എന്റെ വിപഞ്ചിക

ഞാനെന്റെ നാഥൻ്റെ സ്നേഹസ്വരൂപത്തേ
മാനസതാരിൽ നിനച്ചിടുമ്പോൾ
ആനന്ദപൂർണ്ണയായെൻ്റെ വിപഞ്ചിക
താനേ സംഗീതങ്ങളാലപിക്കും.
കൈയിലെടുക്കേണ്ട, മേശമേൽ വയ്ക്കേണ്ട,
കൈയിനാൽ തന്തികകൾ മീട്ടിടേണ്ട,
എന്റെ സമാധിയിൽ ഞാൻ ലയിച്ചിടുമ്പോ-
ളെന്റെ വിപഞ്ചിക പാട്ടുപാടും.
ഏറ്റം സുഖകരമായുള്ളമെത്തമേ-
ലേറ്റിഞാനാദരിക്കേണ്ടതെല്ലും,
മോടികലർന്നതിഭദ്രമായുള്ളൊരു
മൂടുപടമിട്ടു മൂടിടേണ്ട,
ഏതൊരുകാറ്റിലുമേതുപിശറിലു-
മാതങ്കമറ്റതു പാടിക്കൊള്ളും
പാടത്തും നല്ല പറമ്പിലും മുറ്റത്തു-
മാടലകന്നതു പാട്ടു പാടും.
കൊട്ടാരസീമനി, മട്ടുപ്പാവിന്മീതേ
നട്ടുച്ചനേരത്തു പാടുമ്പോലെ
ചെറ്റക്കുടിലിലാ പാതിരാനേരത്തും
ചെറ്റുഭേദംവിനാ പാടിക്കൊള്ളും.
കത്തിക്കാളീടുന്നതീയിലെറിഞ്ഞാലും
തത്തിക്കളിക്കുന്ന സാഗരത്തിൽ
മുക്കിമറിച്ചാലുമെൻ വിപഞ്ചിക
തർക്കമേതുംവിനാ പാട്ടുപാടും.
എന്റെ വിപഞ്ചിക പാടിടും ഗാനങ്ങ-
ളെന്റെ നാഥൻ കേട്ടു സന്തോഷിക്കും.
ആ നല്ല ഗാനത്തിൻ മാധുരിയാസ്വദി-
ച്ചാനന്ദിച്ചീടുമെൻ പ്രാണനാഥൻ.
താളം പിഴയ്ക്കാതെ രാഗങ്ങൾ തെറ്റാതെ
മേളങ്ങളൊന്നും കുറച്ചിടാതെ
എന്നേക്കും പാടീടുമെൻ്റെ വിപഞ്ചിക-
യെൻ നാഥനെന്നേക്കുമാനന്ദിക്കും.
(മധ്യസ്ഥൻ, 1937)
