മണവാളന്റെ മണിവീണ

സരിഗമപധ… കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കൈയിൽ,
ഒരു നിമിഷവുമെന്നെയങ്ങുമേവി-
ട്ടകലുവതങ്ങു സഹിക്കയില്ലനൂനം. 1
അകതളിർ മമരാഗപൂർണ്ണമെന്നാ-
ലറിയുകയില്ലതു ബാഹ്യദൃഷ്ടിയാലേ
ഉടയവനുടെയാവിരൽ തൊടുമ്പോ-
ളുടനുണരും ബത! സുപ്തരാഗമെല്ലാം. 2
വിരലുകളവിടുന്നു മാറ്റിയെങ്കിൽ
വെറുമൊരു ചേതനയറ്റ വസ്തുവീ ഞാൻ
ഉടനടിയവിടുന്നു മീട്ടിയാലോ
പടുതയൊടുന്നതരാഗമാലപിക്കും. 3
ശ്രവണയുഗമതിൽ കുളിർത്തിടുന്നോ-
നതിനുടെ വാസ്തവമെന്തറിഞ്ഞിടുന്നു!
“ജയജയ മണിവീണകേമമെ’ന്നി
സ്തുതിവചനങ്ങ ചറപ മുഴക്കിടുന്നു മേന്മേൽ. 4
സ്വയമൊരു കഴിവില്ലെനിക്കു പാടാൻ
സ്വയമൊരഹംകൃതിയാർന്നിടുന്നുമില്ല
നിപുണതയോടു കൈയിലേന്തുവോനി-
ച്ചെറിയ വിപഞ്ചികയിൽ കളിക്കയത്രേ. 5
കളിയിതുമതിയാക്കി വിശ്രമിക്കാൻ
ചിലസമയത്തവിടുന്നുറങ്ങിയേക്കാം
പ്രിയതരമണിവീണയപ്പൊഴും മ-
റ്റൊരുവനു തൊട്ടുകളിക്കുവാൻ കൊടുക്കാ. 6
അതുനിജ തിരുമാറിൽ വച്ചമർത്തി-
ക്കരലതയാലെ പുണർന്നുറങ്ങിടുമ്പോൾ
ഹൃദയചലനമേറ്റു വീണപാടും
തിരുവടി നിദ്രവിടാതെ പുഞ്ചിരിക്കും. 7
സുമപരിമളവാഹി തെന്നലെന്നിൽ
പൊടിവിതറുന്നതുമങ്ങു കണ്ടിരിക്കാ
ഉടനുടനതിനെത്തുടച്ചുമാറ്റും
മുഖസരസീരുഹ കേസരങ്ങളാലേ. 8
സ്വരമധികമുയർത്തിടേണ്ട, നന്നായ്
ശ്രുതിസുഖപഞ്ചമരാഗമാലപിച്ചാൽ
സഹൃദയരതു കേൾക്കുമേതിടത്തും
മതിമതിയെന്നൊരുനാളുമോതിടാതെ. 9
പരനുടെ മണിവീണയിൽക്കളിക്കാ-
നപരനൊരാഗ്രഹമങ്കുരിച്ചടുത്താൽ
അവനൊരു വടിവേലുവാകിലും കൈ-
വിറയലപ ശ്രുതി രണ്ടുമാണുലാഭം. 10
(കാർമ്മൽ, ജൂലായ് 1961)
