലായജയ്യയത്രേ.

സഞ്ചിത സുകൃതത്തിന്നോഹരി വർദ്ധിപ്പിച്ചു

പഞ്ചഭൂഖണ്ഡങ്ങളും പവിത്രമാക്കാൻ

പുരുഷന്മാരെന്നല്ല മാനിനിമണിമാരും 

ധീരരായ് കുടുംബം വിട്ടിറങ്ങിടുന്നു.

ലാലസിച്ചീടുന്നെങ്ങും ലോകമാതാക്കളായി

പാലാമാതാവിൻ മക്കൾ സുഭഗരായി.

പാലായാം പാലാഴിയിൽ പള്ളികൊള്ളും പ്രതാപ-

ശാലിയാം മാർ സെബാസ്റ്റ്യൻ വിജയിക്കുന്നു.

 

സാമാന്യനിലവിട്ട സാരസ്വതക്ഷേത്രങ്ങൾ

സാമൂഹ്യസാംസ്കാരികപ്രവർത്തനങ്ങൾ

ഉന്നതബിരുദങ്ങൾ നേടിയ ഭരണീയർ,

മാന്യകലാകാരന്മാർ, മഹാകവികൾ,

സന്ന്യാസഭവനങ്ങളാരാധനാലയങ്ങൾ

ധന്യമിഷൻകേന്ദ്രങ്ങൾ സെമിനാരികൾ.

അന്തിയിൽ തലചായ്ക്കാനാലയമില്ലാത്തവർ-

ക്കന്തരാർത്തിതീർക്കുന്ന നികേതനങ്ങൾ, 

സാധുബാലികാബാലന്മാർക്കുള്ള സങ്കേതങ്ങൾ

ആതുരശാലകളെന്നിതു വിധത്തിൽ

എണ്ണിയാൽ തീരാതുള്ള നേട്ടങ്ങൾ നിനച്ചാലീ

പുണ്യജനേശ്വരനെ നമിക്കുമാരും.

രജതജൂബിലിയും രാജിതസപ്തതിയും

യോജിക്കാനടുക്കുന്നു കരങ്ങൾ നീട്ടി.

ആരംഗമതിഹൃദ്യം ഭൂരിഭൂതിയോടങ്ങേ-

യ്ക്കാരോഗ്യം ദീർഘായുസ്സുംവരട്ടെ മേന്മേൽ.