Ullinte Ullil

    ഉള്ളിന്റെയുള്ളിൽ


പുള്ളിമാൻ കണ്ണിയാളെത്രയോ കാലമാ- 

യുള്ളിന്റെയുള്ളിലേവേദികയിൽ

പൂവിട്ടുപൂജിച്ചു സേവിച്ചുപോരുന്ന 

ദേവരിൽ ദേവനേയാരുകണ്ടു? 

വിഗ്രഹമല്ലതു ചിത്രവുമല്ലവൾ 

ക്കാഗ്രഹസിദ്ധി നല്കുന്ന ദേവൻ. 

കാമുകന്മാർ വന്നു ചുറ്റിലും തുള്ളിയാൽ 

കാമിനി കണ്ണു തുറക്കുകില്ല.

ആരുടെയാഗമം കാംക്ഷിക്കുന്നീ സതി? 

ആരെപ്രതീക്ഷിക്കുന്നീ സുമാംഗി?                                                      10

കാമനേയെന്നൊരാൾ, കേമനേയെന്നൊരാൾ,

ക്ഷേമസമ്പന്നനേയെന്നൊരാളും.

 

പ്രേമനൈരാശ്യത്താൽ നീറുന്ന ഹൃത്തിലെ 

ധൂമത്തിൻ  തള്ളലാൽ ശ്വാസംമുട്ടി 

ദൂരത്തുപോയിട്ടു തിങ്ങുന്ന കാട്ടിലേ 

ഘോരാന്ധകാരത്തോടോതുന്നേകൻ,

“എന്നെയാശിച്ചവൾ, ഞാനടുക്കായ്കയാൽ 

ഖിന്നയായിത്തപം ചെയ്കയത്രേ”

കാട്ടിലേ മുൾച്ചെടി ചുറ്റിയാദുഷ്ടനെ 

വിട്ടുവീഴ്ചയ്ക്കു തുനിഞ്ഞിടാതെ                                                      20

“നില്ലെടോ കണ്ടകമാണു ഞാനെങ്കിലും

 ചൊല്ലെടോ സത്യമെന്നോതിടുമ്പോൽ 

കാലിലും കൈയിലും കണ്ണിലും മൂക്കിലു-

 മോലുന്നു ശോണിതം മെയ്യിലാകെ. 

കണ്ടകക്കാട്ടിൽനിന്നാലപിച്ചീടുന്നു 

വീണ്ടുമാവീണത്തം വിഡ്ഢിവീരൻ.

 

പുള്ളിമാൻകണ്ണിയാളെത്രയോകാലമാ- 

യുള്ളിന്റെയുള്ളിലേവേദികയിൽ

പൂവിട്ടുപൂജിച്ചു സേവിച്ചുപോരുന്ന 

ദേവരിൽ ദേവനേയാരുകണ്ടു?                                                              30

 

ഉള്ളറയ്ക്കുള്ളിലെപ്പൂമൃദുമെത്തയിൽ 

കള്ളമല്ലങ്ങയെക്കാണുകില്ല.

ഉള്ളിന്റെയുള്ളിലെ സ്നേഹത്തിന്റെ വേദിയി- 

ലുള്ള പ്രതിഷ്ഠയേ നോക്കണം നാം. 

ജീവന്റെ ജീവനെപ്പൂവിട്ടു പൂജിച്ചു

 സേവിച്ചുനില്ക്കുന്ന മോഹനാംഗി

ആരെയും നോക്കുകില്ലാരെയും കാണുകി- 

ല്ലാരെയും സ്വാഗതം ചെയ്യുകില്ല. 

ആ രഹസ്യം ഗ്രഹിച്ചീടുവാനജ്ഞരാ-

യാരവഘോഷമുണ്ടാക്കിടുന്ന                                                                 40

ഭോഷരാം കാമുകന്മാരുടെ ഗീതവും 

ഭാഷയുമോമലാൾക്കർത്ഥശൂന്യം.

 

ഉമ്മറപ്പൂങ്കാവിലെന്തിനു ചുറ്റുന്നു?

 പെണ്മണിയാളുടെ കണ്മുനകൾ

വെട്ടിത്തിരിഞ്ഞൊരു മന്ദാക്ഷവീക്ഷണം

കിട്ടുമെന്നോർക്കുകിൽ സാദ്ധ്യമല്ല. 

മന്നിലേധൂളിയിൽ പാദമൂന്നീടിലു- 

മുന്നതസത് പ്രേമസത്തയായ

ധന്യനു സർവ്വനിശ്വാസവുമർപ്പിച്ച                                                          50

കന്യകയാണവളോർത്തിടേണം.

“എന്നെയുമെന്നല്ല നിന്നെയും” വേണ്ടവൾ 

ക്കുന്നതൻ കാമുകൻ സ്വന്തമായി

ഉള്ളിന്റെയുള്ളിലെക്കാഞ്ചനവേദിയി-

ലുള്ളവളന്യനെ നോക്കുമെന്നോ?

അങ്ങനെയുണ്ടൊരു ദിവ്യമാം പ്രേമമാ-

സംഗതിലോകമറിഞ്ഞിടേണം.

 

കൂടുവച്ചീടുവാൻ കാട്ടിലേവൃക്ഷങ്ങൾ 

തേടിപ്പറക്കുന്നു വായസങ്ങൾ. 

പാരാവതങ്ങളോ കൊട്ടാരസൗധങ്ങ- 

ളാരാഞ്ഞു പഞ്ജരം ഭദ്രമാക്കും.                                                             60

      

                                               (വിശ്വദീപ്തി, ഒക്ടോബർ, 1966)