മറഞ്ഞിരിക്കുന്ന മണി

ഉമിതന്നകമേമറഞ്ഞ ഹോ!
ശമിയെക്കാളധികം സുഭദ്രയായ്
പരിശുദ്ധതയോടു വാണീടു-
ന്നൊരു ഗോതമ്പുമണി പ്രകാണ്ഡമേ!
1
രജതത്തളികയ്ക്കകം നിറ-
ഞ്ഞമരും നന്മണികൾക്കു രാജ്ഞി നീ
വരകന്യകമാർക്കു റാണിയാ-
മൊരുകന്യാമണിമേരിയെന്നപോൽ.
2
ജനനം മുതൽ നിന്റെ ശുദ്ധത-
യ്ക്കൊരുഭംഗം ഭവിയാതെ ഭദ്രമായ്
അതിനെപ്പരിരക്ഷചെയ്കയാൽ
നിതരാമുന്നതഭാഗ്യശാലിനീ.
3
കതിരിൻ മുകളിൽ പിറന്നു നീ –
യുമിയാലാവൃതയായ് വളർന്നു നീ
പരിപക്വതചേർന്നു ഭദ്രയാ-
യുമിയിൽത്തന്നെയിരുന്നുണങ്ങി നീ
4
പലമാതിരി ചുറ്റുപാടുകൾ-
ക്കടിപെട്ടെങ്കിലുമൊന്നുകൊണ്ടുമേ
മലിനത്വമിയന്നിടാത്ത നീ
സതിവംശത്തിനുമൗലിഭൂഷണം.
5
ചുവടറ്റു,മെതിക്കളത്തിലേ
കനിവുള്ളൊരു മർദ്ദനങ്ങളും
അഥചണ്ഡസഹസ്രഭാനുവിൻ
കരുണാലേശമെഴാത്ത താപവും
6
പലവർത്തകരിട്ടലക്ഷ്യമായ്
പെരുമാറീട്ടുളവായപീഡയും
ഇതിബാധപലേതരം സഹി-
ച്ചതിലെല്ലാമുലയാതെ നിന്നു നീ (യുഗ്മകം)
7
അയി! നിൻചരിതം നിനയ്ക്കിലോ
മഹനീയം പരിപാവനം തുലോം
ചെറുതാം തവമേനി താങ്ങുവാ-
നനുയോജ്യം സ്ഥലമെങ്ങു ഭൂമിയിൽ?
8
സഹജാതർ നിനക്കനേകരു-
ണ്ടവരെക്കാണുകിലെത്രയന്തരം!
പരിശുദ്ധതജന്മസിദ്ധമാ-
യതുമുക്കാലുമവർക്കു നഷ്ടമായ്
9
വിമലം ജഗദീശദത്തമാ
വസനംവിട്ടുകളഞ്ഞതോർക്കുകിൽ
വലുതായൊരു നഷ്ടമാണവ-
യ്ക്കതു താൻ സർവ്വവിനാശഹേതുകം.
10
ഇടപെട്ടൊരിടങ്ങളിൽ തട-
ഞ്ഞൊരുദുഷ്ടാകെയണിഞ്ഞുമേനിയിൽ
മലിനത്വമിയന്നവായുവും
തടവില്ലാതെയടിച്ചിരിക്കണം.
11
അതുമല്ല നിവൃത്തിഹീനരാ-
മധമന്മാരുടെ ഹസ്തസംഗമം
പരിതസ്ഥിതിപോലവയ്ക്കുമേൽ
വഷളത്വങ്ങളണച്ചിരിക്കണം.
12
സതിനീ, സതിവംശമൗലിയിൽ
സ്ഥിതിചെയ്യുന്നൊരുരത്നമാണു നീ
ഇതിലൊന്നുമകപ്പെടാതെ സു-
സ്ഥിതിയേവം പരിരക്ഷ ചെയ്കയാൽ
13
വിമല പ്രഭയാലലങ്കൃതം
തവഗാത്രം സുദൃഢം മനോഹരം
ബഹുധാവഷളത്തമാർന്നൊരീ-
വനത്തിന്നറിയപ്പെടാത്തതാം.
14
പരിപാവനദിവ്യസുന്ദര-
പ്രചുരപ്രേമനിതാന്തബദ്ധനാം
ഉടമസ്ഥനുവേണ്ടിയല്ലിനിൻ
ചെറുതാം ദേഹമൊളിച്ചു കാത്തു നീ?
15
സഫലം തവജന്മമെന്നു നീ
പരിതോഷിക്കമണിപ്രകാണ്ഡമേ!
തവഭാഗ്യലതയ്ക്കുമേലിതാ!
നവസൂനാളിലസിപ്പൂമേൽക്കുമേൽ.
16
ഉമിതന്നുടെയുള്ളിൽനിന്നുഞാൻ
പുറമേ നിന്നെയെടുത്തു സാദരം
തിരികല്ലിനകത്തിടുന്നു; നിൻ
ബലിയിപ്പോൾ പരിപൂർണ്ണമായിതാ!
17
ഇവിടെത്തവമേനി ധൂളിയായ്
സലിലം ചേർന്നു കുഴഞ്ഞു പിന്നെയും
വടിവേറുമൊരച്ചിനുള്ളിലാ-
യെരിതീയിൽ പരിതപ്തമായിടും.
18
അഥവെണ്മകലർന്നൊരപ്പമാ-
യതുലേ! നീയവതീർണ്ണയായിടും
അതു നിന്നുടെ ഭവ്യപൂർണ്ണമാം
ജനനംതന്നെ സുമംഗളേ! ശുഭേ!
19
സുമനസ്സുകളാൽ പരീതമാം
ബലിപീഠത്തിനുമേലിലെത്രയും
മഹനീയതമം പദം നിന-
ക്കമലേ! പിന്നെ ലഭിച്ചിടും ദൃഢം.
20
ബതകാർമ്മികനാം പുരോഹിതൻ
നിജനിശ്വാസമയച്ചു നിന്റെ മേൽ
ചില ദിവ്യഗിരങ്ങളും വചി-
ച്ചിടുമപ്പോൾ സ്ഥിതിയാകെമാറിടും.
21
പരമദ്ഭുതമക്ഷണത്തിൽ നീ
പരമായുസ്സരുളുന്നൊരപ്പമായ്
പരലോകരശിക്കുമപ്പമായ്
ചമയും; ബാക്കിയുരപ്പതെന്തു ഞാൻ?
22
ഭയഭക്തിപുരസ്സരം ഗുരു
പ്രവരൻ നിന്നെയെടുത്തുയർത്തവേ
തലതാഴ്ത്തി നമസ്കരിച്ചിടും
തവപത്തുക്കളിൽ മൂന്നുലോകവും.
23
പരമേശനുമാത്രമർഹമാം
പരമാരാധനദൈവദൂതരും
തവസന്നിധിയിങ്കലെത്രയും
വിനയത്തൊടഥ നിർവ്വഹിച്ചിടും.
24
അയി! നീയിതിനൊക്കെയർഹയോ?
തവജന്മം ബത ചേറിലല്ലയോ?
പരിശുദ്ധതയൊടു നിന്റെ മെയ്
പരിരക്ഷിച്ചതു ദൈവമല്ലയോ?
25
അറിവും നിനവും സുബുദ്ധിയും
ചെറുതില്ലാത്തൊരു വസ്തുവല്ലി നീ?
സ്വയമീനില കൈവരിച്ചുവെ-
ന്നതു ചിന്തിക്കുകിൽ സാധുവാകുമോ?
26
ഇതിലും പരിശുദ്ധമാം മണി-
പ്രവരങ്ങൾ ഹതദൈവശക്തിയാൽ
ചിലവേളയിൽ നീചനീചയാം
സ്ഥിതിചേരുന്നതു കാൺമതില്ലയോ?
27
ഇവയൊക്കെ നിനച്ചിടുമ്പൊഴീ-
ഭവികപ്രാഭവദിവ്യമോഹനം
സ്ഥിതിയെങ്ങിനെലഭ്യമായിതോ?
പിഴയില്ലായതു ദൈവദത്തമാം.
28
അല്ലേ ധാന്യമണിപ്രകാണ്ഡസുഭഗേ!
കല്യാണസമ്പൂരിതേ!
തെല്ലും ഡംഭിനിടം കൊടുത്തുഹൃദയം
ധന്യേ! ദുഷിപ്പിക്കൊലാ.
എല്ലാമീശ്വരദത്തമെന്നുസുദൃഢം
ചിന്തിക്ക; നമ്രത്വമാ-
ണല്ലോ ഭൂഷണമെന്നുസജ്‌ജനമുര-
ച്ചീടുന്നിതാർക്കും സദാ.
29
(കാത്തലിക് ആക്ഷൻ, 1936)
