Paravile Painkili-1

പാറാവിലെ പൈങ്കിളി


പാറാവിലീ വിരഹവേദനയെത്രനാളായ് 

മാറാതെ ഞാനനുഭവിച്ചു വരുന്നു നിത്യം! 

കൂറേറുമെന്നിണയെവിട്ടൊരുമാത്രനേരം

 നൂറായിരം സമകളെന്നിഹ തോന്നിടുന്നു.           

1

ഓർത്താലെനിക്കിവിടെ മറ്റൊരു ദുഃഖമില്ല

 പാർത്തീടുവാൻ പുതിയ പഞ്ജരമെത്രരമ്യം! 

താർത്തേനിലും രുചികരം മമ ഭക്ഷണങ്ങൾ 

ഭൃത്യപ്പണിക്കു വിരുതേറിയ കിങ്കരന്മാർ!               

2

 എല്ലാം സുഖപ്രദമതാകിലുമുള്ളിലേറ്റം 

വല്ലാതെ കത്തിയെരിയുന്നവിയോഗവഹ്നി 

കൊല്ലാതെ കൊല്ലുക നിമിത്തമിതൊന്നുകൊണ്ടും

 തെല്ലെങ്കിലും സുഖമെനിക്കനുഭൂതമാകാ.           

3

എന്നെപ്പിടിച്ചിതിനകത്തുവളർത്തിടുന്ന 

മന്നൻ മഹത്തരകൃതാർത്ഥത പൂണ്ടിടുന്നു. 

എന്നന്തരംഗമതുകാണുവതാരു, പാർത്താ –

ലന്യന്റെ ചിത്തഗതിയാരറിയുന്നു പാരിൽ!          

4

 ആരൊക്കെയത്രപരിലാളന ചെയ്കിലെന്തി-

 ക്കാരാഗൃഹത്തിനകമേ സുഖലബ്ധിയുണ്ടോ? 

സ്വൈരം പറന്നു ജവമെന്നിണയോടുകൂടി-

 ച്ചേരുന്നതാകിലതുതന്നെ യഥാർത്ഥഭാഗ്യം.         

 5

ഏകാന്ത ദുസ്സഹമഹാവ്യഥമൂലമായ് ഞാൻ 

ച്ചാകാതെ ചാകുമളവൻ പ്രിയജീവനാഥൻ

 ആകാശദേശമതിലെന്നെ വിളിച്ചുഴന്നു 

ശോകാഗ്നിതന്നിലെരിയുന്നതു കണ്ടിടുന്നേൻ.       

6

 രണ്ടാളുമിങ്ങനെ തപിച്ചു ദഹിച്ചിടുമ്പോ-

 ളുണ്ടാവതെങ്ങനെ മനസ്സുഖമീ ജഗത്തിൽ 

വണ്ടാറണിക്കുഴലി മാർക്കതിലും വിശേഷി –

ച്ചുണ്ടാകുമോ സഹനശക്തി വിയോഗനാളിൽ ?     

ഏകാന്തവാസമിതുദുസ്സഹമെങ്കിലും ഞാൻ

ചാകാതെ ജീവനെധരിച്ചുവരുന്നതോർത്താർ 

നാകാധിനാഥനുടെ തൃക്കര പല്ലവങ്ങ-

 ളേകും കൃപാസുധയശിപ്പതുകൊണ്ടുമാത്രം.       

 8

 വാനത്തുനോക്കി മമവല്ലഭനേ മനസ്സിൽ 

ധ്യാനിച്ചു സുസ്ഥിരസമാധിയിൽ ലീനയായി

 ഗാനം മുഴക്കുമൊരു സംഗതി മാത്രമല്ലാ-

 താനന്ദമെന്നതിഹ ഞാനറിയുന്നതില്ല.                   

9

 ആവേളയിൽ പരമസിദ്ധരിലീർഷ്യ ചേർക്കും 

കൈവല്യമാണനുഭവിപ്പതു സത്യമായ് ഞാൻ 

ദ്യോവിൽ പ്രിയന്റെ നിഴലപ്പൊഴെനിക്കു കാണാം 

ദിവ്യത്വമേറുമൊരു വൈദ്യുതദീപ്തിപോലെ.             

10

 കൂടുന്നവാഞ്ഛയതിനാൽ പ്രതിബന്ധമെല്ലാം 

പാടേമറന്നു ചെറുപക്ഷിയുഗം പരത്തി

പാടിപ്പറന്നവിടെയെത്തിരമിപ്പതിന്നായ് 

സാടോപമങ്ങിളകി ഞാൻ കുതികൊണ്ടിടുന്നു.       

11

കഷ്ടം! നിരാശ ചെറുതല്ല, നിനച്ചുകണ്ടാൽ

തട്ടിത്തകർത്തുകളയാനരുതാത്തമട്ടിൽ 

കൂട്ടിന്നു ചുറ്റുമഴിയു,ണ്ടവയിൽ തടഞ്ഞും

 പെട്ടെന്നു ഞാൻ ചിറകുവീണ്ടുമൊതുക്കിടുന്നു.     

12

ക്ഷീണിച്ചു ഞാൻ നയനയുഗ്മ മടച്ചു മേലാൽ 

കാണേണ്ട, ലോകദുരിതാംബുധിയെന്നുറച്ച്

വാണീടുമപ്പൊഴരികത്തണയുന്നു മോദാൽ

ക്ഷോണീന്ദ്രകിങ്കരരെനിക്കശനാദിയേകാൻ.               

13

തത്തപ്പതത്തിലതിവെണ്മ കലർന്നൊരന്നo

വൃത്തിക്കുനല്ലകനകത്തളികയ്ക്കകത്തതായ്

ചേർത്തിട്ടുപാൽ പഴമിതൊക്കെയുമൊത്തു ചേലോ-

ടെത്തിക്കുമെന്നരികിൽ സാദരമാജനങ്ങൾ.                   

14

എന്താണിതെന്താരശനം! സുരവന്ദ്യനാമെൻ-

 കാന്തന്റെ ചുണ്ടിലൊഴുകുന്ന വചോമൃതത്തേ 

ചിന്തിച്ചിടുമ്പൊഴിവയൊക്കെയുമെത്ര തുച്ഛം!

സ്വാന്തം കുളുർക്കുമൊരുയാവനഞാൻ കൊതിപ്പൂ.     

15

ആരാണെനിക്കതരുളാൻ ചിലനേരമെന്റെ

 യാരാധനാവിഷയമാക്കിയ വന്ദ്യദേഹം

ചാരേവരുന്നസമയത്തതുകിട്ടു,മെന്നാൽ

ദൂരെപ്പറക്കുമളവുള്ളുരുകുന്നു വീണ്ടും                             

16

കാരുണ്യസദ്ഗുണമഹത്തരമാസ്വരൂപം

 പാരിച്ച ഭക്തിയോടുഹൃത്തിലണച്ചു കൂപ്പി 

സ്വൈരം ജപിച്ചു നയനങ്ങളടച്ചിരുന്നാൽ 

ചാരത്തു കേൾക്കുമൊരുമോഹനദിവ്യഗാനം.                 

17

 പൂന്തേനിലും മധുരമായ മൃദുസ്വരത്തിൽ 

ചന്തം തുളുമ്പുമൊരു രാഗവിലാസമോടേ 

എൻ നാമധേയമവിടുന്നു വിളിക്കു,മപ്പോൾ

വന്നെത്തിടുന്നൊരുമനസ്സുഖമെന്തുചൊല്ലാം!                 

18 

നൂറായിരം വിഭവമൊത്തവിരുന്നുപോലും

കൂറേറുമച്ചെറുനിനാദമതിന്റെ മുമ്പിൽ 

ഏറുന്നൊരാദരവൊടേ തലതാഴ്ത്തി നില്ക്കും, 

നീറുന്ന ഹൃത്തിനതുതാനമൃതപ്രവാഹം.                         

19

എന്നല്ല ദിവ്യമൃദുശീതളപക്ഷയുഗ്‌മം

 നന്നായ് വിടുർത്തിയഴികൾക്കിടയിൽക്കടത്തി

എന്നെത്തലോടിയവിടുന്നു സമാശ്വസിപ്പി-

ച്ചെന്നോടുമേൽത്തരരഹസ്യവുമൊക്കെയോതും.         

20

എന്നാലുമീയഴികളൊന്നു തകർത്തിടാതെ-

 യെൻ നാഥപാദസവിധേ സുചിരം വസിപ്പാൻ

 വന്നീടുകില്ല തരമെന്നതുതർക്കമെന്യേ 

നന്നായറിഞ്ഞതിനു ഞാൻ വഴിനോക്കിടുന്നു.               

21

 ഓരോദിനം, നിശിതമാം മമചുണ്ടിനാലേ-

 യോരോമരപ്പൊളി കരണ്ടുമുറിച്ചുകൊണ്ടാൽ 

കാരാഗൃഹത്തിനുളവാമചിരേണ വേണ്ടും 

ദ്വാരം; വെളിക്കിവൾ കടന്നു കൃതാർത്ഥയാകും.             

22

 മുക്തിക്കുവേണ്ടി മടിയെന്നതറിഞ്ഞിടാതെ

ശക്തിക്കുമേൽത്തരമഹത്തരവേലചെയ്ത് 

ഭക്തിപ്രകർഷപുളകാഞ്ചിതഗാത്രയായ് ഞാൻ 

മുക്തിപ്രദന്റെ പദപദ്മമണഞ്ഞു കൂപ്പും.                           

23

എല്ലാമഹത്തരവിഭൂതിയുമൊത്തുചേർന്നി-

ട്ടുല്ലാസമേറ്റമരുളുന്നൊരു പാരഡൈസ്സിൽ 

കല്യാശയൻ പ്രിയനുമൊത്തു വസിച്ചിടും ഞാ-

 നല്ലൽപ്പെരുങ്കടൽ കടന്നതിധന്യയായി.                           

24

(പ്രബുദ്ധഭാരതം, ഏപ്രിൽ, 1938)