Vyakularude Aaswasam

വ്യാകുലന്മാരുടെ ആശ്വാസം


ന്നില്ലാതൊരു സന്താപമന്നെന്നെ

           യന്തമില്ലാതെ വലച്ചിരുന്നു. 

ഊണുമുറക്കവും കൂടാതെതന്നെ ഞാൻ

            കേണു ദിനങ്ങൾ കഴിച്ചിരുന്നു. 

വല്ലതുമല്ലലുണ്ടായീടും വേളയി

            ലുള്ളമലിഞ്ഞെന്നെ ചുംബിക്കുന്ന-

പെറ്റമ്മയുമെന്റെ താതനുമെന്നിൽ നി-

             ന്നേറ്റം വിദൂരത്തിലായിരുന്നു. 

ഉറ്റബന്ധുക്കളും വീടും സ്വദേശവും

             വിട്ടു ഞാൻ ദൂരെ വസിച്ചിരുന്നു.                                             

10

ഏതുമൊരാശ്വാസ മില്ലാതെ പാരം ഞാ-

               നാതുര ചിത്തയായ്ത്തീർന്നിരുന്നു.

 കൂട്ടുകാരൊത്തു വിനോദിപ്പതിന്നെനി-

             ക്കൊട്ടുമേ സന്തോഷം തോന്നിയില്ല 

ഏകാന്തവാസം ഞാനാഗ്രഹിച്ചെങ്കിലു-

             മേകിയില്ലായതുമാനന്ദം മേ. 

വല്ലതും വായിച്ചു നേരം കഴിപ്പാനു-

               മുല്ലാസം തോന്നിയതില്ല തെല്ലും. 

മാലകറ്റീടുന്ന ഗാനശകലങ്ങ-

              ളാലപിക്കാനും കഴിഞ്ഞില്ലമേ.                                                

20

മെല്ലെക്കരഞ്ഞിട്ടെന്നുള്ളിലെബ് ഭാരത്തേ

                തെല്ലു കുറച്ചിടാനാശിച്ചു ഞാൻ. 

കണ്ണുകൾ രണ്ടും വരണ്ടു ചമഞ്ഞിട്ടു 

                  കണ്ണീർ പുറപ്പെടാനില്ലാതായി 

സ്നേഹിതമാരോടെൻ സങ്കടമോതുവാൻ

                 മോഹം വളർന്നിതു മാനസത്തിൽ.

ആരും പരിചിതരില്ലാത്ത ദേശത്തി- 

                 ലാരോ വയസ്യമാരായ് ഭവിപ്പൂ? 

ലേശവും പൊട്ടിപ്പുറത്തേയ്ക്കൊഴുകാതെ 

                 നാശകരമായി വർദ്ധിക്കുന്ന-                                                      

30

സങ്കടസാഗരമുള്ളിലൊതുക്കിയെൻ-

                ചങ്കു പൊട്ടീടുമെന്നോർത്തു പോയ് ഞാൻ. 

മെത്തും കദനത്താൽ ഗാത്രം തളർന്നു ഞാൻ 

                മെത്തയിൽ ചെന്നങ്ങു വീണുപോയി.

നശ്വരമായൊരീ ലോകത്തേയാശ്രയി-

                ച്ചാശ്വാസം തേടിയോരെന്റെ ചിത്തം

സൃഷ്ടികളിൽനിന്നു പിൻവലിച്ചിട്ടു ഞാൻ

                സൃഷ്ടികർത്താവിലേയ്ക്കായ് തിരിച്ചു.

“ദൈവമേ! ദീനദയാലുവാമങ്ങെന്നെ-

                 കൈവെടിഞ്ഞീടൊല്ലേ, കാരുണ്യാബ്ധേ !                                  

40

നിൻപദതാരിണയല്ലാതൊരാലംബം

                 തമ്പുരാനേ! യെനിക്കില്ല വേറെ.

താങ്ങുവാൻ വയ്യാത്ത ഖേദഭരത്താലെ-

                ന്നംഗങ്ങളെല്ലാം തളർന്നീടുന്നു. 

ത്രിത്വൈക ദൈവത്തിൻ രണ്ടാമാളായുള്ള 

              പുത്രനെപ്പെറ്റൊരു കന്നിയമ്മേ!

മൂന്നു ലോകങ്ങളും സൃഷ്ടിച്ച നാഥനേ- 

              യുണ്ണിയായ് കൈയിലെടുത്ത തായേ! 

സ്വർഗ്ഗരാജ്യത്തിന്റെ വാതിലായ് നിന്നിട്ടു 

              സൽഗ്ഗതിയാരിലും ചേർക്കുമമ്മേ!                                                

50

“വ്യാകുലന്മാരുടെ യാശ്വാസ” മെന്നു ഭൂ-

            ലോകം സ്തുതിപ്പതു നിന്നെയല്ലോ 

ആർത്തരിൽ കാരുണ്യമേറുന്ന നിൻ തിരു

             നേത്രങ്ങളെന്നിൽ തിരിക്ക നാഥേ! 

താവക കാരുണ്യം സിദ്ധിച്ചീടായ്കിൽ മേ 

                ജീവിതം ഭാരമായ് തീരുമല്ലോ 

ലോകമിരുട്ടിൽ മറയുന്നു പാപി ഞാൻ

                 ശോകതിമിരത്തിലാണ്ടിടുന്നു.

ചുണ്ടു വരളുന്നു, നാവു തളരുന്നു.

                  മിണ്ടുവാൻ വയ്യാമേ, പാഹി! പാഹി!!”                                     

60

ഈ വിധം കേണു മിനിറ്റുകളെണ്ണി ഞാൻ 

                 രാവുമുക്കാലും കഴിച്ചുകൂട്ടി. 

ബോധമില്ലാത്തോരവസ്ഥയപ്പോളെന്നെ 

                  ബാധിച്ചീടുമ്പോലെനിക്കു തോന്നി.

ദൈവമേ! കാരുണ്യവാരിധേ! കൈതൊഴാം!

                   കൈവന്നോരാനന്ദ മെന്തുസചൊല്ലാം!!

എൻ കപോലങ്ങളെ സ്പർശിച്ചൊരാവസ്തു

                  തങ്കമോ? മാർദ്ദവമില്ലതിന്ന്.

ചന്ദനച്ചാറും പനിനീരുമല്ലതു

                 മന്ദാരവൃക്ഷത്തിൻ പൂവുമല്ല                                              

70

നന്ദനോദ്യാനത്തിൽ നിന്നു പുറപ്പെട്ടു 

                   മന്ദമായ് വീശുന്ന കാറ്റുമല്ല എന്മനോവേദനയ്ക്കാശ്വാസമേകുവാ- 

                  നമ്മ നൽകീടുന്നൊരുമ്മയല്ല

ആരോ മഹാ ദിവ്യനായൊരു പൈതലി- 

                   ന്നാരോമൽ കൊച്ചുകരങ്ങളത്രേ 

ഏതുകവിക്കുമുപമാനം കിട്ടാത്ത

                   ചേതോഹരമായ കൊച്ചുകൈകൾ,

ഒന്നിനാലെൻ കപോലങ്ങളിൽ ലീലയാ 

                    മന്ദമന്ദം ചില താഡനങ്ങൾ.                                         

80

തന്നിടും വേളയിൽ മറ്റേതിൽ ചേലൊത്തു 

                    ചേർന്നിരിക്കുന്നു വിശുദ്ധസ്ലീവാ 

ബാലകനാരെന്നബോധമെനിക്കുണ്ടാ- 

                     യാലസ്യം വിട്ടെഴുന്നേറ്റു ഞാനും. 

സാഷ്ടാംഗമായി പ്രണമിച്ചു ഭക്തിയിൽ 

                      മുട്ടിന്മേൽ തന്നേ നിവർന്നു നിന്നു. 

ഈരേഴു ലോകത്തിൻ  സൃഷ്ടിസ്ഥിതിലയ 

                    കാരണമായൊരാ നേത്രയുഗ്മം

കാരുണ്യകല്ലോലം തത്തിക്കളിക്കുന്ന 

                    വാരിധിയായുള്ള തൃക്കടാക്ഷം                                             

90

എന്നിൽ പതിച്ച വിശുദ്ധ വിനാഴിക

                    എന്നെന്നേയ്ക്കും സ്മരണീയമല്ലൊ! 

കോമളമാം ചെറുചുണ്ടിൽ പരക്കുന്നോ- 

                     രോമനപ്പുഞ്ചിരിപ്പുനിലാവിൽ

കൗതുകപൂരം ഞാനെങ്ങിനെ ചൊല്ലേണ്ടു 

                    തൂലിക നിർജ്ജീവ വസ്തുവല്ലേ? 

ചെമ്മേചലിച്ചാ മനോഹരച്ചുണ്ടുക-

                    “ളമ്മേ!’ യെന്നൊന്നു വിളിച്ചനേരം 

വിദ്യുല്ലതിക പറന്നടുക്കുംവിധ-

                      മദ്ദിക്കിൽ കണ്ടൊരു ദീപ്തി പൂരം.                                     

100

ക്രോബേമാലാഖമാരാകാശവീഥിയിൽ 

                      ശോഭകലർന്നു നിരന്നുടനേ

താളവും മേളവും കാഹളദ്ധ്വാനവും 

                      നീളവേ ഗാനവും കേട്ടിതപ്പോൾ. 

അമ്പരന്നിങ്ങനെ നിന്നു ഞാനപ്പൊഴെൻ 

                       മുമ്പിൽ കാണായൊരു തേജഃപുഞ്ജം.

ഭാസ്കരനെ വെന്ന കാന്തിപടലത്താൽ

                    തീർക്കാമോ ഈ വിധം നാരീരൂപം! 

മുക്കണ്ണൻ തന്റെ ശിരസ്സിൽ കിരീടമായ്

                 നിൽക്കുന്ന ചന്ദ്രനീ സുന്ദരിക്ക്                                    

110

കാൽക്കൽ മെതിയടിയായി മരുവുന്നു

                 നക്ഷത്രജാലം കിരീടമായും. 

ഭവ്യനാം ബാലകൻ മന്ദം വിളിച്ചൊരു 

                ദിവ്യജനനിയീ നാരിതന്നെ. 

പുത്രനേ മെല്ലേക്കരത്തിൽ വഹിച്ചുകൊ-

                ണ്ടെത്രയും വാത്സല്യപൂർവ്വമെന്നിൽ 

നേത്രങ്ങൾ മന്ദം തിരിച്ചു കടാക്ഷിച്ച

                മാത്രയിൽ രൂപം ഞാൻ മാറിക്കണ്ടു. 

ബാലകൻ കൈയിൽ വഹിച്ച കുരിശൊരു                                        

120

               ശൂലമായമ്മതൻ മാറിൽക്കണ്ടു.

ഒന്നല്ല ശൂലങ്ങളേഴു തറഞ്ഞതി-

                ഖിന്നമായുള്ളൊരാ മാറിടത്തിൽ 

എന്നെപ്പിടിച്ചൊന്നു ചേർത്തു പുണർന്നപ്പോൾ 

                വന്നൊരാനന്ദം ഞാനെന്തു ചൊല്ലാം!

സ്വർഗ്ഗരാജ്യത്തിലസൂയയുണ്ടാമെങ്കിൽ, 

                 തർക്കമില്ലാസ് ഥിതി കണ്ടനേരം 

ആകവേവാനവരെന്നി ലസൂയപ്പെ-

                ട്ടാകുലപ്പെട്ടിട്ടുണ്ടായിരിക്കാം.

“ഓമനേ! എന്തു നീയീവിധ മേതുമേ

                സീമയില്ലാതെ വിലപിക്കുന്നു?                                                  

130

ശാശ്വതമല്ല യിഹത്തിലേ സങ്കട-

               മാശ്വസിച്ചീടുക വത്സലേ! നീ. 

എന്നുടെ ചങ്കിലേ യേഴുശൂലങ്ങളി

               ലൊന്നിനോടിന്നിതു തുല്യമാമോ? 

നന്മനസ്സോടിച്ചെറിയ കുരിശിനേ-

                  യെന്മകളേ! നീ ചുമന്നുകൊൾക. 

ഏറീടും നിൻ ക്ഷമകേടിനാൽ നീയതു

                ഭാരപ്പെടുത്താതെ കാത്തുകൊൾക. 

അല്ലലിൽപ്പെട്ടു നീ നട്ടം തിരിയവേ

                കില്ലു വെടിഞ്ഞെന്നെയാശ്രയിച്ചാൽ                                        

140

ചെല്ലമേ! നിന്നെ ഞാൻ കൈവെടിഞ്ഞീടുമോ! 

                  ഇല്ല, നീ സംശയിക്കേണ്ട തെല്ലും. 

ഒട്ടല്ലാതുള്ളൊരീ സങ്കടത്തിൽ നിന്നെ-

                   യൊട്ടു വിനോദിപ്പിച്ചീടുവാനായ്

വിട്ടു ഞാനുണ്ണിയേ മുന്നമേ, പിന്നെ നിൻ 

                   മട്ടു കണ്ടീടുവാൻ നിന്നു ഞാനും. 

“വ്യാകുലന്മാരുടെയാശ്വാസം” ഞാൻ തന്നെ- 

                  യാകുന്നു; വിശ്വസിച്ചീടുക നീ.

കാർമേഘം നീങ്ങി വിയത്തു തെളിഞ്ഞിടും 

                    നിർമ്മലമാം ശരത്താഗമിക്കും. 

ഇമ്മഹാമാരിയാൽ ഭീതിപ്പെടേണ്ട, നിൻ 

                    സമ്മോദകാലം വിദൂരമല്ല.

ആശീർവാദം നിനക്കേകുന്നെന്നോമനേ! 

                  ആശ്വസിച്ചീടുക പോകട്ടെ ഞാൻ!” 

ഏവം പറഞ്ഞെന്നെ വിട്ടതി വേഗത്തിൽ 

                   ദ്യോവിലുയർന്നാ മനോഹരാംഗി. 

“കഷ്ടമേ പോയല്ലോ കൈവന്ന ഭാഗ്യമെൻ- 

                    ദിഷ്ടക്കേടെ”ന്നു ഞാൻ കേണിടുമ്പോൾ 

പെട്ടെന്നുണ്ടായ മണിനാദം കേട്ടു ഞാൻ

                     ഞെട്ടിയുണർന്നു പോയ്; സർവം ശുഭം.

                                                  (കർമ്മലകുസുമം, സെപ്തംബർ 1923)