ഇതല്ലേ പറുദീസ!

പേരെടുത്തുള്ളൊരു ദേശസഞ്ചാരിക-
ളാരുമേയിന്നോളം കണ്ടിടാതെ
ദണ്ഡി തൊട്ടുള്ള കവിപ്രവീരന്മാർക്കും
വർണ്ണനാവസ്തുവായ് തീർന്നിടാതെ
ഉത്തമന്മാരായ ചിത്രകാരന്മാർക്കും
നേത്രത്തിലിന്നോളമെത്തിടാതെ
ശക്തന്മാരായുള്ള ലോകസമ്രാട്ടുകൾ-
ക്കാർക്കുമൊരിക്കലും കീഴ്പെടാതെ
ഭൂമിശാസ്ത്രജ്ഞന്മാരാരുമന്വേഷിച്ചാൽ
ഭൂമിയിൽ കണ്ടെത്താൻ സാധിക്കാതെ
നൂതനമായി ഞാൻ കണ്ടുപിടിച്ചൊരു
ഭൂതി നിറഞ്ഞുള്ള ‘പാരഡൈസ്സിൽ
അത്തലെന്തെന്നുള്ളതേതുമറിയാത്തൊ-
രസ്ഥലത്താണെൻ്റെ വാസമിപ്പോൾ.
ആനന്ദസാഗരവീചീപരമ്പര
മാനത്തിലങ്ങുകളിച്ചിടുമ്പോൾ,
ക്ഷീണതയറ്റു ഞാനായതിന്മേലേറി-
ച്ചേണുറ്റ ഗാനങ്ങളാലപിപ്പൂ.
മാനുഷനാസകൾ ഘാണിച്ചിട്ടില്ലാത്തോ-
രാനല്ലദിവ്യമാം സൗരഭ്യത്തേ
തന്നിൽ വഹിച്ചെങ്ങും മന്ദമായ് വീശുന്ന
തെന്നലണഞ്ഞെന്നെത്താരാട്ടുന്നു;
സൃഷ്ടിക്കപ്പെട്ടുള്ള വസ്തുക്കളൊക്കെയെ
ന്നിഷ്ടത്തിനൊത്തങ്ങുവർത്തിക്കുന്നു;
ആകവേയാസ്ഥലത്തുള്ള വിശേഷങ്ങൾ
ലോകസാധാരണമല്ലതെല്ലും.
കണ്ണുതുറന്നു ഞാൻ നോക്കുന്ന ദിക്കെല്ലാം
വിണ്ണിലേക്കാളും വിശിഷ്ടമത്രേ.
കാളുന്ന കൗതുകം കാതിന്നുചേർക്കുന്ന
താളമേളങ്ങളിടവിടാതെ,
മന്ദം മുഴങ്ങിമുഴങ്ങിയാദിക്കെല്ലാ-
മെന്നും സദിരെന്നേ ചൊല്ലിടേണ്ടു.
ഗായകസംഘത്തിൻ ശബ്ദമൊന്നെപ്പോഴും
വായുവിൽ മാറ്റൊലിക്കൊണ്ടിടുന്നു.
“സ്നേഹിപ്പിൻ! സ്നേഹിപ്പിൻ! സ്നേഹിപ്പിൻ! ശാശ്വത-
സ്നേഹത്തേ സ്വർഗ്ഗവും വെല്ലുകില്ല.
ദേഹം നശിച്ചാലും സ്നേഹം നശിച്ചിടാ
സ്നേഹിപ്പിൻ! സ്നേഹിപ്പിൻ! നിഷ്ക്കളങ്കം’
മാധുര്യമേറുമീഗാനവിശേഷമെൻ
കാതുകളിൽ കടന്നിമ്പമോടെ
മായാവിഹീനമെൻ ചങ്കിനകത്തേക്കു
പീയൂഷധാരചൊരിയുകയാൽ,
അല്ലും പകലും തിരിച്ചറിയാതെഞാ-
നുല്ലാസപൂർവം വസിച്ചിടുന്നു.
മംഗലഗാത്രികളായുള്ള നല്ലൊരു
ചങ്ങാതിമാരോടുമൊത്തുകൂടി,
ചന്തം കലർന്നുള്ള മൈതാനദേശത്തു
ന്താടിമേളിക്കുമൊട്ടുനേരം;
വാടാത്ത പൂക്കളാൽ മോടികലർന്നുള്ള
വാടികളിലണഞ്ഞാടലെന്യേ
നല്ലകുസുമങ്ങൾ മെല്ലെമെല്ലെപ്പറി-
ച്ചുല്ലാസമായ് ഞങ്ങൾ മാലകെട്ടും;
സാക്ഷാൽ നിയതിയാം മാതാവു ഞങ്ങൾക്കാ-
യാക്ഷേപമെന്നിയേ തീർത്തിട്ടുള്ള
വള്ളിക്കുടിലായനല്ലോരുമാളിക-
യ്ക്കുള്ളിലൊളിച്ചുകളിക്കും ഞങ്ങൾ;
ഭംഗിയിലോരോരോവേഷം ധരിച്ചവർ
തിങ്ങുന്ന കൗതുകപുരത്തോടെ,
മോടികലർന്നുള്ള നാടകശാലയിൽ
നാടകമാടും ചിലസമയം;
അച്ഛസ്ഫടികസങ്കാശമായ് ശോഭിക്കും
മെച്ചമേറീടുന്ന വാപിതോറും,
ഇച്ഛപോൽ നീന്തിക്കളിച്ചും തകർത്തുമൊ-
ട്ടുച്ചത്തിൽ പാടിയുമാനന്ദിക്കും;
കുന്നിൻചരുവിലേക്കല്ലിൻപുറങ്ങളിൽ
മന്ദമന്ദം തടഞ്ഞിമ്പമായി,
മെല്ലെന്നിരച്ചുതെളിഞ്ഞൊഴുകീടുന്ന
നല്ലോരരുവികൾക്കന്തികത്തിൽ,
പുല്ലിൻപുറത്തു രസിച്ചിരുന്നൊട്ടുപേർ
നല്ലകവിതകളങ്ങെഴുതും;
മെത്തുംകുതുകേന തൂലികയുമേന്തി
ചിത്രമെഴുതീടും മറ്റനേകർ;
പാടിപ്പറക്കുന്ന പൈങ്കിളിക്കൂട്ടത്തേ
യോടിപ്പിടിച്ചു കരത്തിലാക്കി,
നല്ലമധുരഫലങ്ങൾ പറിച്ചവ
യ്ക്കുല്ലാസപൂർവം കൊടുത്തുകൊണ്ടും,
ഓമനിച്ചങ്കത്തിലേറ്റിത്തലോടിയു-
മാമോദിക്കും പലരങ്ങുമിങ്ങും;
പാറപ്പുറങ്ങളിൽ മോദമോടേ ചിലർ
കേറിയും ചാടിയും കേളിയാടും;
ചെമ്മരിയാടുകൾ, വെഞ്ചമരികളും
മാൻ മുതലായ മൃഗങ്ങളെല്ലാം;
ചെമ്മേജലം കുടിപ്പാനങ്ങണയുമ്പോ-
ളുണ്മയിൽ ഞങ്ങളോടൊത്തുകൂടി,
ചാടിത്തകർത്തും മറിഞ്ഞും ചിലനേര-
മാടലകന്നങ്ങു ലീലയാടും;
തിങ്ങിപ്പഴുത്തകുലകൾവഹിച്ചതി-
ഭംഗിയിലോരോരോ വൃക്ഷങ്ങളിൽ
പറ്റിപ്പടർന്നുമറിഞ്ഞുകുതുകമായ്
ചുറ്റിത്തിരിഞ്ഞിളംതെന്നലേൽക്കെ
തുള്ളിക്കളിക്കും മനോജ്ഞമാം മുന്തിരി-
വള്ളികളിൽ ഞങ്ങളൂഞ്ഞാലാടും;
വൃക്ഷശിഖരത്തിലെത്തിച്ചിലരോരോ
പുഷ്പങ്ങളിൽനിന്നു നൃത്തമാടും;
പക്ഷമില്ലെങ്കിലും പക്ഷികളെപ്പോലെ
യാക്ഷേപമറ്റു ചിലർ പറക്കും;
മേഘത്തിന്മേലേറിക്കാഹളമൂതിക്കൊ-
ണ്ടാകാശത്തിൽ ചിലർ സഞ്ചരിക്കും;
കമ്പം വെടിഞ്ഞു ചെ”ന്നമ്പിളിയമ്മാവ”
ന്നിമ്പമോടേ ചിലരുമ്മ നൽകും;
എന്തുചെയ്തീടിലുമെങ്ങുപോയീടിലും
“ബന്ധോവസ്സി’ല്ലതിന്നൊന്നുമെങ്ങും.
താഴത്തുവീഴുക മുട്ടുക പൊട്ടുക
കേഴുകയീവകയില്ലവിടെ.
പ്രായമേറുന്നവർ തല്ലുമെന്നുള്ളൊരാ
ഭീയൊരുലേശവും ഞങ്ങൾക്കില്ല.
തുള്ളിക്കളിക്കുന്ന ബാലകരാം ഞങ്ങ-
ളല്ലാതെവൃദ്ധന്മാരില്ലവിടെ.
ചേലോടെന്നും പതിനാറുവയസ്സെന്യേ
മാലേറും പ്രായക്കാരാരുമില്ല.
ആമോദമേവർക്കുമേകിവിലസും ന-
ല്ലോമനക്കുഞ്ഞുങ്ങളുണ്ടനേകം.
താലോലിച്ചീടാനും, താരാട്ടുപാടാനും,
പാലൂട്ടിരക്ഷിച്ചുകൊള്ളുവാനും,
കള്ളമല്ലോമനിച്ചുമ്മവച്ചീടാനും,
തള്ളമാരില്ലിവർക്കന്തികത്തിൽ.
എന്തൊരാഹ്ലാദമാക്കുഞ്ഞുങ്ങളെക്കണ്ടാൽ
ചിന്തവെടിഞ്ഞാരും നോക്കിനില്ക്കും.
മന്താരവൃക്ഷത്തിൻ ശാഖയിലേറ്റവും
കാന്തിയേറീടുന്ന പട്ടുനൂലാൽ,
ബന്ധുരമായ് പണിചെയ്തിളം തെന്നലിൽ
ചന്തമായാടിവിലസിടുന്ന,
നല്ലൊരു തൊട്ടിലിൽ സൗരഭ്യമേറുന്ന
ഫുല്ലകുസുമം വിരിച്ചതിന്മേൽ,
പല്ലവകോമളമേനിയെഴുന്നോരു
ചെല്ലക്കിടാവുശയിച്ചിടുന്നു;
വാലുവിരിച്ചുനിന്നാടും മയിലിന്റെ
കാലിൽ പിടിച്ചുമുതുകിലേറി,
ചേലൊത്തപീലിമേൽചാരിക്കിടന്നങ്ങു
ലീലയാടീടുന്നു മറ്റൊരുണ്ണി;
കൂടിക്കളിക്കുവാനാദിത്യദേവനേ
മാടിവിളിച്ചിടുന്നന്യബാലൻ;
ആരോമൽക്കുഞ്ഞൊന്നുമുട്ടിന്മേൽനീന്തിയ-
ങ്ങാരാമത്തിൽകൂടിസ്സഞ്ചരിച്ച്,
പുഷ്പത്തെവെല്ലുന്ന കൊച്ചുകൈകൊണ്ടോരോ
പുഷ്പങ്ങൾ മന്ദ മന്ദം പറിച്ച്,
പുഷ്ടമോദം തൻ്റെയന്തികേയുള്ളൊരു
കുട്ടയിൽ കൂട്ടുന്നു മാല കെട്ടാൻ;
കോകിലവാണിമാർ കൊച്ചുപെൺകുട്ടിക
ളാകുലമെന്നിയേ വട്ടംകൂട്ടി,
പാവകളെപ്പോലെവേഷമണിയിച്ചാ-
പാവനചിത്തകളുല്ലസിപ്പൂ;
ചാട്ടത്തിൽ മത്സരിച്ചാർപ്പുവിളിച്ചിട്ടും
പട്ടം പറപ്പിച്ചു ബാലകന്മാർ;
കല്ലോലജാലംകളിക്കും കടൽത്തീര
ത്തെല്ലാരും കൂടിരസിച്ചിടുന്നു;
പൊങ്ങിമറിയുന്നവീചീപരമ്പര
തങ്ങളിൽ കൂട്ടിയടിച്ചിടുമ്പോൾ,
വാനിൽചിതറുന്നുവാരികണങ്ങൾക-
ണ്ടാനന്ദമത്തരാം ബാലകന്മാർ,
വെള്ളമണലിലെഴുതും കവിതകൾ
വെള്ളത്തിരവന്നു മായ്ച്ചിടുന്നു;
നക്ഷത്രജാലത്തേലജ്ജിപ്പിച്ചീടുമാ-
റക്ഷീണഭാസെഴും രത്നജാലം,
മുറ്റുമാനന്ദേനശേഖരിച്ചൊട്ടുപേ-
“രൊറ്റയിരട്ട” കളിച്ചിടുന്നു;
“സ്നേഹിപ്പിൻ! സ്നേഹിപ്പി”നെന്നുള്ള പല്ലവി
സ്നേഹത്തോടെല്ലാരുമൊന്നുപോലെ,
ഏറ്റുപാടുന്നതിൻമാറ്റൊലി മാധുര്യം
കാറ്റിൽ മുഴങ്ങുന്നതുണ്ടിടയിൽ.
മെച്ചമേറീടുന്ന പുഷ്പസമൂഹവും
പച്ചയിലകളും തിങ്ങിനില്ക്കും,
പാദപമൂലത്തിൽ മുല്ലപ്പൂമെത്തമേൽ
സാദമകന്നു ശയിച്ചുകൊണ്ട്,
പുഞ്ചിരിതൂകിയുറങ്ങും ശിശുക്കടെ
തേഞ്ചോരും ചുണ്ടിന്റെ ശോഭകണ്ട്,
നന്മധുവോലുന്ന പുഷ്പമെന്നോർത്തണ-
ഞ്ഞുമ്മവച്ചീടുന്നു ഷൾപദങ്ങൾ.
പങ്കമകന്നസരസ്സുകളിൽതിങ്ങും
തങ്കച്ചെന്താമരകൾക്കിടയിൽ,
തങ്കക്കുടങ്ങളെപ്പോലുള്ള കുട്ടികൾ
ശങ്കവെടിഞ്ഞുകളിക്കുന്നേരം,
കോമളിമാവെഴും കൊച്ചുമുഖങ്ങളും
താമരപ്പൂക്കളുമായിടഞ്ഞ്,
തെന്നലിലാടിയും മുങ്ങിയും പൊങ്ങിയു
മുന്നമ്രകാന്തി ചിതറിടുമ്പോൾ,
തമ്മിൽത്തിരിച്ചറിഞ്ഞീടായ്കമൂലമാ-
യംബുജമെന്നുള്ള വിഭ്രമത്താൽ,
അന്നങ്ങൾചെന്നു മുഖത്തുകൊത്തീടവേ
ഖിന്നത കൂടാതെ കൈകൾനീട്ടി,
ഓമനിച്ചങ്ങുപിടിക്കുന്നു കുട്ടിക-
ളാമോദം പൂണ്മതുണ്ടന്നങ്ങളും.
നല്ലമരതകപ്പച്ചയേ നിസ്തർക്കം
വെല്ലുന്ന പ്രതാവലിക്കിടയിൽ
സ്വർണ്ണമയമാം കുലകൾ വഹിച്ചിട്ടു
വർണ്ണനാതീതമാം ശോഭയോടെ
നില്ക്കും മനോഹരവൃക്ഷങ്ങൾ കാണുകി
ലാർക്കും കുതൂഹലം വർദ്ധിച്ചീടും.
ചൊല്ലേറും സൗരഭ്യം നാട്ടിലെങ്ങും ചിന്നി
ഫുല്ലമായ് നില്ക്കുന്ന പുഷ്പജാലം
പുഞ്ചിരിതൂകി തലയും കുലുക്കിക്കൊ-
ണ്ടഞ്ചിതകൗതുകം നോക്കുന്നെന്നെ.
ഷൾപദജാലങ്ങളുൾപ്രമോദത്തോടേ
പുഷ്പങ്ങൾതോറുമടുത്തുചെന്ന്
എന്തോരഹസ്യങ്ങൾ മന്ത്രിച്ചു പിന്മാറി-
സ്സന്തോഷിച്ചങ്ങിനെ പാടിടുന്നു.
വെഞ്ചമരികളും ചെമ്മരിയാടുകൾ
പഞ്ചവർണ്ണക്കിളിതത്തകളും,
ആടും മയിലുകൾ പാടും കുയിലുക-
ളോടിക്കളിക്കും മുയലുകളും,
കാഴ്ചയ്ക്കുകൗതുകമേറും ശലഭങ്ങൾ
മെച്ചമേറീടുന്നൊരന്നങ്ങളും,
എല്ലാമൊരുമിച്ചു നല്ലൊരുദ്യാനത്തി-
ലുല്ലസിച്ചങ്ങിനെ വാണിടുന്നു.
ദുഷ്ടജന്തുക്കളെന്നുള്ളൊരു വർഗ്ഗത്തേ
യൊട്ടുമേയാദിക്കിൽ കാണ്മാനില്ല.
വാപികൾ വറ്റുന്നില്ലാറുകൾ മെത്തുന്നി-
ല്ലാപത്തെന്നുള്ളതേ കേൾപ്പാനില്ല.
ചോലകളിൽകൂടിനിർമ്മലമായെന്നു-
മോലുന്നവാരി കലങ്ങുന്നില്ല.
ആദിത്യദേവനുമുഗ്രകിരണനാ-
യാദിക്കിൽ ശോഭിച്ചുകാണുന്നില്ല.
മദ്ധ്യാഹ്നമില്ലങ്ങു സായാഹ്നവുമില്ല
രാത്രിയിരുട്ടിവയൊന്നുമില്ല.
ഋതുക്കളൊന്നുമേ മാറിവരുന്നതി-
ല്ലേതൊരുനേരത്തും സുപ്രഭാതം.
പച്ചയിലകൾ പഴുത്തുവീഴുന്നില്ല,
മെച്ചമേറും പൂക്കൾ വാടുന്നില്ല.
വാർദ്ധക്യം, രോഗം, മരണ, മെന്നീവക-
യാർത്തികളൊന്നുമാ ദേശത്തില്ല.
ചോരണം, ദുഷ്ടത, വാരുണീസേവയും
ദാരിദ്ര്യപീഡയുമില്ലവിടെ.
ക്ഷുൽപിപാസാദികളൊന്നുമൊരിക്കലു-
മല്പവുമാരിലും തട്ടുന്നില്ല.
കൊട്ടാരമില്ലങ്ങു ഗോപുരവുമില്ല
നാട്ടിന്നധിപനായാരുമില്ല.
സമ്പന്നന്മാരില്ല, നിർദ്ധനന്മാരില്ല
സമ്പത്തിലാശയുമാർക്കുമില്ല.
പൈതങ്ങൾ രോദനം ചെയ്യുന്നില്ലെന്നല്ല
കൈതവമറ്റവർ പാടിടുന്നു.
പഞ്ചമിച്ചന്ദ്രനേലജ്ജിപ്പിച്ചീടുന്ന
പുഞ്ചിരിച്ചന്ദ്രികാ സഞ്ചയത്തേ,
ഭംഗിയിൽ ചാർത്തി വിലസും മുഖങ്ങളേ-
യെങ്ങുനോക്കീടിലും കാണ്മാനുള്ളൂ.
“സ്നേഹിപ്പിൻ! സ്നേഹിപ്പി”നെന്നുള്ള ഗാനമേ-
യാഹന്ത! കേൾപ്പതിനുള്ളു മേന്മേൽ.
ആനന്ദമെന്നല്ലാതാസ്ഥലത്തെപ്പറ്റി
ഞാനൊന്നും വർണ്ണിപ്പാൻ കാണുന്നില്ല.
സ്വർഗ്ഗമെനിക്കിന്നു തീറെഴുതീടിലും
തർക്കമില്ലീസ്ഥലം വിട്ടിടാ ഞാൻ.
വന്നുകണ്ടിട്ടൊരാളിസ്ഥലം കൈവെടി-
ഞ്ഞിന്നോളം പോയതായ് കേൾവിയില്ല.
വാനവർപോലും കൊതിക്കുമീയാനന്ദം
മാനുഷനാവിനാൽ വർണ്യമല്ല
ഉട്ടക്കമണ്ടിലും നീലഗിരിയിലും
കിട്ടുകില്ലീസുഖം തെല്ലുപോലും.
പാൽക്കടൽത്തീരത്തിലൂക്കൻമണിമേട
തക്കത്തിലൊന്നു ചമച്ചതിൻ്റെ
പൊക്കത്തിലേറിക്കളത്രാദിയുമൊത്തു
പാർക്കിലുമീസുഖം കിട്ടുകില്ല.
സർവകലയിലും പണ്ഡിതനായ്ത്തീർന്നു
സർവജ്ഞപീഠത്തിൽ ശോഭിച്ചാലും
വിശ്വവിഖ്യാതനായ്ത്തീർന്നെന്നിരുന്നാലും
ശാശ്വതമീസുഖം ലഭ്യമല്ല.
ഈസ്ഥലമേതെന്നു കണ്ടുപിടിപ്പാനായ്
ശാസ്ത്രജ്ഞന്മാരും ക്ഷീണിച്ചേക്കാം.
കപ്പൽ കയറിക്കടലുകടന്നാലും,
ക്ഷിപ്രംതീവണ്ടിയിലോടിച്ചാലും
“ആകാശക്കപ്പലി”ൽ ചുറ്റിത്തിരിഞ്ഞാലും,
ലോകത്തേ”യമ്മാനമാടി”യാലും,
ഭാവുകസമ്പൂർണ്ണമായുള്ളോരിസ്ഥല-
മേവനും കണ്ടെത്താൻ സാധ്യമല്ല.
സത്യതിരുസ്സഭക്കപ്പലിന്നുള്ളിലേ
യാത്രക്കാരിൽ ചില ബുദ്ധിമാന്മാർ,
കൈതവമറ്റമനസ്സാക്ഷിയൊന്നിനാൽ
പൈതങ്ങളോടു സമത്വമുള്ളോർ,
സത്യവും നീതിയും കൊണ്ടു പിഴയെന്യേ
നിത്യവും ചുക്കാൻ പിടിച്ചിടുന്നോർ,
കാറ്റും പിശറുമീലോകസമുദ്രത്തി-
ലേറ്റവും ശക്തിയായ്ത്തട്ടിടുമ്പോൾ,
നേർവഴിയേതെന്നറിയാത്തമൂഢന്മാർ
ദുർവ്വീഥിയിൽക്കൂടി പാഞ്ഞിടുമ്പോൾ,
ഭീതിയകന്നങ്ങഭയം പ്രാപിപ്പതു
ഭൂതിനിറഞ്ഞൊരീദേശത്തത്രേ.
ഇത്രമനോജ്ഞമായിത്രവിശിഷ്ട്മാ-
യെത്രയോദിവ്യമാമിപ്രദേശം
ഏതെന്നുഞാനെൻ്റെ വായനക്കാരോടി-
ന്നേതുപ്രകാരം പറഞ്ഞീടേണ്ടൂ?
ജീവനേപ്പോലും മനുഷ്യകുലത്തിനായ്
സ്ളീവാമരത്തിന്മേൽ പൂജിച്ചിട്ടും
സംതൃപ്തനാകാതെ ചങ്കിൽശേഷിച്ചൊരു
തൻതിരുരക്തത്തിൻതുള്ളിപോലും
നന്ദിയില്ലാത്തനരവർഗ്ഗത്തിന്നായി
തന്നുകൃതാർത്ഥത നേടിയോരു
“സ്നേഹസ്വരൂപൻ്റെ ദിവ്യഹൃദയ”മാ-
ണാഹന്ത ഞാൻ ചൊന്നോരിപ്രദേശം.
വന്നുഞാനിസ്ഥലം കണ്ടനാൾതൊട്ടെനി-
ക്കൊന്നുമേയല്ലലില്ലൊന്നുകൊണ്ടും
സർവ്വതും മംഗളം! സർവ്വതും സമ്പൂർണ്ണം
സർവ്വതുമാനന്ദം! നിത്യാനന്ദം.
(ദീപിക, സെപ്തംബർ 1926)
