Oru Prarthana-1

ഒരു പ്രാർത്ഥന


സത്യദൈവകുമാരനാം നിജ പുത്രനെപ്പരിചോടുനീ 

വൃദ്ധനാം “ശിമയോൻ” കരത്തിലണച്ചു കാഴ്ചകൊടുക്കവേ

“എത്രയും കൊടുതായ വാൾ നിജ ചങ്കിലെത്തിടു’മെന്നുകേ-\

ട്ടത്തലാലകതാരു വാടിയ നായികേ! പരിപാഹിമാം! 

ദുഷ്ടഭൂപതിതന്നെസിക്കിരയായിടാതെ കുമാരനെ-

ത്തുഷ്ടിയോടു കരത്തിലേന്തി “യെജീപ്തി”ലേക്കതി ശീഘ്രമായ് 

ഇഷ്ടനാം വരനോടുമൊത്തു കഴിച്ചൊരാ വഴിയാത്രയിൽ 

കഷ്ടതയ്ക്ക് വിധേയയായൊരു നായിക. പരിപാഹിമാം 

ആറുരണ്ടു വയസ്സുചേർന്ന ചെറുപ്പകാലമതിങ്കല-

ക്കൂറെഴും സുതനേ മനസ്സറിയാതെ വിട്ടുപിരിഞ്ഞഹോ

നൂറുവൽസരമെന്നപോൽ പരിതാപവഹ്നിയിലാണ്ടകം

നീറി മൂന്നു ദിനം കഴിച്ചൊരു നായികേ! പരിപാഹിമാം!

മർത്യവർഗ്ഗമതിന്റെ പാപഭരത്തിനാലതികട്ടിയായ് 

തീർത്തൊരാകുരിശും ചുമന്നു “ജരുശ്ശലേം” തെരുവീഥിയിൽ ഗാത്ര

മൊട്ടുതളർന്നിഴഞ്ഞുനടന്ന പൊന്മകനേശുവേ

പാർത്തു ഹൃത്തു തകർന്നുപോയൊരു നായികേ! പരിപാഹിമാം

പുത്രനെക്കുരിശോടുകൂടിയുയർത്തി നാട്ടിയ കാഴ്ചയാ-

ലെത്രയും പരിതപ്തയായ് കുരിശിൻ ചുവട്ടിലിരിക്കവേ 

മർത്യരക്ഷകനേശുതന്റെ മനുഷ്യമക്കളെയാകവേ

പുത്രരായരുളിജ്ജയിച്ചൊരു നായികേ! പരിപാഹിമാം

പാടുപെട്ടു തകർന്നൊരത്തിരുമേനിയേ ഹതജീവനാ-

യാടലോടു കരത്തിലേന്തി മടിക്കകത്തു കിടത്തി നീ 

ചൂടെഴും തവ കണ്ണുനീർ കണമായൊരച്ചെറുമുത്തുകൾ 

മോടിയോടു പതിച്ചു കേണൊരു നായികേ! പരിപാഹിമാം!

ഏകപുത്രനനന്തമാം വ്രണമേറ്റു ദേഹി വെടിഞ്ഞു ഹാ !

ലോകമാകവെ ഭീതിയാർന്നു വിറച്ചിരുന്നൊരു രാത്രിയിൽ 

ഏകയായ് മകനേ നിനച്ചു മനം തകർന്നുകരഞ്ഞുകൊ-

ണ്ടാകുലാബ്ധിയിലാണ്ടു വാണൊരു നായികേ! പരിപാഹിമാം!

                                                       (കർമ്മലകുസുമം, മേയ് 1923)