Vithachal Koyyum

വിതച്ചാൽ കൊയ്യാം


കുറച്ചുമാത്രം വിത്തു വിതച്ചാൽ 

കൊയ്ത്തും കുറവാകും 

നിറഞ്ഞകൈയൊടു വാരിവിതച്ചാൽ

കൊയ്യാമതുപോലെ; 

സമൃദ്ധമായിക്കൊയ്യാൻ നീതി 

വിതയ്ക്കണമെല്ലാരും 

സമൃദ്ധരാകണമൗദാര്യത്തിലു- 

മെന്നാൽ വിജയിക്കും. 

സുഖപ്രിയന്മാർ ധനികന്മാരും 

യാചകരെത്തുമ്പോൾ

മുഖത്തു നീരസഭാവത്തോടെ-

യവരേ നോക്കരുതേ;

അകംതെളിഞ്ഞു കൊടുക്കുന്നവനെ 

സ്നേഹിച്ചീടുന്നു

ജഗത് പിതാവെന്നുള്ളൊരു സംഗതി 

യേവരുമോർക്കേണം

പവിത്രലിഖിതം പറയുന്നിങ്ങനെ 

കേൾക്കുക സോദര ഞാ- 

നുയർത്തി നിന്നെശ്ശക്തി മദീയം 

നിന്നിൽക്കാണിപ്പാൻ.

അഭിഖ്യമാമകമങ്ങനെ ലോകേ 

പ്രഖ്യാപിതമാകാൻ;

അനുഗ്രഹം ഞാനിച് ഛിപ്പവനിൽ

ചൊരിയും വേണ്ടതുപോൽ. 

തനിക്കുവേണ്ടതിലധികം ദൈവം 

ധനികനു തന്നില്ല

ധനം കുറഞ്ഞവനാവശ്യത്തിൽ 

കുറവും ചെയ്തില്ല;

ഒരുത്തനുള്ള സുഭിക്ഷതയാലേ 

യപരൻ ദുർഭിക്ഷൻ 

നിരപ്പുകേടു നികത്തിക്കഴിയണ

 മതുതാൻ ദൈവഹിതം. 

പരൻപൂമാനഖിലാണ്ഡവ്യാപി 

മനുഷ്യരെ രക്ഷിപ്പാൻ 

തിരുക്കുമാരനെയല്ലോ വിട്ടതു

വിമുഖത കൂടാതെ; 

അതിൽക്കവിഞ്ഞൊരുദാരതയുണ്ടോ?

 നന്നായ് ചിന്തിക്കാം 

നിതാന്തനിസ്‌തുലദാന,മതല്ലോ 

നമ്മുടെയാദർശം. 

കനിഞ്ഞുവേണ്ടവയെല്ലാം നല്കാൻ

 ശക്തൻ ചിദ്രുപൻ, 

മനുഷ്യനെന്തിനു ചിന്താവ്യഗ്രത 

ഭാവി നിനയ്ക്കുമ്പോൾ

വിതയ്ക്കു വേണ്ടും വിത്തു തരുന്നവ 

നാരാണദ്ദേഹം

വിതർക്കമെന്യേ നിന്റെ വിശപ്പിനു

ഭക്ഷണവും നല്കും. 

അഭിന്നമാനസരായ് പരമാഹ്‌ളാ

ദിക്കുക സോദരരേ,

യഭംഗമന്തശ്ശാന്തിയിലും നില

 നില്ക്കുക നല്ലവരായ്.

ധരിക്ക സാന്ത്വനസന്ദേശങ്ങൾ

മംഗളദൂതുകളും

പരത്തുവോരുടെ കാൽത്താരിണകൾ

നിതരാം സുന്ദരമേ!

                                                      (പാലാ മിഷൻ ഹോം ജൂബിലി സുവനീർ,

നവംബർ, 1968)