ഒരു സന്യാസിയുടെ ഏകാന്തം

ഞാനപ്പോളേകയായെൻ മുറിയുടെ യകമേ
വാണിരുന്നെൻ മനസ്സോ
വാനത്തെങ്ങോ പറന്നു; ഭുവനമഖിലമെൻ
ദൃഷ്ടി വിട്ടങ്ങു പാഞ്ഞു
ദീനത്വം ദൂരെ നീക്കീട്ടൊരു വക പരമാ-
നന്ദ സന്ദോഹമുള്ളിൽ
താനേയുഭൂതമായീ, പരിചിനൊടതിലാ-
ണ്ടെന്നെയും ഞാൻ മറന്നു.
1
ദിവ്യാനന്ദം തുളുമ്പും മധുമൊഴിയകമേ
മന്ദമന്ദം ചൊരിഞ്ഞും
നിർവ്യാജം തൃക്കടാക്ഷക്കതിരൊളിയിവളിൽ
പ്രേമപൂർവ്വം പൊഴിച്ചും
ദുർവ്വ്യാമോഹാന്ധകാരം തിരുമുഖമതിലെ-
ശ്ശോഭയാൽ സംഹരിച്ചും
ദിവ്യൻ ശ്രീയേശുനാഥൻ ബത! വിലസുവതായ്
കണ്ടു ഞാനെന്റെ മുമ്പിൽ.
2
ഈശോ യെന്നോടടുത്തു; ഹൃദയമതിതരം
ശീഘ്രമായിത്തുടിച്ചു
നാശത്തിന്റെ നാശകർത്താവധിക കരുണയാ
മന്ദമെന്നെത്തലോടി.
ആശാപാശത്തിനെല്ലാം കൊടിയൊരു കൊടുവാ-
ളായ തൃക്കൈകളാലു-
ള്ളാശ്ലേഷത്തിൽ സുഖിച്ചിട്ടതി പരവശയായ്
തീർന്നു ഞാനക്ഷണത്തിൽ.
3
ഞാനന്നെന്നാത്മ കാന്തന്നരികിലു മവിടു-
ന്നെന്നിലും വാണനേര-
ത്താനന്ദാധിക്യമുണ്ടായതിനുടെ യളവി-
ങ്ങോതുവാൻ വാക്കു പോരാ.
സ്ഥാനം ഞാൻ വിട്ടതില്ലെന്നവയവമിളകീ-
ലെങ്കിലും തന്നിലത്രേ
ഞാനെന്നെക്കണ്ടതപ്പോളിരുവരുമൊരുമ-
ട്ടേകമായീ വിധത്തിൽ.
4
നിർവിഘ്നം ഞങ്ങളന്നാനിലയിലിരുവരും
സ്വൈര സല്ലാപമാർന്നു
സർവാനന്ദത്തിനും മേൽ വലിയൊരു നിലതാ-
നായതെന്നോതിടാം ഞാൻ.
നിർവ്വാണത്തിങ്കലുണ്ടാം നിരുപമസുഖമാം
പൂർണ്ണസായൂജ്യമത്രേ
ഗർവ്വം കൂടാതെ ചൊല്ലാമിവളിലനുഭവ-
പ്പെട്ടതാവേളയിങ്കൽ. 5
എന്തെല്ലാമോ രഹസ്യം ചെവികളിലവിടു-
ന്നോതി യെന്നോടു; ഞാനും
സന്തോഷത്തോടു കേട്ടിട്ടതുവിധ മവിട-
ത്തോടു മൊട്ടേറെയെല്ലാം,
സന്താപം വിട്ടുണർത്തീ; സകലവുമറിയും
നിത്യനെൻ നാഥനപ്പോൾ
ചന്തം ചിന്തും മുഖത്തിൽ ചെറിയൊരു ചിരിയോ-
ടെന്നെയൊന്നുറ്റുനോക്കി.
6
മന്ദം തൃക്കൈകളാലെൻ വദനമരിയ മാ-
റോടടുപ്പിച്ചു നാഥൻ
വന്ദിച്ചിട്ടാ വിലാവിൻ മുറിവതികുതുകാൽ
ചുംബനം ചെയ്തു ഞാനും
എന്നും ലോകർക്കുവേണ്ടും സകല ഭവികവും
നിത്യസംതൃപ്തിയും –
ന്നൊന്നാകെക്കണ്ടു ഞാനാ തിരുമുറിവതിനൊ-
ട്ടുള്ളിലായ് ഗോപ്യമായി.
എന്തും വേണ്ടുന്നതെല്ലാമവിടെ യണയുകിൽ
കിട്ടുമെന്നേശുനാഥൻ
ചിന്തും മോദത്തൊടെന്നോട് മൃതമധുരമാ-
യോതിയോരാ സ്വരം താൻ
അന്തസ്താപത്തെയെല്ലാം പരിചൊടു നിഹനി-
ക്കുന്ന സംഗീതമായെ-
ന്നന്തർഭാഗേ മുഴങ്ങുന്നവിരതമതിനാൽ
ധന്യ ഞാനിന്നുമെന്നും.
8
സ്നേഹത്താലെന്നിലൊന്നായ് പരിചൊടുവിലസും
ജീവനാഥന്നു ഞാനെൻ
സ്നേഹത്തിന്റെ ചിഹ്നമായിട്ടടിമലരിണയിൽ
കാഴ്ചവച്ചീടുവാനായ്,
മാഹാത്മ്യപ്പെട്ടതായ് തൻ തിരുവടിവൊടുതാൻ
സൃഷ്ടി ചെയ്തുള്ളതായെൻ
ദേഹത്തിൽ ചേരുമാത്മാവൊഴികെ യവനിയിൽ
കണ്ടതില്ലന്യ വസ്തു.
9
എന്നാത്മാവെന്നു വേണ്ടെന്നഖിലവുമവിടു-
ത്തേയ്ക്കു ഞാൻ കാഴ്ചവച്ചി-
ട്ടന്യൂനപ്രേമമോടത്തിരുവടിതഴുകി-
ച്ചുംബനം ചെയ്തതോർത്താൽ,
മുന്നം സൈമൺന്റെ വീട്ടിൽ ജ്ജനതതി നടുവിൽ
തൻപദം മുത്തിയോര-
ദ്ധന്യയ്ക്കും ചെറ്റസൂയയ്ക്കവസരമുളവാ-
മില്ലതിൽ തെല്ലു വാദം.
10
സാമോദം സ്വീകരിച്ചെന്നെളിയൊരു തിരുമുൽ-
കാഴ്ചയെന്നാത്മ നാഥൻ
പ്രേമാനന്ദം തുളുമ്പീട്ടതിനു പകരമായ്
തന്നതെന്തെന്നു ചൊല്ലാം,
ക്ഷേമാധിക്യം പുലർത്താനിഹ പരസുഖഭോ-
ഗങ്ങളല്ലായതെല്ലാ-
മീമട്ടിൽ തീർത്തു പാലിച്ച മരു മൊരഖിലാ-
ധീശനാം തന്നെയത്രെ.
11
ഉല്ലാസാംഭോധിതന്നിൽ പരിചൊടു തുടരെ-
കേളിയാടുന്നതാമ-
ക്കല്ലോലങ്ങൾക്കിടയ്ക്കൊട്ടിളകിയുമഴകോ-
ടങ്ങുമിങ്ങും മറിഞ്ഞും,
ചൊല്ലാളും ലോകനാഥന്നരികിലവിടെ ഞാൻ
വാണൊരാ സ്സന്മുഹൂർത്തം
ചൊല്ലാം മൽജ്ജീവിതത്തിൽ പെരിയൊരു സമയം
തന്നെയാണോർത്തു കണ്ടാൽ.
12
ഏകാന്തത്തിങ്കലേ താനിതു വിധമൊരുമി-
ച്ചിഷ്ടമായ് സല്ലപിക്കൂ,
ഏകാന്തത്തിങ്കലേ താനിതുവിധമരികിൽ
ചേർത്തണച്ചോമനിക്കൂ,
ഏകാന്തത്തിങ്കലേ താനിവളുടെ തിരുമുൽ-
ക്കാഴ്ചയെ സ്വീകരിക്കൂ,
ഏകാന്തം തന്നെയാണിദ്ധരണിയിൽ മനുജർ –
ക്കുള്ളൊരാ സ്വർഗ്ഗഭാഗ്യം.
13
(കർമ്മലകുസുമം, ഫെബ്രുവരി 1924)
