Veezhum Pragalbhanum

വീഴും പ്രഗല്ഭനും


താലപ്രഭോ, നമസ്കാരം മറിഞ്ഞുവീ-

ണാലംബമറ്റങ്ങു മണ്ണിൽ കിടക്കയോ?

ഉന്നതശീർഷനായ് നൂറ്റാണ്ടിലേറെയീ

മന്നിൽ പ്രഗല്ഭനായ് ശക്തനായ് നിന്ന നീ

അല്പനാം കിട്ടന്റെ കോടാലി വെട്ടേറ്റു 

കെല്‌പറ്റു വീണോ ധരിത്രിയിൽ സങ്കടം!

 

കാണപ്പെടാതുള്ള തച്ചന്റെ കൈകളാൽ 

ക്ഷോണീതലം ശരിക്കൊന്നളന്നീടുവാൻ 

വച്ചിരിക്കും “മുഴക്കോലെന്നപോലെയാ-

ണാശ്ചര്യമേ! നിൻ കിടപ്പുകണ്ടീടുകിൽ. 

നീണ്ടുപോകും നിഴൽപ്പാടാലളന്നു നീ 

കണ്ടിരുന്നെത്രനാളീഭൂത ധാത്രിയെ? 

ആഴിയും പഞ്ചഭൂഖണ്ഡങ്ങളും നിന്റെ 

കീഴിലായ് വീക്ഷിച്ചഹങ്കരിച്ചെത്ര നാൾ? 

വീശും മഹാവാതമാഞ്ഞടിക്കുമ്പൊഴും 

ലേശവും കൂസലില്ലാതേറെ ധീരനായ് 

മെല്ലെമെല്ലെത്തലയാട്ടിക്കളിയാക്കി-

യില്ലയോ കാറ്റിനെ, ചങ്കൂറ്റമത്ഭുതം! 

വട്ടം കറക്കിവേരോടെ പറിച്ചെറി –

ഞ്ഞിട്ടുപോയാശുഗൻ മറ്റുവൃക്ഷങ്ങളെ.

 

 പോയനൂറ്റാണ്ടിന്റെ സംസ്കാരവും കണ്ട 

നീയെത്രയോ ഭാവി വിദ്വജ്ജനങ്ങളെ 

അക്ഷരാഭ്യാസത്തിനോല നല്കിക്കൊണ്ടു 

ശിക്ഷണത്തിൽ സഹായിച്ചു വേണ്ടുംവിധം. 

പൂർവ്വികന്മാരായ ശാസ്ത്രജ്ഞരും, മഹാ 

കാവ്യകൃത്തുക്കൾ മഹർഷിമാരൊക്കെയും

താളിയോലഗ്രന്ഥമല്ലോ ചമച്ച,തീ 

നാളിലും സംപൂജ്യവസ്തുക്കളാണവ. 

ആഭിജാത്യത്തിലും പിന്നോക്കമല്ല നീ 

സാഭിമാനം നിനച്ചാലും വയോധിക. 

പ്രായം ശരിക്കൊന്നറിഞ്ഞീടുവാനെന്തു 

പ്രായം വിഭോ? രേഖയൊന്നുമില്ലെങ്ങുമേ. 

കിട്ടന്റെയച്ഛൻ വയോവൃദ്ധനോതുന്നു 

തിട്ടവായ് രണ്ടു നൂറ്റാണ്ടോളമെന്നു താൻ. 

ആയിരിക്കാം; അവൻ നാനാവിധം വൃക്ഷ- 

മായിരത്തിൽ പരം വെട്ടിയിട്ടുള്ളവൻ 

ആ മനുഷ്യന്റെ കൗമാരത്തിലിത്താല –

മാമരത്തിൽ നിന്നൊരോല വെട്ടീടുവാൻ 

രൂപാ കൊടുത്താലുമാളില്ല പോലുമ-

ത്യാപത്തിനെ ഭയന്നത്രയത്യുന്നതൻ. 

 

ജന്മം നിനക്കേകിയിക്കാലമൊക്കെയും

നിർമ്മായ വാത്സല്യമോടേ വളർത്തിയ 

“തോട്ടം’ പറമ്പും കുടുംബവും കണ്ടു നീ – യൊട്ടുകാലത്തെച്ചരിത്രമൊന്നോതുമോ? 

ആരാഞ്ഞുപിന്നോട്ടുപോയാൽ ചരിത്രമോ –

ട്ടാറേഴു നൂറ്റാണ്ടു നീണ്ടേക്കുമെങ്കിലും

കേവലം നീ കണ്ടറിഞ്ഞ കാര്യങ്ങളെ –

യാവോളമോതുകിൽ സംതൃപ്തയാണു ഞാൻ. 

ഇല്ല മറ്റാരുമീനാട്ടിലെങ്ങും നിന്നെ 

വെല്ലുംവിധം പുരാവൃത്തങ്ങളോതുവാൻ. 

ഉന്നതശീർഷനായ് നിന്ന നീ വീണുപോ-

 

യെന്നു കണ്ടപ്പൊഴേ ബാലകന്മാരിതാ

മേളിച്ചു നിന്റെമേൽ കേറിപ്പലേതരം

താളം ചവിട്ടിക്കളിക്കുന്നു വിസ്മയം! 

ദാംഭികന്മാരാം മരംകയറ്റക്കാർക്കു 

സംഭ്രമം കൊള്ളിച്ചിരുന്ന ഗംഭീരനെ 

കുട്ടികൾപോലും ചവിട്ടി മർദ്ദിക്കയോ? 

കഷ്ടമീമട്ടിലാണീലോക നാടകം.

വീഴും പ്രഗല്ഭനും, പൊങ്ങും ദിവാകരൻ 

താഴുമഭ്രങ്ങൾ മറയ്ക്കുമൃക്ഷങ്ങളെ.

പാറുന്ന ധൂളികൾ വർഷകാലങ്ങളിൽ

ചേറായിമാറും, കലങ്ങും ജലത്തിലും

അസ്ഥിരം ലോകത്തിലേതുമെന്നീ ലോക-

യാത്രയിൽ നാം വിസ്മരിക്കാതിരിക്കണം.

(ഫോക്കസ് മാസിക, 1974)