Kochumary-1

കൊച്ചുമേരി


നല്ലപാലകനായ യേശു കനിഞ്ഞു തന്റെ തിരുസ്സഭ- 

യ്ക്കുള്ളിലെന്നെയണച്ചു രക്ഷയെനിക്കു നൽകുക മൂലമായ് 

നല്ലകൂട്ടരുമൊത്തു തന്റെ ജയക്കൊടിത്തണലിൽ സുഖി-

 ച്ചുല്ലസിച്ചു വസിച്ചിടുന്നൊരു കൊച്ചുബാലികയിന്നു ഞാൻ. 

അന്തമറ്റ മനസ്സുഖത്തൊടു ഞാനുമെന്റെ കുടുംബവും

 ശാന്തമായി വസിക്കുമിപ്പരിശുദ്ധ ജീവിതപദ്ധതി, 

അന്തരംഗമതിൽ തെളിഞ്ഞു കടന്നുകൂടിയൊരാദിനം

 സന്തതം സ്മരണീയമത്ര വിദൂരമല്ല പറഞ്ഞിടാം. 

ധന്യയെന്നുടെയമ്മതന്റെ ചെറുപ്പകാലമൊരല്പനാൾ 

കന്യകാമഠബാലികാലയമൊന്നിലങ്ങു വസിച്ചുപോൽ, 

അന്നറിഞ്ഞവൾ സത്യമായൊരു “സത്യവേദ” മതിങ്ക- 

ലേയ്ക്കൊന്നു ചാഞ്ഞു മനസ്സവൾക്കു യഥാർത്ഥമായ് 

                                                                                ബഹുശക്തിയായ്.

കാലചക്രമതീവ വേഗമൊടൊന്നുമേയറിയാത്തപോൽ 

ചേലൊടന്നുമൊരേ ഗതിക്കു തുടർന്നു തന്നുടെ ജോലികൾ 

ബാലികാമണി പാർത്തിരുന്നൊരു ചുറ്റുപാടുകളൊക്കെയും

 കാലലീലയിലാണ്ടു ദൃഷ്ടിപഥത്തെ വിട്ടുമറഞ്ഞുപോയ്. 

എങ്കിലും പരിശുദ്ധ വാഞ്ഛയതിന്റെ ബീജമൊരല്പവും 

ശങ്കയെന്നിയെ ചങ്കിലായവൾ കാത്തിരുന്നിതു ഭദ്രമായ്, 

തൻഗുരുക്കളിൽ വേണ്ടൊരാ വിനയത്തെ ഓർത്തു വിവാഹവും

സങ്കടത്തോടുചെയ്തു സത്യതിരുസ്സഭയ്ക്കു വെളിക്കവൾ.

 ആശയൊക്കെയുമസ്തമിച്ചു കുഴങ്ങി ബാലികയേറ്റവും 

നാശപദ്ധതിയാണു താൻ തുടരുന്നതെന്നുമറിഞ്ഞവൾ, 

പേശലാംഗി പിടഞ്ഞുഹാ! വനവേടർ വച്ച ഭയങ്കരം 

പാശമൊന്നിനകത്തു പെട്ടൊരു മാൻകിടാവിനു തുല്യയായ്.

 “ദൈവമേതുണ”യെന്നുറച്ചു വസിച്ചു മജ്ജനയിത്രിയും 

കൈവെടിഞ്ഞതുമില്ലതൻ പ്രിയവത്സയെ കരുണാനിധി.

 ഈവിധം ചിലകാലമങ്ങു കഴിഞ്ഞുകൂടിയനന്തരം 

ഭാവിജീവിത നാടകത്തിനു നാന്ദിയൊന്നു ഭവിച്ചു കേൾ. 

ആരുമാശ്രയമെന്നിയേ ഭുവി വിട്ടു ഞങ്ങളെയാകാവേ

 പരനെൻ പ്രിയതാതൻ, എങ്ങനെ ശേഷമിന്നിയുരപ്പു ഞാൻ?

 നീറുമുള്ളൊടുകേണൊരെൻ ജനയിത്രിതൻ നെടുവീർപ്പുകൾ

കാരണൻ പദതാരിലെത്തിയുണർത്തി സങ്കടമാകവേ. 

ഭക്തിപൂർവ്വമനേകനാളവൾ കാത്തൊരാഗ്രഹബീജവും

 ശക്തിയോടുമുളച്ചനാമ്പു വെളിക്കെടുത്തു കരുത്തോടേ. 

തക്കതായൊരു നേരമെന്നതറിഞ്ഞു സാദ്ധ്വി നമിച്ചുതൻ 

ദുർഘടങ്ങളകറ്റുവാനഖിലേശപാദമനാരതം.

 “വല്ലഭന്റെ ഹിതത്തെയിന്നി നിനച്ചിടേണ്ടിവളെങ്കിലും 

വെല്ലുവാൻ പണി മിത്രലോകമെതിർത്തിടുമ്പോഴുതെത്രയും. 

വല്ലതും തുണയിപ്പൊഴുള്ളതുമൊന്നുമേ ലഭിയാതെയാം 

ഇല്ല സംശയമെന്തു ഞാനിഹ ചെയ്തെൻ ജഗദീശ്വരാ!” 

ഈ വിധം ജനയിത്രി കേണു വസിച്ചൊരദ്ദിവസങ്ങളിൽ 

ദൈവവും ചില മാർഗ്ഗമൊക്കെ വരുത്തിവച്ചവ ചൊല്ലിടാം; 

ആവിലാംഗിയൊരുത്തിയെന്നുടെ മാതൃസോദരിയിപ്പൊഴും 

ജീവിതം മഠപാഠശാലയതിൽ കഴിച്ചു വരുന്നു കേൾ. 

സത്യവേദമതിന്റെ തത്വമഭേദ്യമെന്നുമതിങ്കലേ 

നിത്യരക്ഷ ലഭിച്ചുവെന്നു മറിഞ്ഞിതായവൾ സത്യമായ്

ചിത്തതാരിലുദിച്ചൊരാഗ്രഹമേതുമേ മടിയാതെ താൻ 

മെത്തിടുന്നൊരു ഭക്തിയോടറിയിച്ചു തൻ ജനയിത്രിയേ. 

സാരമേറിയ സത്യവേദരഹസ്യവും പലതമ്മയേ 

കീരവാണി മനസ്സിലാക്കിയൊരുക്കിയിങ്ങു തിരിക്കുവാൻ 

ഏറിടുന്നൊരു സംശയത്തോടു പിന്നെയും ജനയിത്രിയൊ-

 ട്ടേറെ നാളു കഴിച്ചുകൂട്ടി; അടുത്തിതാ സമയം സ്വയം

സംശയിച്ചു മനം കലങ്ങിയുറങ്ങിയന്നൊരു രാത്രിയ-

 പ്പേശലാംഗി, യുടൻ നടന്നൊരു കാഴ്ചയെന്തു മനോഹരം! 

ജീവിതത്തെ വെടിഞ്ഞ തന്നുടെ ജീവനായകനന്തികേ

 മേവിടുന്നൊരു കാഴ്ച കണ്ണിനു ലക്ഷ്യമായിതു നിദ്രയിൽ. 

“വീതശങ്കമുടൻ വരിക്കുക സത്യവേദം; അതിന്നു നീ 

കാതരാക്ഷി! മടിച്ചിടേണ്ടൊരു ലേശവും ക്ഷണനേരവും, 

ഞാനൊരിക്കലതീവവാഞ്ഛയൊടുന്നിയോരു പദത്തിലേ-

 യ്ക്കാനയിക്കുക പുത്രപൌത്രരോടൊത്തു നീ തറവാടിനേ.”

 ഇത്ഥമോതിയുടൻ മറഞ്ഞു വയോധികൻ, പുനരേതുമേ 

വ്യർത്ഥമാക്കിയതില്ല തന്നുടെ കാലമാമഹിളാമണി.

 സത്യവേദരഹസ്യമാകെയറിഞ്ഞു ഞങ്ങളശേഷരും 

പ്രാർത്ഥനാദികളും പഠിച്ചു കഴിഞ്ഞു താമസമെന്നിയേ. 

നിത്യരക്ഷയതിന്റെ നീരുറവയ്ക്കുകീഴതി മോദമോ-

 ടുത്തമാംഗമണച്ചു ദേഹി വിശുദ്ധമാക്കിയനശ്വരം. 

മെത്തിടുന്ന മനസ്സുഖത്തോടു നിത്യദൈവപിതാവിനായ് 

സ്തോത്രവും പരമക്ഷണം മുതൽ പാടിടുന്നിവരിപ്പൊഴും. 

ഈ വിശേഷവരപ്രസാദമതിന്റെ സൽപ്രഭ പിന്നെയും 

ഹാ! വിളങ്ങിയതില്ല മൽ പ്രിയമൂത്തസോദരനേകനിൽ 

ദൈവസൽകൃപ കാലതാമസമേതുമെന്നിയെ ഞങ്ങളോ-

 ടാ വിശിഷ്ടയുവാവിനേയുമണച്ചു മംഗളമെന്നുമേ.

                                                   (കർമ്മലകുസുമം, സെപ്തംബർ 1921)