Vijayathinte Divasam

വിജയത്തിന്റെ ദിവസം

ർത്ത്യകുലരക്ഷയതിനായ് പരമനാഥൻ 

മൃത്യുവിനു തന്നെ ബലിചെയ്തതിനുശേഷം 

ചീർത്ത കദനക്കടലിലാണ്ടു നിലയറ്റി-

പ്പാർത്തല മുഴന്നു നെടുവീർപ്പൊടു വസിച്ചു.                                         

1

ആടലൊടു കന്നിമരി, ശിഷ്യഗണവും തൻ 

പീഡകളിലുള്ളലിവെഴും വനിതമാരും,

ചൂടെഴുമൊരശ്രുവതു കണ്ണു തുവരാതെ

 തോടുകൾകണക്കു ബത വാർത്തു നിവസിച്ചു.                                    

2

വാനുലകിനും പരമനർഘനിധിയായ 

മാനുഷകുമാരനുടെ പൊന്നുതിരുമേനി

 മാനമൊടു കല്ലറയിലാക്കി ഭടവൃന്ദം, 

ഹീനനിനവോടുമതു കാത്തു നിവസിച്ചു.                                                  

3

രണ്ടുദിനമിങ്ങനെ കഴിഞ്ഞു; പകലീശൻ 

വീണ്ടുമണയുന്നതിനുമുമ്പു പുലർകാലേ, 

കൊണ്ടലിനസൂയയരുളും കബരി മേരി* 

ഇണ്ടലൊടുമെത്തി ഗുരുവിൻ കവറിടത്തിൽ.                                         

4

പാരിടമതേവരെയടക്കി വിഹരിച്ച 

കൂരിരുളിനുഗ്രത കുറച്ചു കുറവായി,

ക്രൂരതരഹൃത്തുകളിലെത്തുവതിനുള്ള

സാരതരദീപ്തിയുടെ സൂചനകണക്കേ.                                                     

5

തെല്ലുമൊരു ശങ്കയകതാരിലണയാതെ 

മല്ലമിഴിനാഥനെ വിരഞ്ഞണയുമപ്പോൾ, 

കല്ലറയതിന്റെ മുഖസീമനിയടച്ച

കല്ലവിടെനിന്നകലെമാറിയവൾ കണ്ടു.                                                          

6

   

“കർത്തനുടെ വന്ദ്യതിരുമേനി നിശയിങ്കൽ

ശത്രുഗണമൊട്ടപഹരി”ച്ചിതി നിനച്ച്,

ആർത്തിയോടുകൂടിയവളോടിയുടനേയീ-

വാർത്തയതു ശിഷ്യരൊടു ശീഘ്രമറിയിച്ചു.                                                  

7

സത്വരമണഞ്ഞവരുമീ വിവരണത്തിൻ 

സത്യമറിയുന്നതിനു കല്ലറയിടത്തിൽ;

കർത്തനുടെ മേനിയിലണിഞ്ഞ തിരുവസ്ത്രം 

മാത്രമവിടത്തിലവർ കണ്ടതിശയിച്ചു.                                                           

8

ആദിമുതൽ ദിവ്യലിഖിതങ്ങളിലനേകം

ബോധനകളുള്ളതവരേതുമറിയാതെ, 

വേദകുലനാഥനെയരാതികൾ കവർന്നെ- 

ന്നാധിയൊടുറച്ചവർ മടങ്ങിയൊരുമട്ടിൽ.                                                      

9

 

മേരിയുടെ ഹൃത്തു ബലമായവിടെ ബന്ധി- 

ച്ചാരവളെ നിർത്തി? ഗുരുഭക്തിയുടെ ശക്തി! 

നാരിയുടെ ചിത്തമൊരു താവളമണഞ്ഞാൽ 

വേരവിടെയൂന്നുമതു വീണ്ടിളകുകില്ല.                                                         

10

കല്ലറയിലേക്കു തലചായ്ച്ചവളു നോക്കി; 

നല്ല ധവളാംബരമണിഞ്ഞിരു യുവാക്കൾ 

തൃക്കവറിടത്തിനു തലയ്ക്കലുമൊരുത്തൻ 

കാല്ക്കലുമിരിപ്പതവൾ കണ്ടു, സുമുഖന്മാർ.                                      

11

 “എന്തിനിതുമട്ടു കരയുന്നു തരുണീ നീ? 

ബന്ധമിതിനെന്തതു പറഞ്ഞിടുക’യെന്ന് 

ചിന്തുമനുകമ്പയോടു ചോദ്യമവർചെയ്തു, 

ശാന്തതയൊടുത്തരമുരച്ചു കളവാണി:                                                    

12

 

“ശത്രുകുലമെന്റെ ഗുരുവിന്റെ തിരുമേനി

രാത്രിസമയത്തപഹരിച്ചിവിടെനിന്നും

കത്തുമഴലോടുമതു ഞാൻ തിരകയാണെൻ 

കർത്തനെ വെടിഞ്ഞൊരു ശുഭം നഹിയെനിക്ക്.                                       

13

അല്ലലൊടു തേൻ മൊഴിയിതേവിധമുരച്ചു,

മെല്ലെ നയനങ്ങൾ പുറകോട്ടഥ തിരിച്ചു; 

നല്ല സുഭഗാകൃതി തികഞ്ഞൊരു പുമാനെ 

കല്യയവൾ കണ്ടുട,നുയർത്ത മിശിഹായെ.                                                  

14

 

തൻ ഗുരുവതെന്ന പരമാർത്ഥമറിയാത്ത 

മംഗളമനസ്വിനിയൊടങ്ങരുളി നാഥൻ,

“ ‘മങ്കമണി’ , നിൻ വ്യഥയിതെന്തിനു മനോജ്ഞെ!

സങ്കടമൊടാരെ വിരയുന്നിവിടെയിപ്പോൾ?”                                                  

15

നീരജവിലോചന വിവിക്തമൊഴി, തോട്ട- 

ക്കാരനവനെന്ന പരമാർത്ഥനിനവോടും, 

പാരമഴലാൽ കരളുതിർത്ത നെടുവീർപ്പിൻ

ഭാരമൊടുമുത്തരമുരച്ചൊരുവിധത്തിൽ:                                                     

16

“എൻ ഗുരു,വെനിക്കു നിധി,യെന്റെ മുഴുജീവൻ, 

മംഗളഗുണാന്വിതനെ ഞാൻ തിരകയത്രെ, 

അങ്ങെവിടെയെന്നതു ഭവാനറിവതെങ്കിൽ 

സംഗതി പറഞ്ഞുതരണം ദയവുചെയ്തു.”                                                     

17

   

ഒന്നവളെ നോക്കി ഗുരു, പക്ഷമോടു “മേരീ “-

യെന്നു മനതാരു കവരുംപടി വിളിച്ചു; 

സുന്ദരി സുധാബ്ധിയതിലാണ്ടു “മമ നാഥാ”- 

യെന്ന വിളിയോടു ഗുരുവിൻ  സവിധമെത്തി.                                             

18

“നില്ക്കസുഭഗേ, തൊടരുതെന്നെ, മമ താതൻ-

പക്കലഹമെത്തിയതുമില്ലിതുവരെയ്ക്കും, 

നീക്കമിയലാതെ മമ ശിഷ്യരൊടു നീ ചെ-

ന്നീക്കഥകളൊക്കെയറിയിച്ചിടുക വേഗം.”                                                     

19

ആടലകലും മൊഴികളോതി ഗുരുവേവം, 

പേടമിഴിയാൾക്കുമകതാരു വികസിച്ചു.

“തേടുക ലഭിക്കു”മിതി ചൊന്ന മിശിഹായെ 

തേടിയവൾ കണ്ടഥ കൃതാർത്ഥതയടഞ്ഞു.                                                    

20

                                                   (കേരളീയാഭിമാനി വാർഷികപതിപ്പ്, 1927)