കൂടുവിട്ട മാടപ്രാവ്

കന്യകമാരുടെ ധന്യമണാളനെ
യുന്നതഭക്തിയോടേ
അന്യൂനപ്രണയത്തോടുതന്നെ
വരിച്ചവളൽഫോൻസാ
ഭരണങ്ങാനത്താശ്രമമൂലയി
ലവളൊരു രോഗിണിയായ്
കുരിശാം ശയ്യയിൽ നാഥനൊടൊത്തു
ശയിച്ചു ചിലകാലം.
1
കാനനമോഹനകുസുമം പോലവൾ
വീശിയ സൗരഭ്യം
കാറ്റിന്നലകളിലാടിലയിച്ചു
ലോകമറിഞ്ഞില്ലാ
ആഴിക്കടിയിലൊളിഞ്ഞുകിടക്കും
രത്നവിശേഷത്തേ
ഊഴിയിലറിയുന്നില്ലൊരു വിജ്ഞനു-
മെങ്ങനെയറിയുന്നു?
2
ഉന്നതഗീതയിലെഴുതപ്പെട്ടതു-
പോലെ കപോതികയാൾ
ഉന്നതമായൊരു ശിലയുടെ വിടവിൽ
വാസമുറപ്പിച്ചു
ആടിയതില്ലവൾ പാടിയതില്ലാ;
സമയം വന്നപ്പോൾ
കൂടു തുറന്നു പ്രാവു പറന്നു
ചിറകടി കേട്ടില്ല.
അനുപമ പരിമളധോരണി പാടേ
3
ധരയെച്ചൂഴുകയായ്
അവളുടെ ശാന്തിനികേതനമാരാ-
ഞ്ഞാളുകളെത്തുകയായ്
അവളെസ്സുകൃതിനി സുകൃതിനിയെന്നവർ
കീർത്തിച്ചീടുകയായ്
അവിടവിടെപ്പര‘മത്ഭുത ശബ്ദ-
മുയർന്നുതുടങ്ങുകയായ്.
4
ത്യാഗിനിയൊരു യുവയോഗിനി നിത്യ
സമാധിയടഞ്ഞതിനാൽ
താവിനസുകൃതം! ഭരണങ്ങാനം
തീർത്ഥാടനകേന്ദ്രം!
കാലുമുടന്തനു നല്ലനടപ്പായ്
കുരുടനു കാഴ്ചയുമായ്
കാലക്കേടുകൾ കലഹം ചിത്ത-
ഭ്രമവും നീങ്ങുകയായ്.
കുഷ്ഠമപസ്മാരം വിഷമജ്വര-
5
മീവക നിശ്ശേഷം
വിട്ടകലുന്നു സവിനയസാക്ഷി
ഭിഷഗ്വരൻ നല്കുന്നു.
കിട്ടിയ നന്മയിൽ ഹൃദയം തിങ്ങി
വഴിഞ്ഞ കൃതജ്ഞതയേ
കാട്ടിടുവാനായെത്തുന്നാളുകൾ
കാണിക്കകളോടെ.
അല്പല്‌പേതരമാണെന്റെ കൃതജ്ഞത
ഞാനതുമെഴുതട്ട,,
6
അൽഫോൻസാമ്മയെ ലോകസമക്ഷം
കീർത്തിച്ചിടട്ടെ.
അത്ഭുതമായൊരു രോഗത്തിൽ നി-
ന്നെന്നെ വിമോചിച്ചു
ചിലപുരുഷകരുണാർദ്രകരദ്വയ-
മവളുടെ പ്രാർത്ഥനയാൽ
വട്ടമൊടിഞ്ഞൊരു കാലിനു പൂർവ്വ
7
സുഖസ്ഥിതി കൈവന്നു
വാസ്തവമതുമാ സുകൃതിനിയമ്മ
കടാക്ഷിച്ചതിനാലേ
ക്രിസ്തുവിൽ ബന്ധപ്പെട്ടവർ ഞങ്ങൾ;
ജ്ഞാനസ്നാനത്താൽ
ക്രിസ്ത്യാനികളായതുമൊരുപള്ളിയി-
ലൊരു വേദിയിൽത്താൻ.
8
ഞാനൊരു പാപിനി, പുരുസുകൃതിനിയൊടു
തേടിന ബന്ധത്തിൽ
വാനവവൃന്ദമടക്കിയ പുഞ്ചിരി
തൂകുന്നുണ്ടാവാം.
പേനായും ബത പിൻവലിയുന്നു
സങ്കോചത്താലേ
ഞാനോ പുളകംകൊള്ളുകയാണൊരു
ദിവ്യാനന്ദത്താൽ.
9
നിത്യപിതാവും തിരുസുതനീശോ
പരിശുദ്ധാത്മാവും
നിത്യവിരാഗിണി മേരിയതുല്യ
വിരക്തൻ യൗസേപ്പും
നിത്യാരൂപികൾ മാലാഖമാർ
പരിശുദ്ധരുമമ്മേ,
നിത്യവുമമ്മയൊടൊരുമിച്ചല്ലേ?
എന്തൊരു സൗഭാഗ്യം!
10
ചിന്തിച്ചാലൊരു പിടികിട്ടാത്ത
വിശാലസദസ്സല്ലേ?
സന്തോഷത്തിന്റെ തിരകളിലേവരു-
മാടിക്കളിയല്ലേ?
സന്തതസഹനവിദഗ്ദ്ധർക്കവിടെ
ക്കൂടുതൽ സുഖമല്ലേ?
സന്താപം സവിധത്തിലുമാരെയും
മേശുകയില്ലല്ലേ?
11
നല്ലതുതന്നെ; ദുർഘടവഴിയിൽ
കാലുകൾ നൊന്താലും
വല്ലവിധത്തിലുമവിടെ വരാനാ-
ണെന്റെ പരിശ്രമവും
ചെറുവിരലൊന്നു പിടിച്ചിട്ടെന്നെ
നടത്തിക്കൊള്ളണമേ
ചെറുകുട്ടികളെച്ചേച്ചികളൊക്കെ
നയിക്കുന്നതുപോലെ.
12
അവിടെച്ചിലചെറുകളിയാട്ടങ്ങ-
ളെനിക്കു നടത്തീടാൻ
അനുവാദം വാങ്ങിത്തരുമെങ്കിൽ
പലതും കാണിക്കാം.
താളമടിക്കാം പാട്ടുകൾ പാടാം
കവിതകൾ വായിക്കാം
താരാവലികൾക്കിടയിലുയർന്നു
പറക്കാമൊരുപക്ഷേ.
13
കാലവിളംബം ലേശവുമെന്യേ
അങ്ങൊരു സുകൃതിനിയായ്
നാലുദിഗന്തവുമറിവാൻ, സത്യ-
തിരുസ്സഭ കൊണ്ടാടാൻ,
“തെറ്റില്ലാവരമുള്ളൊരു സമ്രാ-
ട്ടൗദ്യോഗികമായി
കുറ്റമകന്നൊരു മാടപ്രാവേ,
പ്രഖ്യാപിക്കട്ടെ!
14
(1959)
