പാവനപൗരോഹിത്യം

ക്രിസ്തുവേ, ദയാപരാ, പാപി ഞാൻ പ്രാർത്ഥിക്കുന്നു
നിത്യനാം പുരോഹിതാ, ലോകരക്ഷകാ ദേവാ,
നിന്തിരുവടി പണ്ടേ സ്ഥാപിച്ച പൗരോഹിത്യം
പന്തലിച്ചെന്നും തണൽ ജഗത്തിന്നേകിടുവാൻ
കരുണപ്പെരുമഴ തുടരെച്ചൊരിയണേ
നരരക്ഷയെപ്രതി കുരിശിൽ മരിച്ചോനേ,
ജനത വർദ്ധിക്കുന്നു, വൈദികർ കുറയുന്നു
കനക്കെച്ചിന്തിക്കേണ്ടും വിഷയം തന്നെയല്ലോ.
വിളവുസമൃദ്ധമാണതിനാൽ കൊയ്യാനങ്ങു
വിളഭൂമിയിലേക്കു വിടണേ വേലക്കാരേ.
മനുഷ്യൻ ലോകത്തിലേ ജീവിതയാത്രക്കാരൻ,
തനിയേപോയാൽ കാടുകയറും, ലക്ഷ്യം തെറ്റും.
മാർഗ്ഗദീപമാകണം, വഴികാട്ടിയാകണം,
സ്വർഗ്ഗയാത്രയിലെന്നും മർത്യനു പുരോഹിതൻ
വേദനാഘട്ടങ്ങളിൽ, യാതനാകാലങ്ങളിൽ,
വൈദികൻ സമാശ്വാസ ദൂതനായി വർത്തിക്കണം.
കൊടിയ പാപങ്ങൾ ചെയ്തധികനിരാശയാൽ
നെടുവീർപ്പിടുന്നോരെ ദൈവികസ്നേഹത്തോടേ
ശാന്തനായി സമീപിച്ചു പാപമോചനം മന-
ശ്ശാന്തിയുമേകാനൊരു വൈദികൻ തന്നെ വേണം.
പരമ പരിശുദ്ധ ബലിയാൽ ലോകത്തിലേ
ദുരിതം നീക്കാനെന്നും വൈദികൻ തന്നെ വേണം.
മരണസമയത്തു നശ്വരദേഹം വിട്ടു
പിരിയുമാത്മാവിനു നിത്യമാം സമാധാനം
ആരു നല്കിടുമൊരു വൈദികനല്ലാതെ? മ-
റ്റാരുടെ വൈദഗ്ദ്ധ്യവും പോരുകില്ലക്കാര്യത്തിൽ.
പിഞ്ചുപൈതലിൻ ജ്ഞാനസ്നാന നാൾ തൊട്ടേയവൻ
ചഞ്ചലിക്കാതെ മുമ്പോട്ടടികൾ വച്ചീടുവാൻ
താങ്ങുന്നു പുരോഹിതൻ, നല്കുന്നു കൂദാശകൾ,
ഭംഗമെന്നിയേ ലക്ഷ്യം പ്രാപിക്കും നേരം വരേ.
പൂജ്യനാം പുരോഹിതൻ, ക്രിസ്തുവിന്റെ പ്രതിനിധി,
യാർജിതവിശുദ്ധിയാൽ ദിവ്യനായിരിക്കണം.
എങ്കിലുമദ്ദേഹവും മർത്യനാകയാൽ വല്ല
പങ്കവുമേശിക്കണ്ടാൽ തെല്ലുമദ്ഭുതം വേണ്ട.
അങ്ങനെവരായ്‌വതിനീശനോടെപ്പൊഴും നാ-
മിങ്ങനെ പ്രാർത്ഥിക്കണം നിതരാമാത്മാർത്ഥമായ്
പാവനപൗരോഹിത്യം സഭയിൽ സംസ്ഥാപിച്ച
ദൈവമേ, വിശുദ്ധരാം വൈദികവരേണ്യരെ
പഞ്ചഭൂഖണ്ഡത്തിലും നല്കണേ ധാരാളമായ്
അഞ്ചിതതാരങ്ങൾപോൽ പ്രഭവീശുവാനായി.
(കാർമ്മൽ, മാർച്ച്, 1974)
