തൊഴിലാളി

ഭഗവാനിവിടേയ്ക്കു വന്നിതോ?
തൊഴിൽ ചെയ്തിങ്ങു കുനിഞ്ഞുനിന്ന ഞാൻ
തലപൊക്കിയുമില്ലറിഞ്ഞുമി-
ല്ലവിടുന്നാഗതനായ കാര്യമേ.
1
തൊഴുകൈ! തൊഴുകൈ!! പാദങ്ങളിൽ
പ്രണമിച്ചർച്ചനചെയ്തുകൊള്ളുവാൻ
കുതികൊള്ളുകയാണു മാനസം
സവിധേ ഞാനണയുന്നതെങ്ങനെ?
2
ചെളിപറ്റിയ കാൽകരങ്ങളും
മലിനം ജീർണ്ണതയാർന്ന വസ്ത്രവും
ഒഴുകുന്ന വിയർപ്പിലാകവേ-
യിഴുകും ദേഹവുമങ്ങുനോക്കണം.
3
ഒരു മാത്രയടുത്തുനില്ക്കുവാ-
നിടയായാൽ കൃതകൃത്യയായി ഞാൻ
ഇവളേഴയതിന്നനുഗ്രഹം
തരണേയങ്ങു ദയാലുവല്ലയോ?
4
നടകൊള്ളുവതേതിടത്തിലേ-
യ്ക്കിവളേയോർത്തൊരു തെല്ലുനില്ക്കണേ!
മുതലാളി വസിച്ചിടുന്നൊരാ
മണിസൌധത്തിനകത്തുപോകയോ?
5
ഉടനൊന്നു കുളിച്ചലക്കിയെൻ
ചെറുചെറ്റക്കുടിൽ തൂത്തുഞാൻ വരാം
അതിനില്ല വിളംബമേതുമ-
ങ്ങവിടേയ്ക്കൊന്നെഴുന്നള്ളണേ വിഭോ!
6
പദതാരിണ തൊട്ടുകൂട്ടുപ്പുവാ-
നരികത്തല്‌പമടുത്തുനില്ക്കുവാൻ
ഒരുമാത്രയെനിക്കു നല്കണേ-
യതുതാൻ സ്വർഗ്ഗമെനിക്കു സൽഗുരോ,
7
വരുവേനുടൻ; അല്ല വേണ്ട, ഞാ-
നതു ചൊല്ലുന്നതനിഷ്ടമായ് വരാം.
തളിർമെത്തയിതാവിരിപ്പുഞാ-
നിവിടെത്തന്നെയിരിപ്പതുത്തമം.
8
ഇവളല്പമകന്നു പുഞ്ചിരി-
പ്പുതു പൂന്തേനൊഴുകുന്നൊരാ മുഖം
തടവെന്നിയെ നോക്കിനിന്നിടാ-
മുടയോനേ, കൃപചെയ്തിടേണമേ!
9
ഒരു ഭക്തയോരേഴ കേണിര-
ന്നീടുമീ വാക്കുകൾ കേട്ടിടാത്തപോൽ
അവിടുന്നു നടന്നുപോകയോ?
മുഖമൊന്നിങ്ങു തിരിക്കുകില്ലയോ?
10
അരുതേയവിടുന്നകന്നുപോ-
കരുതേയെന്നെയനുഗ്രഹിക്കണേ!
മണിമേടയിലേയ്ക്കു വന്നിടാൻ!
പണമില്ലാത്തതിനാലനർഹ ഞാൻ
11
ഒരുപുഞ്ചിരി,യുറ്റുനോട്ട, മ-
ത്തിരുനേത്രങ്ങളിലെന്തുകാന്തിയോ!
അധരങ്ങൾ ചലിച്ചു ഭക്തയോ-
ടരുളിച്ചെയ്തുപരൻ പുമാനിദം:
“തവചെറ്റയിലേയ്ക്കുതന്നെ ഞാൻ
നടകൊള്ളുന്നതു; ജോലിതീർത്തു നീ
വരണം ഹൃദിശാന്തിപൂർണ്ണയാ,-
യവിടെക്കണ്ടിടുമെന്ന നിശ്ചയം
13
അരികത്തുനിനക്കിരുന്നിടാം.
മതിയാകുംവരെ ഞാനിരുത്തിടാം.
പലതും പറയാ,മൊരുക്കി നീ
തരുമത്താഴവുമുണ്ടുറങ്ങിടാം.
14
മുടിമന്നവസൌധമൊക്കെവി-
ട്ടൊരു ഗോശാലയതിൽ പിറന്ന ഞാൻ
മണിമാളികയല്ല ചെറ്റയെൻ
സുഖവാസസ്ഥലമാക്കിടുന്നവൻ.
15
ഭുവി നിർദ്ധനരംഗഹീനരും
കദനത്താലുഴലുന്ന മർത്യരും
മരുവുന്നെടമന്വേഷിപ്പൂഞാ-
നറിയുന്നില്ലതു ലോകമേതുമേ.
16
സഹവർത്തകരോടു ചൊൽക നീ
യവരും തെല്ലു സമാശ്വസിക്കുവാൻ
ഹിതമാർന്നു പണിസ്ഥലത്തു ഞാ-
നവരോടൊത്തിടപെട്ടിടുന്നതായ്.
17
അന്തരംഗം ശുചിത്വത്തിൽ
ഭദ്രമായ് കാത്തിടുന്നവൻ
ഭാഗ്യവാൻ തന്നെ, ദൈവത്തേ-
യവൻ കാണുമനാരതം.
18
(തൊഴിലാളി, 21 മേയ് 1962)
