Parthikkunna Manushyan-1

പ്രാർത്ഥിക്കുന്ന മനുഷ്യൻ


പ്രാർത്ഥന തന്നെയാണെന്റെ ജീവിതം

 പ്രാർത്ഥന തന്നെയെന്റെയാനന്ദവും

 പ്രാർത്ഥനയാണെൻ ജോലികളൊക്കെയും

 പ്രാർത്ഥനയത്രേ വിശ്രമം നിദ്രയും.                       

1

പ്രാർത്ഥനയെന്റെ ശക്തിയും ധൈര്യവും 

പ്രാർത്ഥനയെന്റെയാത്മാവിന്റെ ശാന്തിയും

 പ്രാർത്ഥനയെന്റെ സർവ്വചൈതന്യവും 

പ്രാർത്ഥനാശക്തി വാചാമഗോചരം.                       

2

എന്തുജോലി ഞാൻ ചെയ്തിരുന്നാലുമെ-

ന്നന്തരാത്മാവിലുള്ളിന്റെയുള്ളിലായ്

 ശാന്തനായ് സദാ വാഴുന്നുണ്ടദ്ദേഹം

 സന്തതസല്ലാപങ്ങളിൽ പ്രീതനായ്                         

 3

മൂർത്തിബാഹ്യമാം ജോലികൾ ചെയ്യുമ്പോൾ

പ്രാർത്ഥനാലീനമാത്മാവു നാഥനിൽ

“വ്യർത്ഥ”മെന്നുള്ള കുണ്ഠിതമേകുന്ന

മാത്രയിന്നോളമില്ലെനിക്കായുസ്സിൽ                       

4

ജീവിതയുദ്ധരംഗത്തു നിശ്ശേഷം

തോൽവി പറ്റാത്തൊരായുധം പ്രാർത്ഥന

 ഭൂവിൽ നിന്നു സുരക്ഷിതയായെന്നെ

 ദ്യോവിലെത്തിക്കും സോപാനം പ്രാർത്ഥന.       

5

 ജീവിതയാത്ര ലക്ഷ്യത്തിലെത്തുവാൻ

 നേർവഴി കാട്ടും ദീപവും പ്രാർത്ഥന 

ദൈവഭക്തർ നടന്ന കാല്പാടുക-

 ളാവഴി നീളെക്കാട്ടുന്ന പ്രാർത്ഥന.                         

6

 ഈതിബാധകൾ മാറ്റുന്ന പ്രാർത്ഥന 

ഭൂതിലോകത്തിന്നേകുന്നു പ്രാർത്ഥന 

ആതുരന്മാർക്കു പ്രാർത്ഥനയാശ്വാസം 

നീതിമാന്മാർക്കു പ്രാർത്ഥനയാലംബം.                

7

കോളുകൊണ്ടു സമുദ്രമടങ്ങിടും 

കാളുമഗ്നിയും കെട്ടു ശമിച്ചിടും

ധൂളിപോലെ മഹീധ്രങ്ങൾ മാറിടും 

കേളികൊട്ടാതെ പ്രാർത്ഥനാശക്തിയാൽ             

8

ലോകമാലിന്യമൊന്നാകെ നീങ്ങിടു-

 മേകമാനസരായി നാം പ്രാർത്ഥിച്ചാൽ

 ഏകദൈവവിശ്വാസം വിജയിക്കു-

മാകയാൽ നമുക്കെപ്പോഴും പ്രാർത്ഥിക്കാം.         

9

കൂപ്പുകൈയും നിമീലിതനേത്രവും-

മെപ്പൊഴും വേണമെന്നില്ല പ്രാർത്ഥിപ്പാൻ

ഈ പ്രപഞ്ചത്തിൽ ജീവിതയാത്രയി-

 ലെപ്പൊഴുമതു സാദ്ധ്യമല്ലാർക്കുമേ.                       

 10

ആകയാൽ നമുക്കെപ്പൊഴും പ്രാർത്ഥിക്കാം

 ജോലി നേരത്തും ഭക്ഷണനേരത്തും 

നിദ്രയിലോരോ ശ്വാസം വിടുമ്പോഴും

 പ്രാർത്ഥന തുടർന്നീടാമഹർന്നിശം.                         

11

(സമർപ്പിത, ഡിസംബർ, 1968)