10 Ithuthanne Viswaroopam

ഇതുതന്നേ വിശ്വരൂപം


അഖിലാണ്ഡമുടയോന്റെയസ്‌തിത്വസാക്ഷ്യമാ-

ണഖിലദിഗന്തവും നിർവ്വിവാദം.

ഹൃദയത്തിലിരുളേതുമില്ലാതെനോക്കുമ്പോൾ

വിദിതമായ്ത്തീരുമിക്കാര്യമാർക്കും.

അലതല്ലിച്ചിന്നുന്ന പലവർണ്ണരശ്‌മിയാ-

ലുലകത്തെക്കാന്തിയിലാഴ്ത്തിടുന്ന 

ഉദയമാർത്താണ്ഡനിലീശ്വരചൈതന്യ- 

ഹൃദയാലുവിജ്ഞാനി കാണുന്നില്ലേ?

അമൃതോലും കിരണത്താൽ യാമിനിവേളയിൽ 

ക്ഷമയാകും ദേവിയെപ്പുളകപൂരം

അണിയിക്കും വിധുവിലുമീശ്വരചൈതന്യ-

മണിവീചിമാലകളായിക്കാണാം.

അകലെയങ്ങംബരവീഥിയിലെമ്പാടും 

ബകുളപ്പുവിതറിക്കിടക്കുംപോലെ

വിലസുന്നതാരങ്ങൾ ബ്രഹ്‌മാണ്ഡശില്പിയെ 

നലമൊടേവാഴ്ത്തുകയാണു നിത്യം.

അലയാഴി ഗംഭീര,നചലം മഹോന്നതൻ 

വലുതായ വനഭൂമിയെല്ലാം കണ്ടാൽ 

ഒരു ബുദ്ധിജീവിക്കു ഹൃദയത്തിന്നാഴത്തിൽ 

പരമപരാശക്തി ദൃശ്യനാകും.

ഒഴുകും പൂഞ്ചോലകൾ, ഗഗനത്തു ശോഭിക്കും 

മഴവില്ലി,ലെന്നുവേണ്ടുദ്യാനത്തിൽ 

വിടരുന്ന കുസുമത്തിന്നിതളിലു, മതിലേയ്ക്കു 

പൊടിപോലെ പെയ്യും നീഹാരത്തിലും,

മികവോടുകണ്ടെത്തുമഖിലാണ്ഡമുടയോനെ- 

യകതാരിലിരുളറ്റോൻ നോക്കിടുമ്പോൾ 

ഇടിനാദം, ഭീകരഭൂകമ്പം, പേമാരി 

കടലേറ്റമെല്ലാം വന്നെത്തുമ്പോഴും 

അറിയാതെ പെട്ടെന്നു നാസ്‌തികനാകിലും 

പറയില്ലേ “ജഗദീശാതുണ”യെന്നേവം.

 

പൊരുളിന്റെ പൊരുളായോൻ, ജനനമില്ലാതുള്ളോൻ 

മരണവും മാറ്റവുമില്ലാതുള്ളോൻ 

എവിടെയുമെന്നാളുമുണ്ടായിരുന്നവൻ, 

എവിടെയുമിന്നും നിറഞ്ഞിരിപ്പോൻ,

എവിടെയുമവസാനമില്ലാത്തഭാവിയി-

ലവികലനിലയേവം നിന്നിടുന്നോൻ, 

അവിടുത്തേ വാഴ്ത്തണമുള്ളിൻ്റെയുള്ളിൽ നാ- 

മവിടുത്തേയ്ക്കായ് പുജ നല്‌കിടേണം.

(പൗരധ്വനി വാർഷികപ്പതിപ്പ്, 1970)