Omane Varika-1

ഓമനേ വരിക


ഓമനേ! വരികെന്നുകേട്ടൊരു ശബ്ദമെൻ ശ്രവണങ്ങളിൽ 

ഹേമതന്തികൾ മീട്ടിടുന്ന മനോഹര ക്വണിതത്തോടേ. 

പ്രേമസുന്ദരഗാനഘോഷനവീനമാധുരി ചിന്തുമ-

ത്തൂമൊഴിക്കുവിധേയമായ്‌മമ ചിത്തതാരതിൽ ലീനമായ്.             

1

കാന്തശക്തിയതിൽ കുടുങ്ങിയ കാരിരുമ്പിനുതുല്യമായ് 

ചിന്തയറ്റിവളാവഴിക്കു നടന്നു സംശയമെന്നിയേ. 

ഹന്ത! മാധുരി ചിന്തുമാവിളി മേല്ക്കുമേലതി ഹൃദ്യമാ-

യന്തികതുടരുന്നു പിന്നെയുമെന്റെ വേഗത കൂട്ടി ഞാൻ.                 

2

 “ദൂരെയുണ്ടൊരു നിർജ്ജനസ്ഥലമങ്ങുനിന്നെ നയിച്ചിടാം, 

സ്വൈരമായൊരുമിച്ചിരുന്നു നടത്തിടാം ഹിതഭാഷണം, 

കാര്യമായ ഹൃദയം തുറന്നു പറഞ്ഞിടാം ഹൃദയത്തിലേ-

ക്കാരുമായതു കേട്ടിടാപ്രിയതാനികേതനമേ! ശുഭേ!”                          

3

 ധന്യപൂരുഷനെന്റെ കണ്ണിനദൃശ്യനെങ്കിലുമീവിധം

പിന്നെയും കൃതിയോതിടും മകരന്ദവാണികൾ കേട്ടു ഞാൻ.

ഉന്നതാശയതല്ലജത്തെയടക്കിടും വചനങ്ങളെ-

ന്നെന്നിലായവയെക്കുറിച്ചുളവായ് മികച്ചൊരു ബോധവും.             

4

ഞാൻ നടന്നുതുടങ്ങി സത്വര, മെത്രയോ വഴി പിന്നിലാ – 

ട്ടൈന്ദ്രജാലികനദ്ഭുതപ്പെടുമാറു നിശ്ചിതസീമയിൽ 

ചെന്നുചേർന്നൊരു രണ്ടുനാലുവിനാഴികയ്ക്കുക,മങ്ങു ഞാൻ 

നിന്നുചുറ്റിലുമൊന്നുനോക്കി; മനോഹരം! വിജനസ്ഥലം!               

5

ശ്വേതസുന്ദരവാരിവാഹ വിതാനഭൂഷിതമംബരം! 

പൂതസൈകതനേത്ര മോഹന വീതപാദപഭൂതലം! 

ശീതവാതവിഹാരരംഗ വിശിഷ്ടമാരുതമണ്ഡലം!

ജാതകൗതുകമേകതാനതയോടുനിന്നൊരു മാത്ര ഞാൻ                 

6

കണ്ണിലുന്നതദീപ്തി വീചികയൊന്നുയർന്നുപൊടുന്നനേ;

വിണ്ണിലെപ്പരമപ്രകാശനിദാനസുന്ദരവിഗ്രഹം

പുണ്യപൂരുഷനെന്നെയങ്ങു നയിച്ച സാത്വികസത്തമൻ 

പൂർണ്ണമായ് നിജരൂപദർശന ഭാഗ്യമേകിയെനിക്കഹോ!                   

7

താണുവീണു നമിച്ചു പാവന പാദതാരിണഞാനുടൻ. 

പ്രീണിതാശയനുള്ളുണർന്നിവളിൽ ചൊരിഞ്ഞു മൃദുസ്മിതം.

പാണിപല്ലവമെന്റെ തോളിലമർന്നു, നിർമ്മലമായൊരാ-

ക്ഷോണിമേലവിടുന്നിരുന്നിവളേയിരുത്തി സമീപമായ്.               

 8

മർത്യരാലറിയപ്പെടാത്ത വിശിഷ്ടമായൊരു ഭാഷയിൽ

ശ്രോത്രഗോചരമായിടാത്തവിധത്തിലദ്ഭുതഭാഷണം

കീർത്തനീയമഹാശയൻ സരസം തുടങ്ങി സഗൗരവം 

ഹൃത്തടത്തിലുതിർന്നമുത്തുകളെന്നപോൽ നിപതിച്ചവ.             

9

ഭക്തി, ശാന്തി, മഹാമനസ്കതയന്തരംഗവിശുദ്ധിയും 

വ്യക്തിഭേദമറിഞ്ഞിടാത്ത പരോപകാരവിചാരവും

സൂക്തിയിൽ പറയപ്പെടും സുകൃതങ്ങളൊക്കെയുമെന്നിലാ 

മുക്തിമാർഗ്ഗമറിഞ്ഞ സൂരി ചൊരിഞ്ഞു ഭാഷണമാർഗ്ഗമായ്         

10 

ഹീനമായ ജഡേന്ദ്രിയങ്ങളറിഞ്ഞിടാതെ മഹത്തരം 

ജ്ഞാനമെന്നിലുദിച്ചുയർന്നതിൽ ഞാനതീവ കൃതാർത്ഥയായ് 

മാനുഷ്യന്റെയഗാധബുദ്ധിയറിഞ്ഞവിദ്യകളൊക്കെയ-

മാനിയാം ഗുരുവിന്റെ പാദമണിഞ്ഞരേണുവിനൊത്തിടാ              

11

ഭൂതഭാവിയുഗാന്തപണ്ഡിതലോകദേശികനുന്നതൻ

 പ്രീതനായിവളോടു ചെയ്തൊരു ഭാഷണത്തിലടങ്ങിടും 

നൂതനാശയതല്ലജങ്ങളിലൊന്നുമേ പുനരൊന്നെടു-

ത്തോതുവാനൊരു ഭാഷയില്ല, ജഗത്തിലില്ലൊരു വാഗ്മിയും               

12 

ഞാനതെങ്ങനെയന്യരോടു പറഞ്ഞിടും? വിജനത്തിലേ-

ക്കാനയിപ്പൊരുദേശികപ്രവരന്റെയാവിളിഗൂഢമായ് 

മാനസത്തിലിടയ്ക്കിടയ്ക്കുമുഴങ്ങിടുന്നതു കേൾക്കുവാൻ 

ജ്ഞാനമൂർത്തിയനുഗ്രഹം ചൊരിയട്ടെ മർത്യരിലാകവേ                     

13

(മധ്യസ്ഥൻ, 1940)