ഇതുതന്നേ വിശ്വരൂപം

അഖിലാണ്ഡമുടയോന്റെയസ്തിത്വസാക്ഷ്യമാ-
ണഖിലദിഗന്തവും നിർവ്വിവാദം.
ഹൃദയത്തിലിരുളേതുമില്ലാതെനോക്കുമ്പോൾ
വിദിതമായ്ത്തീരുമിക്കാര്യമാർക്കും.
അലതല്ലിച്ചിന്നുന്ന പലവർണ്ണരശ്മിയാ-
ലുലകത്തെക്കാന്തിയിലാഴ്ത്തിടുന്ന
ഉദയമാർത്താണ്ഡനിലീശ്വരചൈതന്യ-
ഹൃദയാലുവിജ്ഞാനി കാണുന്നില്ലേ?
അമൃതോലും കിരണത്താൽ യാമിനിവേളയിൽ
ക്ഷമയാകും ദേവിയെപ്പുളകപൂരം
അണിയിക്കും വിധുവിലുമീശ്വരചൈതന്യ-
മണിവീചിമാലകളായിക്കാണാം.
അകലെയങ്ങംബരവീഥിയിലെമ്പാടും
ബകുളപ്പുവിതറിക്കിടക്കുംപോലെ
വിലസുന്നതാരങ്ങൾ ബ്രഹ്മാണ്ഡശില്പിയെ
നലമൊടേവാഴ്ത്തുകയാണു നിത്യം.
അലയാഴി ഗംഭീര,നചലം മഹോന്നതൻ
വലുതായ വനഭൂമിയെല്ലാം കണ്ടാൽ
ഒരു ബുദ്ധിജീവിക്കു ഹൃദയത്തിന്നാഴത്തിൽ
പരമപരാശക്തി ദൃശ്യനാകും.
ഒഴുകും പൂഞ്ചോലകൾ, ഗഗനത്തു ശോഭിക്കും
മഴവില്ലി,ലെന്നുവേണ്ടുദ്യാനത്തിൽ
വിടരുന്ന കുസുമത്തിന്നിതളിലു, മതിലേയ്ക്കു
പൊടിപോലെ പെയ്യും നീഹാരത്തിലും,
മികവോടുകണ്ടെത്തുമഖിലാണ്ഡമുടയോനെ-
യകതാരിലിരുളറ്റോൻ നോക്കിടുമ്പോൾ
ഇടിനാദം, ഭീകരഭൂകമ്പം, പേമാരി
കടലേറ്റമെല്ലാം വന്നെത്തുമ്പോഴും
അറിയാതെ പെട്ടെന്നു നാസ്തികനാകിലും
പറയില്ലേ “ജഗദീശാതുണ”യെന്നേവം.
പൊരുളിന്റെ പൊരുളായോൻ, ജനനമില്ലാതുള്ളോൻ
മരണവും മാറ്റവുമില്ലാതുള്ളോൻ
എവിടെയുമെന്നാളുമുണ്ടായിരുന്നവൻ,
എവിടെയുമിന്നും നിറഞ്ഞിരിപ്പോൻ,
എവിടെയുമവസാനമില്ലാത്തഭാവിയി-
ലവികലനിലയേവം നിന്നിടുന്നോൻ,
അവിടുത്തേ വാഴ്ത്തണമുള്ളിൻ്റെയുള്ളിൽ നാ-
മവിടുത്തേയ്ക്കായ് പുജ നല്കിടേണം.
(പൗരധ്വനി വാർഷികപ്പതിപ്പ്, 1970)
